വിപണിയിൽ പ്രതീക്ഷയുടെ നാമ്പുകൾ

കറൻസി നിയന്ത്രണം മൂലമുണ്ടായ ദുരിതങ്ങളിൽനിന്നു കരകയറാനാകാതെ കാർഷികോൽപന്ന വിപണി പ്രതിസന്ധിയിൽ തുടരുന്നതു കണ്ടുകൊണ്ടാണ് ഈ വർഷാവസാന അവലോകനം തയാറാക്കുന്നത്. ദുരിതം ഏറ്റവും കൂടുതൽ പേറേണ്ടിവന്ന വിപണികളിലൊന്നായതുകൊണ്ടാകാം മോചനത്തിലെ വലിയ കാലതാമസമെന്നു കരുതാം. റബർ, തേയില, കശുവണ്ടി, കേരോൽപന്നങ്ങൾ. സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെയൊക്കെ ഉൽപാദന, വിപണന മേഖലകളിൽ പ്രതിസന്ധി പ്രകടം. ഈ പശ്ചാത്തലത്തിൽ കടന്നുവരുന്ന പുതുവർഷം വ്യത്യസ്തമായിരിക്കുമെന്നാണു സൂചന. ചില മേഖലകളിലെങ്കിലും പ്രതീക്ഷയുടെ നാമ്പുകൾ മുളപൊട്ടുന്നതിന്റെ ലക്ഷണങ്ങൾ കാണാറാകുന്നു.

റബർ

ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ റബർ വില കിലോയ്ക്ക് 138 രൂപ നിലവാരത്തിലെത്തിക്കഴിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ അനുഭവപ്പെട്ട വിലക്കയറ്റത്തിന്റെ ചുവടൊപ്പിച്ചുള്ള വിലവർധനയാണ് ഇവിടെ കാണുന്നത്. രാജ്യാന്തര വിപണിയിലെ പ്രസരിപ്പു തുടർന്നാൽ ഇവിടെ വില കിലോയ്ക്ക് 150 രൂപയിലെത്തുന്ന ദിനം വിദൂരമല്ലെന്നാണു വിപണിയിലെ വിലയിരുത്തൽ. വില 200 രൂപ വരെ ഉയർന്നാൽപ്പോലും അത്ഭുതമില്ലെന്നു കരുതുന്ന വ്യാപാരികളും അപൂർവമായെങ്കിലുമുണ്ട്.

രാജ്യാന്തര വിപണിയിൽ വില 162.69 രൂപയ്ക്കു തുല്യമായ നിലയിലേക്കുവരെ ഉയരുന്നതു കണ്ടു. അസംസ്കൃത എണ്ണയുടെ വിലക്കയറ്റം, ചൈനയിൽനിന്നുള്ള ഡിമാൻഡിലെ വർധന, വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിന്റെ കരുത്തിലുണ്ടായ കുതിപ്പ് എന്നിവയാണു റബർ വിലയിലെ വർധനയ്ക്കു സഹായകമായത്.

വായിക്കാം ഇ - കർഷകശ്രീ

രാജ്യാന്തരവിലയും ആഭ്യന്തരവിലയും തമ്മിലുള്ള വ്യത്യാസം നേർത്തുവരാനുള്ള സാധ്യതയിലേക്കു വിപണി നിരീക്ഷകർ വിരൽ ചൂണ്ടുന്നുണ്ട്. ചൈനയിൽനിന്നുള്ള ഡിമാൻഡ് അടുത്തെങ്ങും കുറയാനിടയില്ലെന്നും അസംസ്കൃത എണ്ണവില ഇപ്പോഴത്തെ കൂടിയ നിലവാരത്തിൽ തുടരാനാണു സാധ്യതയെന്നും നിരീക്ഷിക്കപ്പെടുന്നു.

റബർ വില മെച്ചപ്പെട്ടെങ്കിലും കറൻസി നിയന്ത്രണം മൂലം വിപണി ഇപ്പോഴും ഞെരുക്കത്തിലാണ്. കർഷകർക്കു രൊക്കം പണം നൽകാൻ പല വ്യാപാരികൾക്കും സാധിക്കുന്നില്ല.

ഡിസംബർ മൂന്നാം വാരം അവസാനിക്കുമ്പോൾ കൊച്ചിയിൽ ആർഎസ്എസ് നാലിന്റെ വില ക്വിന്റലിന് 13,800 രൂപയായിരുന്നു. ഐഎസ്എസ് ക്വിന്റലിന് 12,600–13,200 രൂപ. ജനുവരി അവധി വില 14,275 രൂപയായും ഫെബ്രുവരി അവധി വില 14,800 രൂപയായും ഉയർന്നു.

വെളിച്ചെണ്ണ

ഉല്‍പാദനത്തിലെ ഇടിവും ഡിമാൻഡിലെ വർധനയും മൂലം വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും കൊപ്രയുടെയും വില വീണ്ടും വർധിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണ വില ക്വിന്റലിന് 2000 രൂപ വര്‍ധിച്ചുകഴിഞ്ഞു. കൊപ്ര വില ക്വിന്റലിന് 1400 രൂപ കൂടി. വെളിച്ചെണ്ണയുടെ ചില്ലറ വില 135–140 രൂപ വരെയായിട്ടുണ്ട്.

ശബരിമല തീർത്ഥാടനകാലമായതിനാൽ ഡിമാൻഡ് ഗണ്യമാണ്. തമിഴ്നാട്ടിൽനിന്നുള്ള എണ്ണവരവാകട്ടെ വളരെ കുറവും.

ഇതു റിപ്പോർ‌ട്ട് ചെയ്യുമ്പോഴത്തെ വില നിലവാരം ഇങ്ങനെ:

വെളിച്ചെണ്ണ (മില്ലിങ്) ക്വിന്റലിന് 11,700 രൂപ. തയാർ 11,100 രൂപ. കൊപ്ര ക്വിന്റലിന് 7455–7700 രൂപ. പിണ്ണാക്ക് എക്സ്പെല്ലർ 2000; റോട്ടറി 2300.

കുരുമുളക്

ഡിമാൻഡ് കുറഞ്ഞതും ശ്രീലങ്കയിൽനിന്നുള്ള ഇറക്കുമതി വർധിച്ചതും മൂലം കുരുമുളകിനു നവംബര്‍ വിലയിടിവിന്റെ മാസമായിരുന്നെങ്കിൽ ഡിസംബര്‍ കുറച്ചൊക്കെ പ്രതീക്ഷ നൽകുന്നതായിരുന്നു. എങ്കിലും വിപണിയിൽ വരവു നന്നേ കുറവായി തുടർന്നു. ഉത്തരേന്ത്യയിൽനിന്നുള്ള അന്വേഷണങ്ങളിലും കുറവാണ് അനുഭ‌പ്പെട്ടത്. ദിവസം നാലു ടണ്ണിൽ‌ താഴെ മാത്രമാണു കൊച്ചി വിപണിയിലേക്കുള്ള വരവ്.

ഈ അവലോകനം തയാറാക്കുമ്പോൾ ഗാർബിള്‍ഡ് കുരുമുളകിന്റെ വില ക്വിന്റലിന് 71,000 രൂപ. അൺഗാർബിള്‍ഡ് ക്വിന്റലിന് 68,000 രൂപ. അവധി വില ജനുവരി 66,000; ഫെബ്രുവരി 62,000; മാർച്ച് 59,000 രൂപ.

രാജ്യാന്തര വിപണിയിൽ കുരുമുളകിന് ഇന്ത്യയുടെ നിരക്ക് ഉയർന്ന തോതിൽ തുടർന്നു; 10,800 ഡോളർ. ഈ നിരക്ക് മറ്റ് ഉൽപാദകരാഷ്ട്രങ്ങളുടെ നിരക്കിനേക്കാൾ വളരെ കൂടുതലായതിനാൽ കയറ്റുമതി സാധ്യതകൾ ഇല്ലാത്ത അവസ്ഥ തുടരേണ്ടിവന്നു. ശ്രീലങ്കയുടെ നിരക്ക് 9500 ഡോളർ മാത്രമായിരുന്നു. ഇന്തൊനീഷ്യ 7000 ഡോളർ. ബ്രസീലിന്റെ നിരക്ക് 6700 ഡോളറും വിയറ്റ്നാമിന്റേത് 6300 ഡോളറും മാത്രമായിരുന്നു.

അതിനിടെ, കേരളത്തിൽനിന്നുള്ള കുരുമുളകു കള്ളക്കടത്തു നിർബാധം തുടരുന്നതായാണു റിപ്പോർട്ട്. തമിഴ്നാട്ടിലേക്കാണു കടത്ത്. അവിടെനിന്നാണ് ഉത്തരേന്ത്യൻ വിപണികളിലേക്കു പോകുന്നത്.

ഏലം

ക്രിസ്മസ്, പുതുവത്സര ആവശ്യങ്ങൾ കണക്കിലെടുത്ത് ഉത്തരേന്ത്യൻ വ്യാപാരികൾ ഏലം സംഭരിക്കുന്നുണ്ടായിരുന്നു. കയറ്റുമതിക്കാർക്കു വലുപ്പം കൂടിയ ഇനത്തോടായിരുന്നു ആഭിമുഖ്യം. വലുപ്പം കൂടിയ ഇനത്തിനു വില കിലോയ്ക്ക് 1478 രൂപ വരെ ഉയരുന്നതു കണ്ടു.

ചുക്ക്, മഞ്ഞൾ

ഉത്തരേന്ത്യയിൽനിന്നുള്ള ആവശ്യം ഏറിയതിനെ തുടർന്നു ചുക്കിന്റെ വില മെച്ചപ്പെട്ടിട്ടുണ്ട്. ചുക്ക് മീഡിയം ക്വിന്റലിനു വില 13,500 രൂപയിലെത്തി. ബെസ്റ്റ് 14,500 രൂപ. നാടൻ മഞ്ഞൾ വില 11,500 രൂപ.