ഗ്രാമീണ ടൂറിസം

ബീച്ചുകൾ, കായൽയാത്രകൾ, ചരിത്രസ്മാരകങ്ങൾ, ആരാധനാലയങ്ങൾ, ഉദ്യാനങ്ങൾ, വന്യജീവിസങ്കേതങ്ങൾ തുടങ്ങിയ കാഴ്ചകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാരമായിരുന്നു (destination tourism) അടുത്തകാലംവരെ കേരളത്തിലെ ടൂറിസം മേഖലയുടെ ശൈലി. എന്നാൽ യാത്രപോകുന്ന ദിക്കുകളിൽ കാണാനെന്തുണ്ട് എന്നല്ല, അറിയാനെന്തെല്ലാമുണ്ട് എന്നതിലാണ് ഇന്ന് ആഗോള ടൂറിസരംഗം ഊന്നുന്നത്.

അപരിചിത ദേശങ്ങളിലെ ഭക്ഷണം, ആചാരങ്ങൾ, കൃഷി എന്നിവ അറിഞ്ഞും അനുഭവിച്ചുമുള്ള യാത്രകളാണ് (experience tourism) ഇന്ന് സഞ്ചാരികൾക്കു പ്രിയം. നഗര കേന്ദ്രീകൃത ടൂറിസത്തിനു പകരം ഗ്രാമീണ ജീവിതത്തിലേക്കുള്ള യാത്രകൾക്കു പ്രാധാന്യം കൈവന്നിരിക്കുന്നു. കേരളത്തിലെത്തുന്ന വിദേശസഞ്ചാരികൾക്കു കൃഷിയിടങ്ങൾ കാണാനും അവിടെ താമസിക്കാനും കൃഷിചെയ്യാനും വിളവെടുക്കാനുമെല്ലാമുള്ള സൗകര്യം തങ്ങളുടെ പാക്കേജിൽ ടൂർ ഓപ്പറേറ്റർമാർ ഒരുക്കിത്തുടങ്ങിയത് ഈ മാറ്റം കണ്ടാണ്. പോത്തിനെ കുളിപ്പിക്കുന്നതിലും കുരുമുളകു പറിക്കുന്നതിലും തീയലുണ്ടാക്കുന്നതിലും കേരളത്തിലെത്തുന്ന വിദേശസഞ്ചാരികൾ ആവേശം കൊള്ളുന്നത് നമ്മുടെ കൃഷിക്കാർക്കും ഗുണകരമാകുന്നുണ്ട്.

എക്സ്പീരിയൻസ് ടൂറിസത്തിന്റെ മുഖ്യഘടകമാണ് ഹോംസ്റ്റേകൾ. കൃഷിക്കാരന്റെ വീട്ടിൽത്തന്നെ സഞ്ചാരികൾക്കു താമസിക്കുന്നതിനും ഫാമിൽ ഒരുക്കുന്ന കുടിലിനുമെല്ലാം അത്യാവശ്യ സൗകര്യങ്ങൾ മതിയാവും. സൗകര്യങ്ങളുടെ ധാരാളിത്തമല്ല പരിമിതികളുടെ സൗന്ദര്യമാണ് എക്സ്പീരിയൻസ് ടൂറിസത്തിന്റെ കാതൽ. ടൂർ ഓപ്പറേറ്റർമാരുമായി സഹകരിച്ച് കൃഷിക്കാർക്ക് ഈ മേഖലയിലേക്ക് ആദ്യ ചുവടുവയ്ക്കാം.