Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവത്തിന്റെ സ്വന്തം ഹോട്ടൽ

greenpath-organic-state-green-farm ഗ്രീൻപാത്ത് ഓർഗാനിക് സ്റ്റേറ്റിന്റെ ജൈവ കൃഷിയിടം

തന്തൂരി എന്നു കേട്ടാൽ മസാല പുരട്ടി തന്തൂരിയടുപ്പിൽ ചുട്ടെടുത്ത ചിക്കനാണ് ഓർമയിൽ. എന്നാൽ തന്തൂരി ഷീക്ക് കബാബ്, പാലക് മില്ലെറ്റ് ടിക്കി, ഗ്രിൽഡ് വെജിറ്റബിൾ, മില്ലെറ്റ് ബിരിയാണി എന്നിവയെക്കുറിച്ചു കേട്ടിട്ടുണ്ടോ? സ്വാദിൽ നോൺ വെജ് വിഭവങ്ങളെ വെല്ലുന്ന ഇവയെല്ലാം പച്ചക്കറികൾ കൊണ്ടു മാത്രം തയാറാക്കിയവയാണ്. അതും ജൈവ പച്ചക്കറികൾ. ഇതുപോലെ ഒട്ടേറെ ഭക്ഷണ വൈവിധ്യങ്ങളാണു മല്ലേശ്വരത്തെ നമ്മ മെട്രോ സ്റ്റേഷന് എതിർവശത്തുള്ള ഗ്രീൻപാത്ത് ഓർഗാനിക് സ്റ്റേറ്റിൽ കാത്തിരിക്കുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനും ജൈവോൽപന്നങ്ങൾ വാങ്ങാനും എത്തുന്നവർക്കു വൃക്ഷത്തൈ സമ്മാനിച്ചിരുന്ന ഗ്രീൻപാത്ത് ഇപ്പോഴിതാ തങ്ങളുടെ സ്വന്തം ജൈവ കൃഷിയിടത്തിലേക്കും നമ്മെ ക്ഷണിക്കുകയാണ്. പണം മുടക്കി ജൈവഭക്ഷണം കഴിക്കുന്നവരെ, ജൈവഭക്ഷണം സ്വയം പാകംചെയ്തു കഴിക്കാൻ പ്രേരിപ്പിക്കുകയാണ് ഈ ഓർഗാനിക് ഫാം ടൂറിസത്തിന്റെ ലക്ഷ്യം.

ഹരിതവഴിയിലൂടെ

ഇന്ത്യയിലെ ഏറ്റവും വലിയ ഓർഗാനിക് ഹബ് ആണ് ഗ്രീൻപാത്ത്. ഓർഗാനിക് ഫൊർഗോറ്റെൻ ഫുഡ് റസ്റ്ററന്റ്, ഡിറ്റോക്സ് കഫെ, ഓർഗാനിക് സ്റ്റോർ, മട്ടുപ്പാവ് കൃഷി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന 24000 ചതുര്രശയടി കെട്ടിടം ജൈവ ഭക്ഷ്യ സംസ്കാരത്തിലേക്ക് ഏവരെയും കൈപിടിച്ചു നടത്തുക എന്ന കാഴ്ചപ്പാടുമായാണു മുന്നേറുന്നത്. ശരീരം ദുഷിപ്പിക്കുന്ന മൈദ, റിഫൈൻഡ് എണ്ണ, പഞ്ചസാര, കൃത്രിമ നിറങ്ങൾ, അജിനോമോട്ടോ എന്നിവയെല്ലാം ഭക്ഷണത്തിൽ നിന്നൊഴിവാക്കി ജൈവ എണ്ണയും ഗോതമ്പും പ്രകൃതിദത്ത മധുരങ്ങളുമെല്ലാം ശീലമാക്കുക എന്നതാണു ഗ്രീൻപാത്ത് നൽകുന്ന സന്ദേശം. പഴയ നാട്ടുരുചികൾക്കൊപ്പം ന്യൂജെൻ ഭക്ഷണങ്ങളും ഇവിടത്തെ മെനുവിലുണ്ടെങ്കിലും ഇവയിലൊന്നും മൈദയോ കൃത്രിമ മധുരമോ നിറങ്ങളോ റിഫൈൻഡ് എണ്ണയോ ഉപയോഗിച്ചിട്ടില്ല.

പേരു സൂചിപ്പിക്കും പോലെ പുതുതലമുറയ്ക്കു പരിചിതമല്ലാത്ത പരമ്പരാഗത ഭക്ഷണങ്ങളാണ് ഫൊർഗോട്ടെൻ ഫുഡ് റസ്റ്ററിന്റെ സവിശേഷത. റസ്റ്ററന്റിനോട് അനുബന്ധമായുള്ള ഡീറ്റോക്സ് കഫെയും വേറിട്ട അനുഭവമാണ്. ചോളത്തിനൊപ്പം പാൽക്കട്ടിയും ജൈവ പച്ചക്കറികളും ചേരുവ ചേർത്തു കല്ലടുപ്പിൽ തയാറാക്കി എടുക്കുന്ന പീത്‌സയാണു കഫെയിലെ പ്രധാനതാരം.

greenpath-organic-state-detox-cafe ഡിറ്റോക്സ് കഫെ

ഗ്രീൻപാത്തിലെ ഏറ്റവും മുകളിൽ വലിയൊരു ഓർഗാനിക് തോട്ടവുമുണ്ട്. കൃഷിചെയ്യാൻ ഭൂമിയില്ലെങ്കിൽ, വീടു തന്നെ ഒരു വയലാക്കി മാറ്റാമെന്നതിനു തെളിവാണ് ഇലക്കറികളും പച്ചക്കറികളും പൂക്കളുമെല്ലാം നിറഞ്ഞ ടെറസ് ഗാർഡൻ. ഇവിടെ നിന്നു വിളവെടുക്കുന്ന പച്ചക്കറികൾ റസ്റ്ററന്റിലെയും കഫേയിലെയും ചേരുവകളിലുണ്ട്. ഓർഗാനിക് ഉൽപന്നങ്ങളെല്ലാം ലഭിക്കുന്ന സ്റ്റോറിൽ ഗ്രീൻപാത്തിന്റെ സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള വിഭവങ്ങളാണേറെയും. മിതമായ നിരക്കിലാണ് ഇവ വിൽക്കുന്നത്. പ്രകൃതിയോട് ഇണങ്ങി നിൽക്കും വിധമാണ് ഗ്രീൻപാത്തിന്റെ രൂപകൽപന. ഉന്തുവണ്ടികൾ, ചെടികൾ, മുളകൾ എന്നിവ കൊണ്ടാണ് അകത്തളങ്ങൾ മോടി പിടിപ്പിച്ചിരിക്കുന്നത്. പാഴ്തടികളാണ് അലങ്കാരപ്പണികൾക്ക് ഉപയോഗിച്ചിരിക്കുന്നത്.

അഭിഭാഷക കർഷകൻ

ഗ്രീൻപാത്ത് ഓർഗാനിക് സ്റ്റേറ്റിനു പിന്നിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ എച്ച്.ആർ. ജയറാമിന്റെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. നല്ല വരുമാനം ലഭിച്ചിരുന്ന അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് രണ്ടുപതിറ്റാണ്ടു മുൻപ് ജയറാം ജൈവ കൃഷിയിലേക്കിറങ്ങിയത്. ഓർഗാനിക് ഫാമിങ് എന്ന വാക്ക് അധികമാരും കേട്ടിട്ടില്ലാത്ത കാലത്തായിരുന്നു‌, ‘റിസ്ക്’ എന്നു മറ്റുള്ളവർ വിശേഷിപ്പിച്ച കൂടുമാറ്റം. മണ്ണിനോടും കൃഷിയോടുമുള്ള താൽപര്യം മാത്രമായിരുന്നു മുതൽക്കൂട്ട്. നെലംഗലയിലെ മാരസറഹള്ളിയിൽ ഇരുപതേക്കറിലാണ് ആദ്യം കൃഷിയിറക്കിയത്. തരിശുഭൂമിയിൽ പൊന്നു വിളയിക്കാൻ കഠിനാധ്വാനം വേണ്ടിവന്നു. പിന്നീട് ഇരുപതേക്കർ കൂടി ഇതിനൊപ്പം ചേർത്തു. ‘സുകൃഷി’ എന്ന ഈ ഓർഗാനിക് ഫാമിന്റെ ചുവടുപിടിച്ചാണ് ഗ്രീൻപാത്ത് ഓർഗാനിക് സ്റ്റേറ്റ് തുടങ്ങിയത്. ജൈവ ഉൽപന്നങ്ങൾക്കു വില കൂടുതലാണ് എന്നതൊരു പോരായ്മയാണ്. പക്ഷേ, ആദ്യകാലത്തെ അപേക്ഷിച്ച് ഇവയുടെ വില വളരെ താഴ്ന്നിട്ടുണ്ട്. ഓർഗാനിക് തുവരപ്പരിപ്പ് കിലോയ്ക്ക് ഇപ്പോൾ 130 രൂപയേ ഉള്ളൂ. ജൈവകൃഷി കൂടുതൽ വ്യാപിക്കുന്നതോടെ വില ഇനിയും കുറയുമെന്നു ജയറാം പറയുന്നു.

ഓർഗാനിക് ഫാം ടൂറിസം

greenpath-organic-state-jayaram എച്ച്.ആർ. ജയറാം

ജൈവകൃഷി എല്ലാവരും അടുത്തറിയുന്നതിനു വേണ്ടിയാണു സുകൃഷിയിലേക്കു ഫാം ടൂറിസത്തിൽ തൽപരരായവരെ ക്ഷണിക്കുന്നത്. നമ്മുടെ അറിവുകൾ മറ്റുള്ളവരിലേക്കും പകർന്ന് മാതൃക ആയാലേ ജൈവകൃഷി കൂടുതൽ വ്യാപകമാവുകയുള്ളൂ എന്നു ജയറാം പറയുന്നു. സുകൃഷിയിലെ ഓർഗാനിക് ഫാം സന്ദർശിക്കുന്നവർക്കു ജൈവ കൃഷി, മണ്ണിര കംപോസ്റ്റ് നിർമാണം, മഴവെള്ള സംഭരണം എന്നിവയെക്കുറിച്ചെല്ലാം അടുത്തറിയാം. കർഷകരോടും ജൈവകൃഷി വിദഗ്ധരോടും സംവദിച്ചു സംശയങ്ങൾ ദുരീകരിക്കാം. മയിലുകൾ പീലി വിടർത്തുന്ന, പക്ഷികൾ കലപില കൂട്ടുന്ന അന്തരീക്ഷത്തിൽ ഇവിടത്തെ മുള കോട്ടേജുകളിൽ അൽപം വിശ്രമിക്കാം. ഈമാസം 15ന് ആണ് സുകൃഷിയിലേക്കുള്ള ആദ്യയാത്ര. മല്ലേശ്വരത്തുനിന്നു രാവിലെ എട്ടിനു പുറപ്പെട്ട് രാത്രി ഏഴിനു തിരിച്ചെത്തും. അടുത്തമാസം മുതൽ എല്ലാ രണ്ടാംശനിയാഴ്ചയും ഓർഗാനിക് ഫാമിലേക്ക് ഇത്തരം യാത്രകൾ ഉണ്ടാകുമെന്നു മാനേജ്മെന്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 98864 00312

Your Rating: