Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ്ഡ് ഇൻ പയ്യന്നൂർ

janatha-milk വെള്ളൂരിലെ ജനത പാൽ സംസ്കരണ ശാല. ചിത്രം: മനോരമ

വെള്ളൂരിലെ ജനതാ പാൽ ഒരു ജനതയുടെ കഠിനാധ്വാനത്തിന്റെ സാഫല്യമാണ്. സൈക്കിളിൽ പാൽ കൊണ്ടുനടന്നു വിറ്റ സംഘത്തിൽ നിന്ന് 50 കോടിയിലേറെ വിറ്റുവരവുള്ള പ്ലാന്റിലേക്കുള്ള വളർച്ചയിൽ ക്ഷീരകർഷകരുടെ സമർപ്പണത്തിന്റെ ചൂരും ചൂടുമുണ്ട്. ഉത്തരമലബാറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പാലുൽപാദന സംഘമായി മാറിയ ജനത ഇന്നു പുതുവിപണിയുടെ സാധ്യതകൾ ആരായുകയാണ്. അതിന്റെ ഭാഗമായി പുതിയ ഐസ്‌ക്രീം പ്ലാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.

പൊള്ളാച്ചിയിൽ സ്വന്തം പാൽ സംസ്കരണ യൂണിറ്റിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഇതിനെല്ലാം ഉപരി ജനതയിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് ക്ഷേമപെൻഷൻ ഏർപ്പെടുത്തി കാർഷികകേരള ചരിത്രത്തിൽ ജനത അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു. 1976–ൽ 19 ക്ഷീരകർഷകരിൽ നിന്ന് ഓഹരി പിരിച്ചാണ് ജനതാ പാലിന്റെ തുടക്കം. രണ്ടുവർഷം കഴിഞ്ഞപ്പോൾ ചാരിറ്റി സൊസൈറ്റിയായി സംഘം റജിസ്‌റ്റർ ചെയ്‌തു.  പയ്യന്നൂർ തന്നെയായിരുന്നു ആദ്യകാല വിപണി. 2000–ലാണ് ആധുനിക രീതിയിലുള്ള പ്ലാന്റ് തുടങ്ങുന്നത്. ഇന്ന് 50,000 ലീറ്റർ പാലാണ് ജനത ഒരു ദിവസം വിപണിയിൽ എത്തിക്കുന്നത്. 

ഒരു ലക്ഷം പാൽ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമാണം പുരോഗതിയിലുമാണ്. വെള്ളൂരിന് സമീപം സ്വന്തമായി ഫാം നിർമിക്കുന്നതിന് സ്ഥലവും ഏറ്റെടുത്തു കഴിഞ്ഞു. 5,000 ലീറ്റർ തൈര്, 600 കിലോ നെയ്യ്, 1,000 പാക്കറ്റ് സംഭാരം എന്നിവയും ജനതയുടേതായി ദിവസേന വിപണിയിലെത്തുന്നു. 3,000 ത്തോളം വരുന്ന ക്ഷീരകർഷകരാണ് ഇതിനെല്ലാം നെടുംതൂണായി ജനതയുടെ പിന്നിലുള്ളത്. 

പയ്യന്നൂരിലും പരിസരപ്രദേശത്തുമായി അൻപതോളം കേന്ദ്രങ്ങളിൽ നിന്ന് ജനത, പാൽ ശേഖരിക്കുന്നുണ്ട്. സഹകരണ സംഘങ്ങൾ വഴി പാൽ അളക്കാത്ത ക്ഷീരകർഷകർക്ക് പെൻഷൻ നൽകാനാവില്ലെന്ന സർക്കാർ നിലപാടിനെ സ്വന്തം കയ്യിൽ നിന്ന് അവർക്ക് പെൻഷൻ നൽകിയാണ് ജനത തോൽപ്പിച്ചത്. ജനതയുടെ ക്ഷേമനിധിയിൽ അംഗമായി 10 വർഷം തികച്ച ക്ഷീരകർഷകർക്ക് 700 രൂപയാണ് പെൻഷൻ നൽകുന്നത്. അതേസമയം സർക്കാർ പെൻഷൻ ഇവർക്കു നേടിക്കൊടുക്കാനുള്ള പോരാട്ടത്തിന് ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. വിജയത്തിന്റെ ഓരോ പടവും കയറുമ്പോഴും ഒപ്പം ചേർന്നുനിന്ന ക്ഷീരകർഷകരോടാണ് ജനതയുടെ എല്ലാ കടപ്പാടുമെന്നു പറയുന്നു പ്രസിഡന്റ് ഇ.ഭാസ്‌കരനും സെക്രട്ടറി ടി.ശ്രീജിത്തും.