Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രാൻഡ് ! അതല്ലേ എല്ലാം

antony-nilin-naturup-tender-coconut-water-powder ആന്റണിയും നിലിനും നാച്യുറപ് ഉൽപന്നങ്ങളുമായി

ചാലക്കുടിയിലെ നാൽവർസംഘം കരിക്കിൻവെള്ളം പൗഡർ പരുവത്തിൽ പായ്ക്കറ്റിലാക്കി വിൽക്കുന്ന കഥയാണ് പറയാൻ പോകുന്നത്. അതിലേക്കു കടക്കും മുമ്പ് അറിയുക ചില കാര്യങ്ങൾ.

ഹാർ‌വഡ് ബിസിനസ് സ്കൂൾ പ്രഫസറായ ക്ലെയ്റ്റൻ ക്രിസ്റ്റെൻസൻ ഇരുപതു വർഷം മുമ്പ് The Innovator’s Dilemma എന്നൊരു പുസ്തകമെഴുതി. അതിൽ കക്ഷി മുന്നോട്ടു വച്ച ഡിസ്റപ്റ്റീവ് ഇന്നവേഷൻ‌ എന്ന ആശയം അക്കാലത്ത് അത്ര ക്ലിക്ക് ചെയ്തില്ല. ലോകത്തിന്റെ വ്യാവസായിക മുന്നേറ്റത്തെ നിർണയിക്കുന്ന രണ്ടു വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ചാണ് സായിപ്പു പറഞ്ഞത്. ഒന്ന് സസ്റ്റെയ്നിങ് ടെക്നോളജി. അതായത്, നിലവിലുള്ള ഉൽപന്നങ്ങൾ, വിപണി എന്നിവയെ കാലോചിതമായി പരിഷ്കരിച്ചുകൊണ്ട് നീങ്ങുന്ന വ്യാവസായിക വളർച്ച.

രണ്ടാമത്തേത് ഡിസ്റപ്റ്റീവ് ടെക്നോളജി. എന്നുവച്ചാൽ, നിലവിലുള്ള മാർക്കറ്റിങ് സംവിധാനത്തെയും സാങ്കേതിക രീതികളെയും തകർത്തെറിഞ്ഞ് തീർത്തും പുതിയ വിപണ‌നശൈലികളും മൂല്യങ്ങളും ചേർന്നു വിപണ‌ിയെ നിയന്ത്രണത്തിലാക്കുന്ന വ്യവസായ വിപ്ലവം. രണ്ടാമത്തേതിന്റെ പുഷ്കല കാലമാണിപ്പോൾ.

വായിക്കാം ഇ - കർഷകശ്രീ

ഓൺലൈൻ ട്രാൻ‌സ്പോർട്ടേഷൻ കമ്പനിയായ യൂബർ തന്നെ ഉദാഹരണം. ലോകമാകെ 528 വൻനഗരങ്ങൾ കേന്ദ്രീകരിച്ച് ആയിരക്കണക്കിനു യൂബർ ടാക്സികൾ ഏതു നട്ടപ്പാതിരയ്ക്കും യാത്രക്കാരുടെ വിളിപ്പുറത്തുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ടാക്സ‍ി സേവനദാതാക്കളായ യൂബറിന് പക്ഷേ സ്വന്തമായി ഒറ്റ ടാക്സിയില്ല! വരുമാനം ശതകോടികളും!

യാത്രക്കാരെയും സ്വന്തമായി ടാക്സിയുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം, അതാണ് യൂബർ. എന്താണ് യൂബറിന്റെ വിജയരഹസ്യം? അയൽക്കാരന്റെ പറമ്പിലെ പുല്ലു കണ്ട് പശുവിന്റെ വളർത്തുക, അതു തന്നെ. പശുവിന്റെ കാര്യത്തിൽ പണ്ടേ നമുക്കിതു ശീലമാണെങ്കിലും ഈ തന്ത്രം പ്രയോഗിച്ച് കോടികൾ കൊയ്യാൻ തോന്നിയത് സായിപ്പിനാണെന്നു മാത്രം. സ്വന്തമായി ഒറ്റ ഹോട്ടലുമില്ലെങ്കിലും ലോകത്ത‍െവിടെയും ആവശ്യക്കാരന്റെ പോക്കറ്റിന്റെ കനം അനുസരിച്ച് സുരക്ഷിതമായ താമസസൗകര്യം ലഭ്യമാക്കുന്ന എയർ ബിഎൻബി എന്ന വൻകിട ഓൺലൈൻ ഹോസ്പിറ്റാലിറ്റി സർവീസിന്റെ കഥയും ഇതുതന്നെ.

ഇവരുടെയൊക്കെ കാര്യത്തിൽ വ്യവസായത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം നാട്ടുകാരുടേതാണെന്ന് മനസ്സിലായല്ലോ‌. അതേ സമയം എല്ലാറ്റിനും മുകളിൽ മൂല്യമുള്ള മറ്റൊന്ന് ഇവർക്കു സ്വന്തമായുണ്ട്. ആളുകളുടെ ഹൃദയത്തിൽ കൊത്തിവയ്ക്കപ്പെട്ട ബ്രാൻഡ് നെയിം. തങ്ങൾ വിളിക്കുന്ന ടാക്സിയുടെ ഭംഗിയോ സൗകര്യങ്ങളോ ഒന്നുമല്ല, യൂബർ എന്ന ബ്രാൻഡിൽ‌ യാത്രക്കാർക്കുണ്ടായ വിശ്വാസം, അതായിരുന്നു വിജയഘടകം.

ഇനി നമുക്ക് തൃശൂരിനടുത്ത് ചാലക്കുടിയിൽ‌ ആന്റണി എസ്. പാത്താടൻ‌ എന്ന ചെറുപ്പക്കാരനും പിതൃസഹോദരന്റെ മക്കളായ നിലിൻ, നിലീന, നിലീനയുടെ ഭർത്താവ് ഷാന്റിൻ എന്നിവരും ചേർന്നു തുടങ്ങിയ നാച്യുറപ് എന്ന സ്റ്റാർട്ടപ്പിലേക്കു വരാം. ഇളനീർപൊടിയാണ് ഉൽപന്നം. സംരംഭം കാർഷികമേഖലയിലാണെങ്കിലും നാലു പേരും കൃഷിക്കാരല്ല, ടെക്കികളാണ്. ഉൽപന്നം തെങ്ങുമായി ബന്ധപ്പെട്ടതാണെങ്കിലും സ്വന്തമായോ വാടകയ്ക്കോ തെങ്ങിൻതോപ്പില്ല. സ്വന്തമായി ഫാക്ടറിയില്ല. ഉൽപന്നം വിതരണക്കാർക്കെത്തിക്കാൻ ഗോഡൗണോ വാഹനങ്ങളോ ഇല്ല. ചുരുക്കത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ, അസംസ്കൃത വസ്തു, ഉൽപാദനം, വിപണനം എന്നിവയിലൊന്നും നേരിട്ട് ഇടപെടാതെ നടക്കുന്ന കാർഷിക സംരംഭം.

tender-coconut-water-powder നാച്യുറപ് ഉൽപന്നങ്ങൾ

നെഞ്ചുറപ്പും നാച്യുറപ്പും

കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദവുമായി ആന്റണി കോളജ് വിടുന്നത് 2013ൽ. കൂട്ട‍ുകാരൊക്കെ ഓരോ കമ്പനിയിൽ ജോലി നേടി പല വഴി പിരിഞ്ഞപ്പോഴും സ്വന്തം സംരംഭം എന്ന സ്വപ്നത്തിലുറച്ചുനിന്നു ഈ യുവാവ്.

വൻ മൂല്യവർധനയ്ക്കു സാധ്യതയുള്ള ഉൽപന്നങ്ങൾ പലതും കേരളം പാഴാക്കുന്നത് ബിസിനസുകാരായ കുടുംബസുഹൃത്തുക്കളുമൊരുമിച്ചുള്ള ചർച്ചകളിൽ പലപ്പോഴും വിഷയമായി. തേങ്ങയിൽനിന്നു നൂറുകണക്കിന് ഉൽപന്നങ്ങൾ ഫിലിപ്പീൻസ്പോലുള്ള ഏഷ്യൻ രാജ്യങ്ങൾ രാജ്യാന്തര വിപണിയിലെത്തിക്കുന്നതും ഈ രംഗം നേടുന്ന വളർച്ചയുമെല്ലാം ചർച്ചയിൽ വന്നപ്പോൾ നാളികേരത്തിൽനിന്ന് ഒരു സംരംഭം എന്ന വഴിക്കായി ആന്റണിയുടെ ആലോചന. സഹോദരങ്ങളുമായി ആശയം പങ്കു വച്ചപ്പോൾ അവർക്കും താൽപര്യം.

കയറ്റുമതി മൂല്യമുള്ള ഉൽപന്നമായിരുന്നു ലക്ഷ്യം. ഉൽപന്നം ഏതെന്നു തീരുമാനിക്കും മുമ്പുതന്നെ നാച്യുറപ് എന്നൊരു ബ്രാൻഡ് നെയിം റജിസ്റ്റർ ചെയ്തു.

ഇതിനിടെ കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തിയപ്പോൾ 'കരിക്ക് അകത്തു കയറ്റില്ല' എന്ന് ബോർഡ്. കരിക്കിൻവെള്ളത്തിന് കൂടുതൽ‌ ആവശ്യക്കാരുള്ള സ്ഥലമാണല്ലോ ആശുപത്രി. കാര്യം തിരക്കിയപ്പോൾ വെള്ളം കുടിച്ച് ഉപേക്ഷിക്കുന്ന കരിക്ക് തലവേദനയായതാണ് തീരുമാനത്തിനു പിന്നിലെന്നു മനസ്സിലായി. കരിക്കിൻവെള്ളം ബോട്ടിൽ‌ ചെയ്ത് എത്തിക്കുന്ന ചില സംരംഭകരുമായി ചേർന്ന് ആശുപത്രിക്കാർ തന്നെ വിതരണം ഏറ്റെടുത്തെങ്കിലും ആളുകൾക്കു രുചി പിടിച്ചില്ലത്രെ.

നാട്ടിലും വിദേശത്തും ഏറെ ജനപ്രീതിയുള്ള ഈ പാനീയത്തെ പരിമിതികൾ മറികടന്ന് എങ്ങനെ വിപണിയിലെത്തിക്കാം എന്നായി സഹോദരങ്ങളുടെ ചിന്ത. തനതു രുചി, ന്യായവില, കൈകാര്യം ചെയ്യാനെളുപ്പം ഇത്രയും ഗുണങ്ങളും വേണം. സംരക്ഷകങ്ങളൊന്നും ചേർക്കാത്ത നൂറു ശതമാനം പ്രകൃതിദത്ത ഉൽപന്നമായിരിക്കണം എന്നും ഉറപ്പിച്ചു. രാസവളങ്ങളും രാസകീടനാശിനികളും നൽകി വിളയിച്ചെടുക്കുന്ന ഉൽപന്നങ്ങളിൽനിന്ന് ആളുകൾ അകന്നു കഴിഞ്ഞു. അതേ സമയം നൂറു ശതമാനം ജൈവമായ ഉൽപന്നങ്ങളുടെ തീവില ഇടത്തരക്കാർക്കു താങ്ങാനും കഴിയില്ല. ഇതിനു രണ്ടിനുമിടയിലുള്ള സെയ്ഫ് ടു ഈറ്റ് പ്രകൃതിദത്ത ഉൽപന്നങ്ങൾക്കാണ് ഭാവി. ഇടത്തരക്കാരായ ജനസാമാന്യം അതാവും ഇനി തിരഞ്ഞെടുക്കുക. അവിടെ ജനങ്ങൾക്കു വിശ്വാസമുള്ള ബ്രാൻഡുകൂടി സൃഷ്ടിക്കാനായാൽ... അടിച്ചു മോനേ.. എന്നുതന്നെ പറയാം. എന്നാൽ, ആദ്യത്തെ ഉൽപന്നം ഏറ്റവും പുതുമയുള്ളതാവുക എന്നത് ബ്രാൻഡിന്റെ വളർച്ചയിൽ നിർണായകമാണ്.

സ്പ്രേ ഡ്രൈയിങ് സംവിധാനത്തിലൂടെ പഴച്ചാറുകളും മറ്റും പൊടിരൂപത്തിലേക്കു മാറ്റുന്ന സംരംഭങ്ങളുണ്ട് ഇന്ത്യയിൽ. കരിക്കിൻവെള്ളത്തെയും പൊടിയാക്കിയാലോ എന്നായി ചിന്ത. എന്നാൽ ഇന്ത്യയിൽ ഇതുവരെയാരും ഇളനീരിനെ പൊടിയാക്കിയതായി കേട്ടിട്ടില്ല. എന്തുകൊണ്ട് ആയിക്കൂടാ. പോണ്ടിച്ചേരിയിൽ സ്പ്രേ ഡ്രൈയിങ് ഫാക്ടറി നടത്തുന്ന ചങ്ങാതിയുമായി ചർച്ചചെയ്തപ്പോൾ നോക്കാമെന്നായി.

കരിക്കിൻവെള്ളത്തിന്റെ തനതു രുചി തെല്ലും ചോരാതെ തന്നെ കക്ഷി നാലു മാസംകൊണ്ട് കാര്യം സാധിച്ചെടുത്തു. 12 ഗ്രാം സാഷേ പായ്ക്കറ്റ് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് പൊട്ടിച്ചിടുക, ഒന്നാന്തരം കരിക്കിൻവെള്ളം തയാർ. 30 രൂപ മുടക്കി വാങ്ങുന്ന കരിക്കിൽ 200–250 മി.ലീ. വെള്ളമാണ് ലഭിക്കുക. അത്രതന്നെ കരിക്കിൻവെള്ളം നൽകുന്ന സാഷേ പായ്ക്കറ്റിന്റെ വില 15 രൂപയും. അങ്ങനെ ഇളനീർപൊടിയുടെ സാമ്പിൾ തയാർ. കേറ്ററിങ് അസോസിയേഷന്റെ സമ്മേളന വേദിയിലും ഭക്ഷ്യമേളകളിലും പരീക്ഷിച്ചപ്പോൾ രുചിക്കു മികച്ച സ്വീകാര്യത കണ്ടു. അതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിലേക്ക് കടക്കാൻ ധൈര്യം വന്നു. തൂൾത്തേങ്ങ, വിർജിൻ കോക്കനട്ട് ഓയിൽ എന്നിവയ്ക്കുവേണ്ട‍ി തേങ്ങ സംഭരിക്കുന്നവരുമായി ബന്ധപ്പെട്ടപ്പോൾ നിശ്ചിത തുകയ്ക്ക് തേങ്ങാവെള്ളം തികച്ചും സുരക്ഷിതമായി പൗഡർ നിർമാണ പ്ലാന്റിൽ എത്തിക്കാൻ അവർ തയാർ. ഫാക്ടറി ഉടമ വെള്ളത്തെ പൗഡറാക്കി മാറ്റി പായ്ക്ക് ചെയ്തു നൽകും. മികച്ച ഒരു വിതരണക്കാരനെ കണ്ടെത്തുകയും അയാൾക്ക് ഉൽപന്നത്തിന്റെ ഗുണമേന്മ ബോധ്യപ്പെടുകയും ചെയ്തതോടെ വിപണിയിലേക്കു വഴി തെളിഞ്ഞു.

ഇനിയുള്ള കാര്യങ്ങൾ നാൽവർ സംഘം നേരിട്ടുതന്നെ ചെയ്യേണ്ടതുണ്ട്. രാജ്യ‍ാന്തരവിപണി ലക്ഷ്യം വയ്ക്കുന്ന ഉൽപന്നം ആദ്യം മുറുക്കാൻകടയിൽ കൊടുത്ത് പടിപടിയായി മുകളിലേക്കു കയറാം എന്നു വിചാരിച്ചാൽ നടപ്പില്ല. ലോഞ്ചിങ് എപ്പോഴും മുകൾതട്ടിൽ തന്നെയായിരിക്കണം. സമൂഹത്തിലെ ഉയർന്ന തട്ടിലുള്ളവർ ഉപയോഗിക്കുന്ന ഉൽപന്നം വാങ്ങാൻ താഴെത്തട്ടിലുള്ളവർക്കു താൽപര്യം കൂടും. വില കൂടി അനുകൂലമായാൽ പ്രസ്തുത ബ്രാൻഡ് എല്ലാവരും ശീലമാക്കുമെന്നുറപ്പ്. മുകൾതട്ടിൽ പ്രിയം നേടിയ ഉൽപന്നം അടുത്തപടിയായി മുറുക്കാൻകടയിൽ വരെ ഇടം പിടിച്ചാലും അതിന്റെ ഗമ കുറയില്ല. അതായത്, ടോപ് ടു ബോട്ടം തിയറി. പെപ്സിയും കോക്കകോളയുമൊക്കെ ഉദാഹരണം.

പ്രമുഖ സൂപ്പർ മാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഉൽപന്നം അവതരിപ്പിക്കുക, അവിടെയെത്തുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനു ലോഞ്ചിങ് പ്രോഗ്രാമുകൾ നടത്തുക. എന്നിവയായിരുന്നു സംഘത്തിന്റെ തുടർപരിപാടി. ഓരോ കടയിലും ഉൽപന്നത്തിന്റെ സ്വീകാര്യത കൃത്യമായി അന്വേഷിക്കുകയും പഠിക്കുകയും ചെയ്തപ്പോഴാണ് വിപണി എത്ര വിശാലമാണെന്ന് മനസ്സിലായത്.

ആശുപത്രികൾ, യോഗാ സെന്ററുകൾ, ജിംനേഷ്യങ്ങൾ, ഡാൻസ് സ്കൂളുകൾ, കേറ്ററിങ് യൂണിറ്റുകൾ എന്നിങ്ങനെ കരിക്കിൻവെള്ളത്തിന് പ്രിയമുള്ള ഇടങ്ങൾ ഒട്ടേറെ. തൊണ്ട് ഉപേക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ കരിക്കിനെ കയ്യകലത്തിൽ നിർത്തിയവരെല്ലാം ഇളനീർപ്പൊടിയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. കേരളത്തിനകത്തും പുറത്തും വിദേശത്തും വിപണി നേടിയ ബ്രാൻഡിനെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിലാണിന്നു നാൽവർസംഘം. ഒപ്പം നാച്യുറപ് ബ്രാൻ‌ഡിൽ കൂടുതൽ ഉൽപന്നങ്ങളും ഒരുങ്ങുന്നു.

ഫോൺ: 9446605454

www.naturupproducts.com