Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികച്ചെലവില്ലാതെ നല്ല ഷീറ്റുണ്ടാക്കാം

sheet-rubber Representative image

റബർ വില കൂടുമ്പോൾ കർഷകരുടെ പ്രതീക്ഷയും കൂടുന്നു. നല്ല ഷീറ്റുണ്ടാക്കി വിപണിയിലെത്തിച്ച് ലഭ്യമായ പരമാവധി വില നേടിയെടുത്താലെ വില ഉയരുമ്പോഴുള്ള നേട്ടം പൂർണ്ണമായി കർഷകർക്ക് ലഭിക്കൂ. ഒരു കിലോഗ്രാം നാലാംഗ്രേഡ് ഷീറ്റും തരംതിരിക്കാത്ത ഷീറ്റും തമ്മിലുള്ള വിലവ്യത്യാസം ചിലപ്പോഴൊക്കെ പത്തുരൂപയിലും  കൂടുതൽ ആകാറുണ്ടെന്ന് വിപണി ശ്രദ്ധിക്കുന്ന കർഷകർക്ക് മനസ്സിലാകും. അധികച്ചെലവില്ലാതെതന്നെ നാലാംഗ്രേഡ് ഷീറ്റുണ്ടാക്കാൻ താഴെ പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1. അരിക്കൽ: തോട്ടത്തിൽനിന്നു നല്ല വൃത്തിയുള്ള പാത്രങ്ങളിൽ ശേഖരിക്കുന്ന പാൽ നന്നായി അരിച്ച് അതിലെ മാലിന്യങ്ങൾ നീക്കംചെയ്യണം. 40 മെഷ് (ഒരിഞ്ച് നീളത്തിൽ 40 ദ്വാരങ്ങൾ ഉള്ളത്) അരിപ്പ ഉപയോഗിച്ച് അരിച്ചാൽ മതി.

2. നേർപ്പിക്കൽ: മരത്തിൽനിന്നു കിട്ടുന്ന റബർപാലിൽ 30–40 ശതമാനം ഉണക്കറബർ ഉണ്ടാകും. അരിച്ചെടുത്ത പാലിലെ ഉണക്കറബറിന്റെ അംശം ഏകദേശം 12.5 ശതമാനം ആകത്തക്ക രീതിയിൽ തെളിഞ്ഞ വെള്ളമുപയോഗിച്ച് നേർപ്പിക്കണം. ഇതിനായി പാലിൽ, കൊഴുപ്പ് കുറവുള്ള സമയത്ത് തുല്യഅളവിലും ഇടത്തരം കൊഴുപ്പുള്ള സമയത്ത് ഒന്നര ഇരട്ടിയും കൂടുതൽ കൊഴുപ്പുള്ള സമയത്ത് രണ്ടിരട്ടിയും വെള്ളം ചേർക്കണം.

3. നേർപ്പിച്ചെടുത്ത പാൽ വൃത്തിയായി കഴുകിയ ഡിഷുകളിൽ നാലു ലീറ്റർ വീതം ഒഴിക്കുക. ഇത് ഉറകൂട്ടി അടിച്ചെടുത്ത് ഉണങ്ങുമ്പോൾ ഏകദേശം 500 ഗ്രാം തൂക്കമുള്ള ഷീറ്റു കിട്ടും.

4. ഉറകൂട്ടൽ: ഫോർമിക് ആസിഡ് 85 ശതമാനം വീര്യമുള്ളത് വാങ്ങി 100 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിക്കണം (അതായത് 100 മി.ലീ. ആസിഡ് 10 ലീറ്റർ വെള്ളത്തിൽ എന്ന കണക്കിൽ). ഇങ്ങനെ നേർപ്പിച്ച ആസിഡ് അന്നുതന്നെ അടിക്കുന്ന ഷീറ്റിന് 225 മുതൽ 250 വരെ മില്ലിലീറ്റർ വീതവും പിറ്റേന്നാണ് അടിക്കുന്നതെങ്കിൽ 150 മുതൽ 200 വരെ മില്ലിലീറ്റർ വീതവും ഡിഷിലേക്ക് തൂകി ഒഴിച്ച് നന്നായി ഇളക്കിച്ചേർക്കണം. ആസിഡ് കുറഞ്ഞാൽ ഉറകൂടില്ല. കൂടിപ്പോയാൽ ഷീറ്റിന് ഒട്ടൽ ഉണ്ടാകുകയും ചെയ്യും.

5. ഡിഷുകളിൽ പാലൊഴിച്ച് ആസിഡ് ചേർത്തിളക്കിയ ശേഷം ഉറകൂടാനായി നല്ല നിരപ്പായ സ്ഥലത്ത് അടുക്കിവയ്ക്കണം. ഡിഷിന്റെ അടിഭാഗത്തുള്ള പൊടിയും മാലിന്യങ്ങളും തൂത്തുവൃത്തിയാക്കിയശേഷം ഒന്നിനു മുകളിൽ ഒന്നായി അടുക്കി വയ്ക്കാം. പുറമേനിന്നു പൊടി വീഴാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടുന്നത് നന്നായിരിക്കും.

6. ഉറകൂട്ടിയ പാൽക്കട്ടി റോളറിൽ അടിച്ചെടുത്തശേഷം ശുദ്ധജലത്തിൽ നന്നായി കഴുകണം. ഷീറ്റിൽ പൂപ്പൽ പിടിക്കാതിരിക്കാൻ പാരാനൈട്രോഫിനോൾ (PNP) കലര്‍ത്തിയ വെള്ളത്തിൽ 10 മിനിറ്റ് മുക്കിയിടുക. 500 ഗ്രാമിന്റെ 10 ഷീറ്റു മുക്കാൻ 10 ലീറ്റർ വെള്ളത്തിൽ 5 ഗ്രാം (ഒരു കിലോ ഉണക്കറബറിന് ഒരു ഗ്രാം എന്ന കണക്കിൽ) PNP ചേർത്താൽ മതി.

7. ഈ ഷീറ്റുകൾ തണലിലിട്ട് വെള്ളം വാർന്നുപോയശേഷം അന്നുതന്നെ പുകപ്പുരയിലോ ചിമ്മിനിയ്ക്കുള്ളിലോ ഇട്ട് പുക കൊള്ളിക്കണം. മൂന്നുനാലു ദിവസംകൊണ്ട് ഷീറ്റുണങ്ങിക്കിട്ടും. കൂടുതൽ സമയം വെയിലത്തിട്ടശേഷം പുകപ്പുരയിൽ ഇട്ടാൽ ഉണങ്ങാൻ താമസിക്കും.

rubber-sheet Representative image

8. ഷീറ്റിന്റെ തൂക്കം 500 ഗ്രാമിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക. തൂക്കം കൂടിയാൽ ഉണങ്ങാൻ താമസിക്കും.

കൂടുതൽ വിവരങ്ങൾക്ക് റബർ ബോർഡ് കോൾസെന്ററിൽ വിളിക്കാം. (നമ്പർ: 0481 257 66 22).

തയാറാക്കിയത്: Benny KK, Farm Officer, P&PR Division, Rubber Board HO, Kottayam.
Ph.9447913108