മുരിങ്ങയെന്ന മെഗാഫുഡ്

മുരിങ്ങ ഫാം

നൂറു ഗ്രാം ഓറഞ്ചിൽ 30 മില്ലിഗ്രാം വിറ്റമിൻ സിയുള്ളപ്പോൾ അത്രയും മുരിങ്ങയിലയിൽ അതേ വിറ്റമിൻ 220 മില്ലിഗ്രാമാണുള്ളത് – ഏഴിരട്ടിയിലധികം! കാരറ്റിൽ 1890 യൂണിറ്റ് മാത്രമുള്ള വിറ്റമിൻ എ മുരിങ്ങയിലയിൽ 6780 യൂണിറ്റ് അടങ്ങിയിരിക്കുന്നു. മക്കൾക്ക് കാൽസ്യം കിട്ടാനായി പായ്ക്കറ്റ് പാൽ വാങ്ങുന്നവരറിയുക - നൂറു ഗ്രാം പാലിലുള്ളതിന്റെ മൂന്നിരട്ടിയിലധികം കാൽസ്യവും ഇരട്ടിയിലേറെ മാംസ്യവും അത്രയും മുരിങ്ങയില കഴിച്ചാല്‍ കിട്ടും. ഏത്തപ്പഴത്തിൽ 66 മില്ലിഗ്രാം മാത്രമുള്ള പൊട്ടാസ്യം മുരിങ്ങയിലയിൽ 259 മില്ലിഗ്രാമാണുള്ളത്.

സമൂഹമാധ്യമങ്ങളിലും മറ്റ് വെബ്സൈറ്റുകളിലും പ്രചരിക്കുന്ന ഇത്തരം ആരോഗ്യഅറിയിപ്പുകളുടെ ആധികാരികതയും കൃത്യതയും വ്യത്യസ്തമാണെങ്കിലും സംഗതിയിൽ ചില സത്യങ്ങളുണ്ടെന്ന കാര്യത്തിൽ ആര്‍ക്കും സംശയമുണ്ടാവില്ല. മുരിങ്ങയിലയുടെ ഗുണഗണങ്ങൾ പുതുതലമുറയും തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. നഗരവാസികളായ, തൊഴിൽതിരക്കുകളുള്ള അവർക്കുവേണ്ടി മുരിങ്ങയില ജലാംശം നീക്കിയും പൊടി രൂപത്തിലും പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കുന്ന കാലമാണിത്.

വായിക്കാം ഇ - കർഷകശ്രീ

ശ്രീകാന്ത് സൂര്യനാരായണൻ

മാറുന്ന കാലഘട്ടത്തിന്റെ പുത്തൻ ബിസിനസ് അവസരങ്ങൾ തേടിയ ശ്രീകാന്തും ഫിയോണയും കണ്ടെത്തിയതും ഈ അനന്തസാധ്യതയാണ്. വെറും മുരിങ്ങയിലയെ പൊടിയായും പോഷകക്കൂട്ടുകളായും ഫങ്ഷണൽ ഫുഡായുമൊക്കെ വിപണിക്കു പറ്റിയ രൂപത്തിലേക്കു മാറ്റാമെന്ന തിരിച്ചറിവിലാണ് ഇഷ്ക റിന്യൂവബിൾ എനർജി ഫാമിന്റെ തുടക്കം.

മക്കളായ ഇഷാൻ, ഷിക എന്നിവരുടെ പേരു ചേർത്താണ് ഇഷ്കയുണ്ടായതെന്നു ശ്രീകാന്ത് പറഞ്ഞു. കൊച്ചിയിലെ ട്രേഡ് ലിങ്ക്സ് വേഞ്ചേഴ്സിന്റെ ഉടമകളാണ് ഈ ദമ്പതികൾ. കൈമാറിക്കിട്ടിയ കുടുംബ ബിസിനസിനപ്പുറം ഹൃദയത്തോടു ചേർത്തു നിർത്താവുന്ന ഒരു പുതിയ സംരംഭം വരുംതലമുറയ്ക്കുവേണ്ടി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇവർ കോവിൽപട്ടിയിലെ ഊഷരഭൂമിയിലേക്കു വണ്ടി തിരിച്ചത്. ട്രേഡ് ലിങ്ക്സ് ചെയർമാൻ സൂര്യനാരായണന്റെ മകൻ ശ്രീകാന്തിനെയും മുൻ എംപി സേവ്യർ അറയ്ക്കലിന്റെ മകൾ ഫിയോണയെയും ജീവിതത്തിൽ ഒരുമിപ്പിച്ചത് ഇത്തരം ചില ഇഷ്ടങ്ങളായിരിക്കണം. കൃഷിപ്രേമത്തേക്കാൾ ബിസിനസ് സാധ്യത തന്നെയാണ് ഇങ്ങനൊരു മുതൽമുടക്കിനു പ്രേരണയായതെന്നു ശ്രീകാന്ത് പറഞ്ഞു.

ഇഷ്ക ഉൽപന്നങ്ങൾ

വലിയ സ്വപ്നങ്ങളാണ് മൂന്നു വർഷം മുമ്പ് സ്വന്തമാക്കിയ ഈ 365 ഏക്കർ ഭൂമിയിൽ ശ്രീകാന്തിനും ഫിയോണയ്ക്കുമുള്ളത്. വരുംകാലങ്ങളിലെ വളർച്ചസാധ്യതയുള്ള ബിസിനസ് മേഖലകളാണ് കൃഷി, ഊർജം, ഭക്ഷ്യസംസ്കരണം തുടങ്ങിയവയെന്നു ശ്രീകാന്ത് പറയുന്നത് വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കു ശേഷമാണ്. ഈ മൂന്നു സാധ്യതകളും ഒരുമിപ്പിക്കുകയാണ് ഇവർ ‘ഇഷ്ക’യിൽ. കൃഷി പരിചയമില്ലെങ്കിലും നൂറു രൂപയുമായി മൈസൂറിൽനിന്നു കൊച്ചിയിലെത്തി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അച്ഛൻ സൂര്യനാരായണന്‍റെ പാരമ്പര്യം ശ്രീകാന്തിനെ മുന്നോട്ടു നയിച്ചു. ആറുമാസമായി മഴ പെയ്യാത്ത, കറുത്ത മണ്ണുള്ള ഈ സ്ഥലത്ത് ജലാവശ്യം തീർത്തും കുറവുള്ള രണ്ടു വിളകളാണ് – സ്വദേശിയായ മുരിങ്ങയും വിദേശിയായ കേപ്പറും – ഇവർ ജൈവരീതിയിൽ കൃഷി ചെയ്യുന്നത്. വർഷം മുഴുവൻ സ്ഥിരമായി വരുമാനം നൽകുമെന്നതാണ് ഇവ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം. ന്യൂട്രാസ്യൂട്ടിക്കൽ–ഫങ്ഷണൽ ഫുഡ് ബിസിനസിലേക്കുള്ള ഇവരുടെ ആദ്യ ചുവട് മാത്രമാണിത്.

ആദ്യം തുടങ്ങിയതു മുരിങ്ങക്കൃഷി. നാട്ടിലെങ്ങുമില്ലാത്ത കേപ്പറിനെക്കുറിച്ചു ലോകം ചുറ്റി പഠിക്കുന്നതിനുതന്നെ ഏറെ പണം മുടക്കി. കൃഷിരീതികളും വിപണനസാധ്യതകളുമൊക്കെ ബാലപാഠം മുതൽ ചോദിച്ചും കണ്ടും മനസ്സിലാക്കാൻ കാലതാമസം വന്നതിനാൽ കേപ്പറിന്റെ കൃഷി വൈകിയാണ് ആരംഭിച്ചത്. രണ്ടു വർഷം മുമ്പാരംഭിച്ച ജൈവ മുരിങ്ങയിലക്കൃഷി 35–40 ദിവസം കൂടുമ്പോൾ വിളവെടുക്കാം. ആകെ 20 ഏക്കറിലാണ് മുരിങ്ങയുള്ളത്. ഇതിന്റെ തളിരിലകൾ അടർത്തിയെടുത്ത് തണലത്തുണക്കിയാണ് വിപണനം. ഇലകൾ പൊടിയായും അല്ലാതെയും ആവശ്യക്കാർക്ക് നല്‍കും. മൊത്തക്കച്ചവടത്തിനൊപ്പം ബോട്ടിലുകളിൽ മുരിങ്ങയിലപ്പൊടിയുടെ ചില്ലറ വിൽപനയുമുണ്ട്. വില 90 ഗ്രാമിനു 275 രൂപ! ഉണങ്ങിയ മുരിങ്ങയില ഊഷ്മാവ് വർധിക്കാതെ പൊടിക്കാനുള്ള യന്ത്രസംവിധാനങ്ങൾ ഉടനെത്തും. തികച്ചും ജൈവരീതിയിലാണ് ‘ഇഷ്ക’ ഫാമിൽ മുരിങ്ങയില ഉൽപാദനം. വാരമെടുത്തു നട്ട മുരിങ്ങച്ചെടികളുടെ ചുവട്ടിലൂടെ തുള്ളിനന–ഫെർട്ടിഗേഷൻ സംവിധാനവും പ്ലാസ്റ്റിക് പുതയും നടപ്പാക്കി. പ്ലാസ്റ്റിക്പുതയിൽനിന്ന് ജൈവപുതയിലേക്ക് വൈകാതെ മാറുകയാണിവർ. പതിനഞ്ചു ദിവസത്തിലൊരിക്കലാണ് നന. ജീവാണുവളങ്ങളും ജൈവകീടനാശിനികളുമൊക്കെ തുള്ളിനനയ്ക്കൊപ്പവും തളിച്ചും നൽകുകയാണ് പതിവ്. വിളവെടുപ്പിനാവശ്യമായ കൂലിയാണ് പ്രധാന ആവർത്തനച്ചെലവ്. മൂന്നുവർഷം പ്രായമായ ഒരേക്കർ മുരിങ്ങച്ചെടികളിൽനിന്ന് ഒരു വിളവെടുപ്പിൽ 100 കിലോ മുരിങ്ങയില കിട്ടും. മുരിങ്ങയിലയ്ക്ക് പൊതുവിപണിയിൽ 170 രൂപ വരെ വിലയുണ്ട്. എന്നാൽ ഉയർന്ന നിലവാരത്തിൽ ജൈവരീതിയിൽ ഉൽപാദിപ്പിച്ച ‘ഇഷ്ക’ മുരിങ്ങയിലയ്ക്കും പൊടിക്കും വളരെ ഉയർന്ന വിലയാണ് കിട്ടുന്നത്. 35–40 ദിവസം കൂടുമ്പോള്‍ മുരിങ്ങയില വിളവെടുക്കാമെന്നാണ് കണക്ക്. എന്നാല്‍ മഴയുടെ ലഭ്യതയനുസരിച്ച് ഇതിൽ മാറ്റം വരാം.

രാജ്യാന്തരവിപണിയിലും ആഭ്യന്തരവിപണിയിലും ഏറെ ഡിമാൻഡുള്ള ഉല്‍പന്നമാണ് മുരിങ്ങയിലയെന്ന് ഇനിയും തിരിച്ചറിയാത്തത് കേരളത്തിലെ കൃഷിക്കാർ മാത്രമായിരിക്കും. ഈർപ്പരഹിതമായി സംസ്ക്കരിക്കണമെന്നത് കേരളത്തിൽ മുരിങ്ങയിലക്കൃഷിക്കു വെല്ലുവിളിയായേക്കും. പലരും കരുതുന്നതിൽനിന്നു വ്യത്യസ്തമായി മുരിങ്ങക്കായ്കളെക്കാൾ പോഷകവിപണിയിൽ പ്രാധാന്യം മുരിങ്ങയിലയ്ക്കാണെന്നു ശ്രീകാന്ത് പറഞ്ഞു. കായ്കളുണ്ടാകാതെ നോക്കണമെന്നതാണ് മുരിങ്ങയിലക്കൃഷിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. കായ്കളുണ്ടായാൽ ഇലകളിലെ പോഷകസാന്നിധ്യം കുറയുമെന്നതു തന്നെ കാര്യം. അതുകൊണ്ട് പൂമൊട്ടുകളുണ്ടാവുമ്പോൾ തന്നെ നുള്ളിക്കളയുകയാണ് പതിവ്.

കോവിൽപട്ടിയിലെ 'ഇഷ്ക' കേപ്പർ ഫാം

പുതുമുഖമായി കേപ്പറും

സുപരിചിതമായ മുരിങ്ങയ്ക്കൊപ്പം ‘ഇഷ്ക’യിൽ വളരുന്ന കേപ്പർ നമുക്ക് തീർത്തും അപരിചിതമാണ്. കേപ്പറിനെക്കുറിച്ചു കേട്ടിട്ടുള്ളവർപോലും കേരളത്തിൽ കുറവായിരിക്കും. മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തിലെ പ്രധാന ചേരുവയാണിത്. നിലംപറ്റെ വളരുന്ന, വൃത്താകൃതിയിലുള്ള ഇലകളോടു കൂടിയ ഈ സസ്യം സ്പൈസസ് ബോർഡിന്റെ പട്ടികയിലുണ്ട്. പക്ഷേ വിശദാംശങ്ങളാരാഞ്ഞാൽ അവരും കൈമലർത്തും. അതുകൊണ്ടുതന്നെ കേപ്പർ തൈകളുടെ ഇറക്കുമതിയും മറ്റും ഏറെ തലവേദനയുണ്ടാക്കി. ബിസിനസ് സാധ്യതകൾ തേടിയുള്ള യാത്രയിൽ അർജന്റീനക്കാരനായ സംരംഭകൻ പാബ്ലോ റിക്കോ സെബാസ്റ്റ്യനാണ് കേപ്പറിനെ ശ്രീകാന്തിനു പരിചയപ്പെടുത്തിയത്. അർജന്റീനയിൽനിന്ന് അദ്ദേഹത്തിന്റെ സഹായത്തോടെ കൃഷിക്കാവശ്യമായ കേപ്പർ തൈകൾ ഇറക്കുമതി ചെയ്യുകയായിരുന്നു. കൃഷിരീതികളും മറ്റു വിശദാംശങ്ങളും അറിയാൻ പല രാജ്യങ്ങൾ സന്ദർശിച്ചു. അറുപതു വർഷത്തിലേറെ ആയുസ്സുള്ള കേപ്പർ ചെടിയുടെ പൂമൊട്ടുകളാണ് പാചകത്തിൽ ഉപയോഗിക്കുന്നത്. പൂമൊട്ടുകൾ വിരിയുന്നതിനു മുമ്പുള്ള വിവിധ ഘട്ടങ്ങളിൽ വിളവെടുക്കുന്നു. വലുപ്പമനുസരിച്ച് തരംതിരിച്ച് സംസ്കരിച്ചശേഷം ഉപ്പുവെള്ളത്തിലിട്ടു സൂക്ഷിക്കുന്നു. വലുപ്പം കുറ‍ഞ്ഞവയ്ക്ക് വിലയേറും. ഉണങ്ങിയ മൊട്ടുകൾ പൊടിയായും ഉപ്പുപൊടി ചേർത്ത് കേപ്പർ സാൾട്ട് എന്ന പേരിലും വിൽക്കാറുണ്ട്. ഓരോ ദിവസവും വിളവെടുക്കുന്നവ അതതു ദിവസം തന്നെ സംസ്കരിക്കുന്നതിനാൽ ഇഷ്കയുടെ കേപ്പർമൊട്ടുകൾക്ക് നിലവാരം കൂടുതലാണെന്ന് ശ്രീകാന്ത് പറഞ്ഞു. വിദേശരാജ്യങ്ങളിൽ ചെറുകിട കർഷകരിൽനിന്നു സംഭരിച്ചശേഷം ദിവസങ്ങൾ വൈകിയാണ് സംസ്കരണം.

ഇറ്റാലിയൻ വിഭവമായ പാസ്തയോടൊപ്പമുള്ള സാലഡും സോസും തയാറാക്കുന്നതിന് കേപ്പർ മൊട്ടുകൾ ഉപയോഗിക്കാറുണ്ട്. കൃത്യമായി പരിചയപ്പെടണമെങ്കിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫുമാരുടെ സഹായം തേടേണ്ടിവരും. ഇന്ത്യയിലെ ഹോട്ടലുകൾ ഇതിനായി അടുത്തകാലം വരെ ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്. ‘ഇഷ്ക’ യുടെ കേപ്പർ മൊട്ടുകൾ ഷെഫുമാർക്ക് നേരിട്ടു പരിചയപ്പെടുത്തുന്ന വിപണന തന്ത്രമാണ് ശ്രീകാന്ത് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, സ്വന്തം വെബ്സൈറ്റിലൂടെയും ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലൂടെയും ഇഷ്ക ഉൽപന്നങ്ങളുടെ ഓൺലൈൻ വിപണനവുമുണ്ട്. 135 ഗ്രാം കേപ്പർമൊട്ടുകളടങ്ങിയ ബോട്ടിലിനു 475 രൂപയാണ് വില.

കേപ്പര്‍ പ്രധാനമായി ഉൽപാദിപ്പിക്കുന്നത് ഇറ്റലി, മൊറാക്കോ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ്. അതും ചെറുകിടക്കാരുടെ കൃഷിയിടങ്ങളിൽ. ഏഷ്യയിലെ ആദ്യത്തെ കേപ്പർ തോട്ടമായിരിക്കും കോവിൽപട്ടിയിലെ ഇഷ്ക ഫാമെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. പത്ത് ഏക്കറിലാണ് ഇപ്പോൾ കൃഷിയുള്ളത്. ഈ വർഷം ഇത് 100 ഏക്കറായി വർധിപ്പിക്കും. അതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കേപ്പർ ഫാമായി ഇഷ്ക മാറും. മഴ തീരെ ഇഷ്ടമില്ല കേപ്പറിന്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇവ നന്നായി പ്രൂൺ ചെയ്തു നിർത്തും. അഞ്ചു വർഷത്തിനുള്ളിൽ സൗരോർജ ഉൽപാദനമുൾപ്പെടെ ആരംഭിച്ച് മാതൃകാ സംരംഭമായി വികസിക്കുമ്പോൾ സമീപവാസികളായ ഗ്രാമീണരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഇഷ്ക വിഭാവനം ചെയ്യുന്നുണ്ട്.

ഇമെയിൽ - ss@ishkafarms.com