Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ശീതളപാനീയങ്ങളുടെ കാലം

pineapple--orange-wine04

വേനൽക്കാലത്തു ശീതളപാനീയങ്ങൾ തയാറാക്കി വിപണിയിലെത്തിക്കുന്നത് ഏറെ സാധ്യതയുള്ള സംരംഭം

വേനൽച്ചൂട് കടുത്തു വരുന്നതോടെ പഴച്ചാറുകൾക്കും ശീതളപാനീയങ്ങൾക്കും പ്രിയമേറുകയാണ്. കോള–പെപ്സി പാനീയങ്ങളോടും കൃത്രിമ നിറവും മധുരവും ചേർത്ത സോഫ്റ്റ് ഡ്രിങ്കുകളോടും  പൊതുവേയുള്ള വൈമുഖ്യവും ആരോഗ്യപാനീയങ്ങളോടുള്ള താൽപര്യവും ചെറുകിട സംരംഭകർക്കു സുവർണാവസരമായി മാറുകയാണ്. 

 പഴം– പച്ചക്കറികളിൽനിന്നു തയാറാക്കാവുന്ന ശീതളപാനീയങ്ങളെയും അവയുടെ വിപണന സാധ്യതകളെയും കുറിച്ചാണ് ഈ ലക്കത്തിൽ.

ആരോഗ്യദായക ജ്യൂസുകൾക്കു യോജ്യമാണ് വെള്ളരി, പാവയ്ക്ക, കുമ്പളം, ചുരയ്ക്ക, കാരറ്റ്, വാഴപ്പിണ്ടി, ബീറ്റ്റൂട്ട് മുതലായ പച്ചക്കറികൾ.മുള്ളൻ വെള്ളരി, കണി വെള്ളരി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വ്യാപകമായി കൃഷിയുള്ള വെള്ള വെള്ളരി എന്നിവയും ജ്യൂസിനു യോജ്യം. തൊലി നീക്കാതെ വെള്ളരിയുടെ കാമ്പ് ജ്യൂസറിലിട്ടു നീര് പിഴിഞ്ഞ്,  രുചിക്കായി   നെല്ലിക്ക/ ചെറുനാരങ്ങ നീര്, ഇഞ്ചി സത്ത് എന്നിവ ചേർക്കാം. ദാഹശമനത്തിനൊപ്പം  പ്രമേഹം, സന്ധിവാതം എന്നിവയുള്ളവർക്ക് ആമാശയത്തിലെ അമ്ലത നിയന്ത്രിക്കാനും ഇതു നന്ന്.  ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ കൃഷിയുള്ള പൊട്ടുവെള്ളരിയും ഈ സീസണിൽ ജ്യൂസ് നിർമാണത്തിനെടുക്കാറുണ്ട്. വിളഞ്ഞു പാകമായി വരുമ്പോൾ കുരു പുറത്തു വരുന്ന സ്വഭാവമുള്ളതിനാൽ പൊട്ടുവെള്ളരി കേടുവരാനിടയുള്ളതു ശ്രദ്ധിക്കുക. ചുരണ്ടിയെടുത്ത പൊട്ടുവെള്ളരിക്കാമ്പിനൊപ്പം വേണ്ടത്ര മധുരം,  ഐസ് എന്നിവ ചേർത്ത് പാനീയം കൂടുതൽ ഹൃദ്യമാക്കാം.

കുമ്പളം, നെയ്ക്കുമ്പളം, വാഴപ്പിണ്ടി എന്നിവയുടെ ജ്യൂസും നന്ന്. കുമ്പളങ്ങ ജ്യൂസിനു കരളിനെ ശുദ്ധമാക്കാനും ഫാറ്റി ലിവർ കുറയ്ക്കാനും കഴിവുണ്ട്. പിണ്ടിനീരിനു മൂത്രാശയക്കല്ല് അലിയിക്കാനും ആമാശയത്തിലെ അമ്ലത കുറയ്ക്കാനും കഴിവുണ്ട്. പാവയ്ക്ക ജ്യൂസ് പ്രമേഹരോഗികൾക്കു  മികച്ച ദാഹശമനിയാണ്.വെള്ളരിവർഗവിളകളില്‍ ജ്യൂസിനു  മികച്ചതാണ് ചുരയ്ക്ക. ഇതു വേവിച്ച് പാലും പഞ്ചസാരയും ചേർത്ത് അരച്ചെടുത്തു തണുപ്പിച്ച് കുടിക്കാം.  ചൂടിന്റെ കാഠിന്യത്തിൽനിന്നു ശരീരത്തെ തണുപ്പിക്കാൻ ഉത്തമമാണ് ചുരയ്ക്ക.

തണ്ണിമത്തൻ, മസ്ക് മെലൺ, യെല്ലോ  മെലൺ എന്നിവയെല്ലാം നമ്മുടെ നാട്ടിൽ പ്രചാരത്തിലായി വരുന്ന വെള്ളരിവർഗജ്യൂസുകളാണ്.

പഴവർഗവിളകൾപൈനാപ്പിൾ, ഫാഷൻഫ്രൂട്ട്, മാമ്പഴം, പപ്പായ, ചക്കപ്പഴം, മുന്തിരി, ഓറ​ഞ്ച്, ആപ്പിൾ എന്നിവയുടെ ജ്യൂസിന് വ്യാപകമായ പ്രിയമുണ്ട്. സീസണിൽ ഇവ ശേഖരിച്ച് പൾപ്പാക്കി ആവശ്യമെങ്കിൽ സംരക്ഷകങ്ങളും ചേർത്ത് ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യാനുസരണം ജ്യൂസ് തയാറാക്കാം.  പാഷൻഫ്രൂട്ടിന് ഈയിടെയായി നല്ല ഡിമാന്‍ഡ് ഉണ്ട്.

സിറപ്പുകൾ

പഴച്ചാറുകൾക്കു പുറമെ,  സിറപ്പുകളും തയാറാക്കി സൂക്ഷിച്ച് ആവശ്യാനുസരണം സോഡ, ഐസ്ക്യൂബ്, തണുത്ത വെള്ളം എന്നിവ ചേർത്തു നേർപ്പിച്ച് വിപണനം നടത്താം. ചെറുനാരങ്ങ, നറുനീണ്ടി, ജാതിക്കാത്തോട്, റോസാപ്പൂവിതൾ, തേങ്ങാവെള്ളം, ലൗലോലി, ചാമ്പയ്ക്ക, ചെമ്പരത്തിപ്പൂവ്, ശതാവരിക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഔഷധഗുണമുള്ള സിറപ്പുകൾ ഉണ്ടാക്കാം.

ആർ ടി എസ് ക്ലിയർ ജ്യൂസ്

പഴച്ചാറുകളിൽനിന്നു തയാറാക്കി ബോട്ടിലുകളിലോ ടെട്രേ പൗച്ചുകളിലോ നിറച്ച് തണുപ്പിച്ച് ഉപയോഗി ക്കുന്നതാണ് റെഡി–റ്റു–സെർവ് എന്ന ആർ ടി എസ് പാനീയങ്ങൾ. ഇവയിൽ പേരയ്ക്ക, ലിച്ചി, ആപ്പിൾ എന്നിവയിൽനിന്നു നിർമിക്കുന്ന ക്ലിയർ ജ്യൂസുകൾക്ക് ഏറെ സ്വീകാര്യതയുണ്ട്. പഴങ്ങളുടെ പൾപ്പിൽ, പ്രത്യേക തരത്തിലുള്ള എൻസൈമുകൾ ചേർത്ത് വിഘടിപ്പിച്ച് പഴങ്ങളുടെ തനതു സ്വാദുള്ള ജ്യൂസ് വേർതിരിച്ചെടുക്കുന്നു. ഇതിൽ ആവശ്യമായ അളവിൽ വെള്ളം ചേർത്തു നേർപ്പിച്ച് സുരക്ഷകങ്ങളും പഞ്ചസാരയും ചേർത്ത് യോജിപ്പിച്ച് പായ്ക്ക് ചെയ്യുന്നു.

KAYI1962

സംരംഭം ആരംഭിക്കുമ്പോൾ

കുറഞ്ഞ മുതൽ മുടക്കിലും  കുറഞ്ഞ സ്ഥലസൗകര്യത്തിലും ആരംഭിക്കാൻ പറ്റുന്ന സംരംഭമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സംരംഭത്തിന്റെ നടത്തിപ്പിനോട് അനുബന്ധിച്ചുണ്ടാകുന്ന അവശിഷ്ടങ്ങൾ  പരിസരമലിനീകരണവും ദുർഗന്ധവും ഉണ്ടാകാത്തവിധം നിർമാർജനം ചെയ്യണം.  ജനസാന്ദ്രമായ സ്ഥലങ്ങളിൽ സംരംഭം ആരംഭിക്കുന്നവർ  ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ നൽകണം. മലിനീകരണ നിയന്ത്രണബോർഡിന്റെ നിർദേശങ്ങൾ കര്‍ശനമായി പാലിക്കണം. വേനൽക്കാലത്ത് ജലജന്യരോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഏറ്റവും ശുദ്ധമായ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.  അതിനായി കുറഞ്ഞ മുതൽമുടക്കുള്ള ആർഒ വാട്ടർ പ്ലാന്റുകൾ ലഭ്യമാണ്.  കച്ചവടത്തിന്റെ തോതനുസരിച്ച് കൂളര്‍, ഫ്രീസർ, ജ്യൂസർ  തുടങ്ങിയ ഉപകരണങ്ങളും വാങ്ങണം. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായും വൃത്തിയോടെയും ശീതളപാനീയങ്ങൾ ആസ്വദിക്കുന്നതിനു സാഹചര്യമൊരുക്കണം.  ഈച്ച, കൊതുക്, മറ്റു ക്ഷുദ്രജീവികൾ എന്നിവയുടെ ശല്യമകറ്റാന്‍ മുന്‍കരുതൽ എടുക്കണം.

വീട്ടമ്മമാർ, കുടുംബശ്രീ പ്രവർത്തകർ, അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ, അവധിക്കാലത്ത് അല്‍പം  സമ്പാദ്യം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ എന്നിവർക്കെല്ലാം ആരംഭിക്കാവുന്ന സംരംഭമാണിത്. ശീതളപാനീയങ്ങൾക്കൊപ്പം ലഘു പലഹാരങ്ങളും കൂടി നൽകി ഉപഭോക്താക്കളെ ആകർഷിക്കാം.