Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കൃഷിക്കാരൻ

DSC_4909

ബത്തേരിയിൽനിന്ന് 12 കിലോമീറ്റർ മാത്രം അകലെ മാങ്ങോടാണ് കുമാരേട്ടന്റെ വീടും തേയിലത്തോട്ടവുമൊക്കെ. എന്തു കാര്യം ; സ്ഥലം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ്. അതിർത്തി കടന്ന് രണ്ടു കിലോമീറ്ററോളം ആഞ്ഞു നടന്നാൽ അവിെടയെത്താം. റോഡുനിർമാണം നടക്കുന്നതുകൊണ്ട് വാഹനസൗകര്യം പരിമിതമാണ്.  അല്ലെങ്കിൽ ഫോൺ വിളിക്കണം. അദ്ദേഹം ബൈക്കുമായി വരും. ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും വീട്ടിലെത്തിയാൽ  നിരാശപ്പെടേണ്ടി വരില്ല. ലോകത്തിെലതന്നെ ഏറ്റവും നല്ലതെന്നു വിലയിരുത്തപ്പെടുന്നവയിൽ ഒന്നായ ഗ്രീൻ ടീ ഇവിടെ നിങ്ങൾക്കു കിട്ടും. കുമാരേട്ടന്റെ സ്വന്തം തേയിലത്തോട്ടത്തിൽനിന്ന് അദ്ദേഹവും കുടുംബാംഗങ്ങളും നുള്ളിയെടുത്ത് വീട്ടിൽതന്നെ സംസ്കരിച്ചെടുത്ത ഗ്രീൻ ടീയാണത്.  

ഏറ്റവും മികച്ചതെന്നു പറഞ്ഞത് വെറും തള്ളല്ല. അറിയപ്പെടുന്ന ടീ ടേസ്റ്റർമാർ, തേയില മേഖലയിലെ വ്യത്യസ്ത പ്രസ്ഥാനങ്ങൾ, വിദേശികളായ വിനോദസഞ്ചാരികൾ എന്നിവരൊക്കെ ഈ മികവ് അംഗീകരിച്ചു കഴിഞ്ഞു. മൂന്നു രാജ്യങ്ങളിലേക്ക് അദ്ദേഹം ഗ്രീൻടീ കയറ്റി അയയ്ക്കുന്നു. കിലോയ്ക്ക് 12–15 രൂപ മാത്രം വിലയുള്ള  കൊളുന്ത് വിറ്റിരുന്ന അദ്ദേഹത്തിന്റെ ഗ്രീൻ ടീക്ക്  ഇപ്പോൾ വില കിലോയ്ക്ക് 1600 രൂപ. നൂറു ഗ്രാമിന്റെയും അമ്പതു ഗ്രാമിന്റെയും പായ്ക്കറ്റുകളിലാണ് വിൽപന. ബത്തേരിയിലെ ചില്ലറവ്യാപാരികൾ വഴി വിറ്റിരുന്ന പികെ ഗ്രീൻ ടീക്ക് വെബ്സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും കയറ്റുമതിക്കാർവഴിയുമൊക്കെ ഓർഡറുകളെത്തുന്നു. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന വേൾഡ് ടീ ആൻഡ് കോഫി എക്സ്പോയിൽ പങ്കെടുത്തതോടെ വിദേശഓർഡറുകൾ വർധിച്ചിട്ടുണ്ട്.

DSC_4966

സമുദ്രനിരപ്പിൽനിന്നുള്ള ഉയരവും പാക്കിങ്ങിന്റെ മികവും ചൂണ്ടിക്കാട്ടിയല്ല കുമാരേട്ടൻ ഈ അംഗീകാരങ്ങൾ നേടിയത്. സീറോ ബജറ്റ് രീതിയിൽ ജൈവക്കൃഷിയിലൂെട തേയില ഉൽപാദിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.  ജൈവരീതികൾ പിന്തുടരുന്നതിലും കർശനമായ നിലവാരം ഉറപ്പാക്കുന്നതിലുമുള്ള നിഷ്കർഷയാണ് നേട്ടങ്ങൾക്കു പിന്നിലെ രഹസ്യമെന്ന് കുമാരൻ പറഞ്ഞു. അഞ്ചു ദിവസം പ്രായമായ നാമ്പിലകളാണ് ഗ്രീൻ ടീ നിർമിക്കാൻ ഉപയോഗിക്കുക. ആറുദിവസം പ്രായമായാൽ പിന്നെ ഓർത്തഡോക്സ് തേയിലയ്ക്കായി അതു മാറ്റും. നിലവാരം ഉറപ്പാക്കുന്നതിനായി അ‍ഞ്ചു ദിവസത്തിലൊരിക്കൽ ഇല നുള്ളാറുണ്ട്. ഒരു ഏക്കറിൽനിന്ന് ഒരു വിളവെടുപ്പിൽ 300 കിലോ തളിരിലകൾ പ്രതീക്ഷിക്കാം.  സംസ്കരിച്ചു കഴിയുമ്പോൾ  ഇത് നാലിലൊന്നായി ചുരുങ്ങും. എട്ടു വർഷമായി സീറോ ബജറ്റ് പ്രകൃതികൃഷിരീതികളാണ് ഇവിടുത്തെ കൃഷിയിടത്തിൽ പാലിക്കുന്നത്. ചെലവില്ലാ കൃഷിയെന്നും അറിയപ്പെടുന്ന ഈ കൃഷി രീതി പഠിക്കുന്നതിനായി  അതിന്റെ പ്രചാരകനായ സുഭാഷ് പലേക്കറുടെ ഒന്നിലധികം ക്ലാസുകളിൽ പങ്കെടുത്തിരുന്നു.  തോട്ടത്തിന് ഇൻഡോസർട്ടിൽ നിന്നുള്ള  ജൈവസാക്ഷ്യപത്രവും കുമാരൻ നേടിയിട്ടുണ്ട്. 

ജൈവരീതിയിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങളും പൊതുവിപണിയിലെ മറ്റ് ഉൽപന്നങ്ങൾക്കൊപ്പം വിൽക്കേണ്ട അവസ്ഥയായിരുന്നു തുടക്കത്തിൽ. ഇതിനു  പരിഹാരമെന്നവണ്ണം  മൂല്യവർധന നടത്തിയ ജൈവഉൽപന്നങ്ങളിലൂെട അധിക വരുമാനം കണ്ടെത്താനായി അടുത്ത ശ്രമം. പ്രകൃതികൃഷിരംഗത്തെ ചില സുഹൃത്തുക്കളുെട സഹായത്തോടെ ഗ്രീൻ ടീ സംസ്്കരണം പഠിച്ചെടുത്തു. അടുക്കളയിലെ മൺചട്ടിയും മറ്റും ഉപയോഗിച്ചുള്ള ആദ്യകാല സംസ്കരണത്തിനു ഭാര്യ ഇന്ദിരയും സഹായിച്ചു. വയനാട്ടിലെയും നീലഗിരിയിലെയും ജൈവഷോപ്പുകളിൽ കുമാരേട്ടന്റെ പികെ  ഓർഗാനിക് ഗ്രീൻ ടീ എത്തി. യാദൃച്ഛികമായി പിെക ഗ്രീൻ ടീ രുചിക്കാനിടയായ വിേദശികൾ കൂടുതൽ പാക്കറ്റുകൾ ആവശ്യപ്പെട്ടതോെടയാണ് സ്വന്തം ഗ്രീൻടീയുെട മഹത്ത്വം കുമാരനുപോലും പൂർണമായി പിടികിട്ടിയത്. 

ശാസ്ത്രീയമായ വിലയിരുത്തലിനുവേണ്ടി വിവിധ ലബോറട്ടറികളിലേക്ക് സ്വന്തം തോട്ടത്തിലെ തേയില പരിശോധനയ്ക്ക് അയച്ചത് ഈ സാഹചര്യത്തിലായിരുന്നു. രുചിയിൽ മാത്രമല്ല, പോഷകാംശത്തിലും പികെ ഗ്രീൻ ടീ കേമമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായില്ല. 

പിെക ഗ്രീൻടീയിൽ പോളിഫിനോൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ താരതമ്യേന കൂടുതലാണെന്നായിരുന്നു പരിശോധനാഫലം.  എല്ലായിടത്തുനിന്നും ഏറ്റവും മികച്ച അഭിപ്രായങ്ങൾ വന്നതോടെ ആത്മവിശ്വാസമായി. വയനാട് സന്ദർശിച്ച ജർമൻ സംഘമാണ്  ആദ്യകയറ്റുമതിക്ക് വഴിതെളിച്ചത്. പിെക ഗ്രീൻ ടീയുെട ഉന്നത നിലവാരം ബോധ്യമായ അവർ ജർമനിയിലേക്ക് കൂടുതൽ തേയില എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ ബ്രിട്ടൻ, ജർമനി, ദുബായ് എന്നിവിടങ്ങളിലേക്കാണ്  പികെ ഗ്രീൻ ടീ കയറ്റുമതി ചെയ്യുന്നത്. കൂടാതെ വിദേശമലയാളികൾവഴിയും സമൂഹമാധ്യമങ്ങൾവഴിയും മറ്റുമായി  ഒട്ടേറെ മറ്റു രാജ്യങ്ങളിലും ആവശ്യക്കാരെ കണ്ടെത്താൻ  കഴിയുന്നു. രാജ്യാന്തരപ്രശസ്തനായ ഒരു ടീടേസ്റ്റർ കുമാരേട്ടന്റെ ഗ്രീൻ ടീയെക്കുറിച്ച് കുറിച്ചതിങ്ങനെയാണ്– ‘‘ഏറ്റവും ഉയരം കൂടിയ എസ്റ്റേറ്റുകളിലാണ് ഏറ്റവും മികച്ച തേയിലയുണ്ടാവുന്നതെന്ന എന്റെ ധാരണ തിരുത്തപ്പെട്ടിരിക്കുന്നു. ഡാർജലിങ് തേയിലയെ അതിശയിക്കുന്നതാണ് ബത്തേരിയിലെ കുമാരന്റെ തോട്ടത്തിലെ തേയില’’.

02

ആകെ തേയില ഉൽപാദനത്തിന്റെ 20 ശതമാനമെങ്കിലും കയറ്റുമതി ചെയ്യാൻ കഴിയുന്നുണ്ടെന്ന് കുമാരൻ പറഞ്ഞു.  വിദേശവിപണിയിൽ വില ഇരട്ടിയായതുകൊണ്ട് തേയിലക്കൃഷി ആദായകരമാക്കാൻ സാധിച്ചു. പ്രീമിയം വില കിട്ടുന്ന വൈറ്റ് ടീ ഉൽപാദനവും  പഠിച്ചിട്ടുണ്ട്. വൈകാതെ അതും വിപണിയിലെത്തിക്കും. സീറോബജറ്റ് രീതിയിൽ വിഷരഹിതമായ തേയില ഉൽപാദിപ്പിക്കുന്നതുകൊണ്ടാണ് ഈ നേട്ടങ്ങളെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ല, കുമാരന്റെ മികവും സ്ഥിരോൽസാഹവും പരിഗണിച്ച് ടീ ബോർഡ് അദ്ദേഹത്തിന് ഇന്ത്യയിലാദ്യമായി മൈക്രോ ടീ ഫാക്ടറി സ്ഥാപിക്കാനുള്ള  ലൈസൻസ് നൽകി.  ദിവസേന 450 കിലോയിൽ താഴെ മാത്രം പച്ചത്തേയില സംസ്കരിക്കുന്ന യൂണിറ്റുകളെയാണ് മൈക്രോ ടീ ഫാക്ടറി എന്നു വിളിക്കുന്നത്.  അതുവരെ സംസ്കരണശേഷി കൂടിയ മിനി ഫാക്ടറികൾക്കും വൻകിട ഫാക്ടറികൾക്കും മാത്രമാണ് ലൈസൻസ് നൽകിയിരുന്നത്.

രാജ്യാന്തര വിപണനമേളകളിൽ പങ്കെടുപ്പിക്കുന്നതിനും അവർ പ്രോൽസാഹിപ്പിക്കാറുണ്ട്. ഫാക്ടറി സ്ഥാപിച്ചതുമൂലം കയറ്റുമതിമേഖലയ്ക്കു വേണ്ട എല്ലാ നിലവാരനിഷ്കർഷ കളും പാലിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ഈ വർഷം മുതൽ ഓർത്തഡോക്സ് ലീഫ് ടീയും  ഇവിടെ സംസ്കരിക്കുന്നു. തമിഴ്നാട്ടിലെ ഹോർട്ടികൾച്ചർ വകുപ്പും വലിയ പിന്തുണയും അംഗീകാരവുമാണ് നൽകുന്നത്. ആറു ലക്ഷം രൂപ  അവർ ടീ ഫാക്ടറിക്ക് സബ്സിഡി നൽകി. നീലഗിരി ജില്ലയിലെ ആദ്യത്തെ പ്രകൃതി കർഷകനെന്ന നിലയിൽ കുമാരന്റെ തോട്ടത്തെ മാതൃകാ കൃഷിയിടമായി അധികൃതർ അംഗീകരിച്ചു കഴിഞ്ഞു. 

ഫോൺ: 9943921166