Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയുടെ കൃഷിപാഠങ്ങൾ

telangana-farming-01

തെലങ്കാന സർക്കാർ നടപ്പാക്കുന്ന കർഷകക്ഷേമപദ്ധതികൾ ദേശീയ മാധ്യമങ്ങളിൽ തലക്കെട്ടു നേടുന്ന കാലം. സർക്കാരിന്റെ നേട്ടങ്ങൾ വിളംബരം ചെയ്യുന്ന പരസ്യങ്ങൾക്കാവട്ടെ, നിർലോപം ചെലവിടുന്നുമുണ്ട് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പും ഒപ്പം, ദേശീയ നേതാവ് എന്ന പരിവേഷത്തിന്റെ ഭാവിസാധ്യതകളും ലക്ഷ്യമിട്ടുള്ളതാണ് റാവുവിന്റെ ‘പരസ്യ’ പ്രചാരണം എന്നൊരു വാദമുള്ളപ്പോള്‍ത്തന്നെ, തെലങ്കാനയുടെ കാർഷിക മേഖലയിൽ മുമ്പില്ലാത്തവിധം ഗുണപരമായ മാറ്റങ്ങൾ സംഭവിക്കുന്നുവെന്നതു വസ്തുതയാണ്.  തെലങ്കാനയിലൂടെ യാത്ര ചെയ്തു തയാറാക്കിയ റിപ്പോർട്ട്.

ഇക്കഴിഞ്ഞ മേയ് മാസത്തിൽ ദേശീയ മാധ്യമങ്ങൾ തെലങ്കാനയിൽനിന്നൊരു കൗതുകവാർത്ത പ്രാധാന്യത്തോടെ അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ നാന്ദേട് ജില്ലയിൽപ്പെടുന്ന നാല്‍പതു കാർഷിക ഗ്രാമങ്ങളിലെ സർപ്പഞ്ചുമാർ (ഗ്രാമ മുഖ്യന്മാർ) തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനു നൽകിയ നിവേദനമാണ് വാർത്തയായത്. തെലങ്കാന അതിർത്തിയോടു ചേർന്നു കിടക്കുന്ന തങ്ങളുടെ ഗ്രാമങ്ങളെക്കൂടി തെലങ്കാനയിൽ ലയിപ്പിക്കണം, അതാണ് ആവശ്യം.

‘തെലങ്കാന ദിവസവും കർഷകർക്കു പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നു, കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നു, കൃഷിക്കു വെള്ളവും വൈദ്യുതിയും സൗജന്യമായി നൽകുന്നു, കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച് പട്ടയരേഖ നൽകുന്നു, ഇപ്പോഴിതാ കൃഷി ചെയ്യുന്നതിന് മുൻകൂർ സഹായമായി ഏക്കറിന് 8000 രൂപയും. അതേസമയം അതിർത്തിക്കിപ്പുറം മഹാരാഷ്ട്രയിൽ കൃഷിയും ജീവിതവും പരിതാപകരം. പ്രക്ഷോഭങ്ങൾ പലതു നടന്നിട്ടും കാര്യമായ മാറ്റമില്ല. എങ്ങനെയെങ്കിലും അതിർത്തി മാറ്റിവരച്ച് ഞങ്ങളെക്കൂടി തെലങ്കാനയിലാക്കണം’, ഗ്രാമമുഖ്യന്മാർ പറയുന്നു.

മാധ്യമങ്ങൾ തെലങ്കാനയുടെ നേട്ടങ്ങൾ ശ്രദ്ധിക്കുന്നതിൽ ആവേശഭരിതനായിട്ടാണോ എന്തോ, ഈയിടെ, തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നാലാം വാർഷികം പ്രമാണിച്ചു നടന്ന സമ്മേളനത്തിൽ മറ്റൊരു ബൃഹദ്പദ്ധതികൂടി ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു. കർഷക കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ. കർഷകൻ മരിച്ചാൽ പത്തു ദിവസത്തിനകം അവകാശിയുടെ കയ്യിൽ അഞ്ചു ലക്ഷം രൂപയെത്തുന്ന പദ്ധതി. 

തിരിച്ചറിവുകൾ

കർഷകക്ഷേമപദ്ധതികൾക്ക് തെലങ്കാന മുമ്പില്ലാത്തവിധം പ്രാധാന്യം നൽകുന്നതിനു കാരണങ്ങൾ പലതുണ്ട്. കർഷക ആത്മഹത്യകളുടെ കരിനിഴലിൽനിന്ന് ഇനിയും രക്ഷപ്പെട്ടിട്ടില്ല എന്നതുതന്നെ മുഖ്യം. ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു തെലങ്കാന. ചന്ദ്രശേഖർ റാവു സർക്കാർ അധികാരത്തിൽ വന്ന ശേഷവും ആത്മഹത്യകൾ തുടർന്നു. ദേശീയതലത്തിൽ അതുണ്ടാക്കിയ ചീത്തപ്പേരു ചെറുതല്ല. ഈ തിരിച്ചറിവാണ് അധികാരത്തിലെത്തിയ ആദ്യ രണ്ടു വർഷങ്ങളിൽനിന്നു വ്യത്യസ്തമായി മൂന്നും നാലും വർഷങ്ങളിൽ തുടരെത്തുടരെ കർഷകക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനും സമയബന്ധിതമായി അവ നടപ്പാക്കാനും സർക്കാരിനെ പ്രേരിപ്പിക്കുന്നത്. കുറഞ്ഞ നാളുകൾക്കുള്ളിൽ അതുണ്ടാക്കിയ മാറ്റം ചെറുതല്ല. ഇന്ന്, രാജ്യത്തെ കർഷകസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നു, നിതി ആയോഗ് തയാറാക്കിയ സൂചികയനുസരിച്ച് തെലങ്കാന.  

വിദൂരഗ്രാമങ്ങളില്‍ പക്ഷേ, കർഷകജീവിതം ഇപ്പോഴും ആശ്വാസകരമല്ല. വിലയിടിവിന്റെയും വിളനാശത്തിന്റെയും ആഘാതത്തിൽ ആത്മഹത്യചെയ്ത പരുത്തിക്കർഷകരുടെ എണ്ണംകുറവുമല്ല. അതേസമയം, മഹാരാഷ്ട്ര ഉൾപ്പെടെ സമീപ സംസ്ഥാനങ്ങളിലെല്ലാം നടക്കുന്ന കലുഷിത കർഷക സമരങ്ങൾ തെലങ്കാനയിൽ കാര്യമായ ചലനം സൃഷ്ടിക്കുന്നില്ല എന്നതു ശ്രദ്ധിക്കണം. സംസ്ഥാനത്തെ 58 ലക്ഷത്തിലേറെ വരുന്ന കർഷകർക്കിന്നു പ്രതീക്ഷയുണ്ട്, സർക്കാർ തങ്ങളെ പരിഗണിക്കുന്നു എന്ന തോന്നലുണ്ട്; അതാണു കാര്യം, അതു തന്നെ നേട്ടവും. 

തീരുമാനങ്ങൾ

കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി സംസ്ഥാന ബജറ്റിന്റെ 26 ശതമാനമാണ് ഇത്തവണ തെലങ്കാന സർക്കാർ  മാറ്റിവച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന വകയിരുത്തൽ. (കേരളം ഇക്കഴിഞ്ഞ ബജറ്റിൽ കൃഷിക്കായി മാറ്റി വച്ചത് 5.7 ശതമാനം) തെലങ്കാന കൃഷിസമൃദ്ധമായതുകൊണ്ടല്ല, മറിച്ച് കൃഷിയോടുള്ള താൽപര്യം കുറയുന്നതിനെ നേരിടാനാണ് ഈ വകയിരുത്തൽ എന്നതാണു ശ്രദ്ധേയം. നാം കാണേണ്ടതും ഇതു തന്നെ. മൊത്തം ജനസംഖ്യയുടെ 55.49 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചു കഴിഞ്ഞുകൂടുന്ന സംസ്ഥാനമാണ് തെലങ്കാന. ചോളം, സോയാബീൻ, പരുത്തി, ധാന്യങ്ങൾ, പയറിനങ്ങൾ, നെല്ല്, പച്ചക്കറികൾ, കരിമ്പ്, മാവ് തുടങ്ങിയവയാണ് മുഖ്യ വിളകൾ. ചില പ്രദേശങ്ങളിൽ മഞ്ഞൾകൃഷിക്കും പ്രചാരമുണ്ട്. കർഷകരിൽ 85 ശതമാനവും മൂന്നോ നാലോ ഏക്കർ ഭൂമി മാത്രം സ്വന്തമായുള്ളവർ. 

കേരളത്തിലേതുപോലെതന്നെ കാർഷിക ആഭിമുഖ്യം നാൾക്കുനാൾ കുറഞ്ഞുവരുന്ന സ്ഥിതി തെലങ്കാനയിലുമുണ്ട്. കാരണങ്ങൾ പലതാണ്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയിടങ്ങളാണ് 63 ശതമാനവും. മഴക്കുറവും വരൾച്ചയും ജലക്ഷാമവുമെല്ലാം കൃഷിയെ പിന്നോട്ടടിക്കുന്ന സാഹചര്യം. പ്രതികൂല ഘടകങ്ങൾ ഏറെയുള്ളതിനാൽ  മിക്ക കാർഷികവിളകളുടെയും  ശരാശരി ഉൽപാദനക്ഷമത താരതമ്യേന കുറവ്. നീക്കിയിരിപ്പൊന്നുമില്ലാത്തതിനാൽ വായ്പ വാങ്ങാതെ കൃഷി അസാധ്യം. അതാകട്ടെ, ആജീവനാന്ത ബാധ്യതയും. കൃഷിയിൽ പ്രതീക്ഷ നശിച്ച പലരും ചെന്നെത്തിയത് കൂലിപ്പണിയിൽ. വിളനാശവും വിലയിടിവും കടബാധ്യതയുംകൊണ്ട് പൊറുതിമുട്ടിയപ്പോൾ ആത്മഹത്യയിലും. യുവാക്കൾ കൃഷിയിലേക്കു വരാൻ മടിക്കുന്നത് ഇതുകൊണ്ടൊക്കെത്തന്നെ.

അടിസ്ഥാന സാഹചര്യങ്ങളിൽ മാറ്റം വരാതെ ആളുകളെ കൃഷിയിലേക്കു മടക്കിക്കൊണ്ടുവരാനും കാർഷിക വരുമാനം വർധിപ്പിക്കാനും കഴിയില്ല എന്ന ബോധ്യത്തിൽനിന്നാണ് തെലങ്കാനയുടെ കർഷകക്ഷേമപദ്ധതികൾ രൂപപ്പെട്ടിരിക്കുന്നത്. അതിലേക്കു വേണ്ടത് വൻപദ്ധതികൾ. അതുതന്നെയാണ് ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ തെലങ്കാന സാധ്യമാക്കിയത്. ചുവപ്പുനാടയുടെ കുരുക്കില്ലാതെ അതിവേഗത്തിൽ.

തിരുത്തലുകൾ

കർഷകർക്കായി അമ്പതിലേറെ പ്രോത്സാഹന, സഹായ പദ്ധതികളാണ് തെലങ്കാന സമീപ വർഷങ്ങളിൽ നടപ്പാക്കിയത്. കൃഷിച്ചെലവിനായി ഏക്കറിന് ഒരു സീസണിൽ നാലായിരം രൂപ വീതം വർഷം എണ്ണായിരം രൂപ നൽകുന്ന റൈതു ബന്ധു (rythu bandhu - friend of farmers)വും റൈതു ബീമ ഇൻഷുറൻസും രാജ്യത്തിനുതന്നെ പുതുമയുള്ള പദ്ധതികൾ. 

‘‘പ്രകൃതിയെയും കൊള്ളപ്പലിശക്കാരനെയും മുൻനിർത്തിയുള്ള ചൂതാട്ടമാണ് തെലങ്കാനയിലെ കൃഷി. വിത്തും വളവും വാങ്ങാനാണ് ആദ്യ കടം. തുടർന്ന് കീടനാശിനികൾക്ക്. കടം രണ്ടു വഴിക്കാണ്. ബാങ്കുവായ്പയ്ക്ക് ആദ്യം അപേക്ഷിക്കും. അതൊരിക്കലും സമയത്തു കിട്ടില്ല. അതോടെ പലിശക്കാരനെ ആശ്രയിക്കും. പിന്നീടെപ്പോഴെങ്കിലും വായ്പ പാസാവും. അതും ഏതെങ്കിലും വഴിക്കു തീരും. കാലാവസ്ഥ എതിരാവുകയും കൃഷി ചതിക്കുകയും ചെയ്യുന്നതോടെ കൃഷിക്കാരൻ കടക്കാരനാവും. ആ കടബാധ്യതകൾ ആയുഷ്കാലം തുടരും. കാർഷികകടങ്ങൾ ഭാഗികമായെങ്കിലും എഴുതിത്തള്ളി പുതിയ കൃഷിക്കു വേണ്ട തുക മുൻകൂറായി നൽകുന്ന പദ്ധതി നേട്ടമാകുന്നത് ഈ സാഹചര്യത്തിലാണ്. വിത്തും വളവും സമയത്ത് ലഭ്യമാക്കാനുള്ള നടപടി കൂടിയാകുമ്പോൾ കൃഷിയിലെ നഷ്ടസാധ്യത ഗണ്യമായി കുറയുന്നു’’, തെലങ്കാന കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർ കെ. വിജയകുമാറിന്റെ വാക്കുകൾ. 

കൃഷിഭൂമിയുടെ കൈവശാവകാശ രേഖകളില്ലാത്തതുമൂലം ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്ന കർഷകർ വളരെക്കൂടുതലായിരുന്നു തെലങ്കാനയിൽ. ഇതു കണക്കിലെടുത്താണ് യുദ്ധകാലാടിസ്ഥാനത്തിൽ റവന്യൂ രേഖകൾ തിട്ടപ്പെടുത്തി കർഷകർക്കു നൽകിയത്. ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കിയതും കാർഷികമേഖലയിൽ സൃഷ്ടിച്ച ഉണർവ് ചെറുതല്ല. നമുക്കുമുണ്ട് സമാനമായ പദ്ധതി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തുടക്കത്തിൽ ആരംഭിച്ച കർഷക റജിസ്ട്രേഷൻ. ആർക്കും വ്യക്തതയില്ലാതെ മുട്ടിലിഴഞ്ഞും മുടന്തിയും നീങ്ങുന്നു അത്. റീസർവേ നടപടികളുടെ സ്ഥിതിയും അങ്ങനെതന്നെ.

കൃഷിക്കു ജലസേചനസൗകര്യം ഒരുക്കുന്ന മിഷൻ കാകതീയയും തെലങ്കാനയുടെ ബൃഹദ്പദ്ധതി തന്നെ. കൃഷിയിടത്തിലെ മോട്ടോർപമ്പുകൾ മുടക്കമില്ലാതെ പ്രവർത്തിക്കാൻ സൗജന്യ വൈദ്യുതി ലഭ്യമാക്കി. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ റൈതു സമന്വയ സമിതികളും പ്രവർത്തനം തുടങ്ങി. കൃഷിക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ ഇത്തരം  പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതാണ് തെലങ്കാനയുടെ മികവ്. തെലങ്കാനയുടെ കൃഷിക്കല്ല, കൃഷിയെ തിരിച്ചുപിടിക്കാൻ അവർ നടത്തുന്ന യത്നങ്ങൾക്കാണ് നാം മാർക്കിടേണ്ടത്. യാഥാർഥ്യബോധത്തോടെയുള്ള ഇത്തരം ശ്രമങ്ങളാണ് നമുക്കും ആവശ്യം. ഗ്രോബാഗ് കൃഷിയിലും കൊയ്ത്തുൽസവങ്ങളിലും മാത്രം അഭിരമിച്ചു തീരേണ്ടതല്ല നമ്മുടെ കാർഷികപദ്ധതികൾ. കൃഷിയിലേക്കും കാർഷികസംരംഭങ്ങളിലേക്കും നെഞ്ചുറപ്പോടെ ഇറങ്ങാൻ പുതുതലമുറ തയാറാവണമെങ്കിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും അതിനുതകുന്ന ബൃഹദ്പദ്ധതികളും അനിവാര്യം.