Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏത്തയ്ക്കാപ്പൊടിയും പഴം ഉണക്കിയതും; തുടങ്ങാവുന്ന സംരംഭം

Banana-powder

കുഞ്ഞുങ്ങൾ, രോഗികൾ, ക്ഷീണിതർ എന്നിവരുടെ ഭക്ഷണത്തിലെയും മുതിർന്നവർക്കുള്ള ഹെൽത്ത് മിക്സിലെയും മികച്ച ചേരുവയാണ് ഏത്തയ്ക്കാപ്പൊടി. കണ്ണൻ, പടറ്റി, കുന്നൻ, മട്ടി എന്നീ ഇനങ്ങളും ഉപയോഗിക്കാം. കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള പഴവർഗ വിളയാണ് വാഴ. പഴമായും പച്ചക്കറിയായും വാഴയ്ക്കാ ഉപയോഗപ്പെടുത്തുന്നു. പലതരം വാഴയിനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഏഴര ലക്ഷം ഹെക്ടർ സ്ഥലത്ത്തനിവിളയായി വാഴ കൃഷി ചെയ്യുന്നുവെന്നാണ് കണക്ക്. ഇവയിൽ മുൻപന്തിയിലുള്ളത്നേന്ത്രനാണ്. പഴം, പച്ചക്കറി എന്ന ഉപയോഗത്തിനപ്പുറം മൂല്യവർധിത ഉൽപന്നങ്ങൾകൂടി തയാറാക്കുമ്പോഴേവാഴക്കൃഷി ലാഭകരമായും സുസ്ഥിരമായും മുന്നോട്ടു കൊണ്ടുപോകാനാവുകയുള്ളൂ. മൂല്യവർധനയിൽ ദീർഘകാല സൂക്ഷിപ്പു ഗുണവും വിപണനസാധ്യതയുമുള്ള ഉൽപന്നങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്. അത്തരം ചില ഉൽപന്നങ്ങളെ പരിചയപ്പെടാം. അവയുടെ നിർമാണരീതിയും.

പച്ചക്കായപ്പൊടി

കുഞ്ഞുങ്ങൾ, രോഗികൾ, ക്ഷീണിതർ എന്നിവരുടെ ഭക്ഷണത്തിലെയും മുതിർന്നവർക്കുള്ള ഹെൽത്ത് മിക്സിലെയും മികച്ച ചേരുവയാണ് കായപ്പൊടി. നേന്ത്രൻ ഇനങ്ങളാണ് പൊടിനിർമാണത്തിന് ഏറെ  യോജ്യമെങ്കിലും കണ്ണൻ, പടറ്റി, കുന്നൻ, മട്ടി എന്നീ ഇനങ്ങളും ഉപയോഗിക്കാം. ഔഷധഗുണമുള്ളവയാണ് ഈ വാഴയിനങ്ങൾ എന്നതാണ് സവിശേഷത. നേന്ത്രക്കായയെ അപേക്ഷിച്ച് ചെറുകായകളുടെ തൊലി നീക്കം ചെയ്യുന്നത് ശ്രമകരമാണെങ്കിലും ഉല്‍പന്നത്തിന് മികച്ച വില നേടാനായാൽ സംരംഭം ലാഭകരമാക്കാം.

ഇതിന് 60–80 ശതമാനം മൂപ്പുള്ള കായ്കളാണ് യോജ്യം. വിളവെടുത്ത കുല അൽപനേരം വെയിലത്തു വയ്ക്കുക. കായയിലെ കറ നീങ്ങാനും തൊലി പെട്ടെന്ന് അടർന്നു കിട്ടാനും ഇതു സഹായകമാണ്. പടലയിൽനിന്ന് വേർപെടുത്തിയശേഷം കായ്കൾ ശുദ്ധജലത്തിൽ കഴുകി വെള്ളം വാർന്നു പോകാൻ വയ്ക്കുക. സ്റ്റീൽകത്തി ഉപയോഗിച്ച് തൊലി നീക്കുക. ലീറ്ററിന് 20 ഗ്രാം ഉപ്പ്, ഒരു ഗ്രാം പൊട്ടാസ്യം മെറ്റാബൈസൾ ഫൈറ്റ് എന്നിവ ലയിപ്പിച്ച ലായനിയിൽ തൊലി കളഞ്ഞ കായ്കൾ 20 മിനിറ്റ് മുക്കി വയ്ക്കുക. 

കായ്കളിലെ കറ പോകുന്നതിന് ഇത് സഹായിക്കും. തുടർന്ന് ശുദ്ധജലത്തിൽ കായ്കൾ വൃത്തിയായി കഴുകി വെള്ളം വാർന്നു കളഞ്ഞശേഷം സ്റ്റീൽ സ്ലൈസറോ, കട്ടിങ് മെഷീനോ ഉപയോഗിച്ച് നേർമയായി അരിയുക. ഡ്രയറിലോ വെയിലത്തോ ഉണക്കുക. പൂർണമായും ജലാംശം മാറി, നന്നായി ഉണക്കി സൂക്ഷിക്കുക. കായയുടെ ലഭ്യത അനുസരിച്ച് ഉണക്കി സൂക്ഷിക്കാം. ഈർപ്പം തട്ടാതെ വച്ചാൽ മതി. ആവശ്യാനുസരണം പൊടിച്ച് പായ്ക്ക് ചെയ്യാം. പൊടിച്ചതിനു ശേഷവും അൽപനേരം ഡ്രയറിൽ ഉണക്കുന്നത് ഉല്‍പന്നത്തിന്റെ സൂക്ഷിപ്പു ഗുണം കൂട്ടും.

ബേബിഫുഡിനായി കായ്പൊടി തയാറാക്കുമ്പോൾ മുത്തങ്ങ, തെറ്റിപ്പൂവ് എന്നിവകൂടി ചേർക്കുന്നത് കൊള്ളാം. ഹെൽത്ത് ഫുഡ് തയാറാക്കുമ്പോൾ നവരയരി, കൂവരക് (റാഗി) എന്നിവയും ചേർക്കാം. ഏത്തയ്ക്ക/കായപ്പൊടി ഉപയോഗിച്ച് ബിസ്കറ്റ്, കേക്ക്, കുക്കീസ് എന്നിവയും തയാറാക്കാം. പുട്ട്, ചപ്പാത്തി തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാനും ഈ പൊടി അൽപം ചേർക്കാം. കായപ്പൊടി വ്യാവസായികമായി തയാറാക്കുന്നതിന് സ്ലൈസിങ് മെഷീൻ, ഡ്രയറുകൾ, പൾവറൈസർ, സീലിങ് മെഷീൻ എന്നിവ ആവശ്യമുണ്ട്.

KAYI1968

ബനാന ഫിഗ്സ്

ഏത്തപ്പഴം, മറ്റു ചെറുപഴങ്ങൾ എന്നിവ ഉപയോഗിച്ചു തയാറാക്കാവുന്ന, ദീർഘകാല സൂക്ഷിപ്പുഗുണമുള്ള ഉൽപന്നമാണ് ബനാന ഫിഗ്സ് അഥവാ പഴം ഉണക്കിയത്. ഈയിടെ വ്യാപകമായി കൃഷിയുള്ള നേന്ത്രൻ ഇനമാണ് ‘സ്വർണ മുഖി.’ വലുപ്പമേറിയ കുലയും കൂടുതൽ കായ്കളുമാണ് ഇതിന്റെ സവിശേഷത. കായ്കൾ പഴുത്തു കഴിയുമ്പോൾ പെട്ടെന്ന് അടർന്നു പോകുന്നതും, പഴത്തിന്റെ അതിമൃദുത്വവും വിപണിയിൽ ഇതിന്റെ ഡിമാന്‍ഡ് കുറച്ചിട്ടുണ്ട്. എന്നാൽ  ബനാന ഫിഗ്സ് നിർമാണത്തിന് വളരെ യോജ്യമായ ഇത്തരം പഴങ്ങൾ, നന്നായി പഴുത്ത്, തൊലി കറുത്തുതുടങ്ങിയ പഴങ്ങളുടെ രണ്ടറ്റവും നീക്കി, തൊലി കളഞ്ഞശേഷം പഴത്തിന്റെ കനം അനുസരിച്ച് അഞ്ചാറു കഷണങ്ങളായി മുറിക്കുക. ഡ്രയറിന്റെ ട്രേയിൽ വൃത്തിയുള്ള വെള്ളത്തുണി വിരിച്ചതിനുശേഷം പഴങ്ങൾ നിരത്തുക. നാലഞ്ചു മണിക്കൂർ 55 ഡിഗ്രി സെൽഷ്യസിൽ ഉണക്കിയതിനു ശേഷം പഴങ്ങൾ പഞ്ചസാര/ശർക്കരപ്പാനിയിൽ മുക്കിയെടുക്കുക. അതിനായി ഒരു കിലോ പഴത്തിന് 250 ഗ്രാം ശർക്കര/പഞ്ചസാര, 100 മില്ലി തിളച്ച വെള്ളത്തിലേക്കിട്ട് ലയിപ്പിക്കുക. പഞ്ചസാര നന്നായി ലയിച്ച്, പാനി തിളച്ചുതുടങ്ങുമ്പോൾ തീയണച്ച് തണുപ്പിക്കുക. ചെറിയ ചൂടുള്ളപ്പോൾ 750 മി.ഗ്രാം പൊട്ടാസ്യം മെറ്റാ ബൈ സൾഫൈറ്റ് ചേർത്ത് ലയിപ്പിക്കുക. ഇങ്ങനെ തയാറാക്കിയ പഞ്ചസാര/ശർക്കരപ്പാനിയിൽ പകുതി ഉണങ്ങിയ പഴങ്ങൾ അര മണിക്കൂർ മുക്കിവയ്ക്കുക. പഴക്കഷണങ്ങൾ പാനിയിൽനിന്നു മാറ്റി വീണ്ടും ഡ്രയറിൽ 55 ഡിഗ്രി സെൽഷ്യസിൽ മൂന്നുനാലു മണിക്കൂർ കൂടി ഉണക്കുക. പഴം ഉണങ്ങി അധികം കട്ടിയാവാതെ സൂക്ഷിക്കണം. 

ചവയ്ക്കുമ്പോൾ റബർ പോലെയും കട്ടിയായും ഇരിക്കാതെ മൃദുവായിരിക്കുന്നതാണ് ഉണക്കുപാകം.

നേന്ത്രപ്പഴം കൂടാതെ ചെറുപഴങ്ങളായ ഞാലിപ്പൂവൻ, പാളയംകോടൻ, കണ്ണൻ പഴം, മട്ടി, കൂമ്പില്ലാകണ്ണൻ തുടങ്ങിയ ഇനങ്ങളും ഉണക്കാൻ യോജ്യമാണ്. ഉണങ്ങുമ്പോൾ ഇത്തരം പഴങ്ങൾക്ക് മധുരം ചേർക്കേണ്ട എന്ന മേന്മയുണ്ട്. കർഷകസംഘങ്ങൾക്കും ചെറുകിടക്കാർക്കും തുടങ്ങാവുന്ന സംരംഭമാണിത്. ഡ്രയർ മറ്റാവശ്യങ്ങൾക്ക് ഉപകരിക്കാനായാൽ ഒട്ടേറെ ഭക്ഷ്യോല്‍പന്നങ്ങൾ ഈ യൂണിറ്റിൽ തയാറാക്കാനാകും.