Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപമിരട്ടിപ്പിക്കുന്ന യന്ത്രങ്ങൾ

harithasena-with-brush-cutter മികച്ച വരുമാനമേകിയ ബ്രഷ് കട്ടറുകളുമായി ഹരിതസേന

മുടക്കിയ പണം ഇരട്ടിയും വൈകാതെ മൂന്നിരട്ടിയുമാക്കുന്ന ഏതാനും യന്ത്രങ്ങൾ എറണാകുളം ജില്ലയിലെ കാക്കൂരിലുണ്ട്. പാമ്പാക്കുട ബ്ലോക്ക് ഹരിതസേനയുടേതാണ് ഈ യന്ത്രങ്ങൾ. കൃഷിവകുപ്പ് നൽകിയ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ കാർഷികയന്ത്രങ്ങളുമായാണ് തുടക്കം. മികച്ച പ്രവർത്തനത്തെ തുടർന്നു സർക്കാർ സമ്മാനമായി 15 ലക്ഷം രൂപയുടെ യന്ത്രങ്ങൾ കൂടി ലഭിച്ചു. ഇവ ഉപയോഗിച്ച് മൂന്നു വർഷം കൊണ്ട് 85 ലക്ഷം രൂപയുടെ മൊത്തവരുമാനം നേടിയ പാമ്പാക്കുടയിലെ തൊഴിൽ സേന കാർഷിക സേവനകേന്ദ്രങ്ങൾക്കു മികച്ച സംരംഭസാധ്യതയുണ്ടെന്നു തെളിയിക്കുന്നു. ഒരു കോടി രൂപ വരുമാനമെന്ന ലക്ഷ്യത്തിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. പ്രവർത്തനച്ചെലവും തേയ്മാനവുമൊക്കെ കുറച്ചാലും ലാഭക്കണക്കുതന്നെ.

നിലമുഴുന്നതിനുള്ള ട്രാക്ടറും ടില്ലറും, പറമ്പ് കിളയ്ക്കാൻ ഗാർഡൻ ടില്ലർ, തെങ്ങിനു തടമെടുക്കാൻ കോക്കനട്ട് ബേസിൻ ഡിഗർ, ഉഴുത സ്ഥലത്തെ മണ്ണുടയ്ക്കാൻ റോട്ടവേറ്റർ, കൾട്ടിവേറ്റർ, മരുന്നടിക്കാൻ പവർസ്പ്രെയർ, കുഴിയെടുക്കാൻ പോസ്റ്റ്ഹോൾ ഓഗർ, ഞാറുനടാൻ ട്രാൻസ്പ്ലാൻറർ, നെല്ലുമെതിക്കാൻ ത്രഷർ, തെങ്ങിൽ കയറാൻ കോക്കനട്ട് ക്ലൈമ്പർ, കാടു വെട്ടാൻ ബ്രഷ് കട്ടർ, മരം മുറിക്കാൻ ചെയിൻ സോ, കഴുകി വൃത്തിയാക്കാൻ പ്രഷർ വാഷർ ഇത്രയേറെ കാർഷിക യന്ത്രങ്ങളുള്ളതിനാൽ കൃഷിയുമായി ബന്ധപ്പെട്ട ഏതൊരു ജോലിക്കും നിങ്ങൾക്ക് കൂത്താട്ടുകുളത്തിനു സമീപം കാക്കൂരിലുള്ള പാമ്പാക്കുട ബ്ലോക്ക് ഹരിതസേനയെ വിളിക്കാം. ഒരു ഫോൺ വിളിപ്പുറത്ത് തെങ്ങുകയറ്റുയന്ത്രം മുതൽ റോട്ടവേറ്റർ വരെ നിങ്ങളുടെ കൃഷിയിടത്തിലെത്തും.

മുൻപറഞ്ഞ യന്ത്രങ്ങൾക്കു പുറമേ ഉപകരണങ്ങൾ സൂക്ഷ‍ിക്കുന്നതിനു യാർഡ് നിർമിക്കാൻ രണ്ടു ലക്ഷം രൂപയും ഓഫിസ് ഫർണിഷിങ്ങിന് ഒരു ലക്ഷം രൂപയും സർക്കാരിൽ നിന്നു കിട്ടിയതുകൊണ്ടാണ് മുതൽമുടക്ക‍ില്ലാതെ സംരംഭത്തിലേക്കിറങ്ങാൻ ഇവർക്കു കഴിഞ്ഞത്. റിവോൾവിങ് ഫണ്ടായി കിട്ടിയ മൂന്നുലക്ഷം രൂപ സംഘത്തിനു പ്രവർത്തനമൂലധനമായി. ട്രാക്ടർ, ട്രാൻസ്പ്ലാൻറർ, ബ്രഷ് കട്ടർ തുടങ്ങി ആവശ്യക്കാരേറെയുള്ള ഉപകരണങ്ങൾ ഒന്നിലധികമുണ്ട്. തേങ്ങയിടുന്നതിനു 40 രൂപയും മണ്ട തെളിച്ചു മരുന്നിടുന്നതിനു 100 രൂപയുമാണ് ഇവർ ഈടാക്കുക. ഏറ്റവും വരുമാനം നൽകിയത് ഞാറുനടീൽ യന്ത്രവും ട്രാക്ടറും ബ്രഷ് കട്ടറുമാണെന്ന് കർമസേനയുടെ ചുമതലക്കാരൻ വി.സി. മാത്യു പറഞ്ഞു. ഉഴവിനു പുറമേ ഓഗർ, ബെയിലർ, റോട്ടവേറ്റർ തുടങ്ങിയവ പ്രവർത്തിപ്പിക്കാനും ട്രാക്ടർ ആവശ്യമാണ്. ഞാറുനടീൽയന്ത്രം മാത്രം ഇതുവരെ മൂന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കി. അഞ്ച് ബ്രഷ്കട്ടറുകളിൽ നിന്നു തന്നെ രണ്ടു ലക്ഷത്തിലേറെ രൂപ കിട്ടി. വൈക്കോൽ കെട്ടുകളാക്കുന്ന ബെയിലറിൽ നിന്നു കേവലം ഒരു മാസം കൊണ്ട് ഇരുപതിനായിരം രൂപയിലേറെ നേടാനായി.

ഫോൺ– 9447820532, 0485 2875085

പണിയന്ത്രങ്ങൾ വാങ്ങുമ്പോൾ

കൃഷിയന്ത്രങ്ങൾ വാങ്ങുമ്പോൾ വേണ്ടത്ര പഠനവും മുൻകരുതലുമില്ലെങ്കിൽ പാഴ്ചെലവും കാര്യക്ഷമതക്കുറവുമുണ്ടാകാം. ഓരോ പ്രദേശത്തെയും സാധ്യതകളും കൃഷിക്കാരുടെ താൽപര്യവും മനസ്സിലാക്കി ഏറ്റവും ആവശ്യക്കാരുള്ള മൂന്നോ നാലോ യന്ത്രങ്ങൾ കൂടുതലായി വാങ്ങുന്നതാവും ഉചിതം. സമാന ഉപയോഗമുള്ള യന്ത്രങ്ങളിൽ കൂടുതൽ സ്വീകാര്യതയുള്ളതു മാത്രം വാങ്ങുക. വൈവിധ്യത്തിനായി ഉപയോഗം കുറഞ്ഞ യന്ത്രങ്ങൾ വാങ്ങിയാൽ വെറുതെ കിടന്നു തുരുമ്പിക്കും. ആവശ്യക്കാർ കൂടുതലായി വരുന്ന ഞാറുനടീൽയന്ത്രവും മറ്റും കൂടുതൽ വാങ്ങാനായി ആ തുക വിനിയോഗിച്ചാൽ വേഗം ജോലി പൂർത്തിയാക്കി കർഷകരുടെ പ്രിയം നേടാം. ട്രാക്ടർ വാങ്ങുന്നവർ അനുബന്ധ ഉപകരണങ്ങൾ കൂടി സ്വന്തമാക്കിയാൽ പല സീസണുകളിലായി പരമാവധി പ്രയോജനമെടുക്കാം. മികച്ച പ്രവർത്തനചരിത്രവും വിശ്വാസ്യതയുമുള്ള കമ്പനികളുടെ യന്ത്രം വാങ്ങാൻ ശ്രദ്ധിക്കുക. കാർഷിക സർവകലാശാലയുടെ തവന്നൂർ ഗവേഷണകേന്ദ്രത്തിൽ യന്ത്രങ്ങളുടെ പരിശോധനാകേന്ദ്രമുണ്ട്. ഇവിടെ പരിശോധിച്ചു തെളിഞ്ഞ യന്ത്രങ്ങളുടെ പട്ടിക സർവകലാശാല പാക്കേജ് ഓഫ് പ്രാക്ടീസിൽ ചേർത്തിട്ടുണ്ട്. കേരളത്തിന്റെ സാഹചര്യങ്ങൾക്കു ചേർന്ന യന്ത്രങ്ങൾ ഈ പട്ടികയിൽ നിന്നു തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും.