Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപഭോക്താവിന്റെ നീതി, കർഷകന്റെ നേ‌ട്ടം

fair-trade-alliance-kerala സ്വിസ് കുടുംബങ്ങൾക്കുള്ള കാർഷികോൽപന്നങ്ങൾ പെട്ടിയിലാക്കി കയറ്റി അയയ്ക്കുന്ന എഫ്ടിഎകെ അംഗങ്ങൾ

വിലയി‌ടിവിൽ നട്ടംതിരിയുന്ന മലയോരകർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ പ്രക്ഷോഭപാത മാത്രം മതിയാവില്ലെന്നു മനസ്സിലാക്കി രൂപീകരിച്ച സംഘടനയാണ് എഫ്ടിഎകെ എന്ന ഫെയർ ട്രേഡ് അലയൻസ് കേരള. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ന്യായവില ഉറപ്പാക്കുന്ന ഇടുപാടുകളിലൂടെയും സംരംഭങ്ങളിലൂടെയും കൃഷിക്കാരന്റെ വരുമാനം സംരക്ഷ‍ിക്കാൻ ഇവർ പരിശ്രമിക്കുന്നു. ഇന്ന് അയ്യായിരത്തോളം അംഗങ്ങളുള്ള ഈ പ്രസ്ഥാനം രൂപീകരിച്ചത് എലമെൻറ്സ് ഉ‍‌‌ടമ ടോമി മാത്യു, ഫാ. ജോയി കൊച്ചുപാറ എന്നിവരുടെ നേതൃത്വത്തിൽ മലബാറിലെ ഒരു കൂട്ടം കർഷകസംഘടനകൾ ചേർന്നാണ്.

യൂറോപ്പിൽ വളരെക്കാലത്തെ പ്രവർത്തനപരിചയമുള്ള ഫാ. ജോയിയാണ് ഫെയർട്രേഡ് സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിക്കാരെ സഹായിക്കാമെന്ന ആശയം അവതരിപ്പിച്ചത്. ചെറുകിട കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പാക്കേണ്ടതു കടമയായി കരുതി അധികവില നൽകാൻ തയാറാവുന്ന ഉപഭോക്താക്കളാണ് ഫെയർട്രേഡ് എന്ന ആശയത്തിനു പിന്നിൽ. ചെറുകിടക്കാരായ കൃഷിക്കാരും അവരുടെ തൊഴിലാളികളും ചൂഷണം ചെയ്യപ്പെ‌ടുന്നില്ല എന്നുറപ്പാക്കുന്ന ഈ പ്രസ്ഥാനം യൂറോപ്യൻ രാജ്യങ്ങളിൽ വളരെ സജീവമാണ്.

വായിക്കാം ഇ - കർഷകശ്രീ 

കശുവണ്ടി, കാപ്പിക്കുരു, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, ജാതിക്ക, ഗ്രാമ്പൂ, തേങ്ങ എന്നീ ഉൽപന്നങ്ങളുടെ വിപണനത്തിലാണ് ഇവർ കൂടുതൽ ശ്രദ്ധ നൽകുന്നത്. ആഗോള ഫെയർട്രേഡ് പ്രസ്ഥാനത്തിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ സമാനതാൽപര്യമുള്ള സമൂഹങ്ങളുമായി സഹകരിച്ച് എഫ്ടിഎകെ വിപണനം നടത്തുന്നു. സ്വിറ്റ്സർലൻഡിലെ പക്ക എന്ന സംഘടനയുമായാണ് എഫ്ടിഎകെയുടെ ഇടപാടുകളേറെയും. എഫ്ടിഎകെ സംഭരിക്കുന്ന ഉൽപന്നങ്ങൾ വ്യാപാരപങ്കാളിയായ എലമെൻറ്സിനു കൈമാറും. അവർ ഇത് ഫെയർട്രേഡ്–ഓർഗാനിക് മാനദണ്ഡമനുസരിച്ച് സംസ്കരിച്ചും പായ്ക്കു ചെയ്തും കയറ്റുമതി ചെയ്യുന്നു. കൃഷിക്കാർക്ക് അധിക വില നൽകുന്നതിനപ്പുറം ഇടപാ‌ടിന്റെ നിശ്ചിത ശതമാനം ഫെയർട്രേഡ് പ്രീമിയമായി സംഘടനയ്ക്കു ലഭിക്കും. ചെറുകിട കർഷകരുടെ പൊതുസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഈ തുക ഉപയോഗിച്ച് നാലു ജില്ലകളിൽ ഓഫിസും പരിശീലനകേന്ദ്രങ്ങളും ആരംഭിച്ചിട്ട‍ുണ്ട്. എഫ്ടിഎകെയിൽ ചേരുന്ന കർഷകന്റെ കുടുംബവും സംഘടനയുടെ അംഗമായി കണക്കാക്കപ്പെടുകയും കുടുംബകൃഷിയെന്ന ആശയത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെ‍യ്യാറുണ്ട്. അംഗകുടുംബങ്ങളിലെ വീട്ടമ്മമാർക്ക് കാർഷികസംരംഭങ്ങൾ തുടങ്ങാനാവശ്യമായ പ്രോത്സാഹനം നൽകാനും ഫെയർട്രേഡ് പ്രീമിയം പ്രയോജനപ്പെടുന്നു.

fr-joy-tomy-thomas ഫാ. ജോയി കൊച്ചുപാറ, ടോമി മാത്യു, തോമസ് കളപ്പുര

ഫെയർട്രേഡ് എന്ന ആശയം ഇപ്പോൾ സൂപ്പർമാർക്കറ്റുകളും കോർപറേറ്റ് സ്ഥാപനങ്ങളും ഏറ്റെടുത്തുകഴിഞ്ഞെന്ന് ഫാ. കൊച്ചുപാറ ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടിൽ തന്നെ ഈ സാധ്യത പ്രയോജനപ്പെടുത്തുന്ന മറ്റു പ്രസ്ഥാനങ്ങളുണ്ട്. ഫെയർട്രേഡിനെ വ്യത്യസ്ത തലങ്ങളിലേക്കു വളർത്താനുള്ള ശ്രമമാണ് ഇവർ ഇപ്പോൾ നടത്തുന്നത്. ഏതാനും മാസങ്ങൾ മുമ്പ് നടപ്പാക്കിയ ക്രൗഡ് കണ്ടെയ്നർ എന്ന ആശയം തന്നെ ഇതിനുദാഹരണം. ഫെയർട്രേഡ് ആശയങ്ങളോട് യോജിപ്പുള്ള സ്വിറ്റ്സർലൻഡിലെ കുടുംബങ്ങൾക്കാവശ്യമായ നമ്മുടെ കാർഷികോൽപന്നങ്ങൾ പ്രത്യേകം പായ്ക്കു ചെയ്ത് കയറ്റുമതി ചെയ്യുന്ന പരിപാടിയാണിത്. ഇതിനായി ഉപഭോക്താക്കളായ ഓരോ കുടുംബവും അവർക്കു വേണ്ട ഉൽപന്നങ്ങളുടെ കൃത്യമായ കണക്ക് മുൻകൂട്ടി നൽകി. എഫ്ടിഎകെ അംഗങ്ങളായ കർഷക കുടുംബങ്ങൾ നിശ്ചിത ദിവസം ഒത്തുകൂടി ഓരോ വീട്ടിലേക്കും വേണ്ട ഉൽപന്നങ്ങൾ കാർഡ്ബോർഡ് പെട്ടികളിൽ പ്രത്യേകം പായ്ക്ക് ചെയ്തു. ഉദാഹരണമായി ഒരു വീട്ടിലേ‍ക്കു വേണ്ട അര കിലോ കാപ്പിപ്പൊടി, ഒരു കിലോ കശുവണ്ടിപ്പരിപ്പ്, രണ്ടു തേങ്ങ, ഒരു കുപ്പി വെളിച്ചെണ്ണ, 250 ഗ്രാം കുരുമുളക് എന്നിവയാകും ഒരു പെട്ടിയിലുണ്ടാവുക. മറ്റൊരു പെട്ടിയിൽ തേങ്ങയ്ക്കു പകരം ഏലക്കയാവും ഉണ്ടാവുക. കഴിഞ്ഞ ജനുവരിയിൽ കണ്ണൂരിലെ എഫ്ടിഎകെ കർഷകർ ഒരു കണ്ടെയ്നർ നിറയെ ഇത്തരം പെട്ടികൾ സ്വിറ്റ്സർലൻഡിലേക്കു കയറ്റി അയച്ചത് വൻ വിജയമായി. ഇരുരാജ്യങ്ങളിലെയും കർഷക– ഉപഭോക്തൃ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന ഈ പരിപാടി തുടരുമെന്ന് ഫാ. ജോയി പറഞ്ഞു.

ഫെയർട്രേഡ് ആശയങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫെയർട്രേ‍ഡ് സാക്ഷ്യപത്രവുമുണ്ട്. രാജ്യാന്തര ഏജൻസികളിൽനിന്നുള്ള ഇത്തരം രണ്ട് സാക്ഷ്യപത്രങ്ങൾ എഫ്ടിഎകെ നേടിയിട്ടുണ്ട്. ജൈവ സാക്ഷ്യപത്രം നിർബന്ധമില്ലെങ്കിലും എഫ്ടിഎകെ അംഗങ്ങൾ സ്വയം ജൈവപാത തിരഞ്ഞെടുക്കുകയായിരുന്നു. ആകെയുള്ള അയ്യ‍ായിരം അംഗങ്ങളിൽ നാലായിരത്തിലേറെ പേരും സമ്പൂർണ ജൈവ സാക്ഷ്യപത്രം നേടിയവരാണെന്ന് ഫാ. ജോയി ചൂണ്ടിക്കാട്ടി. കൃഷിയുടെയും കൃഷിയിടത്തിന്റെയും നിലവാരം സംബന്ധിച്ച ആറ് സാക്ഷ‍്യപത്രങ്ങളാണ് സംഘടനയിലെ കർഷകർക്കുള്ളതെന്നു ഫെയർട്രേഡ് അലയൻസ് ചെയർമാ‍ൻ തോമസ് കളപ്പുര പറഞ്ഞു. സ്മോൾ ഫാർമർ ലേബൽ, ഓർഗാനിക്, ഫെയർട്രേഡ്, പിജിഎസ്, എൻസിഒഎഫ്, റെയിൻ ഫോറസ്റ്റ് എന്നീ സാക്ഷ്യപത്രങ്ങൾ നേടിയ ഒരു കർഷകസമൂഹം രാജ്യത്തു തന്നെ അപൂർവമായിരിക്കും.

ഫോൺ– 9744164164 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.