Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കസംഭാരവും ഇടിച്ചക്ക മഞ്ചൂരിയനും

bindu-subhadra-with-jackfruit-products ബിന്ദു രാജേഷ്, സുഭദ്ര ഗോപിനാഥൻ

വീട്ടുകാർക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ നൽകി സ്വീകാര്യത ഉറപ്പാക്കിയ ശേഷമാണ് ചൊവ്വന്നൂര്‍ കുളംപുറത്ത് ബിന്ദു രാജേഷ് ഉൽപന്നനിർമാണം തുടങ്ങിയത്. നെയ്യിൽ തയാറാക്കുന്ന ഹൽവയും ചക്ക ഉൽപന്നങ്ങളുമൊക്കെയാണ് ബിന്ദുവിന്റെ പ്രധാന ഇനങ്ങൾ. ആദ്യം വിപണിയിലെത്തിച്ചത് ഇടിച്ചക്ക അച്ചാറായിരുന്നു. ഇടിച്ചക്കയിൽ‌നിന്നുതന്നെയുള്ള കട്‌ലറ്റിനും മഞ്ചൂരിയനും ആരാധകരേറെ.

മൂപ്പെത്തിയ ചക്ക വടയും ജെല്ലിയുമാക്കും. ചക്ക സംഭാരമെന്ന അപൂർവ വിഭവവും മൂത്ത ചക്കയിൽനിന്നുണ്ടാക്കാറുണ്ട്. തുള്ളിപോലും തൈരു ചേർക്കാത്ത സ്വാദിഷ്ഠ വിഭവമാണിത്. പഴുത്ത ചക്കകൊണ്ട് ഹൽവയും ചക്കവരട്ടിയുമുണ്ടാക്കും. ആണ്ടു മുഴുവൻ ഏതെങ്കിലുമൊരു ചക്ക വിഭവം തങ്ങളുടെ തീൻമേശയിലുണ്ടാവുമെന്ന് ബിന്ദു പറയുന്നു. ജാതിത്തൊണ്ടുകൊണ്ടുള്ള സർബത്തും ബിന്ദു വിപണിയിലെത്തിക്കുന്നു. വിഷവസ്തുക്കൾക്കൊപ്പം മൈദയും ഇവർ ഉൽപന്നനിർമാണത്തിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. മായം ചേർക്കില്ലെന്ന ഉറപ്പുള്ളതിനാൽ വാങ്ങിയവർ വീണ്ടും ആവശ്യപ്പെടുന്നുണ്ട്. ഓർഡർ അനുസരിച്ച് തയാറാക്കി നൽകാനാകുമെന്ന് ഇതിനകം ആത്മവിശ്വാസം നേടിയതായി ബിന്ദു പറഞ്ഞു.

ബിന്ദു മാത്രമല്ല, സമീപവാസികളായ ജ്യോതി സേതു, സന്ധ്യ രമേഷ്, ശകുന്തള രാജേന്ദ്രൻ, സുചിത്ര അജിതൻ, ഷീല സദാനന്ദൻ എന്നിവരും വീട്ടുവളപ്പിലെ വിളകളുടെ മൂല്യവർധനയിലൂടെ സംരംഭകരായവരാണ്. കാണിപ്പയ്യൂർ ഏറത്ത് സുഭദ്ര ഗോപിനാഥൻ ഉൽപന്നനിർമാണത്തിനൊപ്പം മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. ഹൽവയും അച്ചാറും സ്ക്വാഷും ജാമുമാണ് ഇവർ തയാറാക്കുന്നത്.

വൻകിടക്കാർ അരങ്ങുവാഴുന്ന ഭക്ഷ്യോൽപന്ന മേഖലയിൽ ഈ വീട്ടമ്മമാർ ചുവടുവയ്ക്കുന്നത് വിഷരഹിതമെന്ന വിശ്വാസത്തിന്റെ കരുത്തിലാണ്. ആ ഉറപ്പ് പാലിക്കുന്നിടത്തോളം തങ്ങൾക്ക് കാലിടറില്ലെന്ന ആത്മധൈര്യവും അവർക്കുണ്ട്.