Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊട്ടിയിൽ നിന്നൊരു ‘വിജയ’ കഥ

ozone-wash കഴുകി ശുദ്ധമാക്കാൻ ഓസോൺ വാഷ്

വിജയത്തിലെത്താതെ പോയ ഒട്ടേറെ സംരംഭങ്ങളുടെ കഥകൾ വിജയനു പറയാനുണ്ട്. കണ്ണൂർ പയ്യന്നൂർ പെരിങ്ങോം സ്വദേശി പാലാട്ട് വിജയരാഘവനാണ് കഥകളിലെയെല്ലാം കേന്ദ്ര കഥാപാത്രം. നാട്ടിൽ നടത്തിയ സംരംഭങ്ങൾ പച്ചപിടിക്കാതെ വന്നപ്പോഴാണ് വിജയൻ ഊട്ടിയിൽ ചേക്കേറുന്നത്. ഊട്ടിയിലെ നിർമാണ മേഖലയിൽ കൈവച്ചു, താമസിയാതെ റിയൽ എസ്റ്റേറ്റ് രംഗത്തും. കൃഷിയിടങ്ങൾ പലതും വാങ്ങി മറിച്ചുവിറ്റു. ഒടുവിൽ പൊന്നുപോലെ മണ്ണുളള 30 ഏക്കർ കൃഷിയിടം കൈയിൽ വന്നു.

കൃഷി ചെയ്യാൻ താൽപര്യമുളള 15 പേർ ഒന്നിച്ചതോടെ ആ ഭൂമി കൈമാറേണ്ടെന്നു തീരുമാനിച്ചു. രക്തത്തിൽ അലിഞ്ഞു ചേർന്ന കൃഷിപ്പൂതിക്ക് തെല്ലും കോട്ടം തട്ടിയില്ലെന്നറിഞ്ഞത് അപ്പോഴാണ്. വിജയന്റെ വിജയയാത്ര തുടങ്ങുന്നതും അവിടം മുതൽ.

p-vijayaraghavan ലോറൻസ്ഡെയ്‍ൽ കമ്പനി സിഇഒ പി. വിജയരാഘവൻ

വെറും കൃഷിക്കില്ലെന്ന് ഉറപ്പിച്ചാണ് തുടക്കം. വിള സംസ്കരണത്തിനായി ലോറൻസ്ഡെയ്‍ൽ അഗ്രോ പ്രോസസിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് തുടക്കമിട്ടു. വിജയരാഘവൻ അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. വിദേശ നിക്ഷേപമടക്കം 15 കോടി രൂപ സ്വരൂപിച്ചു. പ്രതിദിനം 30 ടൺ പഴം–പച്ചക്കറികൾ സംസ്കരിച്ച് വിപണിയിലെത്തിക്കുന്ന വന്‍ സംരഭമായി അതു വളർന്നിരിക്കുന്നു. ഇങ്ങ് തിരുവന്തപുരം മുതൽ അങ്ങ് ഹൈദരാബാദ് വരെ പച്ചക്കറി വിതരണം. ലീഫ് എന്ന ബ്രാൻഡിൽ ചില്ലറയായും റിയലൻസ് പോലെയുളള വ്യാപാരഭീമന്മാർക്ക് മൊത്തമായും വിൽപന.

തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി മൂവായിരത്തോളം ചെറുകിട കർഷകരുടെ പിൻബലത്തിലാണ് കമ്പനിയുടെ പ്രവർത്തനം. രാസകീടനാശിനിരഹിതമായ പച്ചക്കറികൾ സംസ്കരിച്ച് പായ്ക്കറ്റിലാക്കിയാണ് വിപണിയിലെത്തിക്കുന്നത്. പതിനെട്ടിനം പച്ചക്കറികളും ഊട്ടിയിലും മറ്റും വിളയുന്ന പഴവർഗങ്ങളുമാണ് സംസ്കരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കിയുളള പ്രവർത്തനം. ന്യായവില എല്ലാവർക്കുമെന്നതാണ് പ്രവർത്തനതത്വം.

സംഭരണം നേരിട്ട്

രണ്ടോ മൂന്നോ ഏക്കറിൽ കൃഷിയിറക്കുന്നവരാണ് ലീഫിന്റെ കർഷകരിൽ ഭൂരിഭാഗവും. ഓരോ കർഷകന്റെയും കൃഷിയിടത്തിൽ വണ്ടി എത്തിച്ചു സംഭരിക്കുന്നതാണു രീതി. കടത്തുകൂലിയും വണ്ടിക്കൂലിയുമെന്ന നിലയിൽ കർഷകർക്ക് ഇതുവഴി ലാഭിക്കാവുന്ന തുക ചെറുതല്ലെന്നു മാത്രമല്ല, കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതക്കുറവുമൂലമുളള നഷ്ടവും കർഷകർക്ക് ഒഴിവാക്കാനാവുന്നു. പച്ചക്കറിയില്‍ ഉൽപാദനത്തിന്റെ 60 ശതമാനം മാത്രമാണ് പ്രയോജനപ്പെടുന്നത്. 40 ശതമാനവും പല ഘട്ടങ്ങളിലായി പാഴാകുകയാണ്. അതേ സമയം, കൃഷിയിടത്തിൽനിന്നു നേരിട്ടു സംഭരിക്കാൻ തുടങ്ങിയതോടെ പാഴാകൽ തോത് രണ്ടു മൂന്ന് ശതമാനമായി കുറഞ്ഞു. ഗുണനിലവാരം പതിൻമടങ്ങ് കൂടുകയും ചെയ്തു.

കർഷകരെ ജൈവകൃഷിയിലേക്കു നയിക്കുന്നതിനുളള ശ്രമങ്ങളും കമ്പനി നടത്തുന്നു. അതിനുവേണ്ടി മാത്രം ഒന്നര ഡസനോളം കൃഷിവിദഗ്ധരെ കമ്പനി നിയമിച്ചിട്ടുണ്ട്. കർഷകർക്ക് വായ്പയ്ക്കു പുറമേ, വിള ഇൻഷുറൻസ് സൗകര്യവും ഒരുക്കുന്നു. തമിഴ്നാട് ഹോർട്ടി കൾച്ചർ മിഷന്റെ സഹായവുമുണ്ട്. സർക്കാർ സഹായത്തോടെയാണ് ‘നമ്മതോട്ടം’ പദ്ധതി നടപ്പാക്കിയത്, കമ്പനിയുടെ ഇൻഫ്രാസ്ട്രക്ചർ ഡപ്യൂട്ടി ജനറൽ മാനേജർ അരുണ്‍ പറയുന്നു.

ആധുനിക പ്ലാന്റ്

vegetable-processing-machine സംസ്കരണത്തിന് ഇറക്കുമതിചെയ്ത യന്ത്രസംവിധാനങ്ങൾ

നാലിടത്താണ് സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കിഴങ്ങുവിള സംസ്കരണകേന്ദ്രം മേട്ടുപ്പാളയത്താണ്. പ്രതിദിനം 100 ടൺ സംസ്കരണശേഷിയുളളത്. കോയമ്പത്തൂരിലും ബെംഗളുരുവിലും ഓസോൺ വാഷ് സൗകര്യമുളള പ്ലാന്റുകൾ. ഓസോൺ വാതകം കലർത്തിയ വെള്ളത്തിലാണ് പച്ചക്കറി കഴുകുക. ഇതുവഴി പച്ചക്കറികളിൽ പറ്റിപ്പിടിച്ച കീടനാശിനികൾക്കു പുറമേ, ബാക്ടീരിയകളും പത്തോജനുകളും വരെ നശിക്കും. ചെലവേറിയ സംസ്കരണ പ്രക്രിയയാണിത്. ഉൽപന്നത്തിന്റെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്തതിനാൽ സംസ്കരണച്ചെലവ് പ്രശ്നമാക്കുന്നില്ലെന്ന് പ്ലാന്റ് മാനേജർ വിനോദ്.

ഉരുളക്കിഴങ്ങും കാരറ്റുമടക്കമുള്ള കിഴങ്ങുവിളകൾക്ക് ബ്രഷ് വാഷാണ് പഥ്യം. വെള്ളവും ബ്രഷുമുപയോഗിച്ച് യന്ത്രസഹായത്തോടെ വൃത്തിയാക്കി പുറത്തെത്തുന്ന കിഴങ്ങുവിളകൾ 99 ശതമാനവും കീടനാശിനിമുക്തമാണ്.

പച്ചക്കറികളില്‍ രാസകീടനാശിനി സാന്നിധ്യമുണ്ടാകുന്നത് രണ്ടു വിധത്തിലാണ്. വിഷം തളിക്കുമ്പോഴും മണ്ണിൽനിന്നും. നേരിട്ടു തളിച്ചത് പറ്റിപ്പിടിക്കുന്നതാണ് 85 ശതമാനവും. മണ്ണിലൂടെയുളളത് 15 ശതമാനത്തിൽ താഴെയാണ്. കഴുകി വൃത്തിയാക്കുന്നതുമൂലം 90 ശതമാനം കീടനാശിനി സാന്നിധ്യവും നിർവീര്യമാക്കാം.‌

ചെറിയ കുത്തും പുളളിയുമുളളതു വരെ നീക്കിയശേഷമാണ് വിപണിയിലെത്തിക്കുന്നത്. വലുപ്പക്രമത്തിൽ തരംതിരിക്കുന്നു. കരസ്പർശമേൽക്കാതെ ഇവ കവറുകളിലാക്കാൻ യന്തിരൻ തുണ.

പുറമേ നിന്ന് വായു അകത്തേക്ക് കടക്കാത്തതും കവറിലുളള പച്ചക്കറി പുറംതളളുന്ന വാതകങ്ങൾ പുറത്തുപോകുന്നതുമായ കവറിലാണ് പാക്കിങ്. പുതുമ ദിവസങ്ങളോളം നിലനിർത്താൻ ഇത് സഹായിക്കും. ഇങ്ങനെ കവറിനുളളിലാക്കിയ പച്ചക്കറിക്ക് സൂക്ഷിപ്പുകാലവും കൂടുതലാണ്.

capsicum

ഉപഭോക്താവിന്റെ വിശ്വാസം നിലനിർത്തുന്നതിന് മുഖ്യ പരിഗണന നൽകുന്നു. ഊട്ടി കാരറ്റ്, ഊട്ടി ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഊട്ടിയിൽത്തന്നെ വിളയിക്കുന്നതാണെന്നുളള ഉറപ്പുനൽകിയാണി വിപണനം. ഓരോ കൃഷിയിടത്തിൽനിന്നും വിളവെടുക്കുന്ന ഉൽപന്നങ്ങളിൽ ക്യൂ.ആർ കോഡ് രേഖപ്പെടുത്തും. സ്മാർട്ട് ഫോണിലെ കോഡ് റീഡർ ഉപയോഗിച്ച് പരിശോധിച്ചാൽ അത് വിളയിച്ച കൃഷിയിടം കാണാം. കർഷകനെ നേരിട്ട് ബന്ധപ്പെടാം.

കാലിലിടേണ്ട ചെരുപ്പ് സുന്ദരൻ കവറുകളിലാക്കി ചില്ലുകൂട്ടിലിട്ട് വിൽക്കുകയും മനുഷ്യന് കഴിക്കേണ്ട പച്ചക്കറിയും മത്സ്യമാംസങ്ങളും റോഡരികിലിട്ട് വിൽക്കുകയും ചെയ്യുന്ന കാലമാണിത്. ഇത്തരത്തിൽ പച്ചക്കറികള്‍ ഇങ്ങനെ വൃത്തിയായാണ് വിൽക്കേണ്ടതെന്നും അതു മാത്രമേ വാങ്ങിക്കഴിക്കാവൂ എന്നും നാളെ ജനം തിരിച്ചറിയും– വിജയരാഘവന്റെ ഉറപ്പ്.

മുൻഗാമികളില്ല; വഴികാട്ടികളും

യന്ത്രസഹായത്തോടെയുളള പച്ചക്കറി സംസ്കരണത്തിന് രാജ്യത്ത് മാതൃകകളൊന്നുമില്ലായിരുന്നു. അത് പഠിച്ചറിയാൻ വിദേശയാത്രകൾ പോലും വേണ്ടി വന്നു. 150 ഓളം ജീവനക്കാരുടെ കൈമെയ് മറന്നുളള പ്രവർത്തനമാണ് ഇത്തരമൊരു ഭഗീരഥപ്രയത്നത്തിന് തങ്ങളെ കെൽപ്പുളളവരാക്കുന്നതെന്ന് വിജയൻ. മുൻഗാമികളോ വഴികാട്ടികളോ ഇല്ലാത്തിടത്ത് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് മുന്നേറിയ പ്രവർത്തനങ്ങൾക്ക് ഉപഭോക്താക്കൾ നൂറ് മാർക്ക് നൽകുന്നത് ആത്മവിശ്വാസം കൂട്ടുന്നു.

നോക്കിനിൽക്കെ കേടാവുന്നവയാണ് പച്ചക്കറികൾ. ഗുണനിലവാരം കുറഞ്ഞവ തിരിച്ചെടുക്കുമെന്ന ഉറപ്പോടെ പച്ചക്കറി വിപണനത്തിറങ്ങാൻ എത്രപേർ ധൈര്യപ്പെടും. അവിടെയാണ് ലീഫിന്റെ പ്രസക്തി.

വിജയരാഘവന്റെ ഊട്ടിവാസത്തിനു പ്രായം പതിനെട്ട്. ഭാര്യ ശ്രീദേവിയും മക്കളായ അയനയും ആഗ്നേയയും ശുദ്ധമായ പച്ചക്കറികളുടെ പ്രചാരണത്തിന് മുഴുവൻ സമയ പിന്തുണയുമായി ഒപ്പമുണ്ട്.

ഫോൺ: 09443020020
വെബ്സൈറ്റ്: www.lawrencedale.com