Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിയുടെ മിശ്രണം, സതീഷിന്റെ പാക്കിങ്

satheesh-with-sip-o-nut സിപ് ഒ നട്ടുമായി സതീഷ്

ഇളനീരിന്റെ കുളിരും മധുരവും നുകരാത്ത മലയാളികളില്ല. ‘നെഞ്ചിലാകെ അനുരാഗ കരിക്കിൻവെള്ളം’ എന്ന് എത്ര തലമുറയുടെ പ്രേമകൗമാരം പാടിയിരിക്കുന്നു! പാടി തൊണ്ട വരണ്ടപ്പോൾ പക്ഷേ വാങ്ങിക്കുടിച്ചത് ‘പ്ലാച്ചിമടയിൽനിന്നുളള പാനീയ’ മാണെന്നു മാത്രം.

ഒന്നോ രണ്ടോ പേർ കുടിൽവ്യവസായമായി തുടങ്ങിയതല്ലാതെ ഇളനീരധിഷ്ഠിത വ്യവസായത്തിന്റെ സാധ്യതകളിൽ കേരളത്തിലെ സംരംഭകരാരും കാര്യമായി കണ്ണുവച്ചിട്ടില്ല. വഴിനീളെ ഫ്രഷ് കരിക്കു ലഭിക്കുമ്പോൾ സംസ്കരിച്ചു ബോട്ടിൽ ചെയ്ത ഇളനീരിന്റെ ഭാവിയെന്താവുമെന്ന ശങ്ക സ്വാഭാവികം. ഇത്രയധികം കിണറുകളുളള നാട്ടിൽ ആരെങ്കിലും കുപ്പിവെള്ളം വാങ്ങുമോ എന്നു സംശയിച്ചവർക്കു കാലം നൽകിയ മറുപടിതന്നെ ഇവിടെയും. അതിന്റെ ഉറപ്പിലാണ് പാലക്കാട് പെരിങ്ങോട് തേക്കിൻകാട്ടിൽ സതീഷ് പാലക്കാട് കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് മൂലക്കടയിൽ 2.3 കോടി രൂപ മുടക്കില്‍ സിപ് ഒ നട്ട് എന്ന ഇളനീർ സംരംഭം തുടങ്ങിയത്.

coconut-water-bottling ഇളനീരിന്റെ ബോട്ടിലിങ്

ഫിഷറീസിൽ ബിരുദവും എംബിഎയും നേടിയ സതീഷ് ദീർഘകാലം പ്രവർത്തിച്ചത് സീ ഫുഡ് ഇൻഡസ്ട്രിയുടെ മാർക്കറ്റിങ് രംഗത്ത്. 2011 ൽ ജോലി മതിയാക്കി സ്വന്തം സംരംഭം എന്ന ആശയവുമായി നാട്ടില്‍ മടങ്ങിയെത്തി. കാർഷികമേഖലയിൽ സംരംഭസാധ്യത തിരയുകയും അഗ്രി ബിസിനസിൽ അനുഭവസമ്പത്തുളളവരുടെ അഭിപ്രായം തേടുകയും ചെയ്തു. സാധ്യതകളിലൂടെയെല്ലാം സഞ്ചരിച്ച് ഒടുവിൽ ചെന്നെത്തിയത് ഇളനീർക്കുടങ്ങൾ പേറുന്ന കൽപവൃക്ഷത്തിന്റെ ചുവട്ടിൽ.

ഇന്ത്യയിലാകെ നോക്കിയാലും, ആധുനികരീതിയിൽ സംസ്കരിച്ച് രാജ്യാന്തര നിലവാരത്തോടെ ബോട്ടിൽ ചെയ്തു ദീർഘനാളത്തെ ഷെൽഫ് ലൈഫോടെ (സൂക്ഷിപ്പുകാലം) ഇളനീർ വിപണിയിലെത്തിക്കുന്ന കമ്പനികളുടെ എണ്ണം ഏതാണ്ടു പന്ത്രണ്ടിലൊതുങ്ങും. നാളികേരാധിഷ്ഠിത വ്യവസായങ്ങൾകൊണ്ടും കൃഷികൊണ്ടും സമ്പന്നമായ തമിഴ്നാട്ടിലെ പൊള്ളാച്ചി മേഖലയിലാണ് മിക്കതും.

തികഞ്ഞ മത്സരബുദ്ധിയും പ്രഫഷനൽ മികവുമായി വരുന്ന നവസംരംഭകർക്ക്, വിദേശക്കമ്പനികൾ കയ്യാളുന്ന, കേരളത്തിലെ സോഫ്റ്റ് ഡ്രിങ്ക് വ്യവസായത്തിലേക്ക് ഇടിച്ചുകയറി ഇടമുണ്ടാക്കാൻ കഴിയുമെന്ന് അഗ്രി ബിസിനസ് വിദഗ്ധരുമായുളള ആശയവിനിമയത്തിൽ സതീഷിനു ബോധ്യമായി. പ്രകൃതിദത്ത ഉൽപന്നങ്ങളോടുളള ആവേശം ഉപഭോക്താക്കളില്‍ വർധിക്കുന്നതിനാൽ വിപണനത്തിൽ ആശങ്ക വേണ്ടെന്നു നാളികേര വികസന ബോർഡും ധൈര്യം പകര്‍ന്നു.

processing-of-tender-coconut-water കരിക്കിൽനിന്ന് ഇളനീർ വലിച്ചെടുക്കുന്നു

നാൾവഴികൾ

ആലോചനകൾ കരയ്ക്കടുത്തപ്പോൾ യോജിച്ച സ്ഥലം തിരക്കിയറങ്ങി. കുറഞ്ഞ ചെലവിൽ അസംസ്കൃത വസ്തുവിന്റെ ലഭ്യതതന്നെ പ്രധാനം. കേരളത്തിൽ ലഭ്യത കുറയുന്ന നാളുകളില്‍ അയൽസംസ്ഥാനത്തുനിന്ന് എളുപ്പം കൊണ്ടുവരാനും കഴിയണം. ഒരുവർഷം നീണ്ട കൂട്ടലിനും കിഴിക്കലിനും ശേഷം 2013 ൽ മൂലക്കടയിൽ സ്ഥലം കണ്ടെത്തി. പന്ത്രണ്ട് ഓഹരി ഉടമകളും മൂന്നു ഡയറക്ടർമാരുമുളള അഗ്രിക്കോൾസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി സംരംഭം റജിസ്റ്റർ ചെയ്തു.

മൈസൂരിലെ ഡിഫൻസ് ഫുഡ് റിസർച്ച് ലാബിന്റെ സാങ്കേതികവിദ്യയാണ് സംസ്കരണത്തിനു സ്വീകരിച്ചത്. മൂന്നര ലക്ഷം രൂപ നൽകി ടെക്നോളജി വാങ്ങി. ഉയർന്ന പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥകളിൽ കഴിയേണ്ടിവരുന്ന ജവാന്മാർക്കായി ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ചു സൂക്ഷിക്കുന്ന സാങ്കേതികവിദ്യകളിലൊന്നാണ് ഇതും. കരിക്കു തുളച്ച് ഇളനീർ വലിച്ചെടുക്കുന്ന ബോറിങ് ആൻഡ് സക്കിങ് മെഷീനും അണുവിമുക്തമാക്കാനുളള പാസ്ചറൈസേഷൻ വിദ്യയുമാണ് ഡിഎഫ്എൽ കൈമാറിയത്. അതിനുളള യന്ത്രങ്ങളും ഫിൽറ്ററിങ്, സീലിങ്, ബോട്ടിലിങ് സംവിധാനങ്ങളുമെല്ലാം യോജ്യമായ രീതിയിൽ മാറ്റിയെടുത്തു.

sip-o-nut-coconut-water സിപ് ഒ നട്ട് ഇളനീർ

ശരിക്കുളള പരീക്ഷണം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുളളൂ. 2014 ജനുവരിയിലാണ് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ഏകജാലക സംവിധാനത്തില്‍ ചെറുകിട വ്യവസായ സംരംഭത്തിനുളള അപേക്ഷ നൽകുന്നത്. വ്യവസായകേന്ദ്രത്തിന്റെ പിന്തുണ കിട്ടുമെങ്കിൽപോലും അനുമതിപത്രങ്ങൾക്കായി വിവിധ വകുപ്പുകളെ നേരിട്ടു സമീപിച്ചാലേ കാര്യം നടക്കുകയുളളൂ എന്ന് സതീഷ്. പഞ്ചായത്തു ലൈസൻസ് മുതൽ സംരംഭവുമായി വിദൂരബന്ധം പോലുമില്ലാത്ത ഭൂഗർഭ ജലവകുപ്പിന്റേത് ഉൾപ്പെടെ പതിനഞ്ചോളം അനുമതിപത്രങ്ങൾ ആവശ്യമുണ്ട്.

അനുമതികൾക്കു ചെലവിടേണ്ടി വന്നത് ഒന്നര വർഷം. വ്യക്തമായ മുന്നൊരുക്കങ്ങളും പഠനങ്ങളുമായി നീങ്ങിയിട്ടും ഈ കാലതാമസം വേണ്ടിവന്നെങ്കിൽ കാര്യമായ പശ്ചാത്തല പരിചയമില്ലാതെ സംരംഭത്തിനിറങ്ങുന്നവർ എത്രകാലം അലയേണ്ടിവരുമെന്ന് സതീഷ് ചോദിക്കുന്നു. ഏകജാലക സംവിധാനം ചുവപ്പുനാടയുടെ നീളം അൽപം കുറച്ചിട്ടുണ്ടാവാം, എന്നാൽ വീതി അൽപവും കുറഞ്ഞിട്ടില്ല.


					സൂക്ഷ്മനിരീക്ഷണത്തിനുശേഷം മാത്രം വിപണിയിലേക്ക്‌

ആദ്യ പരീക്ഷണം ഉൽപാദനം 2015 ൽ. ബോട്ടിലിലാക്കി സീൽചെയ്ത ഇളനീർ, ഗുണമേന്മാനിർണയത്തിനായി ഒരാഴ്ച സാധാരണ ഊഷ്മാവിൽ സൂക്ഷിക്കും. സീലിങ്ങിൽ പിഴവു സംഭവിച്ചാൽ പുളിച്ചതിന്റെ ലക്ഷണങ്ങൾ വൈകാതെ കാണാം. ഇവ ഒഴിവാക്കും. പരീക്ഷണ ഉൽപാദനത്തിന്റെ തുടക്കത്തിൽ കേടുവരുന്നവയുടെ എണ്ണം വളരെക്കൂടുതലായിരുന്നു. എന്നാൽ ക്രമേണ അതു നേരിയ ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവന്നു.

കമ്പനിയുടെ ആദ്യ ഉൽപന്നമായി 2016 മാർച്ചിൽ സിപ് ഒ നട്ട് വിപണിയിലെത്തി. കേരളത്തിലെ ചില പ്രമുഖ ആശുപത്രികളാണ് മുഖ്യ ഉപഭോക്താക്കൾ. രോഗികൾക്ക് സുരക്ഷിതവും ആരോഗ്യദായകവുമായ പാനീയം ഇളനീരാണെന്നതുതന്നെ കാരണം. ബോട്ടിൽ ചെയ്തിറക്കുന്ന കരിക്കിൻവെളളത്തിന്റെ ചില്ലറ വിപണിയും ഇന്ത്യയിൽ നന്നായി വളരുന്നുണ്ട്. രാസവസ്തുക്കളോ സംരക്ഷകങ്ങളോ ചേർക്കാതെ ഒമ്പതുമാസംവരെ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാവുന്നതാണ് തങ്ങളുടെ ഇളനീർ എന്ന് കമ്പനി അവകാശപ്പെടുന്നു. അകക്കാമ്പ് രൂപപ്പെടുംമുമ്പു ലഭിക്കുന്ന ഇളനീരായതിനാൽ പഞ്ചസാര അളവു നിസ്സാരം.

പാസ്ചറൈസ് ചെയ്യുന്നതിനാൽ നേരിയ രുചിവ്യത്യാസം വരും. അതു മറികടക്കാൻ മറ്റു പലരും പഞ്ചസാര ചേർക്കും. അത് ഇളനീരിന്റെ തനിമയെ ബാധിക്കും. എന്നാൽ തണുപ്പിക്കുന്നതോടെ ഈ രുചിഭേദം പൂർണമായും മാറുമെന്നു സതീഷ്.

പ്രതിദിനം 15,000 ബോട്ടിലുകൾ പുറത്തിറക്കാൻ ശേഷിയുളളതാണു പ്ലാന്റ്. തുടക്കത്തിൽ മൂവായിരമായി ഉൽപാദനം പരിമിതപ്പെടുത്തിയിരിക്കുന്നു. വിപണി വളരുന്നതിന് അനുസരിച്ച് മാത്രം ഉൽപാദനം വർധിപ്പിക്കാനാണ് ഉദ്ദേശ്യം. സ്വന്തം ബ്രാൻ‍ഡിലല്ലാതെ, വിപണിയിലെ പ്രമുഖരായ മറ്റു കമ്പനികൾക്ക് അവരുടെ ബ്രാൻഡിൽ വിപണിയിലെത്തിക്കാനായി സംസ്കരിച്ചു ബോട്ടിൽ ചെയ്തു കൈമാറാനുളള സാധ്യതയും ഈ രംഗത്തുണ്ട്. ഈ വഴിക്കും ശ്രമം നടത്തുന്നു.

സമീപപ്രദേശങ്ങളിലെ കർഷകരിൽ നിന്നാണ് കരിക്കു സംഭരിക്കുന്നത്. ഒന്നിനു ശരാശരി പത്തു രൂപയാണ് കർഷകർക്കു നൽകുന്ന വില. ആറിനും ഒമ്പതിനും ഇടയിൽ മാസം പ്രായമുളളവയാണ് ഇളനീരിനു യോജ്യം. നാടൻ കരിക്കിനേക്കാൾ ഇളനീരിന്റെ അളവു കൂടുതലായതിനാൽ ഹൈബ്രിഡ് ഇനങ്ങൾക്കു രണ്ടു രൂപ അധികം നൽകും.

വഴിയോരക്കച്ചവടക്കാർ വിപണിവില നിരന്തരം കൂട്ടിയും കുറച്ചും നീങ്ങുന്നതിനാല്‍ കർഷകരിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം. എന്നാൽ തങ്ങൾക്കൊരു സ്ഥിരം വിപണനമാർഗമായി കമ്പനി മാറുന്നുവെന്നു ബോധ്യമുളളതിനാൽ ഒട്ടേറെ കർഷകർ മുടങ്ങാതെ കരിക്ക് നൽകുന്നുണ്ടെന്നു സതീഷ്.

ഫോൺ: 9846233638