വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങൾ അഥവാ പോളിഹൗസുകൾ !

പോളിഹൗസിലെ ഒരു മീറ്റർ നീളം വരുന്ന നക്ഷത്ര ലോങ്ങ് എന്ന ഒരിനം പയറുമായി അനീഷ്, ടോണീസ് ബ്രൗൺ ലോങ്ങ് എന്ന ഇനം പയർ

അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തിൽ വിഷരഹിത പച്ചക്കറി കൃഷി ചെയ്യുവാൻ താൽപര്യം ഉള്ളവർക്കും വളരെ ഉപകാരപ്രദമാണ് ഹരിതഗൃഹം എന്ന പോളിഹൗസുകൾ. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന പോളിഹൗസുകൾ ഇന്ന് കേരളത്തിൽ കൃഷിയെ സ്നേഹിക്കുന്ന കർഷകർക്കിടയിൽ സ്ഥാനംപിടിച്ചിരിക്കുന്നു. പരിസ്‌ഥിതിക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിത ഗൃഹങ്ങൾ നിർമിക്കുന്നതിന് ഇന്ന് കേരള സർക്കാർ കൃഷി വകുപ്പ് സബ്സിഡി ഏർപ്പെടുത്തിയിട്ടുണ്ട്. മിനി പോളിഹൗസുകൾ (ഹൈടെക് മഴമറ) കൃഷി ഓഫിസിൽനിന്നും പോളിഹൗസുകൾ നിർമിക്കുന്നതിന് ഹോർട്ടികൾച്ചർ മിഷൻ സബ്‌സിഡിയും നൽകുന്നുണ്ട്. കൂടാതെ ആണ്ടുതോറും കൃഷിയിറക്കുന്നതിനു സബ്‌സിഡിയും നൽകുന്നുണ്ട്. വീടുകളിലെ മട്ടുപ്പാവുകളിലും സൗകര്യപ്രദമായി സ്‌ഥാപിച്ച്‌ വീട്ടമ്മമാർക്കുപോലും കൃഷി ചെയ്യാമെന്നതാണ്‌ മിനി പോളിഹൗസുകൾ എന്ന ഹൈടെക് മഴമറയുടെ പ്രത്യേകത.

പോളിഹൗസിലെ കുക്കുമ്പറുമായി അനീഷ്, ഒരു കുലയിൽ 10ന് മുകളിൽ കുക്കുമ്പർ ഉണ്ടാകുന്ന ഒരു പ്രത്യേക ഇനം.

ജി.ഐ. പൈപ്പിന്റെ ചട്ടക്കൂടുകള്‍കൊണ്ടാണ്‌ പോളിഹൗസ്‌ നിർമിക്കുന്നത്‌. അള്‍ട്രാ വയലറ്റ് കിരണങ്ങളെ ചെറുക്കുന്ന യുവി സ്റ്റെബിലൈസ്ഡ് പോളി എത്തിലിന്‍ ഷീറ്റ് ഉപയോഗിച്ചാണ് പോളി ഹൗസുകള്‍ നിർമിക്കുന്നത്. പ്രകൃതിയെ വിളകള്‍ക്കനുസൃതമായി നിയന്ത്രിച്ചെടുക്കാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കും. ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍നിന്നും സംരക്ഷണം നല്‍കി ചെടികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ വിളവ്, കീടരോഗങ്ങളില്‍നിന്നും സംരക്ഷണം, മികച്ചതും ഗുണമേന്മയുള്ളതുമായ ഉൽപന്നങ്ങള്‍ എന്നിവ ഉറപ്പുവരുത്തുവാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കുന്നു. പോളിഹൗസിന്റെ നാലുവശവും കീടങ്ങള്‍ കടക്കാത്ത 40 മെഷ് വലകള്‍ ഉപയോഗിച്ച് മറയ്ക്കുന്നു. അകത്തെ ഊഷ്മാവ് കുറയ്ക്കുന്നതിനു വേണ്ടി ഫോഗറുകൾ ഉണ്ട്. ചെടികള്‍ക്ക് ആവശ്യമായ തോതില്‍ മാത്രം വെള്ളവും വളങ്ങളും നല്‍കുന്നത് പൂർണമായും ഡ്രിപ് ഇറിഗേഷൻ (തുള്ളിനന ലായനി രൂപത്തിൽ) വഴിയാണ്.

പോളിഹൗസ്, പയർ വെർട്ടിക്കൽ രീതിയിൽ പടർന്നു നിൽക്കുന്നു.

10 - 11 മണിക്ക് ശേഷം വായുവിലുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പുറത്തുള്ള അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിനെക്കാൾ വളരെ കുറവായിരിക്കും. സാധാരണ വെന്റിലേഷൻ കൊടുത്തിട്ടുള്ള ഹരിതഗൃഹങ്ങളിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എല്ലായ്പ്പോഴും പുറത്തുള്ള അന്തരീക്ഷത്തിലേതിന് തുല്യമായിരിക്കും. കാർബൺ ഡൈ ഓക്സൈഡ് കുറവുമൂലം ഉൽപാദനക്ഷമതയിൽ ഉണ്ടാകുന്ന കുറവ് സ്വാഭാവിക വെന്റിലേഷൻ ഉള്ള ഹരിതഗൃഹങ്ങളിൽ ഉണ്ടാവുകയില്ല  സ്വാഭാവിക വെന്റിലേഷൻ ഉള്ള ഹരിതഗൃഹത്തിന്റെ വശങ്ങളിൽ ഇൻസെക്റ്റ് പ്രൂഫ് നെറ്റ് ഘടിപ്പിച്ചിട്ടുള്ളിടത്ത് യുവി സ്റ്റെബിലൈസ്ഡ് ഷീറ്റുകൊണ്ടുള്ള റോളിംഗ് കർട്ടൻ സ്ഥാപിക്കുന്നതും വൈകുന്നേരം മുതൽ രാവിലെ 11 മണിവരെ ഇതു താഴ്ത്തി ഇടുന്നതും വഴി കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പോളിഹൗസിൽ കൂടും. ഇതുമൂലം പോളിഹൗസിലെ വിളകളുടെ ഉൽപാദനക്ഷമത വർധിക്കും.

മിനിപോളിഹൗസിലെ പയർ കിളിർത്തുവരുന്നു, ഡ്രിപ് ലൈൻ ഇട്ടതിനു ശേഷം മിൽച്ചിങ് ഷീറ്റ് വിരിച്ചു വിത്തിടുന്നതിനായി കുഴികൾ ഇട്ടിരിക്കുന്നു.

പോളിഹൗസിലെ കൃഷിരീതി

ആദ്യമായി ചെയ്യേണ്ടത് കൃഷിക്കാവശ്യമായ അടിസ്ഥാനവളങ്ങൾ ഒരുക്കുക എന്നതാണ്. 100 M2ലെ ഒരു മിനി പോളിഹൗസിന്‌ 500 കിലോ ചാണകം, 25 കിലോ വേപ്പിൻപിണ്ണാക്ക്, 1 കിലോ വീതം സ്യൂഡോമോണസ്, അസോസ്പ്രില്ലാം, വാം, ട്രൈക്കോഡെർമ എന്നിവ ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം ചെറിയ നനവോടെ തണലത്തു മൂടി 9 ദിവസം സൂക്ഷിക്കണം. ഇടയ്ക്കിടക്കു ചെറുതായി നനയ്ക്കുകയും വേണം. അതിനുശേഷം കൃഷിചെയ്യുവാനുള്ള ബെഡുകൾ നിർമിക്കുന്നതിനായി മിനി പോളിഹൗസിനുള്ളിലെ സ്ഥലം കിളച്ചുമറിക്കുക. ബെഡ് വീതി 70 മുതൽ 75 സെ.മീ. ബെഡുകളുടെ ഇടയിൽ ഉള്ള വഴികളുടെ വീതി 60 മുതൽ 65 സെ.മീ ആയിരിക്കണം. കാരണം പോളിഹൗസിലെ കൃഷിരീതിയിൽ പയർ, പാവൽ, കുക്കുമ്പർ എന്നിവ വെർട്ടിക്കൽ ആയി മാത്രമേ കൃഷി ചെയ്യാവൂ, ഇതിൽ ലഭിക്കുന്ന വിളകൾ പറിക്കുന്നതിനായി 6 അടി വരെ  നീളമുള്ള ഏണി ഉപയോഗിക്കേണ്ടതായി വരുന്നു. ബെഡ് നിർമിച്ചതിനു ശേഷം മുൻപ് തയാറാക്കി വച്ചിരിക്കുന്ന ജൈവ സൂക്ഷ്മാണുക്കൾ നിറഞ്ഞ അടിവളം തുല്യ അളവിൽ ബെഡുകളിലെ മണ്ണുമായി ചേർക്കുക. അതിനു ശേഷം ഡ്രിപ് ലൈൻ വലിക്കുക (വെള്ളവും, വളവും നൽകുന്നതിനായി). അതിന്റെ മുകളിലായി മിൽച്ചിങ് ഷീറ്റ് വിരിച്ചതിനു ശേഷം, ഡ്രിപ് ലൈൻ വഴി വരുന്ന വെള്ളത്തുള്ളികളുടെ സ്ഥാനം നോക്കി മിനിമം 2 ഇഞ്ച് വൃത്താകൃതിയിൽ ഷീറ്റ് കുഴിക്കുക, പാകാനുദ്ദേശിക്കുന്ന വിത്തുകൾ പാവലും, പയറും ആണെങ്കിൽ തലേന്നു രാത്രിയിൽ വെള്ളത്തിൽ ഇട്ടു കുതിർത്തതിനു ശേഷം ഓരോ കുഴിയിൽ നിക്ഷേപിക്കുക, പയർ 3 ദിവസത്തിനുള്ളിലും പാവൽ 7 ദിവസത്തിനുള്ളിലും കിളിർത്തുവരും.  മിനി പോളിഹൗസായാലും, പോളിഹൗസായാലും താൽപര്യത്തോടുകൂടിയുള്ള സൂക്ഷ്മനിരീക്ഷണം അത്യാവശ്യം ആണ്‌.

വെള്ളവും വളവും നൽകുന്ന സാങ്കേതികവിദ്യ (ഗ്രാവിറ്റിയിൽ പ്രവർത്തിക്കുന്നു, വൈദ്യുതി ആവശ്യമില്ല)

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഹൈടെക് മഴമറ, പോളിഹൗസുകളും ഉള്ളത് പത്തനംതിട്ട ജില്ലയിൽ റാന്നി ബ്ലോക്കിലാണ്. കൃഷിവകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറും, സംസ്ഥാന പച്ചക്കറി വികസന പദ്ധതിയുടെ അവാർഡ് ജേതാവ് കൂടിയുമായ ടോണി ജോൺ നിർദേശിക്കുന്ന കൃഷിരീതിയിൽ, പുലർച്ചെ 7 മണിക്ക് 15 മിനിറ്റു ജലം നൽകണം,  ഉച്ചക്ക് 1 മണിക്ക് വളം നൽകണം, വളം നൽകുന്നതിന് മുൻപും പിൻപുമായി 5 മിനിട്ടു ജലം നൽകണം, സായാഹ്നം 6 മണിക്ക് വീണ്ടും 15 മിനിറ്റു ജലം നിർബന്ധം. GAP (Good Agriculture Practices) രീതിയിലും കൃഷിചെയ്യാം. പോളിഹൗസിൽ വൈറസ് ബാധകൾ ഏൽക്കാതിരിക്കുന്നതിന് നല്ല പരിചരണം ആവശ്യമാണ്. പനി, ജലദോഷം, പകർച്ചവ്യാധികൾ ഉള്ളവർ ഉള്ളിൽ കയറാൻ അനുവദിക്കരുത്. പോളിഹൗസിലെ ശുചിത്വത്തിലും ഉണ്ട് ചില കാര്യങ്ങൾ. പുറത്തുനിന്നു കയറുന്ന ആദ്യ മുറി പോർട്ടിക്കോ അഥവാ മോട്ടോർ റൂം ആയിരിക്കണം. പോർട്ടിക്കോയിൽനിന്നും കഴിയുമെങ്കിൽ കാലുകൾ വൃത്തിയാക്കിയതിനുശേഷം കൃഷിയിടത്തിലേക്ക് ഇറങ്ങാവുന്നതാണ്. പോളിഹൗസിന്റെ ഉള്ളിൽ ഉപയോഗിക്കാനായി പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും ഉപയോഗിക്കുന്നത് നല്ലതാണ്‌. ദിവസവും ചെടികൾക്ക് സ്നേഹപരിചരണം അത്യാവശമാണ്. പയർ, പാവൽ,  സാലഡ് വെള്ളരി, മുളക്, ക്യാബേജ്, കോളിഫ്ലവർ, ചീര, വഴുതന, വെണ്ട, കോവൽ, പടവലം, മറ്റു പഴവർഗങ്ങൾ എന്നിവയും 365 ദിവസവും പോളിഹൗസിലും, മിനി പോളിഹൗസിലും കൃഷി ചെയ്യാവുന്നതാണ്. പാവൽ, പടവലം എന്നിവയ്ക്ക് കൃത്രിമ പരാഗണം നൽകേണ്ടതുണ്ട്. പരാഗണം നൽകുന്നത് പുലർച്ചെ 7.30ന് മുന്പായിത്തന്നെ ചെയ്യുന്നത് ഉചിതം.

വിഷരഹിത പച്ചക്കറികൾക്കു പുറമെ, മാനസിക സന്തോഷം, ശാരീരിക ഉന്മേഷം എന്നിവയും ഈ ഹരിത ഗൃഹങ്ങൾ നമുക്കു നൽകുന്നു.

ചിത്രത്തിൽ കാണുന്ന പോളിഹൗസും, മിനി പോളിഹൗസും, കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലെ അനീഷ് എൻ. രാജ് എന്ന ഒരു കർഷകന്റേതാണ്. വിഷരഹിത പച്ചക്കറികളായ പയർ, പാവൽ,  സാലഡ് കുക്കുമ്പർ, ചീര എന്നിവയാണ് പോളിഹൗസിൽ ഇപ്പോൾ ഉള്ള വിളകൾ. വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മട്ടുപ്പാവിലെ മിനിപോളിഹൗസിൽ 104 ഗ്രോബാഗുകളിലായി കോഴിക്കോട് CWRDMന്റെ വിക്ക് ഇറിഗേഷന്റെ (തിരി നന) സഹായത്തോടെ മൂന്നാമത്തെ കൃഷിയാണ് ഇപ്പോൾ തുടങ്ങുന്നത്; അതും കൃഷിവകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിക്കായി.

കൂടുതൽ വിവരങ്ങൾക്ക്. അനീഷ് എൻ. രാജ് 9496209877 (അഞ്ചൽ)