Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസോള; കോളജ് വിദ്യാർഥികളുടെ സ്റ്റാർട്ടപ് സംരംഭം

Azola.jpg1

പഠനത്തിനൊപ്പം പായൽകൃഷിയും നടത്തുകയാണ് തൃശൂർ മാളയിലെ മെറ്റ്സ് സ്കൂൾ ഒഫ് എന്‍ജിനീയറിങ്ങിലെ ഏതാനും ബയോടെക്നോളജി വിദ്യാർഥികൾ. നമുക്കു പരിചിതമായ അസോള തന്നെയാണ് പ്രത്യക്ഷത്തിൽ അവരുടെ ഉൽപന്നമെങ്കിലും ഇതു വെറും അസോളയല്ല. പ്രോട്ടീനും ധാതുലവണങ്ങളും കൊണ്ട് സമ്പുഷ്ടീകരിച്ച അസോളയാണ് വിദ്യാർഥികൾ വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. വിറ്റമിൻ എ, വിറ്റമിൻ ബി 12, ബീറ്റാ കരോട്ടിൻ എന്നിവയും ഇതില്‍ സമൃദ്ധം. തങ്ങളുടെ ഗവേഷണഫലത്തിന്റെ അടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച ഈ അസോള പശുക്കൾക്കു പതിവായി നൽകിയാൽ പാലുൽപാദനം ഇരുപതു ശതമാനം വർധിക്കുമെന്ന് വിദ്യാർഥികൾ. കോഴിയും താറാവും ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മറ്റു വളർത്തുമൃഗങ്ങളുടെയുമെല്ലാം ആരോഗ്യകരമായ വളർച്ചയ്ക്കും സമ്പുഷ്ടീകരിച്ച അസോള ഒന്നാന്തരമെന്ന് ഇവർ പറയുന്നു.

ശുദ്ധജലത്തിൽ പൊങ്ങിക്കിടന്നു വളരുന്ന പന്നൽവർഗ സസ്യമാണ് അസോള. മൂന്നു ദിവസംകൊണ്ട് ഇരട്ടിയാവുന്ന വളർച്ചനിരക്ക്. കേരളത്തിലെ ക്ഷീരകർഷകർ കാലിത്തീറ്റയ്ക്കൊപ്പം അസോള ചേർക്കുന്ന പതിവ് മുമ്പേയുണ്ട്. ചെറിയൊരു ടാർപോളിൻ കുളത്തിൽ അനായാസം വളർത്തുകയും ചെയ്യാം. മറ്റു കാലിത്തീറ്റകളുടെ കൂടെ ചേർത്തും നേരിട്ടും അസോള നൽകാറുണ്ട്. 

സാധാരണ അസോളതന്നെ പോഷകങ്ങളാൽ സമ്പന്നമാണ്. എന്നാൽ അതിനെ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെ വളർച്ചയ്ക്കും ഉൽപാദനശേഷിക്കും കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ സമ്പുഷ്ടീകരിക്കാം എന്നതാണ് മെറ്റ്സിലെ ബയോടെക്നോളജി വിദ്യാർഥികളുടെ കണ്ടെത്തൽ. തങ്ങളുടെ നേട്ടത്തെ ഒരു തൊഴിൽ സംരംഭമാക്കി മാറ്റിയാലോ എന്നു ചിന്തിച്ചപ്പോൾ കോളജും അധ്യാപകരും കേരള സ്റ്റാർട്ടപ് മിഷനും ഒപ്പം നിന്നെന്ന് വിദ്യാർഥിസംഘത്തിലെ അംഗമായ നിഖിൽ. താമസിയാതെ, മിഷന്റെ ധനസഹായത്തോടെ കോളജിന്റെ ടെറസിൽതന്നെ പരീക്ഷണടാങ്കുകളും ഒരുക്കി.  ഇങ്ങനെ ഉൽപാദിപ്പിച്ച അസോള, മാളയിൽത്തന്നെയുള്ള രണ്ടു ഡെയറിഫാമുകളിലെ പശുക്കൾക്ക് ഏതാനും ആഴ്ച തുടർച്ചയായി നൽകി. കറവയിലുള്ള ഒരു പശുവിന് ദിവസം 250 ഗ്രം എന്ന കണക്കിലാണു നൽകിയത്. കുറച്ചു ദിനങ്ങൾക്കുള്ളിൽത്തന്നെ പാലുൽപാദനത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായെന്നു വിദ്യാർഥികൾ. അതോടെയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനു ധൈര്യം വന്നത്.  

അസോള അതേപടിയും ഈർപ്പം നീക്കി ഉണക്കിയ രൂപത്തിലുമാണ് വിപണിയിലെത്തിക്കുക. പച്ച കിലോ 80 രൂപ വില. ഉണക്കയ്ക്ക് പത്തു രൂപ കൂടുതൽ. തങ്ങളുടെ അസോള തീറ്റയായി നൽകുന്ന പശുക്കളുടെ പാലിലെ കൊഴുപ്പിന്റെയും മറ്റു ഘടകങ്ങളുടെയും അളവിനെ സംബന്ധിച്ചു ഗവേഷണം തുടരുന്നുണ്ട് ഈ വിദ്യാർഥികൾ.

മൂന്നാം വർഷ ബിടെക് ബയോടെക്നോളജി വിദ്യാർഥികളായ നിഖിൽ, അരുൺ എന്നിവരാണ് സംരംഭത്തിനു നേതൃത്വം നൽകുന്നത്. ഒപ്പം, പാർവതി, അരുണിമ, അക്ഷയ്, നയന, ഗായത്രി, ശ്രുതി എന്നീ വിദ്യാർഥികളും ഡോ.ബാലസുന്ദരൻ, ദീപക് വർഗീസ്, വി.എം. നിഷാദ് എന്നീ അധ്യാപകരുമുണ്ട്. തൃശൂരിൽ ഈയിടെ നടന്ന സംരംഭകസംഗമത്തിൽ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൂടുതൽ ടാങ്കുകൾ ക്രമീകരിച്ച് ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. കുടുംബശ്രീപോലുള്ള സംഘടനകളുമായി ചേർന്ന് വിപണനവും ലക്ഷ്യമിടുന്നു. 

ഫോൺ: 9567478152(നിഖിൽ), 

9961141168 ( ദീപക് വര്‍ഗീസ്)