Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുണയായി തൂൾതേങ്ങ

coconut_desiccated3

പത്തു വർഷം മുമ്പാണ് പാലക്കാട് തേങ്കുറിശ്ശിയിലുള്ള ബിന്ദുവെന്ന വീട്ടമ്മ തൂൾതേങ്ങ (desiccated coconut) നിർമാണ യൂണിറ്റു തുടങ്ങുന്നത്. വീട്ടാവശ്യത്തിനു തൂൾതേങ്ങ ഉപയോഗിക്കുന്നവർ കേരളത്തിൽ ഇന്നും കുറവാണ്. അതേസമയം തൂൾതേങ്ങയുടെ ഉപഭോഗം വർഷംതോറും വർധിക്കുന്നുമുണ്ട്. ബേക്കറികളും കേറ്ററിങ് യൂണിറ്റുകളുമൊക്കെ തൂൾതേങ്ങയോടു താൽപര്യം കാണിക്കുന്നു എന്നതാണു കാരണം. ‘കേരളത്തിലെ അടുക്കളകളിൽ ഇപ്പോഴും തൂൾതേങ്ങ പ്രചാരം നേടിയിട്ടില്ല. തേങ്ങ പൊതിച്ച്, പൊട്ടിച്ച്, ചിരകിയെടുക്കുന്ന നേരത്ത് എളുപ്പത്തിൽ തൂൾതേങ്ങ ഉപയോഗിക്കാമെങ്കിലും ഭൂരിപക്ഷം വീട്ടമ്മമാരും മടിച്ചു നിൽക്കുന്നു’, തൂൾതേങ്ങ ചേർത്തു നല്ല രസികൻ ചട്നിയും ദോശയും തയാറാക്കിയ ശേഷം രാവിലെ കൃത്യസമയത്തുതന്നെ തന്റെ യൂണിറ്റിലെത്തിയ ബിന്ദു പറയുന്നു.

പാചകം എളുപ്പമാക്കുന്ന തൂൾതേങ്ങയോട് കേരളത്തിലെ വീട്ടമ്മമാർ മമത കാണിക്കാത്തതിനു കാരണങ്ങളുണ്ടെന്നു ബിന്ദു. ഫ്രഷ് നാളികേരം ചേർക്കുന്നതിന്റെ രുചി, ജലാംശം നീക്കിയ ഈ തേങ്ങപ്പൊടി ചേർത്താൽ കിട്ടുമോ എന്ന സംശയമാണ് ഒന്ന്. ഒാരോ കറിക്കും തേങ്ങ എത്ര വേണമെന്ന് എല്ലാ വീട്ടമ്മമാർക്കും ശീലംകൊണ്ട് നിശ്ചയമുണ്ട്. അതേസമയം തൂൾതേങ്ങയുടെ കാര്യത്തിൽ, കൂടിപ്പോകുമോ കുറഞ്ഞുപോകുമോ എന്നൊക്കെയുള്ള ആശങ്കയാണു മറ്റൊന്ന്. ഗുണമേന്മ ചോരാതെ ശ്രദ്ധാപൂർവം തയാറാക്കിയ തൂൾതേങ്ങയെങ്കിൽ രുചി ഒട്ടും കുറയില്ലെന്ന് ബിന്ദുവിന്റെ ഉറപ്പ്. രണ്ടോ മൂന്നോ തവണ ഉപയോഗിക്കുമ്പോൾതന്നെ ചേർക്കേണ്ട പാകവും പരിചിതമാകും. അധ്വാനവും കുറവ്.

coconut_desiccated1

ആഭ്യന്തരവിപണിയും കയറ്റുമതിയും ലക്ഷ്യമിട്ടാണ് മഹാരാജാ ഇക്കോ പ്രോഡക്റ്റ്സ് എന്ന സംരംഭം ബിന്ദു തുടങ്ങുന്നത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് പ്രഭാകരനാണ് പ്രചോദനം. നാളികേരവികസനബോർഡിന്റെ പിന്തുണയോടെ തുടങ്ങിയ സ്ഥാപനത്തിനായി സബ്സിഡിയോടു കൂടിയ വായ്പയുടെ ബലത്തിൽ ചെലവിട്ടത് രണ്ടുകോടി രൂപ. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ഏക ജാലക സംവിധാനത്തിലൂടെ ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, ഫയർ ആൻഡ് സേഫ്റ്റി എന്നീ വിഭാഗങ്ങളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസും നേടിയ ശേഷമാണ് തുടക്കം.ഗുണമേന്മ പ്രധാനംഅഞ്ചു തേങ്ങയിൽനിന്ന് ഒരു കിലോ തൂൾതേങ്ങ എന്നാണു കണക്ക്. എങ്കിലേ സംരംഭം ലാഭകരമാവുകയുള്ളൂ. 

coconut_desiccated2

ഈ അളവിൽ പൊടി ലഭിക്കണമെങ്കിൽ ഗുണമേന്മയുള്ള തേങ്ങ ഉപയോഗിക്കണം.  പൊതിച്ച തേങ്ങയുടെ തൂക്കം 400–450 ഗ്രാമിൽ ഒതുങ്ങുന്നവയാണ് നല്ലത്. തൂക്കം കൂടിയവയിൽ വെള്ളത്തിന്റെ അളവ് കൂടുതലായിരിക്കും. ചിരട്ടയ്ക്കും  കട്ടി കൂടും. അത്  പൊട്ടിച്ചു നീക്കുന്നതിനു കൂടുതല്‍ സമയവും അധ്വാനവും വേണ്ടിവരും. കോഴിക്കോടു ജില്ലയിലെ കുറ്റ്യാടി മേഖലയിൽനിന്നു ലഭിക്കുന്ന തേങ്ങ മേന്മയേറിയവയെന്ന് ബിന്ദു. വില കൂടുതലാവുമെങ്കിലും നേട്ടം രണ്ടു വഴിക്കാണ്. ഒരു കിലോ തേങ്ങയിൽനിന്ന് ശരാശരി 23 ശതമാനം തൂൾതേങ്ങ ലഭിക്കും. മറ്റുസ്ഥലങ്ങളിൽ നിന്നാണെങ്കിൽ ഇത് 19 ശതമാനമായി ചുരുങ്ങും. ചിരട്ട നീക്കൽ കൈകൊണ്ടാണ്. കുറ്റ്യാടിത്തേങ്ങയുടെ ചിരട്ടയ്ക്കു കനം കുറവായതിനാൽ പൊട്ടിക്കൽ വേഗം നടക്കും. പീസ് വർക്കായി ഇതു ചെയ്യുന്ന തൊഴിലാളിക്കും നേട്ടം.

ചിരട്ട നീക്കാനുള്ള യന്ത്രം ബിന്ദുവിന്റെ യൂണിറ്റിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യന്ത്രവേഗത്തെ തോല്‍പിക്കും ഇവിടത്തെ വനിതാതൊഴിലാളികള്‍. കാമ്പിനു പുറത്തുള്ള കറുമ്പൽ നീക്കുന്നതും കൈകൊണ്ടുതന്നെ. കഴുകിയ ശേഷം യന്ത്രസഹായത്താലാണ് നുറുക്കലും അരയ്ക്കലും. ഡ്രയറിൽ ഉണക്കി ജലാംശം നീക്കി അരിച്ചെടുത്ത തൂൾതേങ്ങ തുടർന്ന് പായ്ക്ക്  ചെയ്തു വിപണിയിലേക്ക്. ചിരട്ട തമിഴ്നാട്ടിലെ ആക്ടിവേറ്റഡ് കാർബൺ നിർമാണ ഫാക്ടറികൾ വാങ്ങും. കാമ്പിനു പുറത്തെ കറുമ്പൽ, സോപ്പ് ഫാക്ടറികൾ വെളിച്ചെണ്ണ നിർമാണത്തിനായി വാങ്ങിക്കൊള്ളും. തൂൾതേങ്ങയില്‍ കറുമ്പലിന്റെ തരി കിടന്നാൽപ്പോലും വിപണിയില്‍ തിരസ്കരിക്കപ്പെടും. അതേസമയം കറുമ്പലിനു ചില ഗുണമേന്മകളുള്ളതായി പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. വിപണി അത് അംഗീകരിക്കുന്ന കാലം വന്നാൽ തൂൾതേങ്ങ നിർമാണത്തിന്റെ ചെലവു കുറയുകയും ലാഭം വർധിക്കുകയും ചെയ്യുമെന്നു ബിന്ദു.

coconut_desiccated4

ദിവസം 15,000–16,000 തേങ്ങയാണ് ഇപ്പോൾ  ഇവിടെ തൂൾതേങ്ങയായി മാറുന്നത്. അതായത്, പ്രതിദിനം ഒന്നര ടൺ ഉൽപാദനം. നിലവിൽ ഉൽപാദനത്തിന്റെ 75 ശതമാനവും വിൽക്കുന്നതു കേരളവിപണിയിൽത്തന്നെ. തേങ്ങാവില ഉയർന്നു നിൽക്കുന്നത് കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. വില താഴുന്നതോടെ ഉൽപാദനം വർധിപ്പിക്കുകയും കയറ്റുമതി സജീവമാക്കുകയും ചെയ്യുമെന്നു ബിന്ദു. തേങ്ങാവില കിലോയ്ക്ക്  30–35 രൂപയിൽ  സ്ഥിരത നേടിയാല്‍ കർഷകർക്കും സംരംഭകർക്കും ഒരുപോലെ ലാഭകരമാണെന്ന് ഈ സംരംഭക പറയുന്നു. ഈ വർഷം പക്ഷേ 46 രൂപയ്ക്കു വരെ സംഭരിക്കേണ്ടി വന്നു. പത്തു വർഷം മുമ്പ് തുടങ്ങുമ്പോൾ കേരളത്തിൽ തൂൾതേങ്ങാ യൂണിറ്റുകളുടെ എണ്ണം അഞ്ചിൽതാഴെയായിരുന്നു. ഇപ്പോഴത് ഇരുപതിനു മുകളിലെത്തിയിരിക്കുന്നു. ഗാർഹിക ഉപഭോഗം വളർന്നാൽ സംരംഭം കൂടുതൽ ലാഭത്തിലേക്കു കുതിക്കുമെന്നു ബിന്ദു.

ഫോൺ: 9745590563