Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഴാക്കിക്കളയുന്ന ജാതിക്കാത്തോടിൽനിന്ന് ജാതിക്കാജ്യൂസ്

jathika-juice

മുപ്പത്തിയഞ്ചു വർഷം അമേരിക്കയിൽ കഴിഞ്ഞ ഏബ്രഹാം ആഴാത്ത് 2012ൽ നാട്ടിലേക്കു മടങ്ങിയത് ആരും പ്രതീക്ഷിക്കാത്ത ലക്ഷ്യവുമായാണ്; ദാഹം മാറാൻ അമേരിക്കക്കാരന്റെ കൊക്കക്കോ ളയും പെപ്സിയുമൊന്നുമല്ല, പറമ്പിൽക്കിടന്നു പാഴാവുന്ന ജാതിക്കയിൽനിന്നു തയാറാക്കുന്ന ജ്യൂസാണ് നല്ലതെന്നു നാട്ടുകാർക്കു കാണിച്ചു കൊടുക്കാൻ. ഏബ്രഹാമിന്റെ റോക്ക് ഷുഗർ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം റൈറ്റ് എയ്ഡ് എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന ജാതിക്കാജ്യൂസിന്റെ മേന്മ ഇന്നു നാട്ടുകാരും കുടുംബശ്രീയുമെല്ലാം തലകുലുക്കി സമ്മതിക്കും.

നാട്ടിലേക്കു മടങ്ങിയ ഉടനെതന്നെ ഏബ്രഹാം ജാതിക്കൃഷി തുടങ്ങി. ആറു വർഷം പ്രായമുള്ള, കായ്ഫലത്തിലെത്തിയ നൂറ്റമ്പതു ജാതിമരങ്ങള്‍ ഇന്ന് ആഴാത്ത് പുരയിടത്തിലുണ്ട്. ജാതിക്കൃഷിക്കിറങ്ങുമ്പോൾ പത്രിയിലോ പരിപ്പിലോ ആയിരുന്നില്ല ഏബ്രഹാമിന്റെ താൽപര്യം. പാഴായിപ്പോകുന്ന തൊണ്ടിൽനിന്ന് എന്തെല്ലാം ഉൽപന്നങ്ങൾ നിർമിക്കാം എന്നതിലായിരുന്നു. സ്വന്തം ജാതി കായ്ക്കുന്നതുവരെ കാത്തിരിക്കാതെ പരിചയക്കാരുടെ തോട്ടങ്ങളിൽനിന്ന് ഫ്രഷ് തൊണ്ട് ശേഖരിച്ച് സ്വന്തം നിലയ്ക്കു പരീക്ഷണങ്ങൾ തുടങ്ങി. ആസ്വാദ്യകരവും ആരോഗ്യപ്രദവുമായ ജ്യൂസ് നിർമിക്കാനായതോടെ ചെറുകിട വ്യവസായ യൂണിറ്റ് സ്ഥാപിച്ച് ഉൽപാദനവും തുടങ്ങി. 

ജാതിക്കാജ്യൂസും സ്ക്വാഷും നിർമിക്കാനുള്ള സാങ്കേതികവിദ്യകൾ ഇന്നു പല കൃഷി വിജ്ഞാനകേന്ദ്രങ്ങളും ലഭ്യമാക്കുന്നുണ്ടെങ്കിലും തികച്ചും പ്രകൃതിദത്ത ഉൽപന്നമായ റൈറ്റ് എയ്ഡ് ജാതിക്കാ ജ്യൂസ് തയാറാക്കുന്നതിൽ ഏബ്രഹാമിനു സ്വന്തം രുചിവഴികളുണ്ട്. അതുതന്നെയാണ് തന്റെ ഉൽപന്നം കേരളമെമ്പാടും വിറ്റഴിക്കാൻ കുടുംബശ്രീ മിഷൻ ഉൾപ്പെടെയുള്ളവരെ പ്രേരിപ്പിക്കുന്ന ഘടകമെന്നും അദ്ദേഹം പറയുന്നു.ഇരുനൂറു മി. ലീ. ബോട്ടിലിൽ 20 രൂപ വിലയിട്ടെത്തുന്ന റെഡി ടു ഡ്രിങ്ക് ജാതിക്കാ ജ്യൂസും ഒരു ഗ്ലാസ് വെള്ളത്തിൽ 25–30 മില്ലി മാത്രം ചേർത്ത് തയാറാക്കാവുന്ന, ലീറ്ററിന് 250 രൂപ വിലയുള്ള ജാതിക്കാ സ്ക്വാഷുമാണ് ഏബ്രഹാമിന്റെ മുഖ്യ ഉൽപന്നങ്ങൾ.

ഒരു ലീറ്റർ സ്ക്വാഷ് നിർമിക്കാൻ ഏകദേശം നൂറു രൂപ ചെലവുവരും. വിശപ്പില്ലായ്മ, കൊളസ്ട്രോൾ, ഗ്യാസ്ട്ര

ബിൾ തുടങ്ങി പല വിധ പ്രശ്നങ്ങൾക്ക് പ്രതിരോധവും പരിഹാരവും നൽകും തന്റെ ഉൽപന്നമെന്ന് ഏബ്രഹാം. ഇതിനെല്ലാമപ്പുറം തികച്ചും പ്രകൃതിദത്ത പാനീയം എന്ന ആകർഷണവും. പാഴാക്കേണ്ട പണമാക്കാംആർക്കും വേണ്ടാതെ അളിഞ്ഞുപോയിരുന്ന ജാതിക്കാത്തൊണ്ടിന് കിലോയ്ക്ക് അഞ്ചു രൂപ വിലയിട്ടാണ് ഏബ്രഹാം കർഷകരിൽനിന്നു സംഭരിക്കുന്നത്. ഒരു ടൺ എത്തിച്ചാൽ 5000 രൂപ റെഡി കാഷ്. അസംസ്കൃതവസ്തുവിന്റെ വിലക്കുറവും ലഭ്യതയും ഒൗഷധമേന്മയും തന്നെയാണ് ഏബ്രഹാമിന്റെ അഗ്രിബിസിനസ്സിലെ വിജയഘടകം. ജ്യൂസിനു പിന്നാലെ ജാതിക്കാത്തൊണ്ടിൽനിന്നുള്ള വിനാഗരിയും ജ്യൂസെടുത്ത ശേഷം പാഴാവുന്ന ചണ്ടിയിൽനിന്ന് ജൈവവളവും കൂടി വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഈ സംരംഭകനിപ്പോൾ.

പെരുനിലം ഈരാറ്റുപേട്ട, കോട്ടയം 

ഫോൺ: 9526762567