Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിലൊരു സർവസുഗന്ധിത്തോട്ടം

jayanthan-t-d ജയന്തൻ സർവസുഗന്ധിത്തോട്ടത്തിൽ

ഫലസമൃദ്ധമായ നൂറോളം സർവസുഗന്ധിവൃക്ഷങ്ങൾ നിറഞ്ഞുവളരുന്ന ഒരു തോട്ടം വയനാട്ടിലെ കൽപ്പറ്റയിലെ മുട്ടിലിലുണ്ട്. ഒരുപക്ഷേ, കേരളത്തിൽ ഇത്ര വിപുലമായുള്ള ഏക സർവസുഗന്ധിത്തോട്ടമായിരിക്കും ഇതെന്ന് ഉടമയായ തൊണ്ടുപ്പാളി വീട്ടിൽ ടി.ഡി. ജയന്തൻ പറയുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ പിറവികൊണ്ട ഈ സുഗന്ധവിള ഇന്നു ലോകമെമ്പാടും കറിക്കൂട്ടുകളിലെ നിറസാന്നിധ്യമാണ്.

വിപണിയിൽ മികച്ച ഡിമാൻഡും അതുവഴി നല്ല വരുമാനവും കിട്ടുമെന്നു കേട്ടാണ് വർഷങ്ങൾക്കു മുമ്പ് തന്റെ തോട്ടത്തിന്റെ അതിരിൽ ജയന്തൻ സർവസുഗന്ധിച്ചെടികൾ നട്ടത്. ഇദ്ദേഹം ഇന്ന് കർഷകൻ മാത്രമല്ല, സർവസുഗന്ധിയെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കാൻ പരിചയവും പ്രാഗല്ഭ്യവുമുള്ള വിദഗ്ധൻകൂടിയാണ്.

വിളവെടുപ്പും സംസ്കരണവും

ഡിസംബർ അവസാന വാരം മുതൽ ഓരോ മരവും നന്നായി നനച്ചുകൊടുക്കണം. നന കുറഞ്ഞാൽ വിളവും കുറയും. അതിനുശേഷം പൂങ്കുലകൾ വിരിയാൻ മൂന്നാഴ്ചത്തെ കാത്തിരിപ്പ്. തുടർന്ന് ജനുവരി അവസാനവാരം കായ്കളായിത്തുടങ്ങും. ഒരേ കുലയിലെ പൂവുകൾതന്നെ മൂന്നാഴ്ചയോളം സമയ വ്യത്യാസത്തിലാണ് വിരിയുന്നത്. തന്മൂലം കായ്കളുടെ മൂപ്പിലും വ്യത്യാസമുണ്ടാകും. എങ്കിലും ഫെബ്രുവരി പകുതിയോടെ കായ്ക്കൽ പൂർത്തിയാകും.

മേയ് ആദ്യവാരത്തോടെ വിളവെടുപ്പ് തുടങ്ങും. കുലകളിലെ മൂത്ത കായ്കൾ പഴുത്തു തുടങ്ങുന്നതോടെ വിളവെടുപ്പിനു പാകമായെന്നു മനസ്സിലാക്കാം. കായ്ക്കുലകൾ ഇലകളോടുകൂടി ഊരിയെടുക്കുകയാണ് ചെയ്യുന്നത്. കായും ഇലയും വേർതിരിച്ച് ഉണക്കിയെടുക്കുന്നു.

allspice-sarvasugandhi2 സർവസുഗന്ധി

വരുമാനം

ഇരുപത് ഇരുപത്തിയഞ്ചു വർഷം പ്രായമായ വൃക്ഷത്തിൽനിന്ന് 50 കിലോ കായ കിട്ടുമെന്നു ജയന്തൻ. ഉണങ്ങിയാൽ 20 മുതൽ 25 വരെ ശതമാനം ഭാരം ലഭിക്കുന്നു. വയനാട് കമ്പോളത്തിൽ കിലോയ്ക്ക് കുറഞ്ഞത് 700 രൂപ കായ്ക്കും 150 രൂപ ഇലയ്ക്കും ലഭിക്കുന്നു. 25 വർഷം പ്രായമെത്തിയവയാണ് ജയന്തൻറെ വൃക്ഷങ്ങളെല്ലാം. ഒരിക്കൽപ്പോലും ഇവയ്ക്കു രോഗമോ കീടബാധയോ ഉണ്ടായിട്ടില്ലെന്നും ഈ കർഷകൻ പറയുന്നു.

തൈ വിൽപനയും നല്ല വരുമാനമാർഗമാണ്. വർഷം അഞ്ചു ലക്ഷത്തോളം തൈകൾ ഉൽപാദിപ്പിക്കാനാവുന്ന നഴ്സറിയാണ് ജയന്തനുള്ളത്.

ഫോൺ: 09744943648

വിപണി വളരണം

ഡോ. ബി. ശശികുമാർ, പ്രിൻസിപ്പൽ സയൻറിസ്റ്റ് ആൻഡ് ഹെഡ് ഭാരതീയ സുഗന്ധവിള ഗവഷേണ സ്ഥാപനം, കോഴിക്കോട്

മറ്റു സുഗന്ധവിളകൾക്കു നമ്മുടെ നാട്ടിൽ ലഭിച്ചത്ര പ്രചാരം സർവസുഗന്ധിക്കു നേടാനായിട്ടില്ല. സ്ഥിരമായ ഒരു വിപണനസംവിധാനമോ ഡിമാൻഡോ ഇല്ലാത്തത്, സർവസുഗന്ധി പൂവിടുന്നതിലും കായ്പിടിക്കുന്നതിലും കാണുന്ന സ്ഥലകാലവ്യത്യാസം, ചെറിയ കായ്കൾ പറിച്ചെടുക്കാനുള്ള പ്രയാസം തുടങ്ങിയവയൊക്കെ നിലവിൽ കൃഷിക്ക് വിഘാതമാകുന്ന ഘടകങ്ങളാണ്.

Your Rating: