Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠനത്തിലും കൃഷിയിലും ശ്രദ്ധ

sradha-tomato ശ്രദ്ധ വീട്ടുവളപ്പിലെ പച്ചക്കറിത്തോട്ടത്തിൽ

നാടനും വിദേശിയുമുൾപ്പെടെ എൺപതിലേറെ ഇനം പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്ന ഗ്രോ ബാഗുകൾക്കിടയിലൂടെ ഓടിനടന്നു കൃഷിപ്പണി ചെയ്യുന്ന ശ്രദ്ധ എന്ന ജൈവകർഷകയ്ക്ക് പ്രായം പന്ത്രണ്ട്. ഇടുക്കി തോപ്രാംകുടിക്കടുത്ത് കിളിയാർകണ്ടം തെക്കേക്കുറ്റ് വീട്ടിൽ സജിയുടെയും സിജിയുടെയും മൂന്നു കുട്ടികളിൽ മൂത്തവൾ. കിളിയാർകണ്ടം ഹോളി ഫാമിലി യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി. ഇടുക്കി ജില്ലാ കൃഷിവകുപ്പിൻറെ മികച്ച വിദ്യാർഥി കർഷക അവാർഡ് ജേതാവ്. കൃഷിയിൽ മാത്രമല്ല ശ്രദ്ധയുടെ ശ്രദ്ധ, പഠനത്തിലും മിടുമിടുക്കിയെന്ന് അധ്യാപകർ.

വീടിനു ചുറ്റുമുള്ള പത്തു സെൻറ് സ്ഥലമാണ് ശ്രദ്ധയുടെ കൃഷിയിടം. പയറും പാവലും പടവലവും ചീരയും തക്കാളിയും മുതൽ ബ്രെക്കോളിയും ലെറ്റ്യൂസും ചൈനീസ് കാബേജുമെല്ലാം സമൃദ്ധമായി വിളഞ്ഞു കിടക്കുന്ന തോട്ടം. ഗ്രോ ബാഗിലായതിനാൽ മിക്കവാറും എല്ലാ പച്ചക്കറികളും എല്ലാക്കാലത്തും കൃഷിചെയ്യും. സവാളയും കാരറ്റും പോലെ ചിലതുമാത്രം മഴക്കാലത്തു കൃഷി ചെയ്യാൻ പാടാണ്. മുളച്ചുവരുമ്പോൾ തൈകൾക്ക് ഒട്ടും കരുത്തുണ്ടാവില്ല. അടച്ച മഴയത്ത് അവ ചീഞ്ഞുപോകും’’, കൊച്ചു ശ്രദ്ധയിലെ മുതിർന്ന കൃഷിക്കാരി പറയുന്നു.

sradha-family വല്യപ്പച്ചൻ, വല്യമ്മച്ചി, അമ്മ എന്നിവർക്കൊപ്പം

കുടുംബം കൂട്ടിന്

ശ്രദ്ധയുടെ പിതാവ് സജി എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനി ജീവനക്കാരനാണെങ്കിലും അവധിദിനങ്ങളിൽ വീട്ടിലെത്തുമ്പോൾ നല്ലൊരു കർഷകനായി മാറും. സജിയുടെ മാതാപിതാക്കളായ കുര്യനും മേരിക്കുട്ടിയുമാകട്ടെ പരമ്പരാഗത കർഷകർ.

മലയോര മേഖലയിലെ പതിവു വിളകളായ കുരുമുളകും ജാതിയും തന്നെയാണ് തെക്കേക്കുറ്റു കുടുംബത്തിൻറെയും പാരമ്പര്യ വിളകൾ. ഇവയ്ക്കൊപ്പം ലെറ്റ്യൂസും ചൈനീസ് കാബേജും ബ്രെക്കോളിയും പോലുള്ള വിദേശികളെ കൂടെക്കൂട്ടിയത് പുതുതലമുറക്കാരി ശ്രദ്ധ.

വല്യമ്മയുടെ അടുക്കളത്തോട്ടമാണ് കുഞ്ഞു ശ്രദ്ധയുടെ മനസ്സിൽ കൃഷികൗതുകങ്ങൾ ഉണർത്തിയത്. പയറും പാവലും നിത്യവഴുതനയും നടാൻ ശ്രദ്ധയും വല്യമ്മച്ചിക്കൊപ്പം കൂടി. ശ്രദ്ധയുടെ സ്കൂളാകട്ടെ, സമീപവർഷങ്ങളിൽ കുട്ടികൾക്ക് കൃഷിയുടെ പ്രായോഗിക പാഠങ്ങൾ പകർന്നു നൽകുന്നതിൽ സവിശേഷ ശ്രദ്ധ വച്ചിരുന്നു.

സ്കൂൾ വളപ്പിലെ അരയേക്കറിലധികം സ്ഥലത്ത് അധ്യാപകനായ ഷിബു കുട്ടികളെക്കൂട്ടി കൃഷിക്കിറങ്ങിയപ്പോൾ സ്കൂൾ മാനേജർ ഫാ.ജോസഫ് പൗവ്വത്തും ഹെഡ്മാസ്റ്റർ ടോമി മൈക്കിളും സഹപ്രവർത്തകരും കൃഷിഭവനും ജില്ലാ കൃഷിവകുപ്പുമെല്ലാം പിന്തുണയുമായെത്തി. പ്ലാസ്റ്റിക് കുപ്പികളിൽവരെ പയറും പച്ചമുളകും പൂവിട്ടു. സമീപത്തെ നഴ്സറികളുമായി സഹകരിച്ച്‌ വിദ്യാർഥികൾക്കു ഗുണമേന്മയുള്ള പച്ചക്കറിവിത്തുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി. സ്കൂളിലെ വിളവെടുപ്പുകാലത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തിനു വിഭവങ്ങളും രുചിയുമേറി. അധ്വാനത്തിൻറെ പങ്ക് അനാഥാലയങ്ങൾക്കു നൽകി നന്മയുടെ നല്ല പാഠങ്ങളിലും കുട്ടികൾ മനസ്സിരുത്തി.

വല്യമ്മച്ചിയുടെ അടുക്കളത്തോട്ടവും സ്കൂളിലെ കൃഷിയറിവുകളും ചേർന്നപ്പോൾ ശ്രദ്ധയും രണ്ടുകൊല്ലം മുമ്പ് അടുക്കളത്തോട്ടത്തിൽ നാലഞ്ച് പയർവിത്തുകൾ പാകി. അവയൊക്കെയും മുളച്ചുയർന്ന് പൂവും കായുമായതോടെ കൗതുകം കാര്യമായി. അപ്പോഴേക്കും പച്ചക്കറി കൃഷിയെക്കുറിച്ചുള്ള കൈപ്പുസ്തകവും കർഷകശ്രീ മാസികയും ശ്രദ്ധയുടെ പാഠപുസ്തകങ്ങളുടെ കൂടെ സ്ഥിരതാമസമാക്കിയിരുന്നു. പയറിലും ചീരയിലും തുടങ്ങിയ കൃഷി കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, റാഡിഷ്, വെള്ളച്ചേമ്പ്, കറുത്ത ചേമ്പ്, മലയരയൻ ചേമ്പ്, പലയിനം പാവൽ, മാലിമുളക്, ബജിമുളക്, കാന്താരി, കാപ്സിക്കം, ഉള്ളി, സവാള, കടുക്, പെരുംജീരകം എന്നിങ്ങനെ ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്ന രീതിയിലേക്ക് വളർന്നു.

ഡിസ്പോസിബിൾ ഗ്ലാസിൽ ചകിരിച്ചോർ നിറച്ച്‌ അതിൽ വിത്തിട്ട് മുളപ്പിക്കുന്നതും രണ്ടില വിരിയുമ്പോൾ അതു ശ്രദ്ധാപൂർവം പറിച്ചെടുത്ത് നടീൽ മിശ്രിതം നിറച്ച ഗ്രോ ബാഗുകളിൽ നടുന്നതുമെല്ലാം ഈ കൊച്ചു പെൺകുട്ടിതന്നെ. കൂടുതൽ അധ്വാനമുള്ള ജോലികൾ വരുമ്പോൾ പിതാവു സജിയും മാതാവു സിജിയും വല്യപ്പച്ചനും വല്യമ്മച്ചിയും ഒപ്പം കൂടും. കുഞ്ഞനുജനും അനുജത്തിയും ചേച്ചിയുടെ കൃഷിയെ കൗതുകത്തോടെ കണ്ടു പഠിക്കും.

പുകയിലക്കഷായവും വെളുത്തുള്ളിക്കഷായവുമാണ് കീടങ്ങൾക്കെതിരെ ശ്രദ്ധയുടെ ജൈവായുധങ്ങൾ. ഒപ്പം ഗോമൂത്രവും ശീമക്കൊന്നയിലയും ചേർത്ത മിശ്രിതവും പ്രയോഗിക്കും. പയർപന്തലിനു കീഴെ ചിരട്ടക്കെണിയും ഒരുക്കിയിട്ടുണ്ട്. ശർക്കര ഇടിച്ചുപൊട്ടിച്ച്‌ വെള്ളത്തിൽ ലയിപ്പിച്ച്‌ അതിൽ കീടങ്ങളെ വീഴ്ത്താനുള്ള വിഷവസ്തു ചേർത്തിളക്കി പന്തലിൽ തൂക്കിയതോടെ പയറിൻറെ ശത്രുദോഷവും മാറി.

sradha-school അധ്യാപകനായ ഷിബു സാർ, കൂട്ടുകാർ എന്നിവരോടൊപ്പം സ്കൂളിൽ

ശ്രദ്ധയെപ്പോലെ കൃഷിയിൽ താൽപ്പര്യമുള്ള ഒട്ടേറെ കുട്ടികൾ സ്കൂളിലുണ്ടെന്ന് ഷിബു സാർ. കൃഷി കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഗുണപരമായ പങ്കു വഹിക്കുന്നുണ്ട്. അച്ചടക്കം, ഉത്തരവാദിത്തബോധം, സഹകരണ മനോഭാവം, സഹജീവി സ്നേഹം, പ്രകൃതിസ്നേഹം തുടങ്ങി ഒരുപിടി നന്മകൾ കുഞ്ഞുന്നാളിൽതന്നെ മനസ്സിലുറയ്ക്കാൻ കൃഷി പ്രയോജനപ്പെടുമെന്ന് ഷിബുസാർ ഓർമിപ്പിക്കുന്നു.

ഫോൺ: 9496036190 

Your Rating: