കണ്ടാൽ മതി വയറു നിറയും

പുതിയറ സഹകരണ ഭവനു മുന്നിൽ ജീവനക്കാർ തയാറാക്കിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പിൽ നിന്ന്. ചിത്രം : മനോരമ

മൂത്തു പഴുത്ത തക്കാളിയും വിളഞ്ഞ വഴുതിനയും എരിവേറിയ പച്ചമുളകും സമൃദ്ധമായുണ്ടായ കോഴിക്കോട് പുതിയറ സഹകരണ ഭവൻ മുറ്റത്തെ പച്ചക്കറിത്തോട്ടം കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു. സഹകരണ ഭവനിലെ ജീവനക്കാരാണ് മാതൃകാ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. അവർക്കു കൈത്താങ്ങായി സെയ്‌വ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഒപ്പമുണ്ട്. സൊസൈറ്റിയുടെ ജൈവ ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രോ ബാഗുകളി‍ൽ തുള്ളി നന സംവിധാനത്തോടെ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയത്.

സഹകരണ ഭവൻ ജീവനക്കാരുടെ കൂട്ടായ്മയായ സഹകരണ ആർട്സ് ആൻഡ് റിക്രിയേഷൻ ക്ലബ് (സാർക്) ആണു കൃഷിക്കു നേതൃത്വം നൽകുന്നത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൈവകൃഷിയിലൂടെ ശുദ്ധമായ പച്ചക്കറി ഉൽപാദനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി. 120 ഗ്രോ ബാഗുകളിലാണ് ഇപ്പോൾ തക്കാളിയും വഴുതിനയും പച്ചമുളകും കായ്ച്ചു നിൽക്കുന്നത്. ഡിസംബർ 17നാണ് തൈ നടൽ നടത്തിയത്.

ഇത്തരത്തിൽ നഗരത്തിൽ വീടുകളിലും ഫ്ലാറ്റുകളിലുമായി സെയ്‌വ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവ ഭവനം പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇപ്പോൾ നൂറ്റൻപതിലേറെ സ്ഥലത്ത് കൃഷി നടക്കുന്നു. ഇതിൽ താൽപര്യമുള്ള വീട്ടുകാരും സ്ഥാപനങ്ങളും പാവമണി റോഡിലെ സെയ്‌വ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസിൽ ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക്: 9037400391