ജാതി കായ്ഫലം കുറവ്

ജാതി

ചോദ്യം ഉത്തരംവിളകൾ

Q. എന്റെ പുരയിടത്തിൽ പത്തു വര്‍ഷത്തിനുമേൽ പ്രായമുള്ള ജാതിമരമുണ്ട്. വർഷംതോറും പൂവിടും, എന്നാൽ കായ്ക്കുന്നില്ല. എന്താണു കാരണം.

ഉമ്മർകുട്ടി പനച്ചിക്കൽ, വടുതല ജെട്ടി, അരൂക്കുറ്റി.

വർഷം പത്തു കഴിഞ്ഞു, വളർച്ച തൃപ്തികരം, പൂവിടുന്നു, കായ്കൾ ഉണ്ടാകുന്നില്ല. എങ്കിൽ ആൺവൃക്ഷം ആകാനാണ് സാധ്യത. കായ്ക്കുന്നതു പെൺവൃക്ഷം മാത്രമാണെന്ന് അറിയാമല്ലോ.

ജാതിയുടെ വംശവർധനയ്ക്കു മുമ്പു സാധാരണ ഉപയോഗിച്ചിരുന്നത് വിത്തിട്ടു മുളപ്പിച്ച തൈകളാണ്. ആണോ പെണ്ണോ എന്നു മുൻകൂട്ടി അറിയാൻ പറ്റില്ലെന്നതാണ് ഇതിന്റെ പോരായ്മ. അതിനാൽ പെൺവൃക്ഷമാണെന്ന് ഉറപ്പാക്കാൻ ഇപ്പോൾ ഗ്രാഫ്റ്റ് തൈകള്‍ നടുന്നതാണ് പതിവ്.

താങ്കൾ നട്ടത് ഏതു തരം തൈയാണെന്നു പറഞ്ഞിട്ടില്ല. വിത്തു കിളിർപ്പിച്ചുള്ളതെങ്കിൽ പൂവിടുന്നുണ്ടെങ്കിലും കായ്ക്കുന്നില്ലെങ്കിൽ ആണ്‍ചെടിയാണ്.

ആൺവൃക്ഷത്തെ പെണ്‍വൃക്ഷമാക്കാനുള്ള വിദ്യകൾ ഇന്നു പ്രചാരത്തിലുണ്ട്. പെൺവൃക്ഷത്തിന്റെ മുകുളം ഇതിലേക്കു വച്ചുപിടിപ്പിക്കുകയോ ശിഖരവുമായി ഒട്ടിച്ചെടുക്കുകയോ ചെയ്യാം. ഇതിനു പരിചയസമ്പന്നരായ വിദഗ്ധ തൊഴിലാളികളുടെ സേവനം തേടണം. പുതിയതായി ഒട്ടിക്കുന്നത് പെൺവൃക്ഷത്തിന്റെ ഭാഗംതന്നെയെന്ന് ഉറപ്പാക്കണം.

നല്ല നാടൻ മാവിനം

Q. കോട്ടയം ജില്ലയിൽ നടാൻ പറ്റിയ, നല്ല കായ്ഫലം തരുന്ന നാടൻ മാവിനങ്ങൾ ഏതൊക്കെ.

ടോമി മാത്യു, കാണക്കാരി.

ഇനം ഒന്നെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന എല്ലാ നാട്ടുമാവുകളും കോട്ടയം ജില്ലയിലെ കൃഷിക്കു യോജ്യമാണ്. നന്നായി വളരും, കായ്ക്കും, പച്ചയായും, പഴമായും ഉപയോഗിക്കാം.

ചന്ത്രക്കാരൻ: ഈമ്പി കുടിക്കാനും ചോറിൽ പിഴിഞ്ഞുകൂട്ടാനും നന്ന്.

കടുക്കാച്ചി: വലുപ്പം കുറവ്.

ചകിരിയൻ: നാരധികം

മുട്ടിക്കുടിയൻ: പച്ചടി, പുളിശേരി തുടങ്ങിയ കറികളിൽ ചേർത്തു കഴിക്കാം.

മൂവാണ്ടൻ, മൈലാപ്പൂവൻ, കപ്പമാങ്ങ, കോട്ടമാങ്ങ, ഗോമാങ്ങ, ഒളോർ (കോഴിക്കോട്), പ്രിയോർ (തൃശൂർ), കാട്ടായിക്കോണം (തിരുവനന്തപുരം) എന്നിവയും നല്ല നാടൻ ഇനങ്ങളാണ്.

നാടൻ ഇനങ്ങളുടെ ഒട്ടുതൈകൾ നല്ല നഴ്സറികളിൽ വിൽപനയ്ക്കുണ്ടാകാം. ഇവ തൈ പ്രായത്തിലേ കായ്ക്കും, വിളവെടുപ്പ് അനായാസം, കുറഞ്ഞ സ്ഥലത്തു കൂടുതൽ എണ്ണം നട്ടുവളർത്താം.

വിത്തുതേങ്ങ സംഭരിക്കൽ

Q. കേരളത്തിൽ വിത്തുതേങ്ങ സംഭരിക്കാൻ പറ്റിയ സമയമേത്.

കുര്യൻ മാത്യു, ഇടപ്പാവൂർ.

വിത്തുതേങ്ങ സംഭരിക്കാൻ പറ്റിയതു ഫെബ്രുവരി മുതൽ മേയ് വരെയുളള കാലമാണ്. ഈ കാലത്തു തേങ്ങയ്ക്കു നല്ല വലുപ്പവും കൊപ്രയ്ക്കു താരതമ്യേന കൂടുതൽ ഭാരവും ഉണ്ടായിരിക്കും. ഇത്തരം വിത്തുതേങ്ങ വേഗം മുളയ്ക്കും, കരുത്തുള്ളതുമായിരിക്കും.

കുമ്മായവും ചാണകപ്പൊടിയും

Q. കുമ്മായവും ചാണകപ്പൊടിയും ഒന്നിച്ച് ഉപയോഗിക്കാമോ.

കെ. രാജശേഖരൻ, കൊരട്ടി.

ഓരോന്നും പ്രത്യേകം ഉപയോഗിക്കുക. ഒന്ന് ഉപയോഗിച്ചു രണ്ടാഴ്ച കഴിഞ്ഞാൽ അടുത്തത് ഉപയോഗിക്കാം.

കമുകിനു മഞ്ഞളിപ്പ്

Q. എന്റെ തോട്ടത്തിലെ കമുകുകൾക്കു മഞ്ഞളിപ്പുരോഗം പടരുന്നു. ഇതിനു പരിഹാരമെന്ത്.

എം. രാധാകൃഷ്ണൻ നായർ, മങ്ങാരത്ത്, വട്ടുകുളം, എടപ്പാൾ.

കമുകിനെ ബാധിക്കുന്ന ഈ ഗുരുതര രോഗം എല്ലാ ജില്ലകളിലും കാണുന്നു. രോഗബാധയേറ്റാൽ മൂന്നു വർഷംകൊണ്ടു നഷ്ടം 50 ശതമാനത്തിലേറെയാകാം.

എല്ലാ പ്രായത്തിലും ഈ രോഗം വരാം. തുടക്കത്തിൽ ഓലത്തുമ്പുകൾ ഉണങ്ങുന്നു. തുടർന്ന് ഈർക്കിലൊഴികെ ഓലയുടെ എല്ലാ ഭാഗങ്ങളും മുഴുവനായി കരിയും. മൂപ്പാകുന്നതും മൂപ്പായതുമായ അടയ്ക്കകൾ കൊഴിയുന്നു. ഓലകൾ പൊഴിഞ്ഞു മണ്ട ശൂന്യമാകുന്നു. വേരുചീയലും രോഗലക്ഷണമാണ്.

‍‘മൈക്കോ പ്ലാസ്മ’ മാതിരിയുള്ള അണുക്കളാണു രോഗഹേതുവെന്നാണു ശാസ്ത്ര നിരീക്ഷണം. രോഗം പരത്തുന്നത് ഒരിനം ഇലച്ചാടിയാണ്. താങ്കളുടെ തോട്ടത്തിൽ രോഗാരംഭമായതിനാൽ നിയന്ത്രണോപാധികൾ ഉടൻ കൈക്കൊള്ളുക. ഒപ്പം തോട്ടം നന്നായി സംരക്ഷിക്കുക, വളപ്രയോഗം, സസ്യസംരക്ഷണം തുടങ്ങി എല്ലാ കൃഷിപ്പണികളും ശാസ്ത്രീയ ശുപാർശപ്രകാരം നടത്തുക. തോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കുക.

രാസവളപ്രയോഗം വർഷത്തിൽ രണ്ടു തവണ ഒരു മരത്തിന് 100 : 40 : 140 ഗ്രാം എന്ന തോതിൽ സെപ്റ്റംബർ, ഒക്ടോബർ, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുക. രോഗബാധയേറ്റ മരങ്ങൾക്ക് അധികമായി റോക്ഫോസ്ഫേറ്റ് 160 ഗ്രാം എന്ന തോതിൽ ചേർക്കുക.

ജൂൺ–ജൂലൈ മാസങ്ങളിൽ രണ്ടു മൂന്നു വർഷം കൂടുമ്പോൾ മരമൊന്നിന് കുമ്മായം 500 ഗ്രാം എന്ന തോതിൽ ഇടണം. വർഷംതോറും മരമൊന്നിന് 15 കിലോ അളവിൽ കാലിവളം / കമ്പോസ്റ്റ് / പച്ചിലവളങ്ങൾ ചേർക്കുക. മരമൊന്നിനു 100 ഗ്രാം വീതം മഗ്നീഷ്യവും സൂക്ഷ്മമൂലക മിശ്രിതങ്ങളും ചേർക്കുക.

വേനലിൽ നനയ്ക്കുക. തോട്ടത്തിൽ ഈർപ്പം കൂടാനോ വെള്ളം കെട്ടിനിൽക്കാനോ ഇടയാക്കരുത്. തോട്ടത്തിൽ ആവരണ വിളകൾ വളർത്തി ഉഴുത് മണ്ണിൽ ചേർക്കുക.

രക്ഷപ്പെടുത്താനാകാത്ത മരങ്ങൾ വെട്ടി നശിപ്പിക്കുക.

പകരം വിളവു ശേഷി കൂടിയതും പ്രാദേശികമായി ലഭിക്കുന്നതുമായ ഇനങ്ങൾ നടുക.

രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാൻ റോഗർ / ഡൈമീതോവേറ്റ് 30 ഇ.സി. 1.5 മില്ലി ഒരു ലീറ്റർ വെള്ളം എന്ന തോതിൽ ചേർത്തു തളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട്– അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റുമായി ബന്ധപ്പെടുക.

ഫോൺ: 0495 - 2369877

പപ്പായയുടെ വംശവർധന‌‌‌

പപ്പായ

Q. പപ്പായയുടെ തൈകൾ തയാറാക്കുന്നത് എങ്ങനെ. വിത്ത് എടുത്താലുടൻ പാകാമോ. അതോ മറ്റു വിത്തുകൾപോലെ ഉണക്കി സൂക്ഷിച്ചു പിന്നീടു പാകി കിളിർപ്പിച്ചാൽ മതിയോ.

തങ്കച്ചൻ കുളനട, പത്തനംതിട്ട.

പപ്പായ തൈകൾ ഉൽപാദിപ്പിക്കുന്നത് വിത്തു കിളിർപ്പിച്ചാണ്. പഴുത്തു പാകമായ കായ്കളിൽനിന്നു വിത്തു ശേഖരിച്ച് ഉണങ്ങുന്നതിനു മുമ്പു കഴിവതും നേരത്തേ പാകുകയാണു വേണ്ടത്.

ഫെബ്രുവരി–മാർച്ച് മാസങ്ങളിലാണു പപ്പായ വിത്തുകൾ നഴ്സറികളിൽ പാകി കിളിർപ്പിച്ചു തൈകൾ തയാറാക്കുന്നത്. തിരഞ്ഞെടുത്ത വിത്തുകൾ പാകേണ്ടതു വാരങ്ങൾ എടുത്താണ്. രണ്ടു മീറ്റർ നീളം, ഒരു മീറ്റർ വീതി, 15 സെ.മീ ഉയരമുള്ളതാകണം വാരം. കൂടാതെ, പോളിത്തീൻ ബാഗുകളിൽ പോട്ടിങ് മിശ്രിതത്തിൽ വിത്തു പാകി കിളിർപ്പിക്കാം.

വാരമെടുത്ത് മണൽ, ഉണങ്ങിയ കാലിവളം എന്നിവ നിരത്തിയശേഷം വേണം വിത്തു പാകാൻ. പാകേണ്ടത് 2–3 സെ.മീ താഴ്ചയിലാകണം. വിത്തുനിരകൾ തമ്മിൽ 15 സെ.മീറ്ററും വിത്തുകൾ തമ്മിൽ അഞ്ചു സെ.മീറ്ററും അകലം നൽകണം.

വാണിജ്യകൃഷിക്ക് ഒരു ഹെക്ടർ സ്ഥലത്തേക്ക് 250 ഗ്രാം വിത്തു വേണ്ടിവരും. മഴയുടെ അഭാവത്തിൽ മതിയായ അളവിൽ നനയ്ക്കണം.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്

കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in