ഏപ്രിലെ കൃഷിപ്പണികൾ: തെങ്ങിനു നന തുടരണം

നാലു ദിവസത്തിൽ 300 ലീറ്റർ വെള്ളം നൽകുക. അല്ലെങ്കിൽ 400-800 ലീറ്റർ വെള്ളം 5–10 ദിവസം ഇടവേളയിൽ മണ്ണിന്റെ ഘടന അനുസരിച്ച്. മണലിന്റെ അംശം കൂടിയ മണ്ണിൽ കുറഞ്ഞ അളവും കുറഞ്ഞ ഇടവേളയും. കളിമണ്ണിന്റെ അംശം കൂടിയ മണ്ണിൽ കൂടിയ അളവും കൂടിയ ഇടവേളയും. തുള്ളിനനയ്ക്ക് 50– 75 ലീറ്റർ ദിവസവും. കനത്ത മഴ കിട്ടുന്നെങ്കിൽ ഈ മാസം അവസാനം തടം തുരന്ന് ഓരോ കിലോ കുമ്മായം ചേർക്കണം. മഴ കിട്ടുന്നില്ലെങ്കിൽ തടം തുരക്കരുത്.

വായിക്കാം ഇ - കർഷകശ്രീ

ചെറുതെങ്ങുകളുടെ തടിയിൽ ചെമ്പൻചെല്ലിയുടെ സുഷിരങ്ങൾ ശ്രദ്ധിക്കുക. അതിലൂടെ ചണ്ടിയും പുറത്തുവരുന്നതു കാണാം. സുഷിരങ്ങൾ കളിമണ്ണുകൊണ്ട് അടച്ച് ഏറ്റവും മുകളിലത്തെ സുഷിരത്തിലൂടെ 4 മി.ലീ ഇക്കാലക്സ് രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. തുടർന്ന് ആ സുഷിരവും അടയ്ക്കുക. ചെല്ലിയുടെ ഉപദ്രവമേറ്റു മണ്ട മറിഞ്ഞ തെങ്ങുകൾ മുറിച്ചു കത്തിക്കുക.

ഓലചീയൽ രോഗം ശ്രദ്ധിക്കുക. ഇതു കുമിൾരോഗമാണ്. ഈ കുമിളുകൾ തുറക്കാത്ത കൂമ്പോലകളെ ആക്രമിച്ച് അഴുകൽ ഉണ്ടാക്കും. ഇത്തരം കൂമ്പോലകൾ തുറക്കുമ്പോൾ അഴുകിയ ഭാഗങ്ങൾ ഉണങ്ങി കാറ്റത്തു പറന്നുപോകും. ഓലയുടെ ബാക്കി ഭാഗം കുറ്റിയായി നിൽക്കും. കഴിയുമെങ്കിൽ കൂമ്പോലയുടെയും അതിനോടു ചേർന്നുള്ള രണ്ടുമൂന്ന് ഓലകളുടെയും ചീഞ്ഞ ഭാഗങ്ങൾ മുറിച്ചു മാറ്റുക. കൊണ്ടാഫ് രണ്ടു മി.ലീ. അല്ലെങ്കിൽ ഡൈത്തേൻ എം. 45 മൂന്നു ഗ്രാം എന്നിവയിലൊന്ന് 300 മി.ലീ. വെള്ളത്തിൽ കലക്കി നാമ്പോലകളുടെ ചുറ്റും ഒഴിക്കുക. ഏപ്രിൽ– മേയ് മാസം ഇതു ചെയ്യുക. കൂടാതെ, ഈ മാസങ്ങളൊന്നിൽ ബോർഡോ മിശ്രിതമോ നാലു ഗ്രാം ഡൈത്തേൻ എം. 45 ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ലായനി ഉണ്ടാക്കിയോ സ്പ്രേ ചെയ്യണം.

നെല്ല്

ഈ മാസം കനത്ത മഴ കിട്ടിയാൽ വിഷു കഴിഞ്ഞു പൊടിവിത നടത്തുന്നതാണു പതിവ്. ഏക്കറിന് 120 കിലോ കുമ്മായം വിതറി ഉഴുത് കട്ടകൾ ഉടയ്ക്കുന്നു. ഏക്കറിനു രണ്ടു ടൺ കാലിവളവും ചേർക്കണം.

വിത്തു വിതയ്ക്കുകയോ, നുരിയിടുകയോ സീഡ് ഡ്രിൽ ഉപയോഗിച്ചു വരിവരിയായി നിക്ഷേപിക്കുകയോ ചെയ്യാം. ആവശ്യത്തിന് ചുവടുണ്ടാകുന്നതു വിളവു കൂടാൻ ഉപകരിക്കും.

ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽപാടങ്ങളിൽ ജ്യോതി, ഓണം, കാഞ്ചന, കാർത്തിക, മകം, മട്ടത്രിവേണി, അഹല്യ, കനകം, വർഷ, കുഞ്ഞുകുഞ്ഞ് എന്നിവയിലൊരു മൂപ്പു കുറഞ്ഞയിനം വിതയ്ക്കാം. ഇടത്തരം മൂപ്പാണെങ്കിൽ ഐശ്വര്യ, പവിഴം, ഉമ, ഗൗരി എന്നിവയാകാം. മണലിന്റെ അംശം കൂടിയ ഓണാട്ടുകര നിലങ്ങളിൽ പിടിബി 23, ജയ, കാർത്തിക, പവിഴം, രമ്യ, കനകം, ചുവന്ന ത്രിവേണി, മകം, ഓണം, ചിങ്ങം എന്നിവ യോജിക്കും. ഓണാട്ടുകരയ്ക്കുവേണ്ടി പ്രത്യേകം വികസിപ്പിച്ച ഇനമാണ് ചിങ്ങം. ഇതു തുടക്കത്തിൽ ഉണക്കിനെയും അവസാന കാലത്ത് വെള്ളക്കെട്ടിനെയും ചെറുക്കും. മൂപ്പ് 100 ദിവസം.

പാലക്കാടൻ നിലങ്ങളില്‍ ആലത്തൂർ താലൂക്കിൽ മട്ടത്രിവേണി, അഹല്യ, കാഞ്ചന, വർഷ, ഉമ എന്നിവ നന്നാകും. വടക്കാഞ്ചേരിയിൽ കാഞ്ചന, വർഷ, ജ്യോതി, ഉമ എന്നിവ നന്നാകും. കൊല്ലങ്കോട് ജ്യോതി, വർഷ, ഐശ്വര്യ, പഞ്ചമി, കരിഷ്മ, ഉമ എന്നിവയും ചിറ്റൂരിൽ ജ്യോതി, ഐശ്വര്യ, പഞ്ചമി, വർഷ, ഉമ എന്നിവയും യോജിക്കും. വിരിപ്പിൽ കനത്ത വിളവു ലഭിക്കുന്നതിന് 115– 125 ദിവസം മൂപ്പുള്ള ഇനങ്ങൾ ഉപയോഗിക്കാം. ഉമയ്ക്ക് 125 ദിവസം മൂപ്പ് (വിവരങ്ങൾക്ക്: മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം 0477 – 2702245, പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം: 0466–2212228)

ബാവിസ്റ്റിൻ രണ്ടു ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതിൽ വിത്തുമായി കലർത്തി വിതച്ചാൽ ചെറുപ്രായത്തിൽ പുള്ളിക്കുത്ത് ഉണ്ടാകുന്നതു തടയാം. ജൈവകൃഷിയാണെങ്കിൽ സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോ വിത്തിന് എന്ന കണക്കിന് വിത്തുമായി കഞ്ഞിവെള്ളം ഉപയോഗിച്ച് ഒട്ടിപ്പിടിപ്പിക്കാം. വിരിപ്പിന് അടിവളം ചേർക്കേണ്ട അളവ് പട്ടികയിൽ (അളവ് ഒരേക്കറിന്).

ഇടത്തരം മൂപ്പുള്ള ഇനങ്ങൾ 20X15 സെ.മീ. അകലത്തിലും മൂപ്പു കുറഞ്ഞവ 15X10 സെ.മീ അകലത്തിലും നുരിയിടുക. മൂപ്പുള്ളവയ്ക്ക് ഒരു ച.മീറ്ററിൽ 33 നുരികളും മൂപ്പു കുറഞ്ഞതിന് 66 നുരികളും വേണം. വിത്തു വിതയ്ക്കുകയാണെങ്കിൽ ഏക്കറിന് 35 കിലോ മതി. നുരിയിടുകയാണെങ്കിൽ 32 കിലോയും.

കശുമാവ്

പുതിയ തോട്ടങ്ങൾക്കു സ്ഥലം ഒരുക്കുക. വൈകി കായ്ക്കുന്ന ഇനങ്ങൾ നടരുത്. പുതിയ തോട്ടങ്ങൾ പിടിപ്പിക്കുമ്പോൾ ഫെബ്രുവരി അവസാനത്തോടെ വിളവെടുപ്പു തീരുന്ന ഇനങ്ങൾ നടുക. മണ്ണിന്റെ വളക്കൂറനുസരിച്ച് അകലം 7.5 മീ. മുതൽ 9 മീ വരെ. ഒട്ടുതൈകൾ തുടക്കത്തിൽ 4 മീ. X 4 മീ. അകലത്തില്‍ നടാം. നട്ട് അഞ്ചു വർഷം കഴിഞ്ഞു തൈകൾ തിങ്ങുമ്പോൾ അകലം ക്രമീകരിച്ച് 8X8 മീറ്ററാക്കാം. പ്രിയങ്ക, ധരശ്രീ, സുലഭ, അനഘ, അക്ഷയ, രാഘവ് എന്നിവ മികച്ചയിനങ്ങൾ. പുതിയ ഇനങ്ങൾക്ക് കശുമാവു ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ആനക്കയം-മലപ്പുറം (0483 –2848239), മാടക്കത്തറ-തൃശൂർ (0487 – 2370339).

കമുക്

നന 4–5 ദിവസം ഇടവിട്ട് 150–175 ലീറ്റർ വീതം. നനയില്ലാത്ത കമുകിന് നല്ല തോതിൽ മഴ കിട്ടുകയാണെങ്കിൽ ഈ മാസം അവസാനം വളം ചേർക്കാം. നാടൻ കമുകിന് 100 ഗ്രാം യൂറിയ, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, ഉൽപാദനശേഷി കൂടിയ ഇനങ്ങൾക്ക് ഈ വളങ്ങൾ യഥാക്രമം 165, 150, 175 ഗ്രാം വീതം. ഒരു വർഷം പ്രായമായ തൈയ്ക്ക് ഈ അളവിന്റെ മൂന്നിലൊന്നും രണ്ടു വർഷമായതിന് മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ മുഴുവൻ അളവും ചേർക്കാം. തടത്തിൽ തളം വിതറി മുപ്പല്ലികൊണ്ട് കൊത്തിച്ചേർക്കുക.

കുരുമുളക്

കുരുമുളകുവള്ളി നടുന്നതിനു തയാറെടുപ്പു തുടങ്ങാം. മഴ കിട്ടിയാൽ താങ്ങുകാലുകൾ നടാം. നടാനുള്ള കാലിന്റെ ചുവടുവണ്ണത്തിനൊപ്പം മാത്രം വായ്‌വട്ടമുള്ള കുഴികൾ എടുക്കുക. കാലുകൾ നട്ട് മണ്ണിട്ടു ചവിട്ടി ഉറപ്പിക്കുക. നിരപ്പുള്ള സ്ഥലത്ത് കാലുകൾ തമ്മിൽ 3X3 മീറ്ററും ചെരിവുള്ളിടത്ത് ചെരിവിനു കുറുകെ നാലു മീറ്ററും അകലത്തിൽ നിരയെടുക്കുക. നിരയിൽ കുഴികൾ തമ്മിൽ രണ്ടു മീറ്റർ അകലം മതി.

ഇഞ്ചി

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്ച് (ഫോൺ: 0495 – 2730294, 0496 – 2249371) എന്ന സ്ഥാപനത്തില്‍നിന്നുള്ള വരദ, രജത, മഹിമ എന്നിവ ചുക്കിനു മുന്തിയ ഇനങ്ങളാണ്. പച്ചയിഞ്ചി വിഭാഗത്തിൽപ്പെട്ടവയാണ് റയോഡി ജനറോ, ചൈന, വയനാട് ലോക്കൽ.

ഒരു മീറ്റർ വീതിയിൽ ‌സൗകര്യപ്രദമായ നീളത്തിൽ ചെരിവിനു കുറുകെ വാരങ്ങളെടുത്താണ് ഇഞ്ചി നടുക. തടങ്ങൾ തമ്മിൽ ഇടയകലം 40 സെ.മീ. അടിവളമായി ഏക്കറിന് 100 കിലോ റോക്ക് ഫോസ്ഫേറ്റ്, 17 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കണം. വാരങ്ങൾക്ക് 25 സെ.മീ ഉയരമുണ്ടാകണം. തടങ്ങൾ നിരപ്പാക്കി 25 സെ.മീ അകലത്തിൽ ചെറുകുഴികളെടുത്ത് ഒരു മുകുളമെങ്കിലുമുള്ള വിത്തിഞ്ചിയുടെ ഓരോ കഷണം ഓരോ കുഴിയിലും നടുക. ഒരു കഷണത്തിന് 15 ഗ്രാം തൂക്കം എന്നാണു കണക്ക്. നടുമ്പോൾ ട്രൈക്കോഡേർമ, സ്യൂഡോമോണാസ് കൾച്ചറുകൾ ചേര്‍ക്കുക. അതോടൊപ്പം കിട്ടുന്ന ലഘുലേഖയിൽ അളവും ഉപയോഗരീതിയും കാണാം. നട്ടശേഷം കുഴികളിൽ ചാണകപ്പൊടി നിറയ്ക്കുക. അതിനു മുകളിൽ മുക്കാലിഞ്ച് കനത്തിൽ മണ്ണ് നിരത്തുക. തുടർന്നു പച്ചിലകൊണ്ട് പുതയിടണം. തടത്തിൽ ചൂടേൽക്കാതിരിക്കാനും മണ്ണൊലിപ്പു തടയാനും മണ്ണിന്റെ ജൈവാംശം കൂട്ടാനും ഇതുപകരിക്കും.

ഏലം

നഴ്സറികളിൽ കളയെടുപ്പ്, നന, സസ്യസംരക്ഷണം എന്നിവ നടത്തുക. വേരുപുഴു, ഏലപ്പേൻ എന്നിവയ്ക്കെതിരേ മുൻകരുതലെടുക്കുക. വെള്ളം നല്ല മർദത്തിൽ തളിച്ചാൽ കുരുടിപ്പ്, ഇലയുടെ മാർദവം നഷ്ടപ്പെടുത്തി അരികു വളയൽ മുതലായ കേടുകൾ വരുത്തുന്ന ചെറുകീടങ്ങളായ ജാസി‍ഡ്, വെള്ളീച്ച എന്നിവ നശിക്കും. വെളുത്തുള്ളി– വേപ്പെണ്ണ–സോപ്പു മിശ്രിതം പോലുള്ള ജൈവകീടനാശിനികൾ ഏലത്തിന്റെ കീടങ്ങൾക്കെതിരേ പ്രയോഗിക്കാം.

മഞ്ഞൾ

മഞ്ഞൾ നടുന്നതിന് ഈ മാസം ഉചിതം. സുഗുണ, പ്രഭ, പ്രതിഭ, കാന്തി, ശോഭ, സോണ, വർണ എന്നിവ മികച്ചയിനങ്ങളാണ്. പുതിയ ഇനങ്ങളെപ്പറ്റി അറിയുന്നതിനും വിത്തിനും ബന്ധപ്പെടുക. ഐഐഎസ്ആര്‍, കോഴിക്കോട് 0495 – 2730294 പ്ലാന്റേഷൻ ക്രോപ്സ് ഡിപ്പാർട്ട്മെന്റ്, ഹോർട്ടികൾച്ചർ കോളജ് വെള്ളാനിക്കര, തൃശൂർ (ഫോണ്‍: 0487 – 2438361). തടത്തിന് 1.2 മീ. വീതിയും 3 മീ. നീളവും 25 സെ.മീ ഉയരവുമാകാം.

റബർ: പുതുകൃഷിക്കു തയാറെടുക്കാം

പുതുകൃഷിക്കും ആവർത്തനക്കൃഷിക്കും തയാറെടുക്കാം. നിരയെടുക്കൽ, കുഴികളുടെ സ്ഥാനം അടയാളപ്പെടുത്തൽ എന്നീ പണികൾ തീർക്കുക. മഴ കിട്ടുന്നതോടെ കുഴികളെടുക്കാം. ചെരിവുള്ള സ്ഥലങ്ങളിൽ കൊണ്ടൂർ രീതിയിൽ നിരകളെടുക്കുന്നത് ഉചിതം. മണ്ണുസംരക്ഷണത്തിന് ഇടക്കയ്യാലകളും നിരപ്പുതട്ടുകളും കൊണ്ടൂർ ബണ്ടുകളും തയാറാക്കാം. ഏക്കറിൽ 180–200 തൈകളിലധികം നടാൻ പാടില്ല. മഴ കിട്ടുന്നതോടെ നഴ്സറികളിലെ തൈകൾ ബഡ് ചെയ്യാം.

വിലാസം: കേരള കാർഷിക സർവകലാശാല പ്രഫസർ (റിട്ട). ഫോൺ: 9495054446