റബറിൽ വെട്ടുപട്ട ചെരിഞ്ഞു വേണം

റബർമരത്തിൽ വെട്ടുചാലിനു ചെരിവു നൽകുന്നത് ടാപ്പു ചെയ്യുമ്പോൾ കറ പട്ടയുടെ പുറത്തുകൂടി തൂവി ഒട്ടും നഷ്ടപ്പെടാതെ ചിരട്ടയിൽത്തന്നെ വീഴ്ത്തുന്നതിനാണ്. ബഡ്ഡുമരങ്ങളിൽ 30 ഡിഗ്രി ചെരിവും ബീജമരങ്ങളിൽ 25 ഡിഗ്രി ചെരിവുമാണു ശുപാർശ ചെയ്തിരിക്കുന്നത്. ഈ വ്യത്യാസത്തിനു കാരണം പട്ടയുടെ കനമാണ്. അതായത് വിത്തുമരങ്ങളുടെ പട്ടയ്ക്കു കനം കൂടുതലുള്ളതിനാല്‍ ചെരിവ് അൽപം കുറവു മതി. പക്ഷേ, കറയൊഴുക്കിന്റെ സൗകര്യത്തിനു കൂടുതൽ ചെരിവു നൽകിയാൽ മുൻകാന പെട്ടെന്നുതന്നെ തറനിരപ്പിലെത്തുകയും ത്രികോണാകൃതിയിൽ കുറേ പട്ട ടാപ്പു ചെയ്യാൻ പറ്റാതെ നഷ്ടപ്പെടുകയും ചെയ്യും.

ചെരിവിന്റെ ദിശ നിർണയിച്ചിരിക്കുന്നത് പാൽക്കുഴൽ എപ്രകാരം സ്ഥിതിചെയ്തിരിക്കുന്നു എന്നതിനെ കണക്കിലെടുത്താണ്. പട്ടയ്ക്കുള്ളിൽ പാൽക്കുഴലുകൾ ഇടത്തു താഴെനിന്നും വലത്തു മുകളിലേക്ക് ഏതാണ്ട് രണ്ടു മുതൽ ഏഴു ഡിഗ്രിവരെ ചെരിഞ്ഞാണുള്ളത്. പാൽക്കുഴലുകൾ കൂടുതലായി മുറിയാൻ ഇതിന് അനുസൃതമായി ചെരിച്ചുള്ള വെട്ട് ഉപകരിക്കുന്നു.