സൂപ്പർഫാസ്റ്റ് നെല്ലിനങ്ങൾ

Representative image

പ്രതികൂലമായ കാലാവസ്ഥ, മറ്റു പരിസ്ഥിതി ഘടകങ്ങൾ എന്നിവയെ തരണം ചെയ്ത് പെട്ടെന്നുള്ള വളർച്ച, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ജനിതകശേഷി, മൂപ്പുകുറവ്, വിളവുശേഷി കൂടുതൽ എന്നീ ഗുണങ്ങളോടെയുള്ള ഇനങ്ങൾ ശാസ്ത്രസാങ്കേതിക ഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിച്ചെടുക്കാനായിട്ടുണ്ട്. ഇത്തരം ഇനങ്ങൾ സൂപ്പർഫാസ്റ്റ് ഇനങ്ങൾ എന്ന പേരിലറിയപ്പെടുന്നു.

കേരളത്തിൽ നെൽക്കൃഷിസ്ഥലത്തിന്റെ വിസ്തീർണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഉൽപാദനം വര്‍ധിപ്പിക്കാൻ സഹായകമായ നിർദേശങ്ങൾ താഴെക്കുറിക്കുന്നു:

∙ നെൽക്കൃഷിക്കു യോഗ്യമായ സ്ഥലത്തു മുഴുവൻ കൃഷിയിറക്കുക.

∙ ഒരുപ്പൂനിലങ്ങള്‍ ഇരുപ്പൂവാക്കുകയും ഇരുപ്പൂനിലങ്ങൾ മുപ്പൂവാക്കുകയും ചെയ്യുക.

∙ ഓരോ പ്രദേശത്തിനും യോജിച്ച വിളവുശേഷി കൂടിയ വിത്തിനങ്ങൾ കണ്ടെത്തുകയും അവ യഥാസമയം കൃഷിയിറക്കുന്നതിനു വേണ്ടത്ര അളവിൽ ലഭ്യമാക്കുകയും ചെയ്യുക.

∙ ഉൽപാദന വർധനവിനു പര്യാപ്തമെന്നു പരീക്ഷിച്ചറിഞ്ഞിട്ടുള്ള കൃഷിരീതികളെക്കുറിച്ചു ബോധവൽക്കരണം നടത്തുക.

∙ ജലസേചനം വേണ്ടയിടങ്ങളിൽ അതിനുള്ള സാധ്യത കണ്ടെത്തുക.

∙ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തുക.

∙ സംയോജിത കീടരോഗനിയന്ത്രണം പരിസ്ഥിതി മൈത്രിയോടെ ഉൽപന്നങ്ങളിൽ അവശിഷ്ട വിഷവീര്യം വരാതെ നടപ്പിലാക്കുക.

∙ വിളപരിക്രമത്തിലൂടെ മണ്ണിന്റെ ഉൽപാദനക്ഷമത നിലനിർത്തുക.

∙ യന്ത്രവൽകൃത കൃഷിയിലൂടെയും മറ്റും തൊഴിലാളിക്ഷാമം പരിഹരിക്കുകയും കൃഷിച്ചെലവു കുറയ്ക്കുകയും ചെയ്യുക.

∙ ശരിയായ സംസ്കരണത്തിലൂടെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണനം നടത്തി കൃഷി ആദായകരമാക്കുക.

∙ സംഘകൃഷി പ്രോത്സാഹിപ്പിക്കുക.

∙ വിളനഷ്ടത്തിന് ഇൻഷുറൻ‌സ് സംരക്ഷണം നടപ്പിലാക്കുക.