വിത്തുതേങ്ങ ശേഖരണവും സൂക്ഷിക്കലും

തെങ്ങിൻതൈകൾ സ്വന്തമായും ഉൽപാദിപ്പിക്കാം. ഇതിന്റെ തുടക്കം വിത്തുതേങ്ങ തിരഞ്ഞെടുക്കുന്നതോടെയാണ്. തെങ്ങ് ഒരു ദീർഘകാലവിളയായതിനാൽ മാതൃവൃക്ഷം തിരഞ്ഞെടുക്കുക, വിത്തുതേങ്ങ ശേഖരിക്കുക, നഴ്സറിയിൽ പാകി പരിചരണം നടത്തുകയെന്നതിനെല്ലാം പ്രത്യേകം പ്ര‍ാധാന്യമുണ്ട്.

തെങ്ങു നട്ട് 15 വർഷം കഴിഞ്ഞ‍ാലെ അതിന്റെ ഉൽപാദനക്ഷമതയെക്കുറിച്ച് അറിയാനാകൂ. ആയതിനാൽ ഉത്തമലക്ഷണങ്ങളോടെയുള്ള മാതൃവൃക്ഷം, വിത്തുതേങ്ങ, തൈകൾ എന്നിവയുടെയെല്ലാം തിരഞ്ഞെടുപ്പു കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം.

ഇടത്തരം വലുപ്പമുള്ളതും പൊതിച്ചു കഴിഞ്ഞാൽ 600 ഗ്രാമിൽ കുറയാതെ ഭാരവും തേങ്ങയിൽ 150 ഗ്രാമിൽ കുറയാതെ കൊപ്ര എന്നതെല്ലാം നല്ല വിത്തുതേങ്ങയുടെ പ്രത്യേകതകളാണ്. ഇവ ലഭിക്കുന്ന മാതൃവൃക്ഷത്തിന്റെ ലക്ഷണങ്ങൾ ഇനി പറയുന്നു. പ്രായം 20 വർഷത്തിൽ കുറയരുത്, പ്രതിവർഷം തെങ്ങൊന്നിന് 80 തേങ്ങയിൽ കുറയാത്ത വിളവ്, എല്ലാവർഷവും ഒരേപോലെ കായ്ക്കുന്ന സ്വഭാവം, ചുവടു മുതൽ മണ്ടവരെ തടിക്ക് ഒരേവണ്ണം, ഒരു സമയം 30–40 ഓലകൾ, ബലമുള്ള ഓലമടലുകൾ, 12–ൽ കുറയാത്ത പൂങ്കുലകൾ, ബലമുള്ള പൂങ്കുലതണ്ട്, കൊപ്രയുടെ തൂക്കം 150 ഗ്രാം എന്നിവ.

ഫെബ്രുവരി മുതൽ മെയ് വരെ വിത്തുതേങ്ങകൾ ശേഖരിക്കാം. 11–12 മാസം മൂപ്പെത്തിയതാകണം വിത്തുതേങ്ങ. കയറുപയോഗിച്ചു കുലകൾ കെട്ടിയിറക്കണം. വെട്ടിവീഴ്ത്തരുത്. വെള്ളം വറ്റിയവ വിത്തുതേങ്ങയ്ക്കായി എടുക്കരുത്. വിത്തുതേങ്ങ പാകുന്നിടം വരെ വെള്ളം വറ്റിപ്പോകാത സൂക്ഷിക്കണം. തണലുള്ള സ്ഥലത്ത് ആഴക്കുറവോടെ നനവില്ലാത്ത കുഴിയിൽ ഞെട്ടറ്റം മുകളിലാക്കി തേങ്ങ അടുക്കണം. ഇതിനു മേൽ മണലിട്ട് ഒരു നിര, വീണ്ടും മണലിട്ട് അങ്ങനെ അഞ്ച് അടുക്കുവരെ വിത്തുതേങ്ങ സൂക്ഷിക്കാം. ശരിയായി സൂക്ഷിച്ചാൽ 8 മാസം വരെ മുളയ്ക്കാനുള്ള ശേഷി നഷ്ടപ്പെടാതിരിക്കും.

വിത്തുതേങ്ങ പാകലും നഴ്സറി പരിചരണവും

വിത്തുതേങ്ങ പാകി ശരിയാംവണ്ണം പരിപാലിച്ചുവെന്നു വരികിലേ ലക്ഷണമൊത്ത തൈകൾ ഉൽപാദിപ്പിക്കാനാകൂ. നഴ്സറിയിൽ വെച്ചുതന്നെ മോശപ്പെട്ട തൈകൾ നീക്കി നടാൻ വേണ്ടിയുള്ള നല്ല തൈകൾ തിരഞ്ഞെടുക്കണം. ചെറുപ്ര‍ായത്തിൽ വേണ്ടവിധം സംരക്ഷണമുള്ള തൈകൾക്കേ പിൽക്കാലത്ത് നല്ല വിളവു കാഴ്ചവെയ്ക്കാനാകൂ.

തവാരണ ഒരുക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നു

∙ തവാരണ ഒരുക്കുന്ന സ്ഥലം നല്ല നീർവാർച്ചയുള്ളതാകണം.

∙ ചിതൽശല്യം ഒഴിവാക്കണം ഇതിനു പൊടിരൂപത്തിലുള്ള കീടനാശിനികളിലൊന്നു തൂവേണ്ടിവരും.

∙ തവാരണയിൽ സൗകര്യമായ വീതിയിലും നീളത്തിലും വാരങ്ങൾ എടുക്കണം. നാലുവരി തേങ്ങ പാകുവാൻ 160 സെ.മീ. 5 വരിയാകുമ്പോൾ 200 സെ.മീറ്ററും വീതി വേണം.

∙ വാരത്തിൽ നിരകൾ തമ്മിൽ 40 സെ.മീറ്ററും തെങ്ങുകൾ തമ്മിൽ 40 സെ.മീ അകലവും നൽകണം.

∙ വാരങ്ങൾ തമ്മിൽ 75 സെ.മീ അകലം ഉണ്ടാകണം.

∙ തണൽ അധികമാകാതെ സൂര്യപ്രകാശം മിതമായി ലഭിക്കാൻ സൗകര്യമുണ്ടാക്കണം.

∙ നനയ്ക്കാൻ സാധ്യത ഉറപ്പാക്കണം.

∙ മണൽ മണ്ണാണു തവാരണയ്ക്ക് ഏറ്റവും യോജിച്ചത്.

ഇനി വിത്തുതേങ്ങ പാകുന്ന രീതി കൂടി മനസ്സിലാക്കാം. വാരങ്ങളിൽ 25 സെ.മീ താഴ്ചയിൽ ചാലുകളെടുത്ത് അതിൽവേണം വിത്തുതേങ്ങകൾ പാകി കിളിർപ്പിക്കാൻ.  പാകിയ ശേഷം തേങ്ങയുടെ മോടുഭാഗം മൂടാനിടയാകാതെ മണൽ വിരിക്കണം. പാകും മുമ്പ് ഓരോന്നും കുലുക്കി വെള്ളം ഉണ്ടെന്ന് ഉ‌റപ്പാക്കണം. വിത്തുതേങ്ങ കുത്തനെയോ വിലങ്ങനെയോ പാകാം. എന്നാൽ ട്രാൻസ്പോർട്ടിംഗിനു സൗകര്യം കുത്തനെ പാകുന്നതായിരിക്കും. പാകേണ്ടത് കാലവർഷാരംഭത്തിലും.

തവാരണയിൽ നൽകേണ്ട പ്രത്യേക സംരക്ഷണങ്ങൾ: തണൽ നൽകണം, വേലികെട്ടണം, നനയ്ക്കണം, പുതയിടണം, കളകൾ നീക്കണം, ചിതൽനാശിനി വിതറണം, ബോർഡോ മിശ്രിതം തളിക്കണം. കൂടുതൽ വിവരങ്ങൾക്കു കൃഷിഭവനുകളുമായി ബന്ധപ്പെടുകയും ചെയ്യുക.