കൊക്കോകൃഷി ആദായകരം

കൊക്കോ ഒരു ഉഷ്ണമേഖലാ സസ്യമാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ഇതിനോടകം അനേകം കൃഷിക്കാർ തങ്ങളുടെ കൃഷിയിലൂടെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണീ വസ്തുത. എഴുപതുകളിൽ കേരളത്തിൽ കൊക്കോകൃഷി വ്യാപകമായി ആരംഭിച്ചു. ആരംഭത്തിൽ നല്ല വില ലഭിച്ചിരുന്നതിനാൽ ധാരാളം പേർ ഈ കൃഷിയിൽ ആകൃഷ്ടരായെങ്കിലും പിന്നീടുണ്ടായ വിലയിടിവിൽ മിക്കവരും കൃഷി ഉപേക്ഷിച്ചു. കൃഷി തുടർന്നവർ ഇന്ന് നല്ല ലാഭം കൊയ്യുന്നു. തെങ്ങ്, കമുക് തോട്ടങ്ങളിൽ ഇടവിളയായി കൊക്കോ കൃഷി ചെയ്താൽ മൊത്ത ആദായം മെച്ചപ്പെടും. പ്രധാന വിളകളിൽനിന്നുമുള്ള വിളവു വർധനയും ഉറപ്പാണ്.

മെയ്, ജൂൺ മാസങ്ങളിൽ കൊക്കോ കൃഷിയാരംഭിക്കുക. ഇതിനായി നല്ല നടീൽവസ്തുക്കൾ വിശ്വസ്തമായ ഏജന്‍സികളിൽനിന്നും വാങ്ങണം. കേരള കാർഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള വിൽപന കേന്ദ്രത്തിൽനിന്നും തൈകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാതിടങ്ങളിലെ കൃഷിഭവനുകളുമായി കൂടി ബന്ധപ്പെടുക.