ഏലത്തിന് കൂട്ട് ആവണക്ക്

ആവണക്ക്

കാട്ടുചെടിയിൽ കവിഞ്ഞ പ്രാധാന്യം കേരളത്തിൽ ആവണക്കിന് സാധാരണ കൊടുക്കാറില്ല. എന്നാൽ ഈ ചെടി ഏലക്കൃഷിക്ക് ഏറെ ഉപകാരം ചെയ്യുന്നതാണെന്ന് മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ പഠനങ്ങൾ തെളിയിക്കുന്നു.

ഏലത്തിനു നല്ല വിളവ് കിട്ടണമെങ്കിൽ കുറഞ്ഞത് 50% തണല്‍ കൂടിയേ തീരൂ. തോട്ടത്തിൽ ആവണക്കിൻ ചെടികളുണ്ടെ‌ങ്കിൽ അവ തണൽ നൽകിക്കൊള്ളും. തോട്ടത്തിലെ തണൽ കുറഞ്ഞ പ്രദേശങ്ങളിലോ അല്ലെങ്കിൽ വേലിയായോ ആവണക്ക് നട്ടുപിടിപ്പിച്ചാൽ അവ ഏലത്തിന്റെ തണ്ട് തുരപ്പൻ പുഴുവിന് ഒരു കെണിയായും മാറും. കാരണം, ഈ കീടങ്ങൾക്ക് ഏലത്തിനെക്കാള്‍ പ്രിയം ആവണക്കിൻ കുരുവിനോടാണെന്നതുതന്നെ. മാർച്ച് –ഏപ്രിൽ മാസങ്ങളിൽ ആവണക്കിൻ കായ പൊട്ടിച്ചു നോക്കിയാൽ ഓരോ കായ്ക്കകത്തും ഒരു പുഴുവെങ്കിലും കാണും. കീടം കയറിയ ആവണക്കിൻ കായകൾക്ക് കരിഞ്ഞ ലക്ഷണമായിരിക്കും. അവ ശേഖരിച്ച് നശിപ്പിച്ചാൽ ഏലത്തോട്ടത്തെ കീടവിമുക്തമാക്കാം.

കീടനാശിനികളുപയോഗിക്കാതെ പരിസ്ഥിതിക്കനുകൂലമായ മറ്റൊരു പ്രയോഗം കൂടി ആവണക്കിനുണ്ട്. ഏലം കർഷകരുടെ ഒരു പ്രധാന ശത്രുവാണല്ലോ വെള്ളീച്ച. കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗമുള്ള തോട്ടത്തിൽ ഇവയുടെ എണ്ണം കൂടും. അതിനാൽ ഇവയെ നിയന്ത്രിക്കാനായി മഞ്ഞനിറത്തിലുള്ള ഒരു പ്ലാസ്റ്റിക് ഷീറ്റിനു മുകളിൽ ആവണക്കെണ്ണ തേച്ചുപിടിപ്പിച്ച് ഏലത്തോട്ടത്തിൽ സ്ഥാപിക്കുന്നു. ഈ ഷീറ്റിന് മൂന്ന് അടി നീളവും വീതിയും കാണണം. തറനിരപ്പിൽനിന്നു മൂന്ന് അടി ഉയരത്തിലാണ് ഇത് ഘടിപ്പിക്കുന്നതും. മഞ്ഞനിറത്തിൽ ആകൃഷ്ടരാകുന്ന വെള്ളീച്ചകൾ ഇതിൽ തേച്ച് പിടിപ്പിച്ചിരിക്കുന്ന എണ്ണയിൽ ഒട്ടിപ്പിടിച്ച് നശിച്ചുപോകുന്നു. അങ്ങനെ രാസകീടനാശിനി കൂടാതെ തന്നെ പ്രശ്നം പരിഹരിക്കപ്പെടുന്നു.

ഇപ്രകാരം എല്ലാവിധത്തിലും ആവണക്കിൻ ചെടിയുടെ സാന്നിധ്യം ഏലത്തോട്ടത്തിന് ഗുണം ചെയ്യും.