കാലാവസ്ഥ നോക്കി കൃഷിയിറക്കാം; കനവുപോലെ വിളവെടുക്കാം

അഴുകൽ രോഗം ബാധിച്ച ഇഞ്ചി കൃഷിയിടം

ഏലം

∙ നഴ്സറി നഴ്സറികളിൽ വെള്ളം കെട്ടിക്കിടക്കാതെ, വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. തടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന തൈകൾ പിഴുതു മാറ്റണം. രോഗം ബാധിച്ച ചെടികൾ നീക്കംചെയ്തു നശിപ്പിക്കണം.

∙ പ്രധാന കൃഷിയിടം തിങ്ങിവളർന്നു നിൽക്കുന്ന തണൽ മരങ്ങളുടെ ചെറിയ ഉയരത്തിലുള്ള കമ്പുകൾ കോതി മാറ്റണം. തട്ടകൾക്കിടയിലെ കളകൾ നീക്കം ചെയ്യുകയും കോതി നിർത്തുകയും വേണം. തുറസായ സ്ഥലങ്ങളിൽ തണൽ മരങ്ങളുടെ തൈകൾ നടാം. കാലാവസ്ഥയനുസരിച്ച് പുതിയ തൈകൾ നട്ടു പിടിപ്പിക്കുന്നതു തുടരാം. അതിനുശേഷം നന്നായി പുതയിടുകയും മണ്ണിളകിപ്പോകാതെയും ആവശ്യത്തിനു തണുപ്പു കിട്ടാനും ഇതുപകരിക്കും. തടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ ഒലിച്ചു പോകാനുള്ള ക്രമീകരണം ചെയ്യണം.

ഇതുവരെ വളപ്രയോഗം നടത്തിയിട്ടില്ലെങ്കിൽ ജൈവ വളങ്ങളായ വേപ്പിൻപിണ്ണാക്ക് ചെടിയൊന്നിന് ഒരുകിലോ‌ അല്ലെങ്കിൽ കോഴിവളമോ കാലിവളമോ മണ്ണിരവളമോ ചെടിയൊന്നിന് അഞ്ചുകിലോ എന്നതോതിൽ ചേർത്തു കൊടുത്ത് നന്നായി പുതയിടണം. കഴിഞ്ഞമാസം വളപ്രയോഗം നടത്തിയിട്ടില്ലെങ്കിൽ ഹെക്ടറൊന്നിന് 37.5:37.5:37:5 കിലോഗ്രാം എൻപികെ ചേർത്തുകൊടുക്കാം. മണ്ണുപരിശോധന നടത്തിയിട്ടുണ്ടെങ്കിൽ അതനുസരിച്ചുള്ള നിർദേശ പ്രകാരം വളപ്രയോഗം നടത്തണം.

കീടനിയന്ത്രണം

വിരകളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ വേപ്പെണ്ണ മിശ്രിതം കാൽകിലോ മുതൽ അരക്കിലോ വരെ ചെടിയൊന്നിനു പ്രയോഗിക്കാം.

രോഗ നിയന്ത്രണം ∙ നഴ്സറി നഴ്സറികളിൽ വാട്ടമോ, തൈകൾക്ക് അഴുകലോ കാണുകയാണെങ്കിൽ മണ്ണിൽ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ 0.2 ശതമാനം കാർബൻഡാസിം മണ്ണിൽ ചേർത്തു കൊടുക്കാം. ജൈവ നിയന്ത്രണ മാർഗമാണു സ്വീകരിക്കുന്നതെങ്കിൽ ട്രൈക്കോഡർമ അല്ലെങ്കിൽ സ്യൂഡോമൊണാസ് അല്ലെങ്കിൽ ബാസിലസ് സ്പീഷീസ് മണ്ണിൽ ചേർത്തു കൊടുക്കാം. ഇലക്കുത്തിനെതിരെ 0.3 ശതമാനവും ഇലപ്പുള്ളിക്കെതിരെ 0.2 ശതമാനവും കാർബൻഡാസിം രോഗം കണ്ടുതുടങ്ങുമ്പോൾ തന്നെ സ്പ്രേ ചെയ്യണം.

∙ പ്രധാന കൃഷിയിടം കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. അഴുകൽ രോഗത്തിനെതിരെ ബോർഡോ മിശ്രിതം ഒരു ശതമാനം അല്ലെങ്കിൽ പൊട്ടാസ്യം ഫോസ്ഫണേറ്റ് 0.4 ശതമാനം തളിച്ചു കൊടുക്കണം. കട അഴുകൽ രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് മണ്ണിൽ ചേർത്തു കൊടുക്കുകയും ഒരു ശതമാനം ബോർഡോ മിശ്രിതം ചേർത്തു തളിച്ചു കൊടുക്കയും ചെയ്യാം. ജൈവ നിയന്ത്രണ മാർഗമാണ് സ്വീകരിക്കുന്നതെങ്കിൽ ചെടികളുടെ ചുവട്ടിൽ ട്രൈക്കോഡർമ ഹാർസിയാനം മാത്രമായോ സ്യൂഡോമൊണസ് ഫ്ളൂറസെൻസുമായി ചേർത്തോ പ്രയോഗിക്കാം. കറ്റെ രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റി നശിപ്പിക്കണം.

കുരുമുളക്

∙ നഴ്സറി പ്രധാന കൃഷിയിടത്തിൽ നടുന്നതുവരെ വേരുപിടിപ്പിച്ച വള്ളികൾ പോളിബാഗുകളിൽതന്നെ സൂക്ഷിക്കണം. ഫംഗസ് ബാധിച്ച വള്ളികൾ നീക്കം ചെയ്തശേഷം ഒരു ശതമാനം ബോർഡോ മിശ്രിതം അല്ലെങ്കിൽ 0.2 ശതമാനം കാർബൻഡാസിം സ്പ്രേ ചെയ്യണം. (കഴിഞ്ഞമാസം സ്പ്രേ ചെയ്തിട്ടില്ലെങ്കിൽ വേണ്ട). ഫൈറ്റോഫ്തോറാ രോഗ ബാധയ്ക്കെതിരെ മുൻകരുതൽ എന്ന നിലയിൽ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് മണ്ണിൽ ചേർത്തു കൊടുക്കാം.

∙ പ്രധാന കൃഷിയിടം ജൈവവള പ്രയോഗം നടത്തിയിട്ടില്ലെങ്കിൽ കംപോസ്റ്റ് അല്ലെങ്കിൽ കാലിവളം ചെടിയൊന്നിന് 10 കിലോ എന്ന തോതിൽ ചേർത്തു കൊടുത്ത് പുതയിടണം. കാലാവസ്ഥയ്ക്ക് അനുസൃതമായി അതതു പ്രദേശങ്ങൾക്ക് അനുയോജ്യമായ മികച്ച ഉൽപാദനക്ഷമതയുള്ള ഇനങ്ങളുടെ വേരു പിടിപ്പിച്ച വള്ളികൾ നട്ടു പിടിപ്പിക്കാം. പുതുതായി നട്ടു പിടിപ്പിച്ച വള്ളികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കുകയും വെള്ളം വാർന്നു പോകാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കയും വേണം. കളകൾ നീക്കം ചെയ്യുമ്പോൾ വള്ളികളുടെ വേരിനു കേടുപറ്റാതെ ശ്രദ്ധിക്കണം.

കീടനിയന്ത്രണം

പുതിയ ചെടികളിൽ മണ്ടതുരപ്പൻ രോഗം നിയന്ത്രിക്കുന്നതിനായി ക്വീനാൽഫോസ് 0.05 ശതമാനം തളിച്ചു കൊടുക്കണം.

രോഗ നിയന്ത്രണം

വേരഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ശതമാനം ബോർഡോ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കണം. ഇതിനൊപ്പം 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് ചെടിയൊന്നിന് അഞ്ചു ലീറ്റർ എന്നതോതിൽ മണ്ണിൽ ചേർത്തു കൊടുക്കാം.

ഇഞ്ചി–മഞ്ഞൾ

കളകൾ പറിച്ചു മാറ്റണം. തടങ്ങളിൽനിന്നു വെള്ളം ഒലിച്ചു പോകാൻ ചാലുകൾ തീർത്തു കൊടുക്കാം. നടീൽ താമസിച്ചയിടങ്ങളിൽ രണ്ടാംഘട്ടം ജൈവ വളങ്ങൾ ചേർത്തു കൊടുത്തു പച്ചിലകൾ ഉപയോഗിച്ച് പുതയിടണം. കടതുരപ്പനെതിരെ 0.05 ശതമാനം ഡൈമെതോയേറ്റ് (100 ലീറ്റർ വെള്ളത്തിൽ 167 മില്ലി ലീറ്റർ എന്ന തോതിൽ) സ്പ്രേ ചെയ്യണം.

ഇഞ്ചിത്തൈകളിൽ മൃദുചീയൽ കാണുകയാണെങ്കിൽ ചെടികൾ പിഴുതെടുത്ത് 0.3 ശതമാനം മാങ്കോസെബ് തടങ്ങളിൽ ചേർത്തു കൊടുക്കാം. ഇതോടൊപ്പം ബോർഡോ മിശ്രിതം ഒരു ശതമാനം അല്ലെങ്കിൽ 0.3 ശതമാനം പൊട്ടാസ്യം ഫോസ്ഫണേറ്റ് തളിച്ചു കൊടുക്കാം. മഞ്ഞൾ തൈകളിൽ തണ്ടുതുരപ്പനെ നിയന്ത്രിക്കാൻ 0.05 ശതമാനം ഡൈമെത്തയേറ്റ് (100 ലീറ്റർ വെള്ളത്തിൽ 167 മില്ലി) തളിച്ചു കൊടുക്കണം.

വറ്റൽമുളക്

കൃഷിയിടത്തിൽനിന്നു പൂർണമായി വിളവെടുത്ത ശേഷം പയർ വർഗ വിളകൾ അല്ലെങ്കിൽ സൺഹെംപ് വളർത്തുന്നത് മണ്ണിലെ ജൈവാംശം വർധിപ്പിക്കും. അടുത്ത സീസണിൽ ഇതു മികച്ച വളർച്ച നൽകും. ആവശ്യത്തിന് മഴ ലഭിക്കുകയാണെങ്കിൽ മുളകിന്റെ നഴ്സറി ഇപ്പോൾ തയാറാക്കാം. കാലാവസ്ഥയ്ക്കനുസൃതമായി നിലവിലുള്ള താങ്ങുകാലുകളിൽ പുതിയ വള്ളികൾ നട്ടുപിടിപ്പിക്കാം. 50 സെന്റീമീറ്ററെങ്കിലും നീളമുള്ള പോളി ബാഗുകളിൽ വേരു പിടിപ്പിച്ച വള്ളികളാണു നല്ലത്.

വെള്ളം കെട്ടിക്കിടക്കാതെ ഒലിച്ചു പോകാനുള്ള ക്രമീകരണം ചെയ്യണം. മണ്ണിരവളം, എല്ലുപൊടി, കാലിവളം, കംപോസ്റ്റ്, വെർമി കംപോസ്റ്റ്, വേപ്പിൻ‍പിണ്ണാക്ക് കടലപ്പിണ്ണാക്ക് എന്നിവ തടത്തിൽ ചേർത്തു കൊടുത്ത് പുതയിടാം. താങ്ങുകാലുകളിൽ വള്ളികൾ ചേർത്തു കെട്ടുന്നതു തുടരണം.

രോഗനിയന്ത്രണം:  കഴിഞ്ഞ മാസങ്ങളിൽ രോഗനിയന്ത്രണ മാർഗങ്ങൾ അവലംബിച്ചിട്ടില്ലെങ്കിൽ താഴെ പറയുന്നവ ചെയ്യണം: ഫംഗസ് ബാധയ്ക്കെതിരെ ട്രൈക്കോഡെർമ അരക്കിലോ തടത്തിൽ ചേർത്തു കൊടുക്കുകയും സ്യൂഡോമൊണസ് 0.2 ശതമാനം ഇലകളിൽ തളിച്ചു കൊടുക്കുകയും വേണം. കുമിൾ രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ശതമാനം ബോർഡോ മിശ്രിതം അല്ലെങ്കിൽ 0.2 ശതമാനം മാങ്കോസെബ് (100 ലീറ്റർ വെള്ളത്തിൽ 200 ഗ്രാം) രോഗബാധയേറ്റ ഭാഗം മുറിച്ചു കളഞ്ഞ ശേഷം തളിച്ചു കൊടുക്കാം.

ഫുസാരിയം സ്പീഷ്യസ് രോഗബാധ ശ്രദ്ധയിൽപ്പെട്ടാൽ കാർബൻഡാസിം 0.2 ശതമാനം (വെള്ളം ലീറ്ററൊന്നിന് രണ്ടു ഗ്രാം) തളിച്ചു കൊടുക്കണം. പതിവായി തോട്ടങ്ങൾ സന്ദർശിച്ച് രോഗങ്ങളുണ്ടോയെന്നു നോക്കുകയും ഉടനടി പരിഹാര മാർഗങ്ങൾ സ്വീകരിക്കുകയും വേണം. വൈറസ് ബാധ മൂലമുള്ള മൊസൈക്ക് രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ പറിച്ചു മാറ്റി നശിപ്പിക്കണം.