വേണം, കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികൾ

ഏലം

ഏലം

നഴ്സറി

നഴ്സറികളിൽ വെള്ളം കെട്ടിക്കിടക്കാതെ വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. തടങ്ങളിൽ കുട്ടംകൂടി നിൽക്കുന്ന തൈകൾ പിഴുതുമാറ്റണം. രോഗം ബാധിച്ച ചെടികൾ നീക്കം ചെയ്തു നശിപ്പിക്കണം.

പ്രധാന കൃഷിയിടം

തിങ്ങിവളർന്നു നിൽക്കുന്ന തണൽ മരങ്ങളുടെ ചെറിയ ഉയരങ്ങളിലുള്ള കമ്പുകൾ കോതിമാറ്റണം. തട്ടകൾക്കിടയിലെ കളകൾ നീക്കം ചെയ്യുകയും കോതി നിർത്തുകയും വേണം. തുറസ്സായ സ്ഥലങ്ങളിൽ തണൽമരങ്ങളുടെ തൈ നടാം. കാലാവസ്ഥയനുസരിച്ചു പുതിയ തൈകൾ നട്ടു പിടിപ്പിക്കുന്നതു തുടരാം. അതിനുശേഷം നന്നായി പുതയിട്ട്, മണ്ണിളകി പോകാതെ ആവശ്യത്തിനു തണുപ്പുകിട്ടാനുള്ള ക്രമീകരണം ചെയ്യണം.

കീടനിയന്ത്രണം

വേരുതീനിപ്പുഴുക്കളുടെ വണ്ടുകളെ കണ്ടാൽ ശേഖരിച്ചു നശിപ്പിക്കണം. സംയോജിത കീടനിയന്ത്രണത്തിനായി ക്വിനാൽഫോസ് 200 മില്ലി നൂറു ലീറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കാം. തണ്ടുതുരപ്പൻ പുഴുവിന്റെ ഈച്ച പുറത്തുവരുന്ന സമയത്തു വേണം മരുന്നുതളിക്കാൻ.

രോഗനിയന്ത്രണം

പ്രധാന കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിന്നാൽ ഒഴുക്കിക്കളയണം. അഴുകൽ രോഗത്തിനും ഭൂകാണ്ഡം ചീയുന്നതു തടയാനും തോട്ടം നന്നായി വൃത്തിയാക്കി സൂക്ഷിക്കുകയും കുമിൾനാശിനി അല്ലെങ്കിൽ ജൈവിക നിയന്ത്രണത്തിനുള്ള ഉപാധികൾ സ്വീകരിക്കണം. സിഒസി (0.2 ശതമാനം) മണ്ണിലേക്ക് ഒഴിച്ചുകൊടുക്കാം.

അതിനൊപ്പം ഒരു ശതമാനം ബോർഡോ മിശ്രിതം തളിച്ചുകൊടുക്കണം. 15 ദിവസത്തിനു ശേഷം ട്രൈക്കോഡെർമ ചെടിയുടെ ചുവട്ടിൽ പ്രയോഗിക്കാം. ജൈവ നിയന്ത്രണ മാർഗമാണു സ്വീകരിക്കുന്നതെങ്കിൽ ട്രൈക്കോഡെർമ ഹാർസിയാനം മാത്രമായോ അല്ലെങ്കിൽ സ്യൂഡോമൊണാസ് ഫ്ലൂറൻസൻസുമായി കലർത്തിയോ മണ്ണിൽ ചേർത്തു കൊടുക്കാം. കറ്റെ രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റി നശിപ്പിക്കണം.

വിളവെടുപ്പും ഉണക്കലും

സംസ്കരണപ്പുരകളുടെ വാർഷിക അറ്റകുറ്റപ്പണികളും ഫ്ലൂ പൈപ്പുകളുടെ ശുചീകരണവും നടത്തണം. ഇന്ധനങ്ങളുടെ കാര്യക്ഷമമായ ഉപോഗത്തിന് ഇത് അത്യാവശ്യമാണ്. എൽപിജി, ഡീസൽ, ബയോമാസ് എന്നിവ ലഭ്യമല്ലെങ്കിൽ പരിസ്ഥിതിക്കു കോട്ടം വരാതെ സംസ്കരണത്തിനുള്ള വിറക് ശേഖരിച്ചുവയ്ക്കണം. പാകമായ കായ്കൾ ശേഖരിച്ചു തുടങ്ങാം. മികച്ച വിളവിനു പാകമായ മണികൾ മാത്രമേ പറിച്ചെടുക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം.

കുരുമുളക്

കുരുമുളക്

കൊടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കനത്തമഴ കഴിയുമ്പോൾ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ചുവടുകൾ പരിശോധിക്കുന്നതു നല്ലതാണ്. കൊത്തും കിളയും നടത്തുമ്പോൾ വേരുകൾ മുറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നീണ്ടുവളരുന്ന വള്ളികൾ താങ്ങുകാലിനോടു ചേർത്ത് കെട്ടിവയ്ക്കണം.

കീടനിയന്ത്രണം

പ്രായം കുറഞ്ഞ തോട്ടങ്ങളിൽ ഇളം തല തുരപ്പനെ കാണുന്നുണ്ടെങ്കിൽ ക്വിനാൽ ഫോസ് 0.05 ശതമാനം, അതായത് 100 ലീറ്റർ വെള്ളത്തിൽ 200 മില്ലി ചേർത്ത് തളിച്ചുകൊടുക്കണം. പൊള്ളുവണ്ടിനെ നിയന്ത്രിക്കാനും ഇതു സഹായകമാണ്.

രോഗ നിയന്ത്രണം

വേരഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ ഒരുശതമാനം ബോർഡോ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കണം. രോഗം ഗുരുതരമാണെങ്കിൽ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് ചെടിയൊന്നിന് അഞ്ചു ലീറ്റർ എന്ന തോതിൽ മണ്ണിൽ ചേർത്തു കൊടുക്കണം.

വനില

50 സെന്റീമീറ്റർ നീളമുള്ള വള്ളികളോ വേരു പിടിപ്പിച്ച പോളിബാഗ് തൈകളോ നിലവിലുള്ള താങ്ങുകാലിനോടു ചേർത്തു നടാം. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാൻ ഇടവരാതെ ഒഴുകിപ്പോകാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. അഴുകിപ്പൊടിഞ്ഞ ജൈവവളം, എല്ലുപൊടി, നന്നായി ഉണങ്ങിയ ചാണക കംപോസ്റ്റ്, വെർമി കംപോസ്റ്റ്, പുളിപ്പിച്ച വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ കടലപ്പിണ്ണാക്ക് എന്നിവ വളമായി നൽകാം. വള്ളിയുടെ ചുവട്ടിൽ പുതയിടാം. വള്ളികൾ താങ്ങുകളിൽ ചുറ്റിക്കൊടുക്കാം. കീടങ്ങളോ രോഗങ്ങളോ ഉണ്ടാകുന്നുണ്ടോയെന്നു തുടർച്ചയായി നിരീക്ഷിക്കണം.

രോഗനിയന്ത്രണം

ട്രൈക്കോഡെർമ അരക്കിലോ വീതം ചെടിയൊന്നിന് മണ്ണിൽ ചേർത്തു കൊടുക്കാം. സ്യൂഡോമൊണാസ് 0.2 ശഥമാനം ഇലകളിൽ തളിച്ചു കൊടുക്കുന്നത് കുമിൾ രോഗങ്ങൾ പടരുന്നതു തടയും. കുമിൾ രോഗങ്ങൾ മൂലം കൂമ്പ്, തണ്ട്, ബീൻ എന്നിവ അഴുകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒരുശതമാനം ബോർഡോ മിശ്രിതം അല്ലെങ്കിൽ 0.2 ശത്മാനം മാങ്കോ സെബ് (നൂറു ലീറ്റർ വെള്ളത്തിൽ 200 ഗ്രാം) തളിച്ചു കൊടുക്കണം.രോഗം വന്ന ഭാഗം നീക്കംചെയ്ത ശേഷം വേണം മരുന്നുതളി നടത്താൻ.

ഇഞ്ചി

ഇഞ്ചി

തടങ്ങളിൽ കള നീക്കം ചെയ്ത് മണ്ണുകൂട്ടിക്കൊടുക്കണം. ആവശ്യാനുസരണം പുതയിടാം. ജൈവ വളങ്ങൾ നൽകി മണ്ണുകൂട്ടിക്കൊടുക്കാം. വെള്ളം കെട്ടിക്കിടക്കാതെ, വാർന്നു പോകുന്നതിനുള്ള സൗകര്യമുണ്ടാകണം.

തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിന് 0.05 ശതമാനം ഡൈമെത്തയേറ്റ് (100 ലീറ്റർ വെള്ളത്തിൽ 167 മില്ലി ലീറ്റർ കലർത്തിയത്) തളിച്ചു കൊടുക്കണം. രോഗം ബാധിച്ച തടകൾ ഇളക്കിയെടുത്ത് നശിപ്പിക്കണം. മൃദുചീയൽ രോഗം ശ്രദ്ധയിൽപെട്ടാൽ ചെടികൾ നീക്കം ചെയ്ത ശേഷം ചെഷ്നട്ട് കോമ്പൗണ്ട് അല്ലെങ്കിൽ ഒരു ശതമാനം ബോർഡോ മിശ്രിതം മണ്ണിൽചേർത്തു കൊടുക്കാം.

മഞ്ഞൾ

മഞ്ഞൾ

അധികമായി നൽകേണ്ട ജൈവ വളങ്ങൾ നൽകാം. കളകൾ പറിച്ചു കളയുകയും തടങ്ങളിൽ മണ്ണ് കൂട്ടിക്കൊക്കുകയും വേണം.ആവശ്യാനുസരണം പുതയിട്ടു കൊടുക്കണം. വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശരിയായ നീർവാർച്ച ഉറപ്പുവരുത്തണം. തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിന് 0.05 ശതമാനം ഡൈമെത്തയേറ്റ് (100 ലീറ്റർ വെള്ളത്തിൽ 167 മില്ലി ലീറ്റർ കലർത്തിയത്) തളിച്ചു കൊടുക്കുകയും ചെടി പറിച്ചെടുത്തു നശിപ്പിക്കുകയും വേണം. കാണ്ഡം ചീയൽ നിയന്ത്രിക്കുന്നതിന് 0.3 ശതമാനം മാങ്കോസെബ് അല്ലെങ്കിൽ 0.3 ശതമാനം ചെഷ്നട്ട് കോമ്പൗണ്ട് മണ്ണിൽചേർത്തു കൊടുക്കണം.

മുളക്

ചെടികൾ പൂവിട്ടെങ്കിൽ ജൈവവളം കൃഷിയിടത്തിൽ ചേർത്തു കൊടുക്കാം. തൈകൾ കൃഷിയിടത്തിലേക്കു പിഴുതുനടുക. ആവശ്യത്തിനു ജലാംശം മണ്ണിലില്ലെങ്കിൽ നനച്ചു കൊടുക്കാം. നിഷ്കർഷിച്ചിരിക്കുന്ന വളത്തിന്റെ പകുതി (എൻപികെ 100:50:50 കിലോ–ഹെക്ടറിന്) ചെടികൾ നടുമ്പോൾ ചേർത്തു കൊടുക്കാം. മുളകു തടങ്ങളിൽ ജൈവവളങ്ങളും നൽകാം.