ജൈവത്തിന്റെ സ്വന്തം കോർപറേഷൻ

കോഴിക്കോട് കോർപറേഷൻ ഓഫിസിന്റെ മട്ടുപ്പാവിലെ പച്ചക്കറികൾ വിളവെടുപ്പിനു പാകമായ നിലയിൽ. ചിത്രം: മനോരമ

കോഴിക്കോട് ∙ കോർപറേഷൻ പ്രവർത്തിച്ചു കാണിച്ചു, ഇനി നഗരവാസികൾ‌ക്ക് ആ വഴി പിന്തുടരാം. അസാധ്യമെന്നു പലരും കരുതുന്ന ടെറസിലെ പച്ചക്കറികൃഷിയുമായി കോർപറേഷൻ ഇറങ്ങിത്തിരിച്ചപ്പോൾ അട്ടിയിട്ട ഫയലിന്റെ ഗതിയാകും എന്നു മനസ്സുകൊണ്ടു പരിഹസിച്ചവർക്ക് ഇന്നു വന്നാൽ ആ അപൂർവ നിമിഷം നേരിൽ കാണാം. 

നഗരത്തിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടം എന്ന പദ്ധതിക്കു മുന്നോടിയായി കോർപറേഷൻ ഓഫിസിന്റെ ടെറസിൽ ഒരുക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഇന്നു രാവിലെ 10നു നടക്കും. വിളവെടുപ്പിനു മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡപ്യൂട്ടി മേയർ മീരദർശക്, എ. പ്രദീപ്കുമാർ എംഎൽഎ, കലക്ടർ യു.വി. ജോസ് എന്നിവരും സേവ്ഗ്രീൻ സൊസൈറ്റി ഭാരവാഹികളുമുണ്ടാകും. 

 75 പേർ, 75 തൈ

ഒരോ വാർഡിലും ഒരു മാതൃകാ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിന്റെ മുന്നോടിയായാണ് 75 കൗൺസിലർമാരെ പ്രതിനിധീകരിച്ച് കോർപറേഷൻ ഓഫിസിന്റെ ടെറസിൽ 75 ഗ്രോ ബാഗുകളിലായി മാതൃകാ പച്ചക്കറിത്തോട്ടം തുടങ്ങിയത്. തുള്ളിനന സംവിധാനത്തിലായിരുന്നു തോട്ടം നിർമിച്ചത്.

നവംബർ 25ന് ആയിരുന്നു മേയർ തോട്ടത്തിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഓഫിസിന്റെ ടെറസിൽ പച്ചക്കറി തൈകൾ നട്ടത്. തക്കാളി, രണ്ടു തരം പച്ചമുളക്, വഴുതിന എന്നിവയാണ് നട്ടത്. 45 ദിവസം പിന്നിട്ടപ്പോൾ വിളവെടുപ്പിനു തയാറായി.

സേവ് ഗ്രീൻ 

ഓരോ നഗരവാസിയുടെയും വീട്ടുമുറ്റത്തോ ടെറസിലോ ഒരു ജൈവ പച്ചക്കറിത്തോട്ടം എന്ന സേവ്ഗ്രീൻ കാർഷിക സൊസൈറ്റിയുടെ സ്വപ്നത്തിലേക്കുള്ള പ്രയാണമാണ് കോർപറേഷൻ ഓഫിസിന്റെ ടെറസിൽനിന്നു തുടങ്ങിയത്. സേവ് ഗ്രീൻ പ്രവർത്തകർ പരിപാലിച്ചു സജ്ജമാക്കിയ ഈ വിളവുകൾ കോർപറേഷൻ അധികൃതർക്കുള്ളതാണ്.

ജൈവ പച്ചക്കറിക്കൃഷിയിൽ ജനകീയ ഇടപെടലെന്ന സേവ്ഗ്രീൻ താൽപര്യം മുൻ നിർത്തിയാണ് അവർ മാതൃകാ പച്ചക്കറിത്തോട്ടം കോർപറേഷൻ ഓഫിസിനു മുകളിൽ ആരംഭിച്ചത്. ഓരോ വാർഡിലും ഒരു മാതൃകാ പച്ചക്കറിത്തോട്ടം നിർമിക്കുകയും അതുവഴി ആ വാർഡുകളിലെ മുഴുവൻ വീടുകളിലേക്കും അടുക്കളത്തോട്ടം വ്യാപിപ്പിക്കുകയുമാണ് സേവ് ഗ്രീൻ ലക്ഷ്യമിടുന്നത്. വാർഡുകളിലെ മാതൃകാ പച്ചക്കറിത്തോട്ടത്തിനാവശ്യമായ മുഴുവൻ സാങ്കേതിക സഹായവും സേവ് ഗ്രീൻ കാർഷിക സൊസൈറ്റി നൽകും. 

75 വാർഡുകളിലായി 75 മാതൃകാ പച്ചക്കറിത്തോട്ടങ്ങൾ ഒരേ സമയം വിത്തിറക്കുകയും ഒരേ സമയം വിളവെടുക്കുകയും ചെയ്യുകയെന്നതാണ് സേവ് ഗ്രീൻ ലക്ഷ്യമിടുന്നത്. റസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, സാംസ്കാരിക സംഘടനകൾ, പരിസ്ഥിതി സംഘടനകൾ എന്നിവയ്ക്കെല്ലാം ഇതിന്റെ ഭാഗമാകാം. 

വിഷുവിനു വിഷമില്ല

വിഷുവിനു വിഷരഹിത പച്ചക്കറി നഗരവാസികൾക്കു ലഭ്യമാകുന്ന രീതിയിൽ 75 മാതൃകാ പച്ചക്കറിത്തോട്ടങ്ങളിൽനിന്നും വിളവെടുക്കുകയെന്ന ലക്ഷ്യമാണ് സേവ് ഗ്രീൻ കാർഷിക സൊസൈറ്റി മുന്നോട്ടുവയ്ക്കുന്നത്.

വീട്ടുവളപ്പിൽ 30 ദിവസം കൊണ്ടു വിഷരഹിത പച്ചക്കറിയുടെ വിളവെടുക്കാനാകുമെന്നാണ് സേവ് ഗ്രീൻ ഭാരവാഹികൾ പറയുന്നത്. കോർപറേഷൻ പരിധിയിലെ എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി തോട്ടം എന്ന സന്ദേശവുമായി സേവ് ഗ്രീൻ പച്ചവണ്ടി നവംബർ 25 മുതൽ ഡിസംബർ 22 വരെ 75 വാർഡുകളിലും സഞ്ചരിച്ചിരുന്നു.

ആരോഗ്യകരമായ സമൂഹത്തിന്റെ സൃഷ്ടിക്കു വിഷരഹിത പച്ചക്കറിയുടെ ഉൽപാദകരും പ്രചാരകരുമാകുക എന്ന സന്ദേശവുമായാണ് പച്ചവണ്ടി പ്രയാണം നടത്തിയത്. അടുക്കളത്തോട്ടം ആരംഭിക്കാനാവശ്യമായ പച്ചക്കറി വിത്തുകൾ, വേരുപിടിപ്പിച്ച തൈകൾ, ഗ്രോ ബാഗുകൾ, ജൈവവളങ്ങൾ എന്നിവയെല്ലാം പച്ചവണ്ടി വഴി നഗരവാസികൾക്കു ലഭ്യമാക്കിയിരുന്നു.

നഗരത്തിലെ ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളുടെയും ടെറസുകളിൽ തുള്ളിനന സംവിധാനത്തിലുള്ള മാതൃകാ പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കിയാൽ വലിയതോതിൽ പച്ചക്കറി ഉൽപാദിപ്പിക്കാനാകും. ദിവസവും അരമണിക്കൂർ ചെലവഴിച്ചാൽ അവർക്കാവശ്യമായ പച്ചക്കറികളെല്ലാം ഉണ്ടാക്കാം. പരിശീലനം ലഭിച്ചാൽ എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഗ്രോ ബാഗുകളിലെ പച്ചക്കറി കൃഷി. ഇതിനു എല്ലാവിധ സാങ്കേതിക സഹായവും ചെയ്യാൻ സേവ്ഗ്രീൻ കാർഷിക സൊസൈറ്റി സന്നദ്ധമാണ്.(എം.പി. രജുൽകുമാർ,പ്രസിഡന്റ്, സേവ്ഗ്രീൻ കാർഷിക സൊസൈറ്റി)