ആന്തൂറിയം ചെടികളിൽ നേരിട്ടു സൂര്യപ്രകാശം വീഴരുത്

ആന്തൂറിയം ചെടികളിൽ നേരിട്ടു സൂര്യപ്രകാശം വീഴരുത്. ഇലകൾ പൊള്ളിക്കരിയും. തന്നെയുമല്ല നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് 75% തണൽവലയും ഭാഗികമായി വെയിലുള്ളിടത്ത് 50% വലയും ഉപയോഗിക്കുക. പച്ചനിറത്തിലുള്ള വലയാണ്നല്ലത്. ചട്ടികളിൽ പോട്ടിങ് മിശ്രിതം കുറവാണെങ്കിൽ വീണ്ടും നിറയ്ക്കുക. പച്ചച്ചാണകസ്ലറി, മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പുളിപ്പിച്ച തെളി, എല്ലുപൊടി എന്നിവ മികച്ച ജൈവവളങ്ങൾ. രാസവളങ്ങൾ 19–19–19 കോംപ്ലക്സ് വളം ചെറിയ അളവിൽ രണ്ടാഴ്ച കൂടുമ്പോൾ ചേർക്കുക. നന കൂടിയാൽ ഒച്ചിന്റെ ശല്യം കൂടും. അഴുകലിനും ഇടയാകും. വേരുകൾ അഴുകി ചെടി നശിക്കുന്ന പിത്തിയം, ഫൈറ്റോഫ്തോറ കുമിളുകൾക്കെതിരെ അക്കോമിൻ 3 മി.ലീ., ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ഇടയ്ക്കിടെ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യാം. ട്രൈക്കോഡേർമ, സ്യൂഡോമോണാസ് കൾച്ചറുകൾ ചുവട്ടിൽ ചേർക്കുന്നതും രോഗങ്ങളെ തടയും.

ഒാർ‌ക്കിഡ്

നിലത്തു വളരുന്ന ഇനങ്ങൾക്കു പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ചേർക്കാം. കരുത്തു കുറവാണെങ്കിൽ നേരിയ അളവിൽ 19–19–19 വളം വെള്ളത്തിൽ കലക്കി ഒഴിക്കാം. ചട്ടികളിൽ വളർത്തുന്ന ഹാങ്ങിങ് ഇനങ്ങൾക്ക് പച്ചച്ചാണകസ്ലറി നേർപ്പിച്ച് ഇടയ്ക്കിടെ തളിക്കാം. എൻപികെ 3:1:1 എന്ന അനുപാതത്തിൽ കായികവളർച്ചയുടെ കാലങ്ങളിലും 1:2:2 എന്ന അനുപാതത്തിൽ പുഷ്പിക്കുന്ന കാലത്തും തളിക്കാം. ഇവയുണ്ടായാൽ വെള്ളത്തിൽ അലിയുന്ന രാസവളങ്ങളാണ് ഉപയോഗിക്കുക. ഈ അനുപാതത്തിലുള്ള മിക്സ്ചർ മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യാം.