ഇലയിൽനിന്നുണ്ടാക്കാം വൻതോതിൽ തൈകൾ

ഇലകളിൽ നിന്നു തൈകൾ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചു  നാം കേട്ടിട്ടുണ്ട്. ചില സസ്യങ്ങളിൽ മാത്രമാണ് ഈ രീതി അനുവർത്തിച്ചിരുന്നത്. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ വൻതോതിൽ തൈകൾ ഈ രീതിയിൽ തയാറാക്കാമെന്ന് തമിഴ്നാട്ടിൽ മേട്ടുപ്പാളയത്തുള്ള എസ്. രാജരത്നം കണ്ടെത്തി.

ടിഷ്യുകൾച്ചർ ലാബുകളിൽ ചെടികളുടെ കോശസമൂഹങ്ങളിൽനിന്നു പുതിയ തൈകൾ ഉണ്ടാക്കുന്നത് ഇന്നു സാധാരണമാണ്. എന്നാൽ ഇതിനു ലാബും മറ്റും സന്നാഹങ്ങളും ഒരുക്കുന്നതിനു ലക്ഷങ്ങൾ ചെലവിടേണ്ടിവരും. ഇതു കണക്കിലെടുത്ത് പുതിയൊരു വഴി അന്വേഷിച്ച രാജരത്നം ചെന്നെത്തിയത് ഇലകളിൽനിന്നു തൈകൾ ഉണ്ടാക്കുന്ന ലളിതമായ സാങ്കേതികവിദ്യയിൽ.

പോളിത്തീൻ ബാഗുകൾ മണ്ണ്/മണൽ നിറച്ച് മതിയായ അളവിൽ ഈർപ്പം നിലനിർത്തി ഗ്രീൻഹൗസിൽ നിരത്തുന്നു. മാതൃചെടികളിൽനിന്ന് ഇലകൾ എടുത്ത് ബാവിസ്റ്റിൻ എന്ന കുമിൾനാശിനിയിൽ മുക്കിയെടുത്തശേഷം വേരുകൾ മുളയ്ക്കുന്നതിനെ ത്വരിതപ്പെടുത്താൻ സഹായകമായ ഹോർമോൺ ലായനിയിലും മുക്കിയെടുത്ത് ബാഗുകളിൽ നടുന്നു. ട്രീൻഹൗസിൽ താപനില 25 ഡിട്രി സെൽഷ്യസ് ആയും അന്തരീക്ഷ ആർദ്രത 60 ശതമാനമായും നിലനിർത്തുന്നു. വേരു പിടിക്കാൻ 45 ദിവസം വേണ്ടിവരുന്നു. അടുത്ത 45 ദിവസംകൊണ്ട് പുതിയ ചെടികൾ രൂപപ്പെടുന്നു. ഈ രീത‍ിക്കുള്ള മെച്ചങ്ങൾ . ലളിതമാണ്. മാതൃചെടികൾക്കു കേടൊന്നും വരുത്താതെ തൈകൾ ഉൽപാദിപ്പിക്കാം. ആവശ്യമായത്ര തൈകൾ കുറഞ്ഞ ചെലവിൽ ഉണ്ടാക്കാം. തൈകൾ ഗുണമേന്മയേറിയതും നല്ല വിളവുശേഷിയുള്ളതുമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: എസ്. രജരത്നം, 23/.15, കറുപ്പയ്യമ്മാൾ തോട്ടം, വെള്ളി പാളയം റോഡ്, മേട്ടുപ്പാളയം–641 301, കോയമ്പത്തൂർ , ഫോൺ: 09486094670