ഓണപ്പയറിന് സുരക്ഷ

ഓണസദ്യയോടൊപ്പം പയറുപ്പേരി കേരളീയർക്കു നിർബന്ധമാണ്. എന്നാൽ ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും പയർകൃഷിയെ ബാധിച്ചിട്ടുണ്ട്. പയർ ഉൽപാദനത്തിൽ കുറവു സംഭവിച്ചേക്കാം.

കരിവള്ളി

ചെടികളുടെ തണ്ടിലും ഇലയിലും കായകളിലുമെല്ലാം കറുത്ത പാടുകൾ കാണുന്നതാണ് ആദ്യ ലക്ഷണം. ക്രമേണ ചെടി മുരടിച്ച് കായ്കൾ ചുക്കിച്ചുളിഞ്ഞു പോകുന്നു. ഇതിനെതിരെ സ്യൂഡോമോണാസ് – 20 ഗ്രാം/ലിറ്റർ എന്ന തോതിൽ ഉപയോഗിക്കാവുന്നതാണ്. കൂടാതെ രോഗം ശക്തമാവുകയാണെങ്കിൽ ബോർഡോ മിശ്രിതം 1% വീര്യമുള്ളത് തളിക്കാം. കാർബെന്റാസിം – 1.5 ഗ്രാം/ലിറ്റർ എന്ന തോതിലും നൽകാവുന്നതാണ്. പയർകൃഷി കഴിഞ്ഞാൽ വള്ളികൾ നശിപ്പിച്ചു കളയണം.

ചുവടുവാട്ടം

പയർചെടിയുടെ മണ്ണിനു തൊട്ടുമുകളിലുള്ള ഭാഗത്ത് തണ്ടിലായി നനഞ്ഞ പാടുകൾ കാണുന്നു. ക്രമേണ ആ ഭാഗം ചീഞ്ഞ് ചെടി വാടിപ്പോകുന്നു. ആരോഗ്യമുള്ള പയർചെടി പെട്ടെന്നുതന്നെ വാടി നശിച്ചുപോകുന്നതിനു കാരണമാകുന്നു. ഇതിനെതിരെ സ്യൂഡോമോണസ് കടഭാഗത്തും ഇലകളിലും പ്രയോഗിക്കാവുന്നതാണ്. കോപ്പർ ഓക്സിക്ലോറൈഡ് – 3 ഗ്രാം ഒരു ലീറ്ററിൽ എടുത്ത് കടയ്ക്ക് ഒഴിച്ചുകൊടുക്കുകയും വേണം.

വാഴ

ഓണത്തിനു പാകമായിക്കൊണ്ടിരിക്കുന്ന നേന്ത്രക്കുലകൾ വാഴയില, പ്ലാസ്റ്റിക് കവർ എന്നിവയിൽ ഏതെങ്കിലും ഒന്നുകൊണ്ടു പൊതിഞ്ഞു സംരക്ഷിക്കണം. നല്ല നിറത്തോടൊപ്പം തൂക്കവർധനയും ഇതു സാധ്യമാക്കുന്നു. 3–4 മാസം പ്രായമായ ആരോഗ്യമുള്ള സൂചിക്കന്നുകൾ നിലനിർത്തണം.

കൂർക്കയ്ക്ക്

വളപ്രയോഗം തുടരേണ്ടതാണ്. കൂടാതെ ശക്തമായ വെള്ളക്കെട്ട് കാണുന്നയിടങ്ങളിൽ സ്യൂഡോമോണാസോ ബോർഡോ മിശ്രിതമോ (1%) വീര്യമുള്ളത് ഒഴിച്ചുകൊടുക്കാവുന്നതാണ്.

പൂച്ചെടികളിൽ വിവിധ തരത്തിലുള്ള ഇലപ്പുള്ളി രോഗങ്ങൾ കാണുന്നുണ്ട്. ചെടികൾ വാടി നശിച്ചുപോകുന്നു. കോപ്പർ ഓക്സിക്ലോറൈഡ് – 3 ഗ്രാം/ലീറ്റർ എന്ന തോതിലെടുത്ത് കടഭാഗത്ത് ഒഴിച്ചുകൊടുക്കണം. കൂടാതെ ഇലകളിൽ ജൈവ കുമിൾനാശിനികൾ പ്രയോഗിക്കുകയും വേണം.

ഇഞ്ചി, മഞ്ഞൾ

എന്നീ വിളകളിൽ കളയെടുക്കുന്നതു തുടരേണ്ടതാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണ് കയറ്റി കൊടുക്കണം.

തയാറാക്കിയത്‌: ജോസഫ് ജോൺ തേറാട്ടിൽ

കൃഷി ഓഫിസർ, പഴയന്നൂർ.

johntj139@gmail.com