തൈ ഉൽപാദനത്തിന് മഴമറ; ആരോഗ്യമുളള തൈകൾ ഉറപ്പാക്കാം

രണ്ടു മഴക്കാലങ്ങളുള്ള കേരളത്തിൽ  മുടങ്ങാതെ പച്ചക്കറി ഉൽപാദിപ്പിക്കാൻ  മഴമറ സഹായകമാണെന്ന കാര്യത്തിൽ കരുനാഗപ്പള്ളിയിലെ വീട്ടമ്മയായ വി. വിജയകലയ്ക്ക് തീരെ സംശയമില്ല. അഞ്ചു വർഷമായി മഴമറയിൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന അനുഭവത്തിന്റെ ബലത്തിലാണ് വിജയകല ഇതു പറയുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ഫേസ് ബുക്ക് കൂട്ടായ്മകളിൽ സജീവയായ വിജയകല സ്വകാര്യസ്ഥാപനത്തിലെ ജോലിക്കൊപ്പം കൃഷിയിൽ നേട്ടമുണ്ടാക്കുന്നയാളാണ്. കൃഷിഭൂമി കൂട്ടായ്മയുെട മികച്ച കൃഷിക്കാരിക്കുള്ള അവാർഡും നേടിയിട്ടുണ്ട്.

രണ്ടു ഭാഗമായി 100 ചതുരശ്രമീറ്ററിലാണ് ഇവരുടെ മഴമറ. ഒരു ഭാഗം  വീടിന്റെ പിന്നാമ്പുറത്തും  ബാക്കി മട്ടുപ്പാവിനു മുകളിലും.  ഒരു ലക്ഷം രൂപ മുടക്കി നിർമിച്ച മഴമറയ്ക്ക് 37,500 രൂപ സബ്സിഡി കിട്ടി. വീട്ടാവശ്യത്തിനു മാത്രമല്ല സമീപത്തെ കടകളിൽ കൊടുക്കാനുള്ള പച്ചക്കറിയും മഴമറയിലൂടെ ഉൽപാദിപ്പിക്കാനാവുന്നു. ഓരോ വിളവെടുപ്പിലും 150 രൂപയുടെ പച്ചക്കറി കിട്ടുന്നുണ്ടെന്നാണ്  വിജയകലയുടെ കണക്ക്. വീടിനു സമീപം പാട്ടത്തിനെടുത്ത് ഒരു ഏക്കർ സ്ഥലത്തും വിജയകല ഭർത്താവ് അനിൽകുമാറിനൊപ്പം പച്ചക്കറിക്കൃഷി നടത്തുന്നുണ്ട്. തൈ ഉൽപാദനമാണ് മഴമറയിൽനിന്നുള്ള മറ്റൊരു വരുമാനസാധ്യത.  റെഡ് ലേഡി പപ്പായയുടെ  അഞ്ഞൂറിലധികം തൈകളാണ് കഴിഞ്ഞ വർഷം വിറ്റത്.  

തൈകൾ ഉൽപാദിപ്പിക്കുന്നതിനും  ആരോഗ്യത്തോെട  വളർത്തി വലുതാക്കുന്നതിനും മഴമറ കൂടിയേ തീരൂ. മട്ടുപ്പാവിനു മുകളിലെ  മഴമറയിലാണ്  പച്ചക്കറിക്കൃഷി. പ്ലാസ്റ്റിക് ബക്കറ്റുകളിൽ നടീൽമിശ്രിതം നിറച്ച് തിരിനനരീതിയിലാണ് ചെടികൾ  നട്ടിരിക്കുന്നത്.  തൊടിയിലെ  മഴമറ  തൈകളുടെയും പൂക്കളുടെയും ഉൽപാദനത്തിനായി മാറ്റിവച്ചിരിക്കുന്നു.   അടുത്ത കാലത്താണ്  ഓർക്കിഡും മഴമറയിൽ വളർത്തി തുടങ്ങിയത്. നിലത്ത് വിരിച്ച മൾചിങ്ങ് ഷീറ്റിൽ ചകിരിത്തൊണ്ട് അടുക്കിയാണ് മൊക്കാറ ഓർക്കിഡുകൾ ഉറപ്പിച്ചിരിക്കുന്നത്.  കൂടാതെ ഡെൻഡ്രോബിയം, ഫലനോപ്സിസ് തുടങ്ങിയ ഇനങ്ങളുമുണ്ട്. വൻകിട നഴ്സറികളിൽനിന്ന് ഓർക്കിഡ് തൈകൾ വാങ്ങി വിൽക്കുന്നതിനൊപ്പം സ്വന്തമായി തൈകൾ ഉൽപാദിപ്പിക്കുന്നുമുണ്ട്. ഓർക്കിഡ് പുഷ്പങ്ങൾക്ക് പ്രാദേശികവിപണിയിൽ ആവശ്യക്കാരുണ്ടെന്ന് വിജയകല പറഞ്ഞു.  ഫേസ്ബുക്കിലൂടെയാണ് ഓർക്കിഡ് തൈകൾക്ക് ആവശ്യക്കാരെ കണ്ടെത്തുന്നത്. കേരളത്തിനു പുറത്തുനിന്നുപോലും ഓർഡറുകൾ കിട്ടിയെന്ന് വിജയകല ചൂണ്ടിക്കാട്ടി. മഴമറയുണ്ടെങ്കിൽ മാത്രമേ മഴക്കാല രോഗങ്ങളും മറ്റുമുണ്ടാവാതെ ആരോഗ്യമുള്ള തൈകൾ ഉൽപാദിപ്പിക്കാനാവുകയുള്ളൂ.

പോളിത്തീൻ ഷീറ്റിൽ പായൽ പിടിക്കുന്നതാണ് മഴമറക്കൃഷിയിലെ തലവേദനയെന്ന് വിജയകല പറയുന്നു. കീറാതെ ഷീറ്റ്  വൃത്തിയാക്കുന്നതിനു വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ല. ഇത്തരം പ്രശ്നങ്ങളിൽ പരിഹാരം നിർദേശിക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. മഴമറ നിർമിക്കാൻ സഹായിക്കുന്നതിനൊപ്പം  മുടങ്ങാതെ കൃഷി നടത്താൻ വേണ്ട സാങ്കേതിക പിന്തുണയും കൃഷിവകുപ്പ് നൽകണമെന്ന് വിജയകല ആവശ്യപ്പെട്ടു. 

ഫോൺ: 9349817515