ഭൂമിക്കു പ‌ട്ടയം കിട്ടാൻ

Representative image

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

എനിക്കു 1.75 ഏക്കർ കരഭൂമി (പുരയിടം) കൈവശമുണ്ടായിരുന്നു. അതിൽ കുറെ ഭൂമി അന്യാധീനപ്പെട്ടുപോയി. ബാക്കി ഒരേക്കർ ഉണ്ട്. എന്നാൽ ഇതിനു കൈവശരേഖ ഇല്ല. ഈ സ്ഥലത്ത് റബർകൃഷിയുണ്ട്. ഞാൻ പട്ടികവർഗത്തിലെ കാട്ടുനായ്ക്കൻ വിഭാഗത്തിൽപ്പെട്ടയാളാണ്. ഈ സ്ഥലത്തിനു പട്ടയം കിട്ടാനുള്ള മാർഗം എന്താണ്.

കെ. എസ്. സുരേഷ്, മുണ്ടേരി

∙ നിങ്ങളു‌ടെ കത്തിൽനിന്നു കൈവ‌ശഭൂമി സർക്കാർ ഭൂമിയാണോ, സർക്കാർ ഭൂമിയാണെങ്കിൽ ഏതു തരത്തിൽപ്പെട്ടതാണ് എന്ന‍ൊന്നും വ്യക്തമല്ല. 1960ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ നിയമത്തിനു കീഴിൽ നിരവധി ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണമായി, വനംവകുപ്പിൽനിന്നു റവന്യൂ വകുപ്പിലേക്കു കൈമാറ്റം ചെയ്തതും കൃഷിക്ക് ഉപയുക്തവുമായ വനഭൂമി പതിച്ചു കൊടുക്കുന്നതു സംബന്ധിച്ച് പ്രത്യേക ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പല ആവശ്യങ്ങൾക്കായും ഭൂമി പതിച്ചു കൊടുക്കാം. ചില പ്രത്യേക വിളകൾ കൃഷി ചെയ്യുന്നതിന് (ഉദാ: കാപ്പി, റബർ, ഏലം) സർക്കാർ ഭൂമി വിട്ടുകൊടുക്കുന്നതിനു ചട്ടങ്ങൾ ഉണ്ട്. പട്ടികവർഗത്തിനു ഭൂമി പതിച്ചു കൊടുക്കുന്നതിനായി ഒരു നിശ്ചിതഭാഗം മാറ്റി വയ്ക്കുന്നതിനും വ്യവസ്ഥയുണ്ട്. എല്ലാ വിവരങ്ങളും ലഭ്യമാകാതെ ഏത് ചട്ടപ്രകാരമാണ് നിങ്ങൾ അപേക്ഷിക്കേണ്ടതെന്നു പറയാൻ നിവൃത്തിയില്ല നിങ്ങളു‌‌ടെ താലൂക്കിലെ തഹസിൽദാരുമായി ബന്ധപ്പെട്ട് പരിഹാരം കാണുക.

Representative image

വഴി തടസ്സപ്പെടുത്താനാകുമോ

അച്ഛന്റെ പേരിലുണ്ടായിരുന്ന ഭൂമി, ഞങ്ങൾ മക്കൾ രണ്ട‍ായി തിരിച്ചു. എ, ബി ഭാഗങ്ങളാക്കി അതിൽ തെക്കുവശം റോഡിൽനിന്നു ബി പട്ടിക വസ്ത‍ുവിന്റെ കിഴക്കു തെക്കേ അരികിൽക്കൂടി രണ്ടു മീറ്റർ വീതിയിൽ വഴി എ പട്ടികവസ്തുവിൽ മുട്ടുന്നതുവരെ തിരിച്ചിടുകയും എ, ബി പട്ടികക്കാർക്ക് ഉപയോഗിക്കാമെന്ന് ഭാഗാധാരത്തിൽ എഴുതുകയും അതുപ്രകാരം രണ്ടുപേരും വീടു വച്ച് താമസിച്ചുവരികയുമാണ്. എന്നാൽ ബി പ‌ട്ടികക്കാരൻ മക്കൾക്ക് വീതം വച്ച് നൽകുകയും ഇതിൽ ഒരാൾ എ പട്ടികക്കാരന്റെ വസ്തുവിനോട് അടുത്ത ഭാഗത്തിൽ വീടു വച്ച് താമസിക്കുകയുമാ‌ണ്. ഇതിനുശേഷം എ പട്ടികക്കാരനെ പല രീതിയിൽ വഴി ത‌ടസപ്പെടുത്തുകയും വിൽക്കാൻ ശ്രമിച്ചപ്പോൾ ഈ വഴി കണ്ടു വാങ്ങണ്ട എന്നു വസ്തു വാങ്ങാൻ വരുന്നവരോട് പറയുകയും ചെയ്യുന്നു. എ, ബി വസ്തുക്കൾക്ക് പൊതുവായി പറഞ്ഞിട്ടുള്ള വഴി ത‌ടസപ്പെടുത്താൻ ബി വസ്തുക്കാർക്ക് നിയമപരമായി സാധിക്കുമോ. എ പട്ടികക്കാരന് വസ്തുവഴി കാണിച്ചു വിൽക്കുന്നതിന് തടസമുണ്ടോ.

സുബ്രഹ്മണ്യൻ ചക്കന്തറ, ആലുവ

∙ വഴിയവകാശം ആധാരത്തിൽ വ്യക്തമായി പറഞ്ഞിട്ട‍ുണ്ടെങ്കിൽ അത് തടസപ്പെടുത്തുന്നതിന് ആർക്കും അവകാശമില്ല. ആ വസ്തു വഴിയവകാശം ഉൾപ്പെടെ മറ്റാർക്കെങ്കിലും വിൽക്കുന്നതിനും തടസമില്ല. എ പട്ടികയുടെ കിഴക്ക് പഞ്ചായത്ത് സ്ഥലം എടുത്തു റോഡാക്കി എന്നു കാണുന്നു. പൊതുജനങ്ങൾക്ക് വഴിയായി ഉപയോഗിക്കാൻ അവകാശമുള്ളതായ എല്ലാ റോഡുകളും ഇടവഴിയും വഴിയും നടപ്പാതയും ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമാണ്. ഇപ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമാകുന്ന വില്ലേജ് റോഡുകളും പാതകളും വഴികളും സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്തിൽ സൂക്ഷിക്കുന്ന റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. അങ്ങനെയുള്ള പഞ്ചായത്ത് റോഡുകൾ പഞ്ചായത്തിന്റെ വകയും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുമായിരിക്കും.

Representative image

മണ്ണ‌െ‌ടുപ്പു ത‌ടയാൻ

ഞങ്ങൾ കുറെ വീട്ടുകാർ താമസിക്കുന്നത് ഒരു കുന്നിൻചെരിവിലാണ്. അവിടെനിന്ന് മണ്ണ് എടുത്ത‍ു വിൽക്കാൻ ഒരു ഭൂവുടമ ശ്രമിക്കുന്നു. വെള്ളത്തിനേറെ ബുദ്ധിമുട്ടുള്ള ഈ സ്ഥലത്തുനിന്ന് മണ്ണ് മാറ്റുന്നത് പരിസ്ഥിതിക്ക് ഏറെ ദേഷം ചെയ്യുമെന്നും ജലക്ഷാമം ഇനിയും രൂക്ഷമാകുമെന്നും ഞങ്ങൾ ഭയപ്പെടുന്നു. ഈ നീക്കം തടയാനെന്താണ് വഴി.

കെ. ജെ. മാത്യൂസ്, കോ‌ട്ടയം

∙ വിശദവിവരങ്ങൾ സഹിതം ജില്ലാ കലക്ടർക്കോ റവന്യു ഡിവിഷനൽ ഓഫിസർക്കോ പരാതി കൊടുക്കുക.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in