ചെത്തിക്കൊടുവേലി കൃഷി ചെയ്യേണ്ട വിധം

ചെത്തിക്കൊടുവേലി പൂക്കൾ. Image courtesy: floristtaxonomy website

ചുവന്ന കൊടുവേലി അഥവാ ചെത്തിക്കൊടുവേലി മൂലക്കുരു, ദഹനസംബന്ധ അസുഖം, ത്വക്‌രോഗം എന്നിവയ്‌ക്കുള്ള ഔഷധത്തിലെ ചേരുവയാണ്. ചിതകാസവം, ദശമൂലാരിഷ്‌ടം, യോഗരാജചൂർണം എന്നീ മരുന്നുകളിൽ ചേർക്കുന്നു. മഹോദരം, മന്ത്, കൃമിശല്യം, പ്രമേഹം, ദുർമേദസ്, നീര്, പനി എന്നിവ ശമിപ്പിക്കാനും ഈ ഔഷധിക്ക് കഴിവുണ്ട്.

ചെത്തിക്കൊടുവേലി വേര്

രണ്ട്-നാല് അടി ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. അഞ്ചുവർഷത്തോളം ആയുസുണ്ട്. കിഴങ്ങു പോലെ വണ്ണമുള്ള വേരാണ് ഉപയോഗ ഭാഗം. കിഴങ്ങിന്റെ നീര് ശരീരത്തിൽ തട്ടിയാൽ തീപ്പൊള്ളലേറ്റപോലെ കുമിളയ്‌ക്കും. അതിനാൽ കിഴങ്ങ് പറിച്ചെടുക്കുമ്പോൾ കയ്യിൽ വെളിച്ചെണ്ണ പുരട്ടുകയോ കയ്യുറ ധരിക്കുകയോ വേണം. കിഴങ്ങ് ചുണ്ണാമ്പുവെള്ളത്തിലിട്ട് ശുദ്ധീകരിച്ചാണ് ഔഷധ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

കൃഷിരീതി: സൂര്യപകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള, നീർവാർച്ചയുള്ള സ്‌ഥലമാണ് അനുയോജ്യം. അധികം മൂപ്പെത്താത്ത പച്ചനിറമുള്ള തണ്ട് രണ്ടു മുട്ടുകളുടെ നീളത്തിൽ മുറിച്ചു നടുകയാണ് ചെയ്യുന്നത്. മേയ്-ജൂലൈ മാസമാണ് കൃഷിയിറക്കാൻ ഉത്തമം.

ചെത്തിക്കൊടുവേലി

ഏക്കറിന് നാല് ടൺ ജൈവവളം മണ്ണുമായി ചേർത്ത്, 45 സെന്റീമീറ്റർ ഉയരത്തിൽ വാരങ്ങൾ എടുത്ത്, കമ്പുകൾ 15 സെന്റീമീറ്റർ അകലത്തിൽ നടണം. ചെറിയ മൺകൂനകളിൽ മൂന്നു കമ്പ് വീതം നടുകയും ചെയ്യാം. പോളിത്തീൻ കവറുകളിൽ വേരുപിടിപ്പിച്ച തൈകളും നടാൻ ഉപയോഗിക്കാം. ആറുമാസത്തിനുശേഷം കളനീക്കി ജൈവവളം ചേർത്തു കൊടുക്കണം. രണ്ടാം വർഷാവസാനം കിഴങ്ങ് പറിച്ചെടുക്കാം.

മൂന്നോ നാലോ വർഷംകൊണ്ട് വേരിന് കൂടുതൽ വണ്ണവും വലുപ്പവും വരും. ഒരേക്കറിൽ നിന്ന് 2-3 ടൺ കൊടുവേലി കിഴങ്ങ് ലഭിക്കും.