വെണ്ട: ഇലപ്പുള്ളിയെ സൂക്ഷിക്കുക

വെണ്ട

അടുക്കളത്തോട്ടത്തിൽ ഈ മാസം 

വെണ്ട നനച്ചാലേ വേനൽക്ക് നന്നായി വളരുകയുള്ളൂ. മൂന്നു ദിവസം കൂടുമ്പോൾ നന്നായി നനയ്ക്കുക. നന കുറഞ്ഞാൽ ഇലപ്പുള്ളി രോഗം കഠിനമാകും. മഞ്ഞുകാലമായതിനാൽ ഇലകളിൽ പൊടി തൂവിയ മാതിരി പൗഡറി മിൽഡ്യു എന്ന രോഗം കാണാം. തുടർന്ന് ഇലകൾ കരിയും. വെറ്റബിൾ കരാത്തേൻ ഫലപ്രദം. തണ്ടുതുരപ്പന്റെ ഉപദ്രവം പ്രതീക്ഷിക്കാം. ഉപദ്രവമേറ്റ ഭാഗങ്ങൾ മുറിച്ചു ചുടണം. ഉപദ്രവം കൂടുതലുണ്ടെങ്കിൽ ഇക്കാലക്സ് 2 മി.ലീ., ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. ഒരാഴ്ച കഴിഞ്ഞേ വിളവെടുത്ത് ഉപയോഗിക്കാവൂ.

ചീര

ഈ മാസവും നടാം. കണ്ണാറ ലോക്കൽ എന്നയിനം ഒഴിവാക്കണം. ചാലുകളില്‍ ചീര നടുക. ചാലുകൾക്ക് 30 സെ.മീ വീതിയും 15 സെ.മീ ആഴവും മതി. സെന്റിന് 100–200 കിലോ ജൈവവളം ചാൽ മണ്ണുമായി കൊത്തിച്ചേർക്കുക. നടുന്ന സമയത്ത് ചാലിന് 10 സെ.മീ ആഴം മതി. അരുൺ മുന്തിയ ഇനം ചുവന്ന ചീരയാണ്. മോഹിനി, സി–ഒ.1,2,3 എന്നിവ പച്ചയിനങ്ങളും. തൈകൾ വൈകിട്ടു നട്ട് നനയ്ക്കുക. പിടിച്ചു കിട്ടുന്നതുവരെ തണൽ നൽകുന്നതു നന്ന്. തൈകൾ നട്ട് കേടു തീരുന്നതോടെ സെന്റിന് 200 ഗ്രാം യൂറിയ, 1000 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 330 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കുക. വളം തൈകൾക്ക് ചുറ്റും തണ്ടിൽ തട്ടാതെ വിതറി കൊത്തിച്ചേർക്കണം. ജൈവകൃഷിയാണെങ്കിൽ റോക്ക് ഫോസ്ഫേറ്റ് ചേർക്കാം. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക്, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവയാണ് പ്രധാന ജൈവവളങ്ങൾ. ചീരയ്ക്ക് പഞ്ചഗവ്യം തളിക്കുന്നത് കേടുപാട് കുറയാനും കരുത്തുണ്ടാകാനും ഉപകരിക്കും.

മുളക്, വഴുതന, തക്കാളി

ഒരു മാസം പ്രായമായ തൈകൾക്ക് സെന്റിന് 150–250 ഗ്രാം യൂറിയയും 90 ഗ്രാം പൊട്ടാഷ് വളവും ചേർക്കാം. നട്ട് 50 ദിവസമായാൽ 150–250 ഗ്രാം യൂറിയ മാത്രം ചേർക്കാം. വളം തൈകൾക്ക് ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുക. ഇളകിയ മണ്ണ് ചുറ്റും കൂട്ടണം. പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം, ശീമക്കൊന്ന ചവറ് എന്നിവ ഈ പച്ചക്കറികൾക്കു നല്ല വളമാണ്. നന 3–4 ദിവസത്തിൽ ഒന്നു മതി. നീരൂറ്റിക്കുടിക്കുന്ന ചെറുകീടങ്ങളെ നശിപ്പിക്കാൻ ഇടയ്ക്കിടെ വെളുത്തുള്ളി–വേപ്പെണ്ണ സ്പ്രേ ചെയ്യുക.

സ്യൂഡോമോണാസ് കൾച്ചർ ഇടയ്ക്കിടെ തളിച്ചാൽ പലതരം കുമിൾ, ബാക്ടീരിയ രോഗങ്ങളെ നിയന്ത്രിക്കാം. അതുപോലെയാണ് ചുവട്ടിൽ ട്രൈക്കോഡേർമ കൾച്ചർ ചേര്‍ക്കുന്നതും. ബാക്ടീരിയ വരുത്തുന്ന വാട്ടരോഗത്തെ ചുവട്ടിൽ കുമ്മായം ചേർക്കുന്നതു വഴി നിയന്ത്രിക്കാം. നിമാവിരകളെ നിയന്ത്രിക്കുന്നതിന് വേപ്പിൻപിണ്ണാക്ക് വളമായി ചേര്‍ക്കാം.

വെള്ളരിവർഗങ്ങൾ

വെള്ളരിവര്‍‌ഗങ്ങളായ പാവൽ, പടവലം, വെള്ളരി, തണ്ണിമത്തൻ, സാലഡ് കുക്കുമ്പർ, ചുരയ്ക്ക എന്നിവ ഈ മാസം നടാം. ചാലുകളിലോ തടങ്ങളിലോ നടുക.

വായിക്കാം ഇ - കർഷകശ്രീ

അടിവളമായി സെന്റിന് 50–80 കിലോ ജൈവവളം ചേർക്കണം. തടത്തിലാണ് നടുന്നതെങ്കിൽ 4–5 വിത്തു നടുക. തൈകൾക്ക് 3–4 ഇലയാകുമ്പോൾ കരുത്തുള്ള രണ്ടു തൈകൾ നിർത്തി ബാക്കിയുള്ളവ നീക്കുക.