നമുക്കും വളർത്താം ഒറിഗാനോ

ഒറിഗാനോ ഇലകൾ

പുതുതലമുറയുടെ ഇഷ്ടവിഭവങ്ങൾക്കു രുചിയും മണവും ഗുണവും നൽകാൻ ചേർക്കുന്നതാണ് ഒറിഗാനോ. പുതിനയുടെ കുടുംബാംഗം. ഇതിന്റെ ജന്മദേശം തെക്കുപടിഞ്ഞാറൻ യുറേഷ്യയാണെങ്കിലും നമ്മുടെ നാട്ടിലും വളരും.

വിത്തുകൾ പാകിയും കമ്പുകൾ മുറിച്ചുനട്ടും വളർത്താം. വിത്തുകൾ പാകാൻ ഒരുഭാഗം ചാണകപ്പൊടി, രണ്ടുഭാഗം മണൽ, നാലുഭാഗം മേൽമണ്ണ് എന്ന അനുപാതത്തിലാണു മിശ്രിതം തയാറാക്കേണ്ടത്. ചാണകത്തിനു പകരം കമ്പോസ്റ്റും മണലിനു പകരം പാകപ്പെടുത്തിയ ചകിരിച്ചോറും ഉപയോഗിക്കാവുന്നതാണ്. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ നനച്ചശേഷമാണു വിത്തുകൾ പാകേണ്ടത്. വിത്തുകൾ പാകി രണ്ടിഞ്ച് നീളമാകുമ്പോൾ ഒരു ചട്ടിയിൽ ഒരു ചെടിവച്ചു നടാവുന്നതാണ്. ഒറിഗാനോയുടെ വളർച്ചയ്ക്ക് അനുയോജ്യമായ പിഎച്ച് 6 മുതൽ 8 വരെയാണ്. 30 സെന്റിമീറ്റർ അകലത്തിലാണു നടുന്നത്.

വറുത്തതും പൊരിച്ചതും ഗ്രിൽ ചെയ്‌തതുമായ പച്ചക്കറികൾ, ഇറച്ചി, മീൻ എന്നിവയിലാണ് ഇവയുടെ ഇലകൾ ഉപയോഗിക്കാറുള്ളത്.

ഇറച്ചി വറുക്കുമ്പോൾ ഒറിഗാനോ ഇലകൾ ചേർത്താൽ രുചി വർധിക്കും. ഒറിഗാനോ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം.

ഉണക്കിയ ഇലകൾ വിപണിയിൽ ലഭ്യമാണ്. നമ്മുടെ വീട്ടുവളപ്പുകളിൽ ചട്ടികളിൽ ഒറിഗാനോ വളർത്തി ഇലകൾ പുതുമയോടെ, ഗുണമേന്മയോടെ കറികളിൽ ഉപയോഗിക്കാം.