വീട്ടിലിരുന്നും മുത്തുകൾ വാരാം

പ്ലാസ്റ്റിക് ബക്കറ്റുകളിൽ മുത്തുച്ചിപ്പിയെ വളർത്തി മുത്ത് വിളയിക്കുന്ന മാർഗം പരീക്ഷിച്ച് വിജയിച്ച ആളാണ് കാസർകോട് മാലകല്ല്കാരനായ കെ.ജെ. മാത്തച്ചൻ. ഒന്നരലക്ഷം രൂപ മുതൽ മുടക്കി കൃഷി ചെയ്താൽ നാലരലക്ഷം വിറ്റുവരവുണ്ടാകും. അതായത് മൂന്ന് ലക്ഷം ലാഭം കിട്ടും എന്ന് ചുരുക്കം. പതിനെട്ട് മാസംകൊണ്ട് മുത്ത് വൃത്താകൃതിയിൽ വളർച്ച പ്രാപിക്കും. കക്കയിറച്ചി കളഞ്ഞശേഷം വീണ്ടും രണ്ട് മാസം കൂടി ചിപ്പിയെ വെള്ളത്തിലിടണം. അതിന് ശേഷം വിൽക്കാൻ സാധിക്കും. വീണ്ടും ഒരു പതിനെട്ട് മാസം കൂടി ഇറച്ചി കളയാതെ വളർത്താമെങ്കിൽ വില മൂന്നിരട്ടി ലഭിക്കും. മൂന്ന് പതിറ്റാണ്ടായി ഈ രംഗത്തുള്ള മാത്തച്ചന്റെ അനുഭവം അതാണ്.

കെ.ജെ. മാത്തച്ചൻ

അഞ്ഞൂറ് ചിപ്പിയിൽ ആയിരം ന്യൂക്ലിയസ് (Nucleus) നിക്ഷേപിക്കാം. ചിപ്പിക്ക് ഏഴായിരത്തി അഞ്ഞൂറും ആയിരം ന്യൂക്ലിയസ്സിന് ഒരു ലക്ഷം രൂപയും ആകും. പിന്നെ അമ്പത് ബക്കറ്റും മറ്റ് അനുബന്ധ സാധനങ്ങളും കൂടിയാണ് ഒന്നരലക്ഷം കണക്കാക്കിയിരിക്കുന്നത്.

ന്യൂക്ലിയസ് നിക്ഷേപിച്ച് പത്ത് ദിവസത്തിനകമാണ് ചാകാൻ സാധ്യതയുള്ള കക്കകൾ ചാകുന്നത്. അപ്പോൾതന്നെ അതിനെ മാറ്റി പുതിയ ചിപ്പിയിൽ പഴയ ന്യൂക്ലിയസ് വീണ്ടും ഉപയോഗിക്കാം.

മാത്തച്ചന്റെ കൈയിൽനിന്നും ന്യൂക്ലിയസ് വാങ്ങുന്നവരെ അത് വിൽക്കാനും അദ്ദേഹം സഹായിക്കുന്നു. അതിനാൽ ഉൽപാദകന് മാർക്കറ്റ് അന്വേഷിച്ച് പോകേണ്ടതില്ല. വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാവുന്ന ഗുണനിലവാരമുള്ള മുത്തുകളാണ് നമുക്ക് ഉൽപാദിപ്പിക്കാൻ കഴിയുന്നത്. ഇപ്പോൾ ഇന്ത്യയിലേക്ക് ആവശ്യമായ മുത്തുകൾ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

ഗോളാകൃതിയിലും അർദ്ധഗോളാകൃതിയിലും ഉള്ള മുത്തുകൾ ആണ് ഉൽപാദിപ്പിക്കുന്നത്. ചൈനയിലാണ് ഏറ്റവും അധികം ശുദ്ധജലമുത്തുകൾ ഉൽപാദിപ്പിക്കുന്നത്. പിന്നെ ജപ്പാനും ഓസ്ട്രേലിയയുമാണ്.

കക്കയുടെ തീറ്റ ഒരു അക്വേറിയത്തിലും രണ്ട് ബക്കറ്റിലുമായി ഇതോടൊപ്പം വളർത്തണം. അതിന്റെ അടിസ്ഥാന വസ്തുക്കളും അവ വികസിപ്പിക്കേണ്ട മാർഗവും ഇദ്ദേഹം പഠിപ്പിച്ചുകൊടുക്കുന്നു.

സ്വർണ്ണനിറമാർന്ന മുത്തുകളാണ് ഇന്ത്യക്കാർക്ക് ഏറെ ഇഷ്ടം. 540 ലെയർ ഉള്ള മുത്ത് ‘A’ grade ഉം 400ൽ അധികം ലെയർ ഉള്ളത് ‘B’യും അതിൽ താഴെ വരുന്നത് ‘C’യുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മുത്ത് തരംതിരിച്ച് വില നിശ്ചയിക്കുന്നത്. കക്കയുടെ തോട് ഉപയോഗിച്ച് ഉപോൽപന്നമായി ചുമരിൽ തൂക്കാവുന്ന ചില ഫ്രെയിമുകളും മാത്തച്ചൻ നിർമിക്കുന്നു.

പരിശ്രമിച്ചാൽ നമുക്കും ഈ രംഗത്ത് ഉയർന്ന് വരാൻ കഴിയും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടി ഇതിന് വേണ്ട സഹായങ്ങള്‍ തരാൻ തയാറായാൽ വിദേശനാണ്യം ലഭിക്കാൻ സഹായിക്കുന്ന ഈ കൃഷി വളരെ വേഗം വികസിക്കുന്നതാണ്.

ഈ രീതി പഠിച്ച ചിലരൊക്കെ ഇന്ന് കേരളത്തിലും പുറത്തും ശുദ്ധജല മുത്തുകൃഷി ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 9446089736 / 8848790137

ലേഖകന്റെ വിലാസം :‌

Dr. P.B. Rajesh
Rama Nivas
Poovathumparambil
Eloor East
Udyogamandal P O
Ernakulam
Mob: 9846033337
rajeshastro1963@gmail.com