നടുക്കടലിലെ മത്സ്യ കൃഷി - വി‍ഡിയോ

കടലിലെ മത്സ്യക്കൂടുകളിൽ തീറ്റ നൽകുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കരയിൽ കൃഷി ചെയ്യാൻ ഇടമില്ലാതെ വന്നാൽ എന്തു ചെയ്യും? കൃഷി കടലിലേക്കു വ്യാപിപ്പിക്കുകതന്നെ. ഭൂമിയുടെ ഉപരിതലവിസ്തൃതിയുടെ 71 ശതമാനം സമുദ്രമാണെന്നോർക്കണം. കടലിലെ കൃഷി എന്ന ആശയം ഇപ്പോഴിതാ കേരളത്തിലും. മത്സ്യങ്ങളെ കടലിലെ കൂട്ടിലടച്ചു തീറ്റ നൽകി വളർത്തുകയാണ് വിഴിഞ്ഞത്തിനടുത്ത് അടിമലത്തുറയിലലെ ജീസസ് പുരുഷ സ്വയംസഹായസംഘം. മറ്റുള്ളവർ മീൻ പിടിക്കാൻ പുറങ്കടലിൽ പോകുമ്പോൾ മത്സ്യങ്ങൾക്കു തീറ്റ നൽകാനായി വള്ളമിറക്കുന്ന ഈ സംഘം തീരദേശത്തെ മത്സ്യബന്ധനരീതികളിൽ വലിയ മാറ്റങ്ങൾക്കു വഴിതുറക്കുകയാണ്. അനുദിനം കുറഞ്ഞുവരുന്ന സമുദ്രമത്സ്യസമ്പത്തിനെ അമിതമായി ചൂഷണം ചെയ്യാതെ തന്നെ കടലിൽ നിന്നു മീൻ പിടിക്കാൻ ഇതുപകരിക്കും.

വായിക്കാം ഇ - കർഷകശ്രീ

ജീസസ് സ്വാശ്രയ സംഘാംഗങ്ങൾ ആർജിസിഎ പ്രോജക്ട് മാനേജർ ദാമോദറിനൊപ്പം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെൻറർ ഫോർ അക്വാകൾച്ചറാണ് (ആർജിസിഎ) ഇതിനാവശ്യമായ പണം മുടക്കുന്നത്. കടലിലെ കൂടുമത്സ്യക്കൃഷി മത്സ്യത്തൊഴിലാളികളെ പരിചയപ്പെടുത്തുന്ന ഈ സംരംഭത്തിനു വേണ്ടി നാലു കോടി രൂപയാണ് ആർജിസിഎ നിക്ഷേപിക്കുന്നതെന്ന് അസിസ്റ്റൻറ് പ്രോജക്ട് മാനേജർ പി.എൻ. ദാമോദർ പറഞ്ഞു. തീറ്റച്ചെലവ് ഉൾപ്പെടെയാണിത്. മീൻ വളർത്താനാവശ്യമായ കൂടും മത്സ്യവിത്തും മറ്റ് സാങ്കേതിക സൗകര്യങ്ങളും ആർജിസിഎ നൽകി. നാലു വമ്പൻ കൂടുകളാണ് മുപ്പതു മീറ്ററിലധികം ആഴമുള്ള സമുദ്രഭാഗത്ത് ഇവർ സ്ഥാപിച്ചിരിക്കുന്നത്. ഈ കൂടുകളിൽ വലുതിനു 16 മീറ്ററും ബാക്കി മൂന്ന് കൂടുകൾക്ക് 12.7 മീറ്റർ വീതവും വ്യാസമുണ്ട്. നാലു കൂടുകളിൽ നിന്നു രണ്ടു ബാച്ചുകളിലായി ഒരു വർഷം 100 ടൺ വരെ മീൻ വിളവെടുക്കാമെന്ന് ദാമോദർ പറഞ്ഞു.

ആർജിസിഎ അസിസ്റ്റൻറ് പ്രോജക്ട് മാനേജർമാരായ അരവിന്ദ്, ദണ്ഡപാണി, ദാമോദർ എന്നിവർ പൊഴിയൂരിലെ ഹാച്ചറിയിൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ജലോപരിതലത്തിൽ വൃത്താകൃതിയിൽ സ്ഥാപിക്കപ്പെടുന്ന എച്ച്ഡിപിഇ ഫ്രെയ്മിൽ നിന്നു താഴേക്കു തൂങ്ങിക്കിടക്കുന്ന വലക്കൂടുകൾക്ക് ഏഴു മീറ്റർ ആഴമുണ്ട്. ബലമേറിയ പ്രത്യേകതരം പോളിയെസ്റ്റർ കൊണ്ടുള്ള വലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആർജിസിഎയുടെ പൊഴിയൂർ ഹാച്ചറിയിൽ വളർത്തിയ മോതക്കുഞ്ഞുങ്ങളെ ഈ കൂടുകളിൽ നിക്ഷേപിച്ചിരിക്കുന്നു. വലയ്ക്കുള്ളിലാണെങ്കിലും കടൽ ജലത്തിൽ കഴിയുന്ന മീൻ കുഞ്ഞുങ്ങൾക്കു പ്രത്യേക തീറ്റകൂടി ലഭിക്കുന്നതോടെ വളർച്ചാനിരക്ക് വർധിക്കുന്നു. മത്സ്യബന്ധനത്തെ അപേക്ഷിച്ച് അധ്വാനവും അപകടസാധ്യതയും കുറവാണെങ്കിലും കടലിലെ കൃഷിക്ക് ഏറെ പ്രയത്നവും മുതൽമുടക്കും ആവശ്യമാണ്. കൂടുകളോടു ചേർന്നു നങ്കൂരമിട്ട ബോട്ടുകളിൽ ഊഴമിട്ടു കാവലിരിക്കുകയാണ് സംഘത്തിലെ അംഗങ്ങൾ. കൂട്ടിലെ മത്സ്യക്കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ടു നേരം തീറ്റ നൽകുന്നതും ഇവർ തന്നെ. രാത്രി കാവലിനു പോകുന്നവർ രാവിലെ കരയിലേക്കു മടങ്ങും. അപ്പോൾ അടുത്ത സംഘം കൂടുകളുടെ ചുമതല ഏറ്റെടുത്തിരിക്കും.

ഭീമാകാരമായ കൂടുകൾ നിശ്ചിതസ്ഥലത്ത് എത്തിക്കുന്നതിനും ഏറെ പരിശ്രമം വേണ്ടിവന്നു. ആഴമേറിയ ഭാഗമായതിനാൽ നങ്കൂരമിട്ടാണ് കൂടുകളുടെ ചട്ടക്കൂട് ഇവി‌ടെ ഉറപ്പിച്ചത്. നങ്ക‍ൂരമിട്ട വടങ്ങൾ തമ്മിൽ എട്ടുകാലിവലപോലെ പരസ്പരവും ബന്ധിച്ചിട്ടുണ്ട്. എത്ര പ്രതികൂല സാഹചര്യത്തിലും കൂടിനു കേടുവരാതെ ഉറപ്പിച്ചു നിർത്തുന്നതിനാണിത്. മാംസ്യം വളരെ കൂടുതലുള്ള (40 ശതമാനം) തീറ്റയാണ് മോതയ്ക്കു വേണ്ടത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തിരുന്ന വിലയേറിയ ഈ തീറ്റ ഇപ്പോൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. കാവൽ ബോട്ടിനുള്ളിൽ തന്നെയാണ് തീറ്റ സംഭരിച്ചിരിക്കുന്നതും. വലക്കൂടുകൾ ഉയർത്തുന്നതിനുള്ള ക്രെയിനും ഈ ബോട്ടിലുണ്ട്. പായലും കക്കയും കടൽവെള്ളത്തിലെ മറ്റ് മാലിന്യങ്ങളുമൊക്കെ തങ്ങി വലക്കൂടുകൾ അടഞ്ഞു പോകാറുണ്ട്. ഇതുമൂലം കൂടിനുള്ളിലെ ജലനിലവാരം മോശമാവും. ഇതൊഴിവാക്കാൻ മാസത്തിലൊരിക്കൽ വലക്കൂടുകൾ അഴിച്ചുമാറ്റി മത്സ്യങ്ങളെ പുതിയ വലക്കൂടുകളിലാക്കും. ഏറെ ശ്രമകരമായ ഈ ജോലിക്ക് സംഘാംഗങ്ങളെല്ലാവരും ഒത്തുചേരുമെന്ന് സംഘം സെക്രട്ടറി സെൽവരാജ് പറഞ്ഞു. മത്സ്യബന്ധനത്തെ ബാധിക്കാത്ത വിധത്തിൽ കൃഷി നടത്താനാകുന്നുണ്ടെന്നു സംഘാംഗമായ റോബർട്ട് ചൂണ്ടിക്കാട്ടി.

കന്യാകുമാരിക്കു സമീപം മുട്ടത്തെ ആർജിസിഎ ഫാമിൽ 2011 മുതൽ കടലിലെ കൂടുമത്സ്യക്കൃഷി സംബന്ധിച്ച പരീക്ഷണം നടക്കുന്നതായി അസിസ്റ്റൻറ് പ്രോജക്ട് മാനേജർ വി.എസ്. അരവിന്ദ് പറഞ്ഞു. ഇവിടെ ഇതുവരെ 89 ടൺ വരെ ഉൽപാദനം കിട്ടിയിട്ടുണ്ട്. മോതയ്ക്കുപുറമേ കാളാഞ്ചി, കലവ, പൊമ്പാനോ (വളയോടുവറ്റ), ചെമ്പല്ലി തുടങ്ങിയവയു‌ടെ കൃഷിരീതിയും ആർജിസിഎ പ്രചരിപ്പിക്കുന്നു. പൊഴിയൂരിലെ ആർജിസിഎ ഹാച്ചറിയിൽ മോത, പൊമ്പാനോ എന്നിവയുടെ വിത്തുൽപാദനം നടക്കുന്നുണ്ട്. എഴു വർഷം മുമ്പ് ആരംഭിച്ച ഈ സ്ഥ‍ാപനത്തിൽ 2011 മുതൽ മത്സ്യക്കുഞ്ഞുങ്ങളു‌ടെ പ്രജനനവും വിൽപനയും നടക്കുന്നുണ്ട്. കടലിൽനിന്നു ശേഖരിച്ച മാതൃ, പിതൃമത്സ്യങ്ങൾ രോഗവിമുക്തമാണെന്ന് ഉറപ്പാക്കിയ ശേഷം പ്രത്യേക ടാങ്കുകളിൽ വളർത്തി ഹോർമോൺ കുത്തിവച്ചാണ് മത്സ്യവിത്ത് ഉൽപാദിപ്പിക്കുന്നത്. ഒരു മാസം പ്രായമാവുമ്പോൾ കുഞ്ഞുങ്ങളുടെ വിൽപന ആരംഭിക്കും. എന്നാൽ മത്സ്യവിത്ത് ആവശ്യമുള്ളവർ ശീർകാഴിയിലെ ആർജിസിഎ ആസ്ഥാനവുമായാണ് ബന്ധപ്പെടേണ്ടത്.

ഫോൺ – 8754869628 (ദാമോദർ)
04364265217 (ആർജിസിഎ, ശീർകാഴി)