പൂന്തോട്ടത്തിൽ ഈ മാസം: റോസിന്റെ ശത്രുക്കളെ തുരത്താം

മഴയുള്ളതിനാൽ കുമിൾരോഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക. ഇലപ്പൊട്ട്, ഇല കരിച്ചിൽ, അഴുകൽ‌ എന്നിവ നിയന്ത്രിക്കാൻ ഡൈത്തേൻ എം–45 നാലു ഗ്രാം അല്ലെങ്കിൽ ബാവിസ്റ്റിൻ ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. കീടങ്ങളിൽ ത്രിപ്സ്, ഏഫിഡുകൾ, മണ്ഡരി, ശൽക്കകീടങ്ങൾ, ഓർക്കിഡ് വീവിൾ എന്നിവ ഉപദ്രവകാരികളാണ്. ഇവയെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ (30 മി.ലീ., ഒരു ലീറ്റർ വെള്ളത്തിൽ), വേപ്പെണ്ണ–വെളുത്തുള്ളി– സോപ്പുമിശ്രിതം (2%) എന്നിവ ഫലപ്രദം.

വായിക്കാം ഇ - കർഷകശ്രീ

ഓർക്കിഡ്

ചട്ടിയിൽ വളർത്തുന്ന ഓർക്കിഡുകൾക്ക് ആഴ്ചയിൽ രണ്ടു തവണ വളം തളിക്കണം. കായികവളർച്ചയുടെ കാലത്ത് ഗ്രീൻകെയർ ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. വളരെ ചെറിയ തൈകളാണെങ്കിൽ അര ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു മതി. പുഷ്പിക്കുന്ന കാലത്ത് എൻപികെ അനുപാതം 1:2:2 എന്ന തോതിലാകണം. ഇതുണ്ടാക്കാൻ 19:19:19 വളം 10 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 10 ഗ്രാം, മ്യൂറിയേറ്റ് ഒഫ് പൊട്ടാഷ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ടു തവണ തളിക്കണം. 1:2:2 അനുപാതത്തിൽ ലായനിരൂപത്തിലുള്ള വളങ്ങളും ഉപയോഗിക്കാം. നിലത്തു വളരുന്ന ഇനങ്ങൾക്ക് ജൈവവളം മതി. കമ്പോസ്റ്റ് / ചാണകം ഒരു കിലോ അഞ്ചു ച.മീ. സ്ഥലത്തു ചേർക്കാം. കരുത്തു കുറവാണെങ്കിൽ മാത്രം മേൽപ്പറഞ്ഞ തോതിൽ രാസവളങ്ങളും ഉപയോഗിക്കാം.

ആന്തൂറിയം

പോട്ടിങ് മിശ്രിതത്തിലാണ് നന്നായി വളരുക. ചുവന്ന കരമണ്ണ്, ചാണകപ്പൊടി / കമ്പോസ്റ്റ്, മണൽ എന്നിവ തുല്യ അളവിൽ ഒന്നിച്ചെടുത്താൽ പോട്ടിങ് മിശ്രിതമായി. കളിമണ്ണ് ഉപയോഗിക്കരുത്. ചട്ടിയിൽ നല്ല നീർവാർച്ച വേണം. അല്ലെങ്കിൽ ഒച്ചിന്റെ ഉപദ്രവം കൂടാം. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തുകിട്ടിയ തെളി എന്നിവ ഈരണ്ടാഴ്ച കൂടുമ്പോൾ ചേർക്കാം. എല്ലുപൊടിയും മണ്ണിരക്കമ്പോസ്റ്റും നല്ല ജൈവവളങ്ങളാണ്. മൂന്നാഴ്ച കൂടുംതോറും 10 ഗ്രാം വീതം 19:19:19 വളം ചേർക്കാം. കട്ടികൂടിയ യൂറിയ, മ്യൂറിയേറ്റ് ഒഫ് പൊട്ടാഷ് എന്നിവ ഉപയോഗിക്കരുത്. തിരികളിലും ഇലകളിലും കറുത്ത പൊട്ടായി കാണുന്ന ആന്ത്രാക്നോസെന്ന രോഗം നിയന്ത്രിക്കാൻ ബാവിസ്റ്റിൻ ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. കീടങ്ങളെ തിരിച്ചറിഞ്ഞശേഷം കീടനാശിനി പ്രയോഗിക്കുക.