ഉദ്യാനത്തിലേക്ക് ഹരിതശിൽപങ്ങൾ

ലക്കിബാംബു

ലക്ഷങ്ങൾ മുതൽമുടക്കിയ ബിസിനസ് പൊളിഞ്ഞു പാളീസായ നാളുകളൊന്നിൽ ജയലാൽ യാദൃച്ഛികമായി ഒരു സിദ്ധനെ കണ്ടുമുട്ടി, സംസാരത്തിനി‌ടെ സങ്കടമുണർത്തിച്ചു. ''ആത്മാർഥത, സത്യസന്ധത, കഠിനാധ്വാനം ഇതിനൊന്നും ഒരു വിലയുമില്ലേ സ്വാമി. ഇതൊക്കെ വിടാതെ പിടിച്ചിട്ടും എനിക്കെന്താ ഇങ്ങനെ വരാൻ?''

താടിയുഴിഞ്ഞുകൊണ്ട് സിദ്ധൻ ലാലിനെ അടിമുടിയൊന്നു നോക്കി, അന്തരീക്ഷത്തിൽനിന്നു വിഭൂതിയെടുക്കാനോ ചുട്ടകോഴിയെ പറപ്പിക്കാനോ ഒന്നും സിദ്ധൻ മെനക്കെട്ടില്ല, പകരം ഒന്നാന്തരം ഒരുപദേശം കൊടുത്തു.

''കുറേ പണം നഷ്ടപ്പെട്ടു എന്നല്ലാതെ നിനക്കിപ്പൊ എന്താ പ്രശ്നം. ഒന്നുമില്ല, അധ്വാനിക്കാൻ മനസ്സുണ്ട്, ആരോഗ്യമുണ്ട്, കൂടെ നിൽക്കുന്ന കുടുംബമുണ്ട്. ആത്മാർഥത, സത്യസന്ധത, കഠിനാധ്വാനം ഇവ മൂന്നും മുറുകെപ്പിടിച്ച് ക്ഷമയോടെ കാത്തിരിക്കുക... വിജയം വഴിയേ വരും.''

''അതെ, ക്ഷമയിലാണ് കാര്യം,'' രണ്ടും മൂന്നും വർഷം ക്ഷമയോടെ ചെലവിട്ട്, ലക്കിബാംബുകൊണ്ടു മെനത്തെടുത്ത സുന്ദരശിൽപങ്ങളെ ലാളിച്ചു ലാൽ പറയുന്നു.

വായിക്കാം ഇ - കർഷകശ്രീ 

ചൈനീസ് വാസ്തുശാസ്ത്രമായ ഫുങ്ഷേ പ്രകാരം വീടിനുള്ളിലും പുറത്തും പോസിറ്റീവ് ഊർജം നിറയ്ക്കുന്ന ഘടകങ്ങളിലൊന്നാണ് ലക്കിബാംബു. ഉൾത്തളങ്ങളിൽ ഹൃദ്യമായ പച്ചപ്പു പകരുമെന്നതിനാൽ അകത്തള ഉദ്യാനങ്ങളിൽ കേരളത്തിലും ലക്കിബാംബുവിന് പ്രിയമേറെ. എന്നാൽ ലക്കിബാംബു കൃഷിചെയ്യുകയും വിസ്മയകരമായ ശിൽപങ്ങൾ തീർക്കുകയും വിൽക്കുകയും ചെയ്യുന്ന ഒരേയൊരാൾ ജയലാലായിരിക്കും.

ലക്കിബാംബു ക്രിസ്മസ് ട്രീ

ആറേഴു വർഷം മുമ്പ്, സുഹൃത്തിന്റെ വീട്ടിൽ ആകർഷകമായി വളച്ചു വളർത്തിയ ലക്കിബാംബു കണ്ടപ്പോൾ ലാലിൽ കൗതുകമുണർന്നു. വിപണിയിൽ ലഭിക്കുന്ന ലക്കിബാംബു വാങ്ങി ചെറിയ മുറിത്തണ്ടുകൾ കൂട്ടിക്കെട്ടിയ രൂപത്തിൽ ചട്ടിയിലാക്കി മുറ്റത്തു വച്ചപ്പോൾ റബർമരങ്ങളുടെ ചോലയെപ്പോലും കൂസാത്ത വളർച്ചയും നല്ല പച്ചപ്പും. വളച്ചു വളർത്താനായി അടുത്ത ശ്രമം.

നീളമുള്ള പട്ടികക്കഷണത്തിൽ പല ദിശകളിൽ ആണികളടിച്ച് ചെടിയോടു ചേർത്തു സ്ഥാപിച്ച് തണ്ടുകൾ ആണികൾക്കിടയിൽ വളച്ചുവച്ചു വളർത്തിയാണ് സാധാരണഗതിയിൽ രൂപവൈവിധ്യങ്ങൾ സൃഷ്ടിക്കുക. എന്നാൽ പിവിസി പൈപ്പുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ അങ്ങനെ സ്വന്തം നിലയ്ക്ക് ഉപായങ്ങൾ പലതും ലാൽ പരീക്ഷിച്ചു. ചട്ടിയിലും ഗ്രോബാഗുകളിലുമായി ചെടികൾ വീടിനു ചുറ്റും വളർന്നു നിറഞ്ഞു. വിവിധ രൂപങ്ങളിൽ വളർത്തി മുറ്റത്തുവച്ചിരുന്ന ചെടികൾ പലരുടെയും കണ്ണും കരളും കവർന്നപ്പോൾ ചില്ലറ വരുമാനവും വന്നുതുടങ്ങി.

ബിസിനസ് പൊളിഞ്ഞപ്പോൾ കടം വീട്ടാൻ പിതൃസ്വത്തായി ലഭിച്ച ഒന്നരയേക്കർ സ്ഥലം ലാലിനു വിൽക്കേണ്ടി വരികയുണ്ടായി. മാസം 25,000 രൂപയോളം ലാഭമുണ്ടായിരുന്ന കാലത്തുനിന്ന് 200 രൂപ ദിവസക്കൂലിക്ക് പണിയെടുക്കേണ്ടിവന്ന നാളുകൾ. ആയിടയ്ക്കു പ്രചാരത്തിലെത്തിയ ബ്രഷ് കട്ടർ (കാടു വെട്ടുന്ന ലഘുയന്ത്രം) വാങ്ങിയതാണ് വഴിത്തിരിവായത്. ലക്കി ബാംബു ശിൽപങ്ങളിൽനിന്നുകൂടി വരുമാനം വന്നതോടെ കൈവിട്ട ജീവിത നിലവാരം മെല്ലെ തിരിച്ചെത്തി.

ജയലാൽ

താമസിയാതെ ലളിതമായ ഡിസൈനുകളിൽനിന്നു സങ്കീർണമായ ശിൽപവേലകളിലേക്ക്. ജാറുകൾ, നിലവിളക്കുകൾ, ക്രിസ്മസ് ട്രീകൾ, ചെറു വേലികൾ അങ്ങനെ പല രൂപങ്ങളിൽ ലാലിനു മുന്നിൽ ലക്കിബാംബു വളഞ്ഞുകൊടുത്തു. ജാറുകളുടെ രൂപത്തിൽ കമ്പികൾകൊണ്ടു ചട്ടം തീർത്ത് അതിൽ തണ്ടുകൾ വച്ചുകെട്ടി വളർത്തിയെടുക്കുക ശ്രമകരമായിരുന്നു. വണ്ണം കൂടിയ തണ്ടുകൾ വഴങ്ങിക്കിട്ടുകയുമില്ല. തൈകൾ അടുപ്പിച്ച് നട്ടുവളർത്തിയും വളവും വെള്ളവുമൊക്കെ പരിമിതപ്പെടുത്തിയും മെലിഞ്ഞു സുന്ദരമായ തണ്ടുകൾ സൃഷ്ടിച്ചു.

മനസ്സിലെത്തുന്ന പുതിയ ഡിസൈനുകൾ, നിർമിച്ചാൽ ഭംഗിയാവുമോ എന്നറിയാൻ ഏഴാംക്ലാസ് വിദ്യാർഥിയായ മകൻ സിദ്ധാർഥിനെ ഫോട്ടോഷോപ്പ് പഠിപ്പിച്ചു. കമ്പ്യൂട്ടറിൽ ത്രിഡി ചിത്രങ്ങൾ തീർത്ത്, നിർമിക്കാനിരിക്ക‍ുന്നവയുടെ ഭംഗി ഉറപ്പുവരുത്തി.

ചട്ടിയിലും നിലത്തും വീടിനുള്ളിലും പുറത്തുമെല്ലാം ജീവനുള്ള ചെടികളെ ശിൽപരൂപത്തിൽ വളർത്തി പരിപാലിക്കാമെന്നതിനാൽ റിസോർട്ടുകാർ ഉൾപ്പെടെ ആവശ്യക്കാരെത്തി. ഒന്നരയേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് ലാൽ ലക്കിബാംബു കൃഷിയും തുടങ്ങി. തണൽ ഇഷ്ടപ്പെടുന്ന സസ്യമായതിനാൽ ജാതിക്കും റബറിനുമെല്ലാം ഇടവിളയായി കൃഷിയിറക്കി.

ലക്കിബാംബു വീടിന്റെ കിഴക്കു ദിക്കിൽ പരിപാലിച്ചാൽ ഐശ്വര്യം പടികയറി വരുമെന്നാണ് വിശ്വാസം. ശിൽപങ്ങൾ തേടിയെത്തുന്നവരിൽ കടുത്ത വിശ്വാസികളും പച്ചപ്പിനോടുള്ള സ്നേഹംകൊണ്ടുമാത്രം വരുന്നവരുമുണ്ട്. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി എന്നതാണ് ഇക്കാര്യത്തിൽ ലാലിന്റെ നയം. ലക്കിബാംബു ശിൽപങ്ങൾ വിറ്റ് മാസം ചുരുങ്ങിയത് 15,000 രൂപ സ്ഥിരവരുമാനം... അതുപോരേ...

ഫോൺ: 9495210130