ജൈവാവശിഷ്ടങ്ങള്‍ മണ്ണിരക്കമ്പോസ്റ്റാക്കാം

Representative image

മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്ന വിധം

കൃഷിയിടത്തിലെയും വീട്ടിലെയും ജൈവാവശിഷ്ടങ്ങൾ മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റാക്കാം. സാധാരണ കമ്പോസ്റ്റിനേക്കാള്‍ മികച്ചതായതുകൊണ്ട് മണ്ണിരക്കമ്പോസ്റ്റ് കുറഞ്ഞ അളവിൽ ചേർത്താലും ഗുണം ലഭിക്കും.

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റിലുള്ളതിന്റെ രണ്ടിരട്ടിയോളം അളവിൽ ചെടികൾക്കു കിട്ടത്തക്ക രൂപത്തിൽ മണ്ണിരക്കമ്പോസ്റ്റിലുണ്ട്. ഇതു മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു. എൻസൈമുകൾ, ഹോർമോണുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമൃദ്ധമാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പ്രത്യുൽപാദനശേഷിയും വളർച്ചനിരക്കും ഭക്ഷണക്ഷമതയുമുള്ള മണ്ണിരകളാണു കമ്പോസ്റ്റ് നിർമാണത്തിനു യോജിച്ചത്. മറുനാടൻ ഇനമായ ഐസീനിയ, യൂഡ്രില്ലുസ് എന്നിവയെ ഇതിനായി ഉപയോഗിക്കാം.

കമ്പോസ്റ്റ് നിർമാണം

മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്നതിനും തണലുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമായ സ്ഥലം തിരഞ്ഞെടുക്കാം. അധികം ആഴമില്ലാത്ത ഫെറോസിമന്റ് ടാങ്കുകളും ഇതിനായി ഉപയോഗിക്കാം. മഴയിൽനിന്നും വെയിലിൽനിന്നും സംരക്ഷണത്തിനായി ടാങ്കുകൾ കഴിവതും ഷെഡ്ഡിനകത്തു വയ്ക്കുന്നതാണു നല്ലത്. ടാങ്കിനടിഭാഗത്ത് അധികജലം വാർന്നുപോകാ‍ൻ പ്ലാസ്റ്റിക് കുഴൽ ഘടിപ്പിക്കണം. ടാങ്കിനു ചുറ്റും ചെറിയ ചാലുണ്ടാക്കി അതിൽ വെള്ളം കെട്ടിനിർത്തിയാൽ ഉറുമ്പ് കടക്കുന്നതു തടയാം. ചട്ടത്തിൽ കമ്പിവല പിടിപ്പിച്ചതുകൊണ്ടു ടാങ്ക് അടയ്ക്കുകയാണെങ്കിൽ എലിയിൽനിന്നു സംരക്ഷണവുമായി.

മണ്ണിരത്തടം ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ടാങ്കിന്റെ ഏറ്റവും താഴെ ഒന്നോ രണ്ടോ ചകിരിത്തൊണ്ടുകൾ മലർത്തിയിടുക. അതിനു മുകളിലായി ഒരിഞ്ചു കനത്തിൽ അറക്കപ്പൊടിയോ ചകിരിച്ചോറോ നിരത്തി, അതിനു മീതെ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട്, നനച്ചുകൊടുത്താൽ മണ്ണിരത്തടം തയാർ.

കൃഷിയിടത്തിലെ പകുതി ജീർണിച്ച ജൈവാവശിഷ്ടവും ചാണകവും 8:1 എന്ന അനുപാതത്തിൽ ചേർത്തിളക്കിയത് മണ്ണിരത്തടത്തിനു മീതെയിടുക. അതിനുശേഷം ദിവസവും നനച്ചുകൊടുക്കുക. ഒരു ചതുരശ്രമീറ്ററിന് 250 മണ്ണിര എന്ന തോതിൽ ഈ ജൈവാവശിഷ്ടങ്ങളിലേക്ക് ഇട്ടതിനുശേഷം നനച്ച ചാക്കുകൊണ്ടു മൂടുക. ആഴ്ചയിൽ രണ്ടു പ്രാവശ്യം ടാങ്കിലെ ജൈവവസ്തുക്കൾ ഇളക്കിക്കൊടുക്കുകയും ടാങ്ക് നനച്ചുകൊടുക്കുകയും വേണം. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പകുതി ദ്രവിച്ച ജൈവാവശിഷ്ടങ്ങളിലേക്ക് മണ്ണിരയെ ഇടുകയാണെങ്കിൽ കമ്പോസ്റ്റിങ് വേഗത്തിലാക്കാം. ഇതിനായി മറ്റൊരു കുഴിയിലോ ടാങ്കിലോ ജൈവാവശിഷ്ടം പകുതി ദ്രവിപ്പിച്ചെടുക്കാവുന്നതാണ്. ശരിയായ ഊഷ്മാവും ഈർപ്പവും വായുസഞ്ചാരവും മണ്ണിരയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതം. ഇങ്ങനെ 30–45 ദിവസത്തിനുള്ളിൽ ജൈവാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റാം.

ജൈവമാലിന്യങ്ങൾ കമ്പോസ്റ്റായി മാറിക്കഴിഞ്ഞാൽ, വളം എടുക്കുന്നതിനുവേണ്ടി നാലഞ്ചു ദിവസം ടാങ്കിൽ ഈർപ്പം നൽകാതിരിക്കണം. അപ്പോൾ മണ്ണിര താഴേക്കു പോയിത്തുടങ്ങും. മുകളിലെ വളം ശേഖരിച്ച് അധികം വെയിലില്ലാത്ത സ്ഥലത്തു കൂട്ടിയിടുക. ശേഷിക്കുന്ന മണ്ണിരയും താഴേക്കു പോകും. അവയെ വീണ്ടും കമ്പോസ്റ്റ് നിർമാണത്തിനായി ഉപയോഗിക്കാം. മുകളിലെ കമ്പോസ്റ്റ് അരിച്ചു തണലിൽ ഉണക്കി ചാക്കിൽ സൂക്ഷിക്കാം.

വെർമിവാഷ്

മണ്ണിരക്കമ്പോസ്റ്റുണ്ടാക്കുന്ന ടാങ്കിൽനിന്ന് ഊറിവരുന്ന ദ്രാവകമാണ് വെർമിവാഷ്. മുഖ്യ പോഷകമൂല്യങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ, ഹോർമോണുകൾ, വിറ്റാമിനുകൾ തുടങ്ങിയവ ചെടികൾക്കു പെട്ടെന്നു വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിൽ വെർമിവാഷിൽ ലഭ്യമാണ്.

അന്തരീക്ഷത്തിൽനിന്നു നൈട്രജനെ സ്വീകരിക്കാനും ലേയത്വം കുറഞ്ഞ ഫോസ്ഫറസിന്റെ ലഭ്യത കൂട്ടാനും സഹായിക്കുന്ന പലതരം സൂക്ഷ്മജീവികളും ഇതിലുണ്ട്.

വെർമിവാഷ് ശേഖരിക്കാൻ വെർമിക്കമ്പോസ്റ്റുണ്ടാക്കുന്ന ടാങ്കിന്റെ ഓവുകുഴലിന്റെ ഭാഗത്തേക്കു ചെരിവു കൊടുക്കാം. ടാങ്കിൽനിന്ന് ഊറിവരുന്ന ദ്രാവകം ശേഖരിക്കാൻ ഓവുകുഴലിന്റെ താഴെയായി ഒരു പാത്രം വയ്ക്കുക. ഇതിൽ ശേഖരിക്കുന്ന ദ്രാവകം വെള്ളം ചേർത്തു നേർപ്പിച്ചു ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ ഇലകളിൽ തളിക്കുകയോ ചെയ്യാം.