ചരിത്രത്തിന്റെ ‘നൂഡിൽ മേക്കർ’

കലിംപോങ് നിവാസികൾക്ക് അതുവരെ ആ വൃദ്ധൻ ഒരു നൂഡിൽ മേക്കർ മാത്രമായിരുന്നു. തന്റെ നൂഡിൽസ് ഫാക്ടറിയുടെ കാര്യങ്ങളിൽ മാത്രം മുഴുകി കഴിയുന്ന ഒരാൾ.

2010 ഡിസംബറിൽ ദലൈലാമ സന്ദർശനത്തിനെത്തിയപ്പോൾ കലിംപോങ്ങുകാർക്ക് ഒരു കാര്യം മനസ്സിലായി–തങ്ങളുടെ നൂഡിൽ മേക്കർ ദലൈലാമയുടെ സഹോദരനും ടിബറ്റിന്റെ വിധി തിരുത്താൻ അക്ഷീണം പ്രയത്നിച്ച ആളുമായ ഗ്യാലോ തൊൻഡുപ് ആണ്.

ടിബറ്റിനും സഹോദരനും സമർപ്പിച്ച ആ ജീവിതത്തിന്റെ കഥയാണ് ദ് നൂഡിൽ മേക്കർ ഓഫ് കലിംപോങ്. ടിബറ്റിന്റെ വിമോചനത്തിനായി നെഹ്റു, ചൗ എൻലായി, ഡെങ് സിയാവോ പിങ് തുടങ്ങിയ നേതാക്കളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച തൊൻഡുപിന്റെ ജീവിതകഥ ഒരു കാലത്തിന്റെ അതിസങ്കീർണമായ രാഷ്ട്രീയ ചരിത്രം കൂടിയാണ്.

പതിനാലാമതു ദലൈലാമയായി സഹോദരൻ തിരഞ്ഞെടുക്കപ്പെട്ടതോടെ ഗ്യാലോ തൊൻഡുപിന്റെയും കുടുംബത്തിന്റെയും ജീവിതം മാറി. ജൻമദേശമായ അംദോയിൽ നിന്നു ലാസയിലേക്കുള്ള യാത്രയെക്കുറിച്ച് തൊൻഡുപ് വിവരിക്കുന്നുണ്ട്.

1945ൽ തൊൻഡുപ് പഠനത്തിനു വേണ്ടി ചൈനയിലെ നാൻജിങ്ങിലേക്കു പോയി. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റുകളും ദേശീയവാദികളും തമ്മിലുള്ള സംഘർഷം മുറുകിയതോടെ അവിടം വിട്ടു.

നാൻജിങ്ങിൽ ഉള്ളപ്പോഴായിരുന്നു അച്ഛന്റെ അസ്വാഭാവികമായ മരണം. ലാസയിൽ തിരിച്ചെത്തിയാൽ താനും കൊല്ലപ്പെട്ടേക്കാമെന്നു തൊൻഡുപ് തിരിച്ചറിഞ്ഞു. അതുകൊണ്ടു യാത്ര ഹോങ്കോങ്ങിലേക്കും തയ്‌വാനിലേക്കും യുഎസിലേക്കും ഒടുവിൽ ഇന്ത്യയിലേക്കും നീണ്ടു.

ഇടയ്ക്ക് അൽപ്പകാലത്തേക്കു ലാസയിലേക്കു മടങ്ങിയെങ്കിലും അവിടത്തെ വാസം അധികം നീണ്ടില്ല. സ്ഥിതി അത്രയ്ക്കു വഷളായിരുന്നു.സിഐഎ ബന്ധത്തെക്കുറിച്ചു തൊൻഡുപ് മറയില്ലാതെ സംസാരിക്കുന്നു.

1954ലാണ് ടിബറ്റൻ സായുധ പ്രതിരോധ പ്രസ്ഥാനത്തിനു സിഐഎ പിന്തുണ നൽകിത്തുടങ്ങിയത്. ടിബറ്റൻകാർക്ക് ആയുധ പരിശീലനവും അമേരിക്കൻ ആയുധങ്ങളും ലഭിച്ചു. എന്നാൽ വേണ്ട വിധത്തിൽ പിന്തുണ നൽകാൻ സിഐഎയ്ക്കു കഴിഞ്ഞില്ലെന്നു തൊൻഡുപ് കുറ്റപ്പെടുത്തുന്നു.

കമ്യൂണിസ്റ്റ് ചൈനയെ അസ്ഥിരപ്പെടുത്തുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. സിഐഎയുമായി ബന്ധം പുലർത്തിയത് ഓർത്താണ് ജീവിതത്തിൽ ഏറ്റവും അധികം പശ്ചാത്തപിക്കുന്നതെന്ന് അവസാന അധ്യായത്തിൽ അദ്ദേഹം ഏറ്റുപറയുന്നു.

1959ൽ ദലൈലാമ ടിബറ്റിൽ നിന്നു പലായനം ചെയ്തു. തിബത്തൻ പ്രവാസ സർക്കാരിൽ നിർണായക പങ്കാണ് തൊൻഡുപ് വഹിച്ചത്. സുരക്ഷാ, വിദേശകാര്യ വിഭാഗങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

അറുപതുകളിൽ ചൈനീസ് നിയന്ത്രണത്തിൽ നിന്നുള്ള വിമോചനത്തിനായി രാജ്യാന്തര പിന്തുണ തേടി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.ടിബറ്റൻ കാര്യത്തിൽ വലിയ താൽപ്പര്യമെടുത്തിരുന്ന യുഎസ് പോലും 1969 ഓടെ എല്ലാ പിന്തുണയും അവസാനിപ്പിച്ചു.

ലോകരാഷ്ട്രീയം മാറിമറിയുകയായിരുന്നു. ഡെങ് സിയാവോ പിങ്ങുമായി കൂടിക്കാഴ്ച നടത്താൻ ബീജിങ്ങിലേക്ക് തൊൻഡുപ് ക്ഷണിക്കപ്പെട്ടു. ആദ്യ കൂടിക്കാഴ്ച ക്രിയാത്മകമായി തോന്നിയെങ്കിലും പിന്നീടു ചർച്ചകൾ വഴിമുട്ടി.

ലാസയിലേക്കുള്ള ദലൈലാമയുടെ മടക്കം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടായില്ല. തൊൻഡുപിന്റെ മനസ്സു മടുത്തു. ഒടുവിൽ അദ്ദേഹം രാജിവച്ചു. പിന്നീടു മൂന്നുവർഷങ്ങൾക്കു ശേഷം ഭാര്യയുടെ മരണത്തിനു ശേഷമാണ് അദ്ദേഹം സർക്കാർ സേവനത്തിലേക്കു തിരിച്ചെത്തിയത്.

അറുപതുകളിലെ ലാസയിലെ നരകജീവിതത്തെക്കുറിച്ച് തൊൻഡുപ് എഴുതുന്നതു നടുക്കത്തോടെയല്ലാതെ വായിക്കാനാവില്ല. ചൈനീസ് പട്ടാളം കുഴിച്ചിട്ട കുതിരകളുടെ മൃതദേഹം മണ്ണിൽ നിന്നു മാന്തിയെടുത്ത് ആളുകൾ തിന്ന കാലമായിരുന്നു അത്.

മരത്തടിയും ലെതർ ചെരിപ്പുകളും പോലും അന്നമായി. മണ്ണിരകളെ പോലും അവർ ഭക്ഷിച്ചു. നരകം അതിലും ഭേദമായിരിക്കും എന്നു തൊൻഡുപ് എഴുതുന്നു. ടിബറ്റിൽ സംഭവിച്ചതിന്റെ പഴി മുഴുവൻ സാംസ്കാരിക വിപ്ലവത്തിനു മേൽ ചാർത്തുന്നതിനോട് അദ്ദേഹം വിയോജിക്കുന്നു.

സാംസ്കാരിക വിപ്ലവത്തിനു മുൻപു തന്നെ നാശങ്ങളിലേറെയും സംഭവിച്ചിരുന്നു. ടിബറ്റ് തലമുറകളായി സ്വരുക്കൂട്ടിയ അമൂല്യമായ നിധികൾ സൂക്ഷിച്ചിരുന്ന വിഹാരങ്ങൾ ചൈന കൊള്ളയടിച്ചു. ടിബറ്റ് ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ലെന്ന് തൊൻഡുപ് ആവർത്തിക്കുന്നു. ഒരിക്കൽ ടിബറ്റിലേക്കു മടങ്ങാമെന്നു പ്രത്യാശിക്കുന്നു.