Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിച്ചു മതിവരാത്ത സ്മാരകശിലകൾ

smaraka-shilakal-book

പൂക്കുഞ്ഞിബീ കൈക്കുഞ്ഞായിരുന്നപ്പോൾ ഒരു പതിനാലാം രാവിൽ നിർത്താതെ നിലവിളിച്ചു. എന്തുപറ്റി കുഞ്ഞിനെന്ന് തറവാട്ടിൽ ഒരാൾക്കും മനസ്സിലായില്ല.രായ്ക്കുരാമാനം കോമപ്പൻ വൈദ്യർ വന്നു.ഒരു കൊച്ചുകണ്ണാടിയിൽ പൂർണചന്ദ്രനെ പിടിച്ചെടുത്ത് വൈദ്യർ കുഞ്ഞിനെ കാണിച്ചു. അവൾ കരച്ചിൽ നിർത്തി.

അതേ, പുരാതനമായ ആ പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും കഥ തന്നെ എന്ന വരികളിൽ തുടങ്ങുന്ന സ്മാരകശിലകൾ എന്ന നോവലിൽ കെട്ടുകഥയോ കേട്ടുകേൾവിയോ ഐതിഹ്യമോ എന്നു വേർതിരിക്കാനാവാത്ത കഥകളും ഉപകഥകളുമുണ്ട്. ഒരിക്കലും സംഭവിച്ചിട്ടില്ലത്തവയും സംഭവിക്കാൻ ഒരു സാധ്യതയുമില്ലാത്തവയുമാണെങ്കിലും കുഞ്ഞബ്ദുള്ളയുടെ  മാന്ത്രിക ശൈലി വിശ്വസനീയമാക്കുന്ന കഥകൾ. സ്മാരകശിലകളെ നോവൽ എന്ന വിഭാഗത്തിൽപ്പെടുത്തുമ്പോഴും എണ്ണമറ്റ കഥകളുടെ ശിലകൾ പാകിയ ഒരു പറമ്പാണത്.

അമ്മ മകനെ പറഞ്ഞു കേൾപ്പിച്ച കഥകൾ.കുഞ്ഞുമോനെ വയറോട് ഒട്ടിക്കിടത്തി താളംപിടിച്ചുകൊണ്ട് അമ്മ പറഞ്ഞ കഥകൾ.

കുഞ്ഞുമോനുറങ്ങ്.

ഒരു കത പറഞ്ഞുതാ.

ഏതു കത ?

ജിന്നിന്റെ.

ജിന്നിന്റെ കഥകൾ.

മലക്കുകളുടെ കഥകൾ.

ഇഫരീത്തിന്റെ കഥകൾ.

ശൈത്താന്റെ കഥകൾ.

ഉറുഹാനിയുടെ കഥകൾ.

പള്ളിപ്പറമ്പുകളുടെയും പള്ളികളുടെയും ശേഖുമാരുടെയും കഥകൾ. 

ചോരക്കുഞ്ഞിന്റെ ചുണ്ടുകളിൽ തേനിൽ സ്വർണനാണയം ചാലിച്ചുകൊടുത്തശേഷം ഖാൻ ബഹദൂർ പൂക്കോയത്തങ്ങൾ വിളിച്ചു:പൂക്കുഞ്ഞിബീ...

അറയ്ക്കൽ തറവാട്ടിൽ പിറന്ന അരുമപ്പെൺകുഞ്ഞ്. അവളുടെ അമ്മ ആറ്റബീ.പൂക്കോയത്തങ്ങൾ ആറ്റേ എന്നു മാത്രം സ്നേഹപൂർവം വിളിക്കുന്ന ബീവി.

പുക്കുഞ്ഞുബീ വളർന്നു. അവളുടെ മനസ്സു നിറയെ കഥകളായിരുന്നു. ജിന്നിന്റെയും രാജകുമാരന്റെയും കഥകൾ. കഥയിൽ രാജകുമാരൻ കുതിരപ്പുറത്തേറിവരുന്നു. രാജകുമാരിയെ റാഞ്ചിയെടുത്തു കുതിരപ്പുറത്തിരുത്തി തന്നോടടുപ്പിച്ചുപിടിച്ചു കുതിരയെ പായിക്കുന്നു.

സ്മാരകശിലകൾ പൂക്കുഞ്ഞീബിയുടെ മാത്രം കഥയല്ല.പൂക്കുഞ്ഞീബിയുടെ നിസ്സഹായനും ക്ഷയരോഗിയുമായ മണവാളന്റെ മാത്രം കഥയല്ല. പ്രതാപശാലിയായ ഖാൻ ബഹദൂർ പൂക്കോയത്തങ്ങളുടെ മാത്രം കഥയല്ല.അറയ്ക്കൽ തറവാടിന്റെയും തറവാടിന്റെ പതനം വരുത്തിവയ്ക്കുന്ന അന്തർനാടകങ്ങളുടെയും മാത്രം കഥയല്ല. എണ്ണമറ്റ അസംഖ്യം കഥാപാത്രങ്ങളുടെ ജീവിതമാണ്.മനുഷ്യർ മാത്രമല്ല, കുതിരകളും സ്മരാകശിലകളിലെ കഥാപാത്രങ്ങളാണ്.സിംഗപ്പൂരിൽനിന്നുവന്ന കുതിര. പടിപ്പുരകാവൽക്കാരൻ ബുഹാരി ഗുർഖ. കുതിരക്കാരൻ ബുദ്ധനദ്രമാൻ.പുക്കുഞ്ഞീബിയോടൊപ്പം വളരുന്ന നീലി എന്ന കന്യക പെറ്റിട്ടുപോയ കുഞ്ഞാലി. കോമപ്പൻ വൈദ്യർ. മരണം ഒരു ലാഭമാണെന്ന തത്ത്വം ജീവിതത്തിന്റെ സ്ഥായിയായ ഭാഗമാക്കിയ മുക്രി എറമുള്ളാൻ.ബാപ്പുക്കണാരൻ. പിന്നെ ഒഞ്ചിയത്തെ മലയിടുക്കുകളും. തങ്ങളുടെ മൂന്നു പെങ്ങൻമാരും അവരുടെ മക്കളും ഭർത്താക്കൻമാരുമടക്കം പത്തുമുപ്പതുപേർ അറയ്ക്കലെ തറവാട്ടിൽ തിന്നും കുടിച്ചും കുടിപാർത്തു എന്നാണു കുഞ്ഞബ്ദുള്ള എഴുതുന്നത്. 

എണ്ണിയാൽ തീരാത്ത കഥകളും കഥാപാത്രങ്ങളും.

ഒരു പള്ളിയും പള്ളിപ്പറമ്പിലെ സ്മാരകശിലകളും മാത്രമല്ല നോവലിലുള്ളത്. പള്ളിയുടെ പരിവട്ടത്തിൽ അമ്പലവുമുണ്ട്. അറയ്ക്കലമ്പലം.അമ്പലത്തിൽനിന്ന് ആണ്ടിമലയന്റെ ചെണ്ടകൊട്ടു പൂക്കുഞ്ഞീബി കേൾക്കുന്നുണ്ട്. തിറയുടെ ദിവസം അവൾ ഉറങ്ങാറുമില്ല.കരിമരുന്നിന്റെ ഒച്ച കേൾക്കുമ്പോൾ ഉറക്കം ഞെട്ടും. അറയ്ക്കലമ്പലം പള്ളിയിൽനിന്ന് ഏറെ ദുരത്തല്ല.പള്ളിപ്പറമ്പിനും അറയ്ക്കൽ തറവാടിനും തമ്മിലാകട്ടെ പ്രാചീമായ ഒരു കൻമതിലിന്റെ അകലമേയുള്ളൂ.പ്രശസ്തമായ  തറവാടിന് അമ്പലത്തിന്റെതന്നെ പേരാണുവീണത്. അറയ്ക്കലമ്പലം. അറയ്ക്കൽ തറവാട്. 

മലയാള ഭാഷയുടെ വസന്തം എന്നു വിശേഷിപ്പിക്കാവുന്ന സ്മാരകശിലകളാണ് പുനത്തിലിന് കേന്ദ്ര–കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിക്കൊടുത്തത്. ആമുഖം എഴുതിയതാകട്ടെ കഥയിലും നോവലിലും സ്വന്തമായൊരു തട്ടകം സൃഷ്ടിച്ച കോവിലനും. മലയാള നോവലിന്റെ വികാസ പരിണാമപ്രയാണത്തിൽ സ്മാരകശിലകൾ എവിടെ എത്തിനിൽക്കുന്നു എന്നോ എത്രകാലത്തോളം വളരുന്നു എന്നോ വരുംകാലത്ത് കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുമെന്ന് കോവിലൻ പ്രവചിക്കുന്നുണ്ട്. നിങ്ങളുടെ മുന്നിൽ ഇതാ സ്മാരകശിലകൾ നിരന്നുനിൽക്കുന്നു എന്നു പറഞ്ഞുകൊണ്ട് കോവിലൻ നിർത്തുന്നയിടത്തുനിന്ന് സ്മാരകശിലകൾ വളരുന്നു; മലയാളത്തിന്റെ മണ്ണിലേക്ക്; മനസ്സിലേക്ക്. 

Your Rating: