വയലാറും ഭാസ്കരൻ മാഷും ഒഎൻവിയും എഴുതിയതരം ഗാനങ്ങൾ ഇനി എഴുതാനാവില്ല.– റഫീക്ക് അഹമ്മദ്

മഴ വീഴുമ്പോൾ മണ്ണിലുണരുന്ന ഗന്ധത്തിന്റെ അമൂല്യതയെക്കുറിച്ചു പറഞ്ഞു കൊണ്ടാണ്, ചുട്ടു പഴുത്ത വേനൽപ്പകലിലിരുന്നുകൊണ്ട് കവിതയെയും കാലത്തെയും കുറിച്ചു സംസാരിക്കുകയായിരുന്ന റഫീക്ക് അഹമ്മദ് തന്റെ സംഭാഷണമവസാനിപ്പിച്ചത്. ആ ഗന്ധാനുഭവ സ്മരണ പകരുന്ന ഉന്മേഷം, ഒരു ജീവിത ബോധമായി, അഭിമുഖകാരനിലേക്കും സംക്രമിച്ചു. അപ്പോൾ, പലവുരു വായിച്ചിട്ടും വ്യക്തമാകാതിരുന്ന റഫീക്കിന്റെ ‘തുമ്പികൾ പാറുമിടം’ എന്ന കവിതയിലെ, ഞാൻ വെറുതെ നിശ്ശബ്ദമായി ഉരുവിട്ടു നടക്കാറുള്ള ഈ ഈരടിയുടെ പൊരുൾ എനിക്കു കൂടുതൽ ഗാഢമായി ബോധ്യപ്പെട്ടു. ‘ ചിലയിടങ്ങളിൽ മാത്രമാത്രമായെന്തിനോ വെറുതേ തുമ്പികൾ പാറിപ്പറന്നിടും’.

റഫീക്ക് സംസാരിക്കുകയാണ്

ആരംഭം

‘പുറത്തപ്പോളമ്മേ ഭഗവതീ നിന്റെ

പരശ്ശതങ്ങളാം കരങ്ങളോ നിറ–

ഞ്ഞഴിഞ്ഞുലഞ്ഞൊരു ചികുര ഭാരമോ

വിരാൾ സ്വരൂപമായ് വിളങ്ങിനിൽക്കുന്നു’

ഞാനൊരിക്കലും ഒരു സാഹസികനായിരുന്നില്ല. വളരെക്കുറച്ച് അനുഭവങ്ങളെ എനിക്കുള്ളു. ഇത്രയും കാലത്തിനിടയ്ക്ക് വ്യക്തി എന്ന നിലയിൽ ഉള്ളുലയ്ക്കുന്ന ദുരന്തങ്ങളോ സ്വയം മറന്നലയുന്ന ആനന്ദങ്ങളോ എനിക്കുണ്ടായിട്ടില്ല. ഞാൻ വലിയ യാത്രകൾ ചെയ്തിട്ടില്ല. ഭാരിച്ച കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ല. സാഹിത്യം നന്നാവാൻ ഇതൊക്കെ അനിവാര്യമാണെന്നാണ് പൊതുവിശ്വാസം. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരഭിമുഖത്തിനു ‍ഞാൻ ഇരുന്നു തരുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്നറിയില്ല. എന്റെ ജീവിതത്തിൽ ഒന്നും ഞാൻ പ്ലാൻ ചെയ്തിട്ടില്ല. വന്ന പാട് ചന്തം എന്നൊക്കെ പറയില്ലേ? ജീവിതത്തിൽ സംഭവിക്കേണ്ട പലതും അങ്ങനെ സംഭവിച്ചു പോയി എന്നല്ലാതെ അതിലെല്ലാം എന്റെ ഇടപെടൽ തീരെ നിസ്സാരമായിരുന്നു. കവിതയെഴുതണം കവിയാവണം എന്നൊന്നും മോഹിച്ചിട്ടായതല്ല. മുപ്പത്തിയഞ്ചാം വയസ്സിലാണ് എന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തുന്നത്. വി.കെ ശ്രീരാമന്റെ ഉത്സാഹമില്ലായിരുന്നുവെങ്കിൽ അതു പിന്നെയും എത്രയോ വൈകുകയും ചിലപ്പോൾ ഒരിക്കലും നടക്കാതെ പോവുകയോ ചെയ്യുമായിരുന്നു. മതപരമായ ശാഠ്യങ്ങളില്ലാത്ത ഒരു കുടുംബപശ്ചാത്തലമായിരുന്നു ഞങ്ങളുടേത്. ഹൈദരാബാദ്, വെല്ലൂർ വഴി തലശ്ശേരിയിൽ എത്തിപ്പെട്ടവരായിരുന്നു പിതാമഹൻമാർ. അവരിൽ ഉർദു പണ്ഡിതൻമാരുണ്ടായിരുന്നു, അവധൂത സ്വാഭാവമുള്ള ആത്മീയാന്വേഷകരുണ്ടായിരുന്നു, ബ്രിട്ടീഷ് ഇന്ത്യയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന പോലെ ‘സെയ്യിദ്’ എന്നൊരു വംശപ്പേരും പേറിയിരുന്നു. എന്നാൽ തികച്ചും വ്യത്യസ്തമായ അക്കിക്കാവ് എന്ന ഗ്രാമത്തിൽ ജനിച്ചു ജീവിച്ച എനിക്കു ആ പൂർവ ചരിത്രം അന്യമാണ്. പഴം പുരാണങ്ങൾ പോലെ ഞാനവ കേട്ടു വളർന്നു എന്നു മാത്രം. എന്റെ ജീവിതം രൂപപ്പെട്ടത് പോക്കുവെയിൽ കലർന്നൊഴുകുന്ന തേക്കുചാലുകളും കവുങ്ങിൻതോപ്പുകളും നെൽപ്പാടങ്ങളും വെളിച്ചപ്പാടും പൂതനും കരിങ്കാളിയും തെള്ളിപ്പൊടിയും അരളിപ്പൂക്കളുടെ അഭൗമഗന്ധവും പുള്ളുവൻ പാട്ടും ഇടകലർന്ന അക്കിക്കാവിലാണ്.

ആനമയിലൊട്ടകം‌

‘അകങ്ങളൊട്ടേറെ, അതിനാലൊട്ടകം’

എന്റെ വീടിനടുത്തൊക്കെ ചിലപ്പോൾ മയിലുകളെ കാണാറുണ്ട്. മനോഹരമായ കാഴ്ചയാണത്, ഒപ്പം വേദനാജനകവും. കാട്ടിൽ നിന്നും പുറത്തായതിനാലാണ് മയിൽ നാട്ടിലെത്തുന്നത്. സ്വന്തം ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ആ മയിൽ ഞ‍ാനാണെന്നു തോന്നിയിട്ടുണ്ട്. നാഗരികതയിൽ മനുഷ്യജീവിതം കൃത്രിമമാണ്. അതിൽ ഒരുതരം ചേർച്ചക്കേടും അസന്തുഷ്ടിയും അസ്വാഭാവികതയുമുണ്ട്. ഉദാഹരണത്തിന്, ഈയിടെ ഒരു ചാനലിൽ കണ്ട ചോദ്യോത്തര പരിപാടിയിൽ കംപ്യൂട്ടർ ‘കംപ്യൂട്ടർജി’യാണ്. പല ഉത്തരങ്ങളിലെ ശരിയുത്തരമേതെന്ന് ‘കംപ്യൂട്ടർജി’ പറയും. കംപ്യൂട്ടർ ‘കംപ്യൂട്ടർജി’യായി മാറുകയും മനുഷ്യ മേധയേക്കാൾ ഉയർന്ന ഒരു ഉൽകൃഷ്ട സ്ഥാനത്ത് അതു പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നതിലെ അസ്വാസ്ഥ്യജനകമായ വൈപരീത്യത്തെയാണ് ഒരു തരത്തിൽ നിരുപദ്രവകാരമായ ആ ചാനൽ ദൃശ്യം ഓർ‍മിപ്പിക്കുന്നത്. യന്ത്രമാണ്, കംപ്യൂട്ടറാണ് അവിടെ യജമമാനൻ. യന്ത്രങ്ങളില്ലാത്ത ഒരു ലോകം ഇനി അസാധ്യവുമാണ്. ഈ ലോകത്തെക്കുറിച്ചാണ് ‘ യന്ത്രബന്ധനം’, ‘കഴുതയും കംപ്യൂട്ടറും’, ‘പ്രാർത്ഥന, പുതിയത്’  പോലുള്ള കവിതകൾ. യന്ത്രപക്ഷപാതിയോ യന്ത്രവിരോധിയോ അല്ല ഞാൻ. എന്നാൽ യന്ത്രവിധേയമായ ലോകം അസ്വാഭാവികമാണ് എന്നു കരുതുന്നു. എന്റെ പക്കൽ അതിനുള്ള പരിഹാരങ്ങളോ പരിഹാരനിർദ്ദേശങ്ങളോ ഇല്ല. ഏറ്റവും അടുപ്പമുള്ള ഒരാളോട് എന്നപോലെ എന്റെ ആകുലതകൾ പങ്കു വയ്ക്കാനുള്ള മാധ്യമമായി കവിത മാറുന്നു, അത്രമാത്രം.

ഇരുപത്ത‍ഞ്ചു ലക്ഷം വർഷങ്ങൾ മാത്രമേയായിട്ടുള്ളു ‘ഹോമോഇറക്റ്റസ്’ എന്ന മനുഷ്യൻ ആവിർഭവിച്ചിട്ട്. അതിൽ അതീവ തുച്ഛമായ ഒരു കാലയളവ് മാത്രമാണ് നാഗരികതയുടേത്. കവികളുടെ കേവലം വര്‍ണനാവിഷയങ്ങളല്ല, കാടും മലയും പുഴയുമൊന്നും. അതു നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. കാട്ടിലേക്കു മടങ്ങിപോകണമെന്നല്ല പറയുന്നത്, അതു സാധ്യവുമല്ല. കാട്ടിലെത്തുമ്പോൾ നമ്മൾ സവിശേഷമായ ഒരാന്തരിക സൗഖ്യം അനുഭവിക്കുന്നു എന്നതാണ് കാര്യം. ഒരു തിരിച്ചെത്തലിന്റെ സുഖമാണത്. നാഗരികത ചെറുതാക്കുന്ന,നിസ്സാരീകരിക്കുന്ന മനുഷ്യനെക്കുറിച്ചാണ് ‘കസേര’, ‘ആനച്ചുരുക്കം’, ‘ബോൺസായ്’ തുടങ്ങിയ കവിതകൾ. കുടുംബവ്യവസ്ഥ, ഭരണകൂടം, മതങ്ങൾ‌ എന്നിവയാൽ സ്വത്വച്ചുരുക്കം സംഭവിച്ചവനാണ് സമകാലിക മനുഷ്യൻ. വ്യക്തി ഒരശ്ലീലമായി മാറുകയും സമൂഹം മേൽക്കൈ നേടുകയും ചെയ്യുന്നു. സാഹിത്യത്തിലും ഈ മനോഭാവം കാണാം. സമൂഹം എന്ന പാപ്പാനു മുന്നിൽ കുറുകിച്ചുരുങ്ങി മസ്തകം താഴ്ത്തി നില്‍ക്കേണ്ട ആനയാണ് വ്യക്തി എന്ന നില വന്നിരിക്കുന്നു.

മതം, ആത്മീയത, ദൈവം

‘വല്ലാത്തൊരില്ലായ്മയായുള്ള നിന്നെ ‍ഞാൻ 

എന്നോളമിഷ്ടപ്പെടുന്നതും കാരണം’

മതം ഒരു രാഷ്ട്രീയ രൂപവും അധികാരഘടനയുമാണ്. അതിൽ ആത്മീയതയും ദൈവവുമൊന്നുമില്ല. കൂട്ടുചേരാനുള്ള, ഗണജീവിതത്തിനായുള്ള മനുഷ്യവാസനയുടെ പ്രകാശനമായിരുന്നു അത്, എക്കാലത്തും. മതങ്ങളും മതഗ്രന്ഥങ്ങളും ചിത്രീകരിക്കുന്ന രീതിയിലുള്ള ഒരു ദൈവത്തെ അംഗീകരിക്കാനും ഉൾക്കൊള്ളാനും എനിക്കു പ്രയാസമാണ്. അത് മനുഷ്യഭാവനയുടെ ബാല്യകാല ദശയിലുണ്ടായ ഒരു  സങ്കൽപമാണ്. മനുഷ്യർക്കത് സന്തോഷവും സാന്ത്വനവും പകരുന്നുണ്ടാവാം. അവരു ടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുന്നുമുണ്ടാകാം. എന്നാൽ എനിക്കത് ഉൾക്കൊള്ളാനാവുന്നില്ല. അതിന്റെ ദൈവസങ്കല്‍പങ്ങളും ആശയാവലികളും ബാലിശമാണ്. നമ്മുടെ ശാസ്ത്രബോധത്തിനും യുക്തിബോധത്തിനും അറിവിനും നിരക്കുന്നതേയല്ല അത്. എല്ലാ മതങ്ങളിലുമുള്ള മരണാനന്തര ജീവിതം, സ്വർഗ–നരകങ്ങൾ തുടങ്ങിയ സങ്കൽപങ്ങൾ പൊട്ടക്കഥകൾപോലെയാണ്.

ഭൗമകേന്ദ്രിതവും മനുഷ്യകേന്ദ്രിതവുമായ ഒരാശയമാണ് ആത്മീയത. ഈർച്ച നടക്കുമ്പോൾ പാറിവീഴുന്ന മരത്തിന്റെ ധൂളിയെന്നോണമാണ്,അത്രയ്ക്ക് അപ്രധാനമാണ്, പ്രപഞ്ചപരപ്പിൽ ഭൂമിയും അതിലെ മനുഷ്യനും. കോടാനുകോടിയായ ജീവരൂപങ്ങളിൽ ഒന്നു മാത്രമായ മനുഷ്യനു നൽകപ്പെടുന്ന അമിത പ്രാധാന്യത്തിലാണ് അവന്റെ ആത്മീയത പ്രധാനമെന്നു തോന്നുന്നത്. ദൈവം എന്നത് മനുഷ്യ മസ്തിഷ്കത്തില്‍ രൂപം കൊണ്ട ഒരാശയവും മനുഷ്യഭാഷയിലെ ഒരു വാക്കും മാത്രമാണ്. അതു പ്രപ‍ഞ്ചത്തിനു ബാധകമല്ല. ദൈവം നടത്തിയതായി പറയപ്പെടുന്ന സൃഷ്്ടിയും സംഹാരവുമെല്ലാം മനുഷ്യമനസ്സിന്റെയും മസ്തിഷ്കത്തിന്റെയും പരമിതികളിൽ നിന്നും പരാധീനതകളിൽ നിന്നും ഉണ്ടായിത്തീർന്ന ചില സങ്കൽപങ്ങൾ മാത്രമാണ്. ഒരു കാലത്ത് ഞാനും ആത്മീയതയിൽ തല‍്‍പരനായിരുന്നു. സെൻ ബുദ്ധിസത്തെ ക്കുറിച്ചും ജിദ്ദു കൃഷ്ണമൂർത്തിയുടെ ദർശനങ്ങളെക്കുറിച്ചും രമണ മഹർഷിയെക്കുറിച്ചുമെല്ലാം വായിച്ചിരുന്നു. ചിന്തിച്ചിരുന്നു. ഇപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കാറേയില്ല. ആത്മീയത ഇപ്പോൾ എന്നെ അലട്ടുന്ന വിഷയമല്ല. പ്രപഞ്ചത്തെക്കുറിച്ചുള്ള ചില കെട്ടുകഥകൾ മാത്രമാണ് മതവും ആത്മീയതയുമൊക്കെ പകർന്നുതരുന്നത്. അവ സനാതന സത്യങ്ങളല്ല. അതിനാൽ അതിനായി വ്യയം ചെയ്യപ്പെടുന്ന സമയവും ഊർജവുമെല്ലാം പാഴാണ് എന്നാണെന്റെ പക്ഷം.

സ്വപ്നവാങ്മൂലം

‘പറയുവാൻ വയ്യാ ജീവിതമാകുന്നു

തിരയൊടുങ്ങാത്ത സാഗരമാകുന്നു’

കവിത ഒരു സ്വപ്നവാങ്മൂലമാണ്. അവ്യക്തതയെ വ്യക്തമാക്കാനുള്ള, പിടികിട്ടായ്മയെ ഭാഷപ്പെടുത്താനുള്ള ശ്രമമാണ് കവിത എനിക്ക്. എക്കാലവും അടുത്ത കാലത്തെഴുതിയ ‘മെരുക്കപ്പട്ടിക’യിൽവരെ അതുണ്ട്. പിടികിട്ടായ്മ മനുഷ്യാനുഭവങ്ങളിലെല്ലാമുണ്ട്. ഉദാഹരണത്തിന് നമുക്ക് ദാഹിക്കുന്നു, വെള്ളം കുടിക്കുമ്പോൾ ദാഹം മാറുന്നു. ഒരേ സമയം ലളിതവും സങ്കീർണവുമാണീ പ്രക്രിയ. ജ്ഞാനികൾക്കും ശാസ്ത്രകാരൻമാർക്കും ഇത്തരം ആകുലതകളുണ്ടാവില്ല. എല്ലാം പ്രപഞ്ചശക്തികളുടെ കേളികളാണെന്നോ ദൈവം എന്ന സൃഷ്ടാവിന്റെ ചെയ്തികളാണെന്നോ കരുതി ആത്മീയവാദി സ്വാസ്ഥ്യമടയുന്നു. ശാസ്ത്രത്തിനും അതിന്റേതായ യുക്തികളുണ്ട്. ഇതിനു രണ്ടിനുമിടയിൽ നിൽക്കുന്ന അറിവില്ലാത്തവന്റെ അമ്പരപ്പും വേവലാതിയുമാണെന്റെ അടിസ്ഥാന ഭാവം. അപരിചിതമായ ഒരിടത്ത് ആകസ്മികമായി എത്തിപ്പെട്ടാലുളള അവസ്ഥയാണത്. രണ്ടു കുന്നുകൾക്കിടയിലൂടെ, വെളിച്ചം വിതറുന്ന തങ്ക വിഗ്രഹം പോലെ, ഉദിച്ചുയർന്നുവരുന്ന മനോഹരദൃശ്യമാണ് സൂര്യൻ. അതേസമയം കത്തിക്കാളുന്ന ഒരഗ്നിഗോളവുമാണത്. എതോ  ശൂന്യതയിൽ ജ്വലിച്ചുനിൽക്കുന്ന ഭീകരവും വന്യവും തീഗോളം. നമുക്കതിനെ സമീപിക്കാനാവില്ല. ഒരിക്കൽ അതു കെട്ടുപോവുകയും ചെയ്യും. നമ്മളോടതിനു യാതൊരു മമതയുമില്ല. ഈ ഉദയാവസ്ഥയും അതിന്റെ സങ്കീർണതയും മനുഷ്യാനുഭവങ്ങളിലെല്ലാമുണ്ട്.

അച്ചാർ

‘ഈ അച്ചാറിന്റെ കാര്യമുണ്ടല്ലോ, വലിയ അതിശയമാണ്. എന്തൊക്കെ ഒത്തുവരണം അതിന്റെ യോഗം ശരിയാവാൻ.’

ബസ്സിനടിയിൽപ്പെട്ടു മരിച്ച എന്റെ ഒരധ്യാപകന്റെ അനുഭവമാണ് അച്ചാർ എന്ന കവിതയായി മാറിയത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ആ അപകടം ഒഴിവാകുമായിരുന്നു. മാഷ് അൽപം വൈകുകയോ ബസ്സൽപം വൈകുകയോ ചെയ്താല്‍ മാത്രം  നടക്കാതെ പോകുമായിരുന്ന അപകടമാണത്. ഇതൊക്കെ നടക്കുമ്പോഴും ഭൂമി അതിന്റെ ഭ്രമണം തുടരുന്നുമുണ്ട്. അനവധി കാര്യ–കാരണങ്ങളുടെ ഒത്തിരിപ്പിൽ നിന്നാണ് ഓരോ അപകടവും ആകസ്മികമെന്നു തോന്നുന്ന ഓരോ സംഭവവും നടക്കുന്നത്. അങ്ങനെ, അതീവ ലളിതമെന്നു തോന്നുന്നവ പോലും വീണ്ടുവിചാരത്തിൽ അവയുടെ സങ്കീർണത വെളിപ്പെടുത്തുന്നു.

തോരാമഴ

‘ഉമ്മുക്കുലുസു മരിച്ചന്നു രാത്രി 

തൊട്ടന്നോളമാമഴ തോര്‍ന്നുമില്ല.’

വാസ്തവത്തിൽ വൈലോപ്പിള്ളിയുടെ ‘മാമ്പഴ’വുമായി യാതൊരു ബന്ധവുമില്ല ‘തോരാമഴ’യ്ക്ക്. അങ്ങനെയൊരു താരതമ്യമുണ്ടായിട്ടുണ്ട്. അത് ഒരേ ഭാഷയിലെഴുതപ്പെട്ട, ഒരേ പ്രമേയം കൈകാര്യം ചെയ്യുന്ന രണ്ടു കവിതകൾ തമ്മിലുള്ള താരതമ്യം മാത്രമാണ്. സാമാന്യമായി രണ്ടു കവിതകളിലുമുള്ളത് ഒരു കുട്ടിയുടെ മരണമാണ്. ബിനാലേയിലൊക്കെ ചിത്രീകരിക്കപ്പെട്ട ഐലാൻകുർദി എന്ന ബാലന്റെ മരണം പോലൊന്ന്. ബാലമരണം എന്ന പ്രമേയത്തിന് ഒരു സർവകാലികത്വമുണ്ട്. മനുഷ്യനെ ഏറ്റവും ഗാഢമായി നൊമ്പരപ്പെടുത്തുന്ന മരണാനുഭവമാണത്. അത്തരം കവിതകൾ മുൻപുണ്ടായിട്ടുണ്ട്. വൈലോപ്പിള്ളിയുടെ കവിതയിൽ മുതിർന്നവരുടെ കുറ്റബോധവും മുതിർന്നവരുടേയും കുട്ടികളുടേയും ലോകങ്ങൾ തമ്മിലുളള വൈരുധ്യവുമാണ് പ്രമേയകേന്ദ്രം. വിജയൻമാഷ് നടത്തിയതുപോലുള്ള മനശാസ്ത്രവിശകലനത്തിനും അതു വഴി തുറക്കുന്നുണ്ട്. എനിക്ക് നേരിട്ടറിയാവുന്ന ഒരു കുട്ടിയുടെ മരണമാണ് ‘തോരാമഴ’യായിത്തീർന്നത്. അത് ലളിതമാണ്. ദാരിദ്ര്യമാണതിലെ വിഷയം. കവിതയിലെ മഴയെയും മഴയത്ത് കുടയുമായി കുഴിമാടത്തിലേക്കോടിയ അമ്മയെയും പറ്റി, എന്റെ പെങ്ങൾ എന്നോടു പറഞ്ഞതാണ്. കാലങ്ങൾക്കു ശേഷം തീർത്തും അനിച്ഛാപൂര്‍വകമായി, അതു കവിതയായി മാറി. ദാരിദ്ര്യം മൂലം, മികച്ച ചികിത്സ ലഭിക്കാത്തതിനാൽ ഒരു കുട്ടി മരണപ്പെടുന്നതാണ്, അതിൽ വേദനിക്കുന്ന അമ്മയുടെ കേവല ദു:ഖം മാത്രമാണ് ‘തോരാമഴ’യിൽ. ‘മാമ്പഴ’ത്തിൽ കുട്ടി പൂങ്കുല തല്ലുന്നു. പൂങ്കുല തല്ലിയ കുട്ടിയെ അമ്മ ശിക്ഷിക്കുന്നു. ആ ശിക്ഷ പിന്നീട് അമ്മയിൽ കുറ്റബോധം വളർത്തുന്നു.(മാമ്പൂങ്കുലയ്ക്കു പകരം ടി.വിയുടെ റിമോട്ടായിരിക്കും ഇന്നൊരു കുട്ടി തല്ലിത്തകർക്കുന്നത്!) ഇത്തരം കുറ്റബോധമൊന്നുമില്ല ‘തോരാമഴ’യിൽ. ‘മാമ്പഴ’ത്തിലെ കുട്ടി പരലോകത്തെത്തി വാനവർക്കാരോമലായി വാഴുന്നു. ‘തോരാമഴ’യിൽ മരണം മരണം മാത്രമാകുന്നു. മരണത്തോടെ എല്ലാം അവസാനിക്കുന്നു. ഉണ്ണിക്കണ്ണനല്ല ഉമ്മുക്കുലുസുവാണ് ‘തോരാമഴ’യിൽ.

ഗ്രാമവൃക്ഷത്തിലെ വവ്വാൽ

‘മൃഗങ്ങൾ,പക്ഷികളൊഴിച്ചു നിർത്തിയ

വിചിത്രമാകുമീയപരജീവിതം

നടിക്കുന്നൂ തൂങ്ങിമരണമെപ്പോഴും.’

കടവല്ലൂരന്യോന്യം നടക്കുന്ന ശ്രീരാമ ക്ഷേത്രത്തിനടുത്ത് വലിയൊരരയാലും അതിൽ നിറയെ തൂങ്ങിക്കിടക്കുന്ന വവ്വാലുകളുമുണ്ട്. ‘അന്യോന്യ’ത്തിനു സമാന്തരമായി സാംസ്കാരിക സമ്മേളനം നടക്കാറുണ്ട്. സാംസ്കാരിക സമ്മേളനത്തിനു ചെന്നപ്പോഴാണ് ഞാനവിടെ കുറച്ചധികനേരം തങ്ങിയതും ആ വവ്വാലുകളെത്തന്നെ നോക്കി നിന്നതും. മനുഷ്യൻ ‘ഹോമോഇറക്റ്റസ്’ ആണ്. രണ്ടു കാലിൽ നിവർന്നു നിന്നു കാണുന്ന ലോകമാണ്,അതിനാൽ, മനുഷ്യന്റേത്. നമുക്ക് രാപകലുകളുണ്ട്. വവ്വാലുകളുടേത് തീർത്തും വിഭിന്നം. തല കീഴായി കിടന്നു കാണുന്ന ലോകമാണവയുടേത്. മനുഷ്യരുടെ രാത്രിയാണവയുടെ പകൽ. ഈ ഇതരത്വമോ അപരത്വമോ ചില മനുഷ്യ വ്യക്തികളുടെ അവസ്ഥയുമായി അന്വയിക്കപ്പടുകയായിരുന്നു ‘ഗ്രാമവൃക്ഷത്തിലെ വവ്വാ’ലിൽ. പക്ഷിയാണോ മൃഗമാണോ എന്ന സന്ദേഹമുണർത്തും വിധമാണ് വവ്വാലിന്റെ രൂപം. ഇതു ചില മനുഷ്യരുടെകൂടി സ്വത്വസങ്കീർണതയാണ്. സ്നിഗ്ധാസ്തിത്വമാണ്. പക്ഷിയെപ്പോലെ ചിറകുകളുള്ള വവ്വാലിന്റെ മുഖം,എലിയുടേതു പോലെയാണ്. തലകീഴായ നില. രാത്രിയാണത് പറക്കുന്നത്. ആഴമാണ് ഉയരം. മതപരമായ അപരത്വവും, അതിനാൽ, ഈ കവിതയുടെ പ്രമേയമാണ്. ‘പ്രേതമൊഴി’ എന്ന മറ്റൊരു കവിതയിലും അതേ പ്രമേയം കാണാം. പ്രേതമാവുക എന്നാൽ ജീവിച്ചിരുന്നപ്പോൾ പ്രിയനോ പ്രിയയോ ആയിരുന്ന ഒരാൾ നമ്മൾ ഭയന്നൊഴിയേണ്ട/ഒഴിപ്പിക്കേണ്ട ഒരന്യസത്വമാവുക എന്നാണർഥം. വളരെ വിശിഷ്ടമായി സ്നേഹത്തോടെ ഞാൻ കണ്ടിരുന്ന പലതും – നിലവിളക്ക്, ചന്ദനം, കർപ്പൂരം, തുളസി എന്നിവപ്പോലെ – ഒരു സുപ്രഭാതത്തിൽ അന്യമായിപ്പോകുന്നതിലെ വേദനയാണ് കവിതയുടെ ഉള്ളടരിൽ. ചിലര്‍ക്കു വിശുദ്ധമായവ മറ്റു ചിലർക്കു നിഷിദ്ധമാകുന്നതിലെ സംഘർഷം. ബാബ്റി മസ്ജിദ് പൊളിക്കപ്പെട്ട തൊണ്ണൂറുകളുടെ ആരംഭമാണ് രചനാകാലം. അതുവരെ അത്തരം സ്വത്വവിചാരങ്ങളുണ്ടായിരുന്നില്ല. ഇത്തരം വിശദീകരണങ്ങളൊന്നും കവിയുടെ ബാധ്യതയല്ല. അങ്ങനെയൊരു വായനയൊന്നും ആ കവിതകൾക്കു ലഭിച്ചിട്ടില്ല. വെറും തമാശക്കവിതയായാണ് വായിക്കപ്പെട്ടത്. തോരാമഴ പോലുള്ള കവിതകളാണ് കൂടുതൽ വായിക്കപ്പെട്ടത്; ശ്രദ്ധിക്കപ്പെട്ടതും.

ആശാനും നവോത്ഥാനവും

‘ഗാന്ധിനഗറിൽ നിന്നു കയറിയ ആൾ

വീരസവർക്കർ മന്ദിരത്തിലേക്കു ടിക്കറ്റെടുത്തു

ലെനിന്‍ സ്റ്റാച്യൂവിൽ നിന്നൊരാൾ കയറി

സെക്രട്ടറിയേറ്റ്് പടിക്കൽ ഇറങ്ങിപ്പോയി

എസ്എൻപുരത്തുനിന്നു കയറിയ ഒരു മദ്യപൻ

അടുത്ത ബാറിനു മുന്നിൽ കുഴഞ്ഞിറങ്ങി.’

ഗഹനതയാണ് ആശാന്‍ കവിതയെ ആകർഷകമാക്കുന്നത്. കവിത,ഒരലസ വ്യായാമ മാണ് എന്ന ധാരണയുടെ ഗംഭീരനിഷേധമാണത്. ഒരേസമയം ആധുനികനും യാഥാസ്ഥിതികനുമായിരുന്നു ആശാൻ. ആശാന്റെ ജാതിവിമർശനം ആധുനികമാണ്. ബുദ്ധകഥകളെ ഉപജീവിച്ചപ്പോഴും ഉപനിഷത്തുകളുടെ ദാർശനിക തലത്തിൽത്തന്നെ നിലയുറപ്പിച്ചു എന്നതാണ് ആശാനിലെ യാഥാസ്ഥിതികത്വം. നവോത്ഥാനത്തിന്റെ ആന്തരിക വൈരുധ്യങ്ങൾ ആശാനിലുമുണ്ട്. ഇതേ വൈരുധ്യങ്ങൾകന്നെയാണ് പിൽക്കാലത്തു പുനരുദ്ധാനവാദികളുടെ ആയുധമായി മാറിയത്.  ആര്യവൽക്കരണവും സംസ്കൃതവൽക്കരണവും പോലെ ചിലത്. ചാത്തൻ കരിങ്കുട്ടി, മുത്തപ്പൻ തുടങ്ങിയ ഗ്രാമ്യ ദൈവങ്ങളൊക്കെ നവോത്ഥാനം നടാകുടത്തി. പകരം ആര്യദൈവങ്ങളെ പ്രതിഷ്ഠിച്ചു. 

മുസ്ലിം ജീവിതം, സ്വത്വം

‘ആയിരം പൊൽത്തിരക്കൈമുട്ടി,

നീലയാ–

മോലയിൽ പാതിമറഞ്ഞമ്പിളിക്കല.

നാണിച്ചുചായും നിലാവിന്റെയൊപ്പന’

എന്റെ കവിതയിൽ മുസ്ലിം ജീവിതം കാര്യമായി വന്നിട്ടില്ല. അതിനു കാരണമുണ്ട്. വിരലിലെണ്ണാവുന്ന മുസ്ലിം വീടുകളേ ഉണ്ടായിരുന്നുള്ളൂ എന്റെ പരിസരത്ത്. ഒരു മുസ്ലിം സ്വത്വം എനിക്ക് വീട്ടിനുള്ളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്ളിം മതത്തിൽപ്പെട്ടവരായിരുന്നില്ല. എന്റെ കൂട്ടുകാരും  പരിചയക്കാരുമൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം ബാല്യകാലാനുഭവങ്ങളിലൂടെ എനക്ക് കൂടുതൽ പരിചയമുള്ളത് ഇസ്ലാമേതരമായ മറ്റിടങ്ങളുമായാണ്. 

വൈലോപ്പിള്ളി, ഇടശ്ശേരി

‘നെറ്റിപ്പതക്കങ്ങൾ ചാർത്തിവെഞ്ചാമര–

ച്ചന്തം വിടര്‍ത്തി, വാലാട്ടിച്ചെവിയാട്ടി

ഏറെക്കറുത്തൊരേകാന്തത

നിൽക്കുന്നു.’

ഓരോ കാലങ്ങളില്‍ ഓരോ കവികളും അവരുടെ കവിതകളും നമ്മെ ബാധിക്കാറുണ്ട്. വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകൻ’ എനിക്കു വളരെയിഷ്ടമാണ്. എന്നാൽ അതേ കവിയുടെ ഉദ്ബോധനാത്മകമായ കവിതകൾ ഇഷ്ടമേയല്ല. ഒരധ്യാപകൻ എഴുതുന്നതുപോലെയുള്ള കവിതകളാണവ. കവിതയിലൂടെ മാത്രം ആവിഷ്കരിക്കുന്നവയെ ആവിഷ്കരിക്കുന്ന കവിതകളുണ്ട്. ‘സഹ്യന്റെ മകൻ’ അത്തരം കവിതയാണ്; ‘കുടിയൊഴിക്കലു’മതേ. മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ കവിതയാണത്. കടംകൊണ്ട രാഷ്ട്രീയമല്ല. കവിയുട രാഷ്ട്രീയമാണ്. ‘കുടിയൊഴിക്കലി’ൽ ഇടശ്ശേരിയുടെ ‘പെങ്ങളും’ ‘അങ്ങേവീട്ടിലേ’ക്കും ‘പൂതപ്പാട്ടും’‘നെല്ലുകുത്തുകാരിപ്പാറുവിന്റെ കഥ’യും ‘പുത്തൻ കലവും അരിവാളും’ പോലെ കേരളീയതയും  മലയാളിത്തവുമുള്ള കവിതകൾ ഇഷ്ടപ്പെടുന്ന എനിക്ക് ‘ഹനുമൽസേവ തുഞ്ചൻപറമ്പിൽ’ പോലുള്ള കവിതകൾ ഇഷ്ടമല്ല. ലോകത്തെ ഒരു മലയാളി എങ്ങനെ കാണുന്നു എന്നതിന്റെ  ആവിഷ്കാരമായി മാറിയ ഇടശ്ശേരി ക്കവിതകളാണെനിക്കിഷ്ടം. ‘ബുദ്ധനും ഞാനും നരിയും’ പോലൊരു കവിത ഒരു മലയാളിക്കേ എഴുതാനാവൂ. ഒരു കുന്നുകുളത്തുകാരനായ എനിക്കതു നന്നായി മനസ്സിലാവും.  ഒരു പ്രദേശത്തിന്റെയും സമൂഹത്തിന്റെയും ആത്മസത്ത കവിതയിലൂടെ  പ്രകാശിക്കണം.അങ്ങനെയായിരുന്നില്ല മലയാളത്തിലെ ആധുനിക കവിത. അതായിരുന്നു അതിന്റെ പരിമിതിയും പരാ‍ജയവും കടമ്മനിട്ടയുടെ ‘ശാന്ത’, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലെ മന്ത്രമാരണങ്ങളുടെ  പാതാളം ഇതൊക്കെ എന്നെ ആകർഷിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ ‘അപ്രമേയവിലാസലോലയാം സുപ്രഭാ ത്തിൽ  സുസ്മിതം’ ‘മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ മഞ്ജിമവിരിയും പുലർകാലേ’ എന്നിങ്ങനെയുള്ള ഈരടികളിൽ മലയാളഭാഷയുടെ സൗന്ദര്യമുണ്ട്; വള്ളത്തോളിലും അതുണ്ടായിരുന്നു. മലയാള കവിതയുടെ ആര്യപാരമ്പര്യത്തിൽ നിന്നു പൂർണമുക്തനായ മഹാകവി ചങ്ങമ്പുഴ മാത്രമായിരിക്കും. മലയാളത്തിലെ ശരിയായ ആദ്യത്തെ ആധുനികകവിയാണദ്ദേഹം. 

കാവ്യഭാഷ

‘ഇടിമിന്നലിൻ പൊന്നുളികൾ

കൊത്തുംനഗ്ന–

ജലശിൽപമെന്നപോൽപ്പിന്നെ

മഴപെയ്തൊടുങ്ങുവാൻ കാത്തു 

നിൽക്കാതെ നീ

മറവിയിലേക്കന്നിറങ്ങി’.

എന്റെ കാവ്യഭാഷയെയും ആധുനികരുടെ ഭാഷ സ്വാധീനിച്ചു കാണും. കാരണം അതു വായിച്ചാണു ഞാൻ വളർന്നത് എന്നാൽ എനിക്ക് എന്റേതായ ചില നിർബന്ധങ്ങളുമുണ്ടായിരുന്നു, കാവ്യഭാഷയുടെ കാര്യത്തിൽ ആശയസന്ദിഗ്ധതയുണ്ടാകാത്തതും വെറും പൊള്ളമുഴക്കായിത്തീരാത്തതുമാവണം. അത്. വ്യക്തത അനിവാര്യമാണ്. മനഃപൂർവമോ കവിയുടെ അശക്തിയുടെ ഫലമോ ആയ ദുർഗ്രഹതയുള്ള കവിത നിലനിൽക്കില്ല. അതാണ് കക്കാടിന്റെ കവിതയ്ക്കു സംഭവിച്ചത് ; ഒരു പക്ഷേ, ‘സഫലമീ യാത്ര’ എന്ന കവിതയ്ക്കൊഴികെ.

ഭാഷയെ സൗന്ദര്യവൽക്കരിക്കുകയും അതിന്റെ ജൈവഭംഗിയെ ആവിഷ്കരിക്കുകയും വാക്കുകൾക്കുള്ളിൽ ശ്വാസം മുട്ടിക്കിടക്കുന്ന അർഥങ്ങളെ മോചിപ്പിക്കുകയും അതിനെ ജീവസ്സുറ്റ താക്കി മാറ്റുകയും ചെയ്യുന്നവനാണ് കവി. ഭാഷയുടെ ആവി ഷ്കാര ഭംഗികളിൽ അഭിരമിക്കുന്നവനാണ് ഞാൻ. ഭാഷയുടെ സൗന്ദര്യം എന്നെ ഭ്രമിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, നിരക്ഷരനായ വൃദ്ധൻ ഒരു കത്തുമായി എന്റെയടുക്കൽ വന്നു. ‘ഈ കടലാസ് എന്നോട് മിണ്ടിയില്ല; നിന്നോടു മിണ്ടും!’ എന്നാണയാൾ പറഞ്ഞത്. പറച്ചിലിന്റെ ഈ രീതിയോടാണെനിക്കു പ്രിയം. ‘റേഷൻകടയിൽ അരിയില്ല’, ‘കുട്ടികൾ വിശന്നു മരിക്കുന്നു’ എന്നൊക്കെ വളച്ചുകെട്ടില്ലാതെ കാര്യം പറയുന്ന പത്രഭാഷയല്ല, കാവ്യഭാഷ. അതിൽ കുന്തകൻ പറയുന്നതരം ‘വക്രോക്തി’യുടെ സാന്നിധ്യമുണ്ടാവണം. ‘എന്നെ ജീവനും സൗന്ദര്യവുമുള്ളതാക്കി മാറ്റൂ’ എന്നാണ് ഭാഷ, കവിയോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. അതയാളുടെ  ഉത്തരവാദിത്തമാണ്. തന്റെ പ്രതിഭാശേഷിക്കൊത്ത് അയാൾ അതു നിറവേറ്റുന്നു. 

ചിത്രഭാഷ

‘വെളിച്ചത്തിൽ ജലവിവർത്തനം മഴ. 

മഴയുടെ സൂര്യവിവർത്തനം മയിൽ’.

കുട്ടിക്കാലത്തു ചിത്രം വരയ്ക്കാനായിരുന്നു ഇഷ്ടം; പിന്നീട് ഞാനൊരു ചിത്രകാരനായിത്തീർന്നില്ലെങ്കിലും ഇപ്പോഴും കട ലാസും പേനയും കയ്യിലുണ്ടെങ്കിൽ ഞാനതിൽ എന്തെങ്കിലു മൊക്കെ വരച്ചുകൊണ്ടിരിക്കും. ചിത്രം കാണുന്നതിലും വര യ്ക്കുന്നതിലുമൊക്കെ എനിക്ക് സന്തോഷമുണ്ട്. കവിതയിലും ഞാൻ അതു തന്നെയാണ് ചെയ്യുന്നത്. അനുഭവങ്ങളെ ചിത്ര പ്പെടുത്തുന്നതിലെ ചാരിതാർഥ്യമാണ് കവിതാരചനയിൽ ഞാനനുഭവിക്കുന്ന ചാരിതാർഥ്യങ്ങളിൽ ഒന്ന്. 

പാരമ്പര്യം

‘എന്നാൽ തിരുത്തുന്നില്ലങ്ങ്

വരികൾ തെറ്റിയും മുറിഞ്ഞും പെയ്യുമെ–

ന്നകമഴകളെ.’

ഹിന്ദു മിഥോളജിയുമായി അവിഭാജ്യമാംവിധം ബന്ധപ്പെട്ടതാണ് മലയാള കവിതയുടെ പാരമ്പര്യം. ആധുനിക കവിതയിലും അതുണ്ട്; ‘കുരുക്ഷേത്രം’, ‘ബംഗാൾ’, ‘വജ്രകുണ്ഡലം’ എന്നി ങ്ങനെ. മറ്റു പല സംസ്കാരങ്ങളിലും അത് അങ്ങനെയല്ല. ഗ്രീക്ക് മിഥോളജിയിലെ ‘ഹെർക്കുലീസ്’ വെറുമൊരു കഥാപാ ത്രമാണ്, ദൈവമല്ല. നമുക്ക് പുരാണകഥാപാത്രങ്ങൾ ദൈവങ്ങളാവുകയും ആ ദൈവങ്ങൾ നമ്മുടെ രാഷ്ട്രീയത്തിൽ വരെ ഇടപെടുകയും ചെയ്യുന്നു. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയില്‍ അവ നൂറ്റാണ്ടുകൾ പഴക്കമുള്ള കീഴാള–സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്ര നിർമിതിക്ക് ആധാരമായി വർത്തിക്കുന്ന ശാസനകളും വംശീയ രാഷ്ട്രീയത്തിന്റെ ദാര്‍ശനിക അവലംബങ്ങളുമാകുന്നു. ഇത്തരത്തിൽ മിത്തുകളെ യാഥാർഥ്യമായും കാണുകയും അതിനടിപ്പെടുകയും ചെയ്യുന്ന മലയാള കവിതയുടെ പാരമ്പര്യം എന്റെ കവിതയിൽ‌ കാണാനാവില്ല. വൃത്തത്തിലെഴുതുക, അങ്ങിങ്ങു ചില സംസ്കൃതവാക്കുകളൊക്കെ ഉപയോഗിക്കുക. എന്നതാണ് പാരമ്പര്യമെങ്കിൽ അതേ എന്റെ  കവിതയിലുമുള്ളൂ. തനി മലയാളം സാധ്യമാണെന്നു കരുതുന്ന കവിയല്ല ഞാൻ. സംസ്കൃതപദങ്ങളുടെ തോത്, എന്റെ കവിതയിൽ ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നുണ്ട്. മലയാളത്തിന്റെ മൗലികതാളരൂപങ്ങളും വൃത്ത വ്യവസ്ഥകളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആഗോളീകരണ കാലയളവിൽ അതിനൊരു പ്രതിരോധമൂല്യമുണ്ടെന്നും ഞാൻ കരുതുന്നു. വൃത്തം പഠിച്ചെഴുതുകയല്ല ഞാൻ; കവിതയോടൊപ്പം വരുന്നതാണത്. ‘തോരാമഴ’യുടെ വൃത്തമേതാണെന്ന് ഞാൻ നോക്കിയിട്ടില്ല, അതെഴുതുമ്പോൾ. 

അഴുക്കില്ലം

‘ഉണ്ടായിരുന്നു പണ്ടെന്റെ നാട്ടിൽ

പുലികേശവൻ, പയറുമണി 

വേലായുധൻ

മൈനക്കുഞ്ഞാമിന, കുറുക്കനവറാൻ.

സസ്യപ്പെടുകയോ മൃഗപ്പെടുകയോ 

ചെയ്ത  മനുഷ്യർ.’

കൗമാരകാലത്ത് ചായക്കടയും ഉത്സവപ്പറമ്പും പോലുള്ള ഇടങ്ങളിൽ ജനങ്ങളുമായി ഇടകലർന്നുള്ള ജീവിതമാണെനിക്ക് നോവൽരചനയ്ക്കാവശ്യമായ സാമഗ്രികൾ സമ്മാനിച്ചത്. കവി, നോവലെഴുതുന്നതിൽ അസ്വാഭാവികമായി യാതൊന്നുമില്ല; അങ്ങനെ ചില വിമർശനങ്ങളെ  ഞാൻ നേരിട്ടുവെങ്കിലും. സംക്ഷിപ്തതയുടെ കലയായ കവിതയാണെനിക്കു കൂടുതൽ നന്നായി വഴങ്ങുന്നത്. കഥനകലയുടെ പരപ്പ് എനിക്കു സഹജമല്ല എന്നും മനസ്സിലായി. പറഞ്ഞല്ലോ, വ്യക്തിത്വമുള്ള, അസാമാന്യരായ, ഇനി ആവർത്തിക്കാനിടയി ല്ലാത്ത കുറേ മനുഷ്യരെ, അവരുടെ ജീവിതകഥകളെ  എനിക്കറിയാമായിരുന്നു. അതൊന്നു രേഖപ്പെടുത്തിവയ്ക്കണമെന്ന തോന്നലാണ് എന്റെ നോവൽ രചനയക്കു പിന്നിലെ മൗലിക പ്രേരണ. നമ്മൾ ഇന്നു കാണുന്ന  മതങ്ങളെല്ലാംതന്നെ ചില സാഹിത്യ കൃതികളിൽ നിന്നും അവയിലെ കഥാപാത്രങ്ങളിൽ നിന്നുമാണുണ്ടായതെന്ന ബോധ്യവും അതിനു പിന്നിൽ പ്രവർ‌ത്തിച്ചു. മതത്തിന്റെയും വിശ്വാസത്തിന്റെയും ഈ അസംബന്ധതയാണ് പപ്പുമതത്തിലൂടെയും പപ്പുവിസ്റ്റുകളിലൂടെയും പറയാൻ ശ്രമിച്ചത്. വായനശാല പശ്ചാത്തലമായുള്ള നോവലിൽ മലയാളിയുടെ സാംസ്കാരിക ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളുടെ പ്രാതിനിധ്യമുള്ള രണ്ടു നോവലുകളും കടന്നുവരികയും ‘പാരഡി’ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ‘ഓട യിൽ നിന്നും’ ‘ഖസാക്കിന്റെ ഇതിഹാസ’വും. എഴുപതുകളിലെ  ആത്മാർഥവും അസംബന്ധാത്മകവുമായ രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവർത്തകരെയും അനുഭാവപൂർവം അകന്നു നിന്നു വീക്ഷിച്ച അനുഭവത്തിൽ നിന്നാണ് പി.എസ്. മൂത്തേടം എന്ന വിജ്ഞനും വിദൂഷകനുമായ കഥാപാത്രം. പുരോഹിത കഥാപാത്രമായ ‘ജോബച്ച’നും നോവലിന്റെ ഘടനയിൽ പ്രാധാന്യമുണ്ട്. പൊതുവേ, രേഖീയവികാസമുള്ള കഥയും കഥാപാത്രങ്ങളുമല്ല നോവലിലേത്. ഭൗതികവും ആശയപരവുമായ അഴുക്കുകളുടെ കൂമ്പാരമായി മാറിക്കഴിഞ്ഞ സമകാലിക ജീവിതത്തെ രൂപപ്പെടുത്തിയപ്പോഴാണ് നോവലിന് ‘അഴുക്കില്ലം’ എന്ന, നമുക്കു ചിരപരിചിതമായ ‘അരക്കില്ല ’ത്തിന്റെ മറ്റൊരു രൂപമായ, പേരുവരുന്നത്.

മഴ ഞാൻ അറിഞ്ഞിരുന്നില്ല,

നിന്റെ കണ്ണീർ എന്നുള്ളിൽ ഉതിരുംവരെ.

വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല, 

എന്റെയുള്ളിൽ നിൻചിരി നേർത്ത് 

പടരുംവരെ.....’

ജീവിതത്തിൽ ഒന്നും മുൻകൂട്ടി ആസൂത്രണം ചെയ്യുക പതിവില്ലാത്ത എനിക്കിപ്പോഴും വലിയ വിസ്മയമാണ് എന്റെ ചലച്ചിത്രരംഗപ്രവേശം. എന്റെ വിദൂരസ്വപ്നങ്ങളിൽപ്പോലും അതുണ്ടായിരുന്നില്ല. പുസ്തകങ്ങൾക്കും കവിതയ്ക്കും മുൻപ് എന്റെ ജീവിതത്തിൽ റേഡിയോയുണ്ടായിരുന്നു, റേഡിയോയിലൂടെ കേൾക്കാനിടയായ ഗാനങ്ങളും. എഴുപതുകളുടെ ധൈഷണികനാട്യത്തിനു നിരക്കുന്നതായിരുന്നില്ല എങ്കിലും സ്വകാര്യമായി ഞാനവ ആസ്വദിച്ചു പോന്നു. ഭാസ്കരൻമാഷുടെ ഗാനങ്ങളിലെ കേരളീയത, ഒ.എൻ.വി യുടെ കാവ്യാത്മകത, വയലാർ ഗാനങ്ങളിലെ ആസക്തനായ പുരുഷന്റെ അനിരു ദ്ധ കാമം എന്നിവ. ഇവരിൽ വയലാറിനോട് എനിക്ക് കുറച്ചി ഷ്ടം കൂടും; അദ്ദേഹമാണ് ചലച്ചിത്ര ഗാനരചനയിലെ സ്വച്ഛന്ദവിലാസി. എങ്കിലും മനസ്സിലല്ലാതെ, കടലാസിൽ ഞാനൊരു വരി പാട്ടെഴുതിയിരുന്നില്ല. ‘ഗർഷോ’മിന്റെ ഗാന രചയിതാവാകും വരെ (ഇടയിൽ ‘ഇപ്റ്റ’യ്ക്കുവേണ്ടി ചില ഗാനങ്ങളെഴുതിയിട്ടുള്ളതു മറക്കുന്നില്ല.) പി.ടി.കുഞ്ഞുമുഹമ്മദിനെപ്പോലുള്ള സുഹൃത്തുക്കളുടെ സിനിമാസംരംഭമെന്ന നിലയിൽ ഞാനുമതിന്റെ ചർച്ചകളിലൊക്കെ പങ്കെടുത്തിരുന്നു. അപ്പോഴാണ് ഗാനരചനയ്ക്കായുള്ള നിർദേശം വരുന്നത്. മടിച്ചൊഴിയാൻ നോക്കിയെങ്കിലും വഴങ്ങേണ്ടി വന്നപ്പോഴാണ് കവിതപോലൊരു ഗാനം ‘പറയാൻ മറന്ന പരിഭവങ്ങൾ വിരഹാർദ്രമാം മിഴികളോർക്കെ....’ എഴുതിയത്. രമേഷ് നാരായണനായിരുന്നു സംഗീതസംവിധായകൻ. കവിത, ഗാനമാക്കാൻ വീണ്ടും ചില തിരുത്തലുകളൊക്കെ വേണ്ടിവന്നു. ക്ലേശകരമായിരുന്നു ആ പ്രക്രിയ. അങ്ങനെ ആദ്യഗാനം പിറന്നു. ഒരു വർഷത്തിനു ശേഷം കമലിന്റെ ‘പെരുമഴക്കാലം’ വന്നു. മുന്‍കൂർ തയാർ ചെയ്യപ്പെട്ട ഈണത്തിനനുസരിച്ചായിരുന്നു. ‘രാക്കിളിതൻ വഴിമറയും നോവിൻ പെരുമഴക്കാലം....’ എന്ന ഗാനം. പിന്നെ, ഗാനരചയിതാവെന്ന നിലയിൽ തിരക്കുള്ള നാളുകൾ.

സിനിമയ്ക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തിയാണ് ഗാനരചന. അതിൽ കവിയനുഭവിക്കുന്ന സ്വാച്ഛന്ദ്യവും സ്വാതന്ത്ര്യവുമില്ല. വേണമെന്ന് വ്യാമോഹിക്കുന്നുമില്ല. എന്നാൽ ആഭാസ ഗാനങ്ങളെഴുതാതിരിക്കാൻ ശ്രദ്ധിക്കാറുമുണ്ട്. കുമാരനാശാന്റെയും കാളിദാസന്റെയുമൊന്നും കാവ്യങ്ങൾ വായിച്ചാസ്വദിക്കാനാവാത്തവർക്കും കാവ്യാനുഭവം ലഭ്യമാക്കാൻ ഗാനങ്ങൾ ഉപകരിക്കും. വിരഹത്താൽ നായികയുടെ ‘വളകളൂർന്നു’ പോകുന്നു എന്ന കവി സങ്കേതമൊക്കെ ഗാനകൽപനയുടെ ഭാഗമായി മാറ്റാൻ സാധിച്ചതിൽ, ആ നിലയ്ക്ക്, സന്തോഷമുണ്ട്. താരാട്ടും പ്രണയഗാനവും കുടിയന്റെ പാട്ടും ഭക്തിഗാനവുമൊക്കെ പലരിൽ കുടിയിരുന്ന്, പലരായി എഴുതാനാവുന്നു എന്നതാണ് ഗാനരചയിതാവിന്റെ സാധ്യത. അതൊന്നും, ഗാനരചയിതാവായില്ലെങ്കിൽ, ഞാൻ എഴുതുമായിരുന്നില്ല. വയലാറും പി. ഭാസ്കരനും ഒൻവിയും എഴുതിയതുപോലുള്ള ഗാനങ്ങൾ ഇനി എഴുതാനാവില്ല. സിനിമ മാറി, ഗാനങ്ങളും. ‘അശ്വമേധ’ത്തിനും ‘തുലാഭാര’ത്തിനും ‘രണ്ടിടങ്ങഴി’ക്കും പകരം ‘ഒരു  മെക്സിക്കൻ അപാരത’ പോലുള്ളവ വന്നു. ഭാസ്കരൻ മാഷിന്റെ ‘ഏകാന്തതയുടെ അപാരതീര’മാണെന്റെ ആത്മഗാനം. വയലാറിന്റെ ‘ശ്രീവത്സം മാറിലണിയും ശീതാംശു കലേ....’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ  അനുഭവം ‘സൈക്ക ഡെലിക്കാ’ണ്; ദാലിയുടെയും മറ്റും അമൂർത്ത ചിത്രം കാണും പോലെ ‘പാരിജാതം തിരുമിഴി തുറന്നു....’ എന്നിലെ ഗാനാ സ്വാദകന്റെ ഇഷ്ടങ്ങളുടെ മുൻപന്തിയിൽത്തന്നെയുണ്ട്. ‘അന്തിക്കു നീ വന്നു കുളിക്കാനിറങ്ങും ചെന്താമരക്കുളക്കല്‍പ്പടവില്‍....’ എന്നൊക്കെ കേള്‍ക്കുമ്പോൾ അതിലെ ഗ്രാമീണ ഭംഗികൾ എന്നെ ഗൃഹാതുരനാക്കും (ഗൃഹാതുരത ഒരു പാപമൊന്നുമല്ലല്ലോ!) ‘പറയാൻ മറന്ന പരിഭവങ്ങൾ’, ‘മഴ ഞാനറി ഞ്ഞിരുന്നില്ല’, ‘ചെമ്പാവ് പുന്നെല്ലിൻ ചോറോ’ എന്നിവ പോലുള്ള ചിലതാണ് ഞാനെഴുതിയിട്ടുള്ളവയിൽ ഇഷ്ടം. അടുത്തകാലത്ത് പി. കുഞ്ഞിരാമൻ നായർ കഥാപാത്രമാകുന്ന ‘കളിയച്ഛ’നു വേണ്ടിയെഴുതിയ ‘ഹരിണാക്ഷി’യാണ് മറ്റൊരിഷ്ട ഗാനം. നിത്യകന്യകയെ തേടിയലഞ്ഞ കവിയുടെ വിടത്വമെന്ന് പലരും തെറ്റിദ്ധരിച്ച കാമുകത്വമാണ് അതിൽ വരുന്നത്; ‘നിത്യനിളാനദി’ പോലൊഴുകിയ കവിയുടെ പ്രണയം.

സ്ത്രീത്വം, പ്രണയം, സ്ത്രീവാദം

‘ഒരു രാത്രി നീവന്നുറങ്ങിയിട്ടുള്ളൊരു 

വഴിയോര സത്രമാവാം ഞാൻ. 

അതുകൊണ്ടുമാത്രം നിലംപൊത്തിടാതുള്ള

നിലയതു തുടരുകയുമാവാം’.

പുരുഷനേക്കാൾ മനുഷ്യത്വമേറും സ്ത്രീക്ക്; സഹിഷ്ണുത കൂടുതലാണവൾക്ക്, അക്രമാസക്തിയും മൃഗീയമായ കായ ബലവുമാണ് പുരുഷനിൽ. പുരുഷന്റെ  കൈയൂക്കുപോലെയാണ് രാഷ്ട്രങ്ങളുടെ ആയുധബലം. അതിൽ നിന്നാണ് യുദ്ധങ്ങൾ. അതിനാൽ ‘സെക്കന്റ് സെക്സല്ല’, ‘ഫസ്റ്റ് സെക്സ്’ തന്നെയാണ് സ്ത്രീ. പരിണാമപരമായും അതങ്ങനെ തന്നെയാണെന്ന് വാദിക്കാൻ കഴിയും. ദൈവത്തെപ്പോലും സ്ത്രീരൂപത്തിൽ സങ്കൽപിക്കാനാണെനിക്കിഷ്ടം. ഗ്രാമദേവതയായ അക്കിക്കാവമ്മയൊക്കെയുണ്ടല്ലോ, അതാണെനി ക്കിഷ്ടം.

സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയെയും അന്വേഷിച്ചു കൊണ്ടിരിക്കുന്നു; പല മുഖങ്ങളിൽ, പല രൂപങ്ങളിൽ. അപൂർണരാണ് സ്ത്രീ പുരുഷന്മാർ. അവർ പരസ്പരം പൂരിപ്പിക്കുന്നു. അദമ്യവും അനന്തവുമായ ആ അന്വേഷണത്തിന്റെ പേരാണ് പ്രണയം എന്നത്. ഏതെങ്കിലും ഒരു സ്ത്രീയെക്കുറിച്ചല്ല എന്റെ പ്രണയ കവിതകൾ. എന്നെ പൂർണനാക്കുന്ന അവൾക്കുവേണ്ടിയുള്ള തേടലാണ് അവയിൽ. പുരുഷൻ സ്ത്രീയെ നിലാവായും പുഴയായുമൊക്കെ കവിതയിലാവിഷ്കരിക്കുന്നത് വസ്തുവൽക്കരണമല്ല. ആ നിലയ്ക്ക് സാഹിത്യത്തിനും സർഗാത്മകതയ്ക്കുമൊന്നും തീരെ ഗുണകരമല്ല ഇന്നു നിലവിലുള്ള തരത്തിലുള്ള സ്ത്രീവാദ ശാഠ്യങ്ങൾ. സിൽക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് എന്റെയൊരു കവിതയുണ്ട്. ‘ഉടൽക്കെണി’ എന്ന പേരിൽ. അതിൽ സ്മിതയുമുണ്ട് എന്ന്, അന്നൊന്നും ആരും തിരിച്ചറിഞ്ഞില്ല. വെറുമൊരുടൽ മാത്രമായി കാണപ്പെട്ട ഒരുവൾക്ക് എങ്ങനെ ആത്മഹത്യചെയ്യാനാകും എന്ന ചോദ്യമാണ് കവിതയായത്. ഒരു ദുരൂഹമാം മാത്രയിൽ അപ്പൊഴേ/യ്ക്കതിവിദഗ്ദ്ധമുരിഞ്ഞെറിയുന്നവൾ/ ഒടുവില ത്തെപ്പുടവയാമുട,ലതിൻ /മറു പുറത്തെത്ര നഗ്നരായ്ത്തീർന്നു നാം. 

രാഷ്ട്രീയ കവിതയും  കവിയുടെ രാഷ്ട്രീയവും

‘ഇപ്പോൾ സ്വീകരണമുറിയിലെ ഈ ചതുരപ്പെട്ടിയിൽ 

നീന്തിത്തുടിക്കുന്നതായി കാണപ്പെടുന്ന 

ഈ അലങ്കാരമത്സ്യമുണ്ടല്ലോ

എഴുപതുകളിൽ ഞങ്ങൾ ഒരുമിച്ച് 

കടലിലുണ്ടായിരുന്നതാണ്.

ഹൊ!അന്നത്തെയൊക്കെ ഒരു കടൽ....!

സ്മിതയെക്കുറിച്ചുമാണ് ‘ഉടൽക്കെണി’ എന്നു പറഞ്ഞുവല്ലോ; അതു പോലെ പി. കുഞ്ഞിരാമൻ നായരുടെ അരാജകജീവിത ത്തെക്കുറിച്ചുമാണ് ‘അലഞ്ഞു തിരിയുന്ന കവിത.’ ഈ നാനാർഥസാധ്യത രാഷ്ട്രീയ കവിതയ്ക്കില്ല. അത് ഏകമുഖവും ഏകാർഥവുമാണ്. രാഷ്ട്രീയ കവിതകൾ ഞാൻ എഴുതിയിട്ടുണ്ട്. ഇനിയും എഴുതുകയും ചെയ്യും. പക്ഷേ, അവ വെറും രാഷ്ട്രീയ കവിതകൾ മാത്രമല്ലാതിരിക്കാൻ  ഞാൻ ജാഗ്രതപ്പെടേണ്ടതുണ്ടെന്ന തോന്നലുണ്ട്. കാരണം വർത്തമാനകാല രാഷ്ട്രീയ പ്രശ്നങ്ങളുടെ വിമർശനം ഒരു പക്ഷേ, കവിതയേക്കാൾ ഫലപ്രദമായി ‘വാട്സ്ആപ്പ് ട്രോളു’കൾ നിർവഹിക്കുന്നുണ്ട്. അവ പരിമിതമായ ഒരു ഭാവനാസ്ഥലിയിലൂടെ മാത്ര മാണ് സഞ്ചരിക്കുന്നത്. കവിതയേക്കാൾ മറ്റു വ്യവഹാരങ്ങളിലൂടെ പരിഹരിക്കാവുന്ന ഇടങ്ങളിൽ നിന്നുനിന്ന് കവിത കാലു കഴയ്ക്കേണ്ടതില്ലെന്നു തോന്നിയിട്ടുണ്ട്. കവിതയിൽ നിന്നാണ് ദർശനങ്ങൾ ഉണ്ടാകേണ്ടത്. അല്ലാതെ മറിച്ചല്ല. നിങ്ങളെ അസ്തിത്വവാദമോ, അദ്വൈതചിന്തയോ, മാർക്സിസമോ, വേദാന്തമോ ബാധിക്കുകയും അവയ്ക്കനുസൃതമായി നിങ്ങൾ കവിത ചമയ്ക്കുകയും ചെയ്യുന്നു. അതു ബോറാണ്. കവിയുടെ പണി അതല്ല. പുതിയ കാല കവിതകളുടെ ഒരു പ്രധാന ദോഷമായി എനിക്കു തോന്നുന്നതു ഭാവനയുടെ അഭാവവും ഭാഷയോടുള്ള ഉദാസീനതയുമാണ്. 

‘രാഷ്ട്രീയമായി ശരി’യായിരിക്കാൻ വേണ്ടി കവി വല്ലാതെ വേവലാതിപ്പെടേണ്ടതില്ല. എനിക്കും രാഷ്ട്രീയമുണ്ട്. അനുദിന രാഷ്ട്രീയത്തിൽ തൽപരനും ഉൽക്കണ്ഠാകുലനുമാണ് ഞാൻ. ഇടതുപക്ഷ രാഷ്ട്രീയമാണെന്റെ രാഷ്ട്രീയം. എന്നാൽ അത് കക്ഷിരാഷ്ട്രീയത്തോടുള്ള കൂറോ വിധേയത്വമോ അല്ല.  കേരളത്തിനൊരു രാഷ്ട്രീയ മനസ്സുണ്ട്. നൈതിക ജാഗ്രതയുള്ള ആ ഇടതു പക്ഷ മനസ്സിൽ നിന്നാണ് കേരളീയ നവോ ത്ഥാനം. അത് ഒരു തിരുത്തൽ ശക്തിയായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്; ഇനിയും നിലനിൽക്കേണ്ടതുണ്ട്.

ഭാവനയുടെ അന്ത്യം

‘ചുട്ടുപഴുത്തൊരീസന്ധ്യയിൽ നമ്മുടെ ഇത്തിരിപ്പോന്ന 

ടെറസ്സിൽ നാം കാഴ്ചതൻ മാംസം കടിച്ചു കാർന്നിട്ടതിൻ ബാക്കിപോലാന്റിന മുള്ളുകൾ ചുറ്റിലും .’

പുതിയ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി ഞാൻ കാണുന്നത് ഭാവനയുടെ അന്ത്യമാണ്. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ടെലിവിഷനെക്കു‌റിച്ച് കേൾക്കുന്നത് അഥവാ അറിയുന്നത്. അത് ഒരു വലിയ വിസ്മയമായിരുന്നു എനിക്ക്. ഇന്ന് യന്ത്രിമയുടെ ഏത് അപൂർവതയും ഒരു വിസ്മയമല്ല. നമുക്ക് വിസ്മയങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടികളുടെ ഭാവനാലോകത്തെ എങ്ങനെയാണിത് ബാധിക്കുക എന്ന് എനിക്ക് നിശ്ചയമില്ല. ഇന്ന് വലിയ ഇതിഹാസങ്ങളുണ്ടാവാത്തത്, മിത്തുകൾ സൃഷ്ടിക്കപ്പെടാത്തത് ഭാവനയും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മറഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ്. ശാസ്ത്രത്തെ ബഹുമാനിക്കുമ്പോൾത്തന്നെ ‘ഡീ–മിസ്റ്റിഫിക്കേഷന്‍’ എന്നെ അസ്വസ്ഥനാക്കുകയും ചെയ്യുന്നുണ്ട്. ലളിതമായ ഒരു ബോധതലത്തിൽ മാത്രമേ ‘‍ഡീ–മിസ്റ്റിഫിക്കേഷൻ’ സാധ്യമാവുകയുള്ളൂ. അതായത് മഴ പെയ്യുന്നത് എങ്ങനെ എന്നതിന്റെ ശാസ്ത്രീയ വിശദീകരണം ഒരു ലളിതവൽക്കരണമാണ്. മഴ പെയ്യുന്നത് എന്തിന് അല്ലെങ്കിൽ എന്തുകൊണ്ട് എന്നതാണ് ഒരു കവിയെ അലട്ടുന്ന പ്രശ്നം.

കവിത, ജീവിതം, മനുഷ്യൻ

‘മണ്ണിൽ വീണടിഞ്ഞവർതൻ

തലയോട്ടിക്കുഴി

തന്നിലൂടുയിർത്തെഴുന്നേൽക്കുന്ന 

പുല്ലിൻകൊടി.’

ഭാഷ, ഒരു സാധ്യതയും പരിമിതിയുമാണ്; ലോകത്തെ വിവർത്തനം ചെയ്യുന്നതിന്റെ ഉപാധി. അറിയാത്തവയെ അറിയുന്നവയാക്കി മാറ്റുകയാണ് വിവർത്തനം ചെയ്യുകയാണ്, നമ്മൾ ജനനം മുതൽ മരണം വരെ. ‘പെങ്ങൾ’ പോലൊരു വാക്ക് മലയാളത്തിലേയുള്ളൂ; ‘sister’ അല്ല പെങ്ങൾ. നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും മനുഷ്യബന്ധങ്ങളുടെയുമൊക്കെ ഉൽപന്നമായ അത്തരം വാക്കുകളിലാണ് ഭാഷയുടെ ആത്മാവ്. അവയെ പരിചരിക്കലാണ് കവിയുടെ ഉത്തരവാദിത്തം. ലോകം നിലനിൽക്കുന്നത് ഭാഷയിലാണ്; ദൈവവും. ഒരേ സമയം ഭാഷയെ ഉപജീവിക്കുകയും അതിജീ വിക്കുകയും ചെയ്യുകയാണ് കവി. ഭാഷകൊണ്ടു ചെയ്യാവുന്ന ഏറ്റവും മുന്തിയ പണിയാണ് കവിത. എല്ലാവരും, ഒരർഥത്തിൽ, കവികളാണ്; കവിതയില്ലാതെ മനുഷ്യജീവിതം തന്നെ അസാധ്യം. എല്ലാ വാക്കുകളും ഒരിക്കൽ കവിതയായിരുന്നു. ജീവിതത്തിന്റെ അനിവാര്യാംശമാണത്. കടലിൽ ഉപ്പുപോലെ ജീവിതത്തിൽ കവിത അലിഞ്ഞു ചേർന്നിരിക്കുന്നു. അതിനെ കുറുക്കിയെടുക്കുകമാത്രമാണ്, കവി ചെയ്യുന്നത്. ‘ജീവിതം’ എന്ന വാക്കു തന്നെ ഒരു കവിതപോലെ അവ്യാഖ്യേയമായ അനുരണനങ്ങളുളവാക്കുന്നുണ്ട്. 

കവിയായിരിക്കുക എന്ന അവസ്ഥ ഒട്ടും സുഖകരമല്ല; ക്ലേശ നിർഭരമായ ആന്തരിക ജീവിതമാണ് കവിയുടേത്. അനുഭൂതിയെ ഭാഷപ്പെടുത്തുന്നതിലെ ക്ലേശമാണത്. ഉള്ളിൽ കലങ്ങി മറിഞ്ഞു കിടക്കുന്നവയെ ഭാഷയിൽ പകരുമ്പോൾ, പലപ്പോ ഴും, നിരാശയാവും ഫലം. അപരന്റെ സാന്നിധ്യത്തിലാണ് മനുഷ്യാസ്തിത്വം അർഥപൂർണമാകുന്നത്. മറ്റുമനുഷ്യരെ ചെന്നു തൊടാൻ ഭാഷയിലൂടെ നടത്തുന്ന സൗന്ദര്യാത്മക യത്നമാണ് കവിത. കവിയായിരിക്കുന്നതിൽ സന്തോഷമുണ്ടോ എന്നു ചോദിച്ചാൽ, പ്രഭാതവെയിൽ വീണു തിളങ്ങുന്ന ഇലകൾ കാണുമ്പോൾ എനിക്കു സൗന്ദര്യാനുഭൂതിയുണ്ടാകുന്നതിനു കാരണം എന്നിലെ കവിത്വത്തിന്റെ സാന്നിധ്യമാണെങ്കിൽ, അങ്ങനെയായിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു എന്നു പറയാം. രോഗങ്ങളും അത്യാഹിതങ്ങളുമുണ്ടെങ്കിൽക്കൂടി ഭൂമിയിലെ ജീവിതം അതീവസുന്ദരമാണ്. അവിചാരി തത്വങ്ങളും അനിശ്ചിതത്വങ്ങളും ചേർന്ന് അതിനെ അമൂല്യമാക്കുന്നുണ്ട്. മതവിശ്വാസികളുടെ സ്വർഗമല്ല, ഭൂമിയിലെ ജീവിതത്തിന്റെ സൗന്ദര്യമാണ് സത്യം, ജീവിതത്തേക്കാൾ ചെറിയ കാര്യങ്ങൾക്കു വേണ്ടിയാണ് മനുഷ്യൻ ഖേദിക്കുന്നത്, കലഹി ക്കുന്നത്, ആത്മഹത്യ ചെയ്യുന്നത്. പണം ജീവിതത്തേക്കാൾ ചെറുതാണ്. പണമില്ലാതെയായാലും ജീവിതത്തിന്റെ മഹത്വവും വലുപ്പവും സൗന്ദര്യവും നിലനിൽക്കും. പൂക്കളും മഴയും നിലാവുമുള്ള ഭൂമി സുന്ദരമാണ്. മഴ വീഴുമ്പോൾ മണ്ണിലുണരുന്ന ഗന്ധം അമൂല്യമാണെന്ന് എല്ലാ ചെടികൾക്കുമറിയാം, അണ്ണാറക്കണ്ണനതറിയാം, തുമ്പികൾക്കും. മനുഷ്യനാണതു മറന്നു പോകുന്നത്. അതിനാൽ മനുഷ്യനായിരിക്കുന്നതിൽ സന്തോഷിക്കുക, അതിന്റെ അമൂല്യത തിരിച്ചറിയുക, നിരഹങ്കാരിയായിരിക്കുക എന്നതാണതിന്റെ ജീവിത സമീപനം. ജീവിതത്തിനു മുൻപു ശൂന്യതയാണ്, അതിനുശേഷവുമത്രേ. ഒരിക്കൽ ഒരു ധ്യാനഗുരുവിനോട്, എന്താണ് സെൻ എന്നു ചോദിച്ചപ്പോൾ ഗുരു മറുപടി പറഞ്ഞതിങ്ങനെ– ‘എനിക്കറിയില്ല’.