പ്രവാസം എഴുത്തിനെ അടുപ്പിച്ച് നിർത്തുന്നു : തമ്പി ആന്റണി 

പ്രിയപ്പെട്ട പലതിൽ നിന്നുമുള്ള അകലങ്ങൾ ഉണ്ടാക്കുന്ന വ്യഥയിൽ നിന്നുമാണ് സാഹിത്യം നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് പ്രവാസികളിലേയ്ക്ക് എഴുത്തിന്റെ അനുരണനങ്ങൾ എത്തിപ്പെടുന്നതും.

തമ്പി ആന്റണി എന്ന പേര് മലയാളികൾക്ക് പരിചിതമാകുന്നത് ഒരുപക്ഷെ ബിഗ് സ്‌ക്രീനുകളിൽ പേരുകളെഴുതി കാണിക്കുന്ന കൂട്ടത്തിലാകും. നടൻ ബാബു ആന്റണിയുടെ സഹോദരനും സിനിമാതാരവും നിർമ്മാതാവും ഒക്കെ ആയിരിക്കുമ്പോഴും മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ് ഇപ്പോൾ കാലിഫോർണിയയിലെ ആലമോയിൽ താമസിക്കുന്ന തമ്പി ആന്റണി.

പ്രവാസമാണ് പലപ്പോഴും അനുഭവങ്ങളുള്ള എഴുത്തുകാരെ സൃഷ്ടിക്കുന്നത്, അത് ശരീരം കൊണ്ടുള്ളതോ മനസ്സുകൊണ്ടുള്ളതോ ആകാം. പ്രിയപ്പെട്ട പലതിൽ നിന്നുമുള്ള അകലങ്ങൾ ഉണ്ടാക്കുന്ന വ്യഥയിൽ നിന്നുമാണ് സാഹിത്യം നിർമ്മിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെയാണ് പ്രവാസികളിലേയ്ക്ക് എഴുത്തിന്റെ അനുരണനങ്ങൾ എത്തിപ്പെടുന്നതും. സിനിമാ മേഖലയിൽ തുടരുമ്പോഴും അക്ഷരങ്ങളോട് കൂട്ട് കൂടാനുള്ള തമ്പി ആന്റണിയുടെ ശ്രമവും അത് തന്നെയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം പുറത്തിറങ്ങിയിരുന്നു, അടുത്ത നോവൽ പണിപ്പുരയിലുമാണ്... തമ്പി ആന്റണി സംസാരിക്കുന്നു.

 പ്രവാസം സാഹിത്യത്തിലേക്ക് അടുപ്പിക്കുന്ന വിധം 

നമ്മുടെ എല്ലാ പ്രശസ്ത എഴുത്തുകാരും പ്രവാസത്തിലുള്ള അനുഭവങ്ങളിലൂടെയോ അല്ലെങ്കിൽ പ്രവാസ ജീവിതത്തിലോ ആണ് അവരുടെ നല്ല കൃതികൾ രചിച്ചിട്ടുള്ളത്. അകലുംതോറും അടുക്കും എന്നല്ലേ പറയപ്പെടുന്നത്. പണ്ടൊക്കെ ബോംബെയും, ഡൽഹിയും, കൽക്കട്ടയും ഒക്കെയായിരുന്നു പ്രവാസമെങ്കിൽ ഇന്നത് ഗൾഫ് നാടുകളും കടന്ന് ഏഴാം കടലിനപ്പുറം അങ്ങമേരിക്കയിലും ജർമനിയിലും, ആസ്‌ത്രേലിയായിലും ഒക്കെ എത്തി നിൽക്കുകയാണ്. അങ്ങനെ നാട്ടിൽ നിന്ന് അകന്നുപോകുന്തോറും ഉണ്ടായ ഒരു ഗൃഹാതുരത്വം പുതിയ പുതിയ അനുഭവങ്ങൾ ഒക്കെയാവാം എന്നെയും എഴുത്തിന്റെ ലോകത്തിലെത്തിച്ചത് .

വാസ്കോഡഗാമ എന്ന കഥാസമാഹാരത്തിലേയ്ക്ക്‌ എത്തിപ്പെട്ടത്‌...

നിവിൻ പോളിക്ക് പുതിയ പുസ്തകം നൽകുന്നു.

വാസ്കോഡി ഗാമ എന്ന ആശയത്തിൽ എത്തിയത്  ഒരച്ചനെപ്പറ്റിയുള്ള ഓർമകളാണ്. തിരുവനന്തപുരം തുമ്പ സെന്റ്. സേവിയേഴ്‌സിൽ പഠിക്കുന്ന കാലത്തു അവിടെ ഉണ്ടായിരുന്ന തയ്യിൽ അച്ചനാണ് എന്റെ മനസ്സിൽ ഈ കഥയെഴുതുബോൾ കുടിയേറിയിരുന്നത്. ആ അച്ചനോടൊപ്പം കടപ്പുറത്തുകൂടിയുള്ള ഒരു സഞ്ചാരമാണ് ഈ കഥ എന്നുവേണമെങ്കിൽ പറയാം. ആ യാത്രയിൽ ഷാപ്പിന്റെ വാതുക്കൽവെച്ചു യാദൃച്ഛികമായി കണ്ടുമുട്ടിയ പട്ടിയാണ് പിന്നീട് വാസ്കോഡി ഗാമാ ആയത്. പതിവായി കടപ്പുറത്തുകൂടി ഈവനിംഗ് വാക്കിനു പോയിരുന്ന അദ്ദേഹം നാട്ടുകാർക്കു മാത്രമല്ല കൊച്ചു കുട്ടികൾക്കുപോലും ഒരു കൗതുകമായിരുന്നു. നരച്ച മുടിയുള്ള തലയിൽ ഒരു ബ്രൗൺ തൊപ്പിയുംവെച്ച് ഒരു വാക്കിങ്‌ സ്റ്റിക്കുമായി മുടങ്ങാതെയുള്ള അദ്ദേഹത്തിന്റെ യാത്ര എന്നിൽ ഒരുപാട് ആകാംഷ ഉണർത്തിയിരുന്നു. അന്നത്തെ ആ ആകാംഷ അല്ലെങ്കിൽ കൗതുകം എന്നിൽ ഉണർത്തിയ വികാരമാണ് എന്നെ ആ കഥയിലേക്ക് എത്തിച്ചതെന്നു തോന്നുന്നു.

 വാസ്കോഡഗാമ....

നേരിട്ട് കണ്ടിട്ടുള്ള അല്ലെങ്കിൽ അനുഭവങ്ങൾ പകർന്നുതന്നിട്ടുള്ള നമുക്കുചുറ്റിനും കാണുന്ന സാധാരണക്കാരായ കഥാപാത്രങ്ങൾ തന്നെയാണ് എന്റെ എല്ലാ കഥകളിലും കാണപ്പെടുന്നത്. അത് തീർച്ചയായും ഒരു സാധാരണ വായനക്കാരൻ തിരിച്ചറിയുന്നു . അതുതന്നെയാണ് എന്റെ കഥകൾ വായിക്കപ്പെടുന്നതിന്റെ രഹസ്യവും എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പിന്നെ ഞാൻ അറിയാതെ കഥയിലേക്ക് കടന്നുവരുന്നു. ആക്ഷേപഹാസ്യവും ദർശനങ്ങളും കഥയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്നു.

കലയും സാഹിത്യവും ഒരേ തൂവൽപക്ഷികൾ ആകുമ്പോൾ...

അഭിനയം മാത്രമല്ല എല്ലാ കലകളും ഒരേ തൂവൽ പക്ഷികളാണ്. എങ്കിലും കഥയെഴുതുബോൾ ഒരെഴുത്തുകാരനു കിട്ടുന്ന ഒരു സ്വാതന്ത്ര്യം മറ്റൊരു കലകൾക്കും ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യകിച്ചും അഭിനയം. അതൊക്കെ നേരത്തെ ആരൊക്കെയാ ഫ്രെയിം ചെയ്ത ഒരു ചട്ടക്കൂടിനകത്തു നിന്നു ചെയ്യുന്നു. അതും ഒന്നിലധികം ആളുകൾ ഒന്നിച്ചുള്ള ഒരു കളിയാണ്. എല്ലാവരും നന്നായിട്ടു കളിച്ചാലേ വിജയത്തിലെത്തുകയുള്ളു. എന്നാൽ എഴുത്തുകാരൻ എപ്പോഴും ഏകനാണ്. അയാൾക്ക് ഒറ്റയ്ക്ക് തന്നെ മുന്നേറണം, ഒറ്റയ്ക്ക് തന്നെ യുദ്ധം നയിക്കണം. പ്രശസ്ത ബ്രെസീലിൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ വിജയി എപ്പോഴും ഏകനാണ്

 അഭിനയം.. ജീവിതം...

സിനിമാ അനുഭവങ്ങളും അഭിനയവും കഥയെഴുതുമ്പോൾ എനിക്ക് ദൃശ്യവൽക്കരിക്കുന്നതിൽ ഒരുപാട് സഹായിച്ചട്ടുണ്ട്. സിനിമയിലുള്ള അനുഭവങ്ങൾ നമ്മെ എഴുത്തിന്റെ ഡീറ്റെയിലിങ്ങിന് ഏറെ സഹായിക്കും. പലപ്പോഴും മനസ്സിൽ വിഷ്വലുകൾ കണ്ടുകൊണ്ടാവും കഥകൾ കടന്നെത്തുന്നത്, ഞാൻ ഇപ്പോഴും മനസ്സിൽ കണ്ടുകൊണ്ടാണ് എഴുതാറുള്ളത്. അതുകൊണ്ടാവണം വായനക്കാർക്കും എന്നോടൊപ്പം സഞ്ചരിക്കാൻ കഴിയുന്നത്. 

 ഓരോ പ്രവാസിയും നാടുമായി ചേർന്നിരിക്കുന്ന വിധം...

എപ്പോഴും നാടിനെപ്പറ്റി ചിന്തിക്കുന്നവരും നാടിന്റെ ഓർമ്മകൾ കൂടെകൊണ്ടുപോകുന്നവരുമാണ് പ്രവാസി. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ അകലുംതോറും അടുക്കും. ഞാനിപ്പോൾ ഒരുപാടു ദൂരത്താണ്, അതുകൊണ്ടുതന്നെ നാടുമായി വളരെ അടുപ്പത്തിലുമാണ്. അതുകൊണ്ടായിരിക്കണം എനിക്ക് എഴുതാൻ കഴിയുന്നതുപോലും എന്നു വിശ്വസിക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

സോഷ്യൽ മീഡിയ... 

സോഷ്യൽ മീഡിയ നൽകുന്ന ഒരു സ്വാതന്ത്ര്യം അത് മറ്റൊരു മീഡിയയിലും കിട്ടുന്നില്ല. ആർക്കും എന്തും തുറന്നുപറയാൻ ഒരു മടിയുമില്ല . എന്നേ ഒരെഴുത്തുകാരൻ ആക്കിയെങ്കിൽ അതിന്റെ ഒരു പ്രധാന കാരണക്കാരൻ ഈ സോഷ്യൽ മീഡിയ തന്നെയാണ്. എല്ലാ തരത്തിലുള്ള ആളുകളുമായി ഇടപെടാനും അവരുടെ വിചാരവികാരങ്ങൾ നേരിട്ട് മനസ്സിലാക്കാനും ഈ മീഡിയ എന്നെ വളെരെയധികം സഹായിച്ചിട്ടുണ്ട്. അതിനേക്കാളൊക്കെ ഉപരി അവർക്കും അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയാനും സാധിക്കുന്നു.വാട്സപ്പ്‌ പോലെയുള്ള ഗ്രൂപ്പുകൾ, മറ്റു സോഷ്യൽ മീഡിയ എന്നിവ വായനയേയും എഴുത്തിനേയും സ്വാധീനിക്കുന്നു

 ഇഷ്ട വായന...

വായനയിൽ ആദ്യമൊക്കെ പാഠപുസ്തകങ്ങളിലെ കവിതകളായിരുന്നു. പിന്നെ നാടകങ്ങൾ നോവലുകൾ അവസാനം കഥയിലുമെത്തി . ഇപ്പോൾ ഞാൻ കഥയെയും കഥാപാത്രങ്ങളെയും പ്രണയിക്കുകയാണ്. അവരുമായുള്ള നിരന്തരമായ അനുഭവങ്ങളിലൂടെയാണ് യാത്ര. 

ഡിസംബർ... ക്രിസ്തുമസ് കാലം...

ഈ വർഷം ക്രിസ്തുമസ്സ് കാലിഫോർണിയയിൽ ഞാൻ താമസിക്കുന്ന ചെറുപട്ടണമായ ആലമോയിൽ ആയിരിക്കും. അമേരിക്കയിലെ മലയാളി സംഘടനകൾ  ഓണം കഴിഞ്ഞാൽ ഏറ്റവും ആകഷിക്കുന്നതും ക്രിസ്തുമസ്സ് ദിനങ്ങളാണ്. അനുഭവങ്ങൾ അധികവും കുട്ടിക്കാലത്താണ്.

അന്നൊക്കെ അവധി ദിവസങ്ങളായതുകൊണ്ടു ബന്ധുവീടുകളിൽ കുട്ടികൾ മുഴുവനും വീട്ടിൽ വരും. അപ്പൻ വലിയ ക്രിസ്തുമസ് മരമുണ്ടാക്കി അതിൽ നിറയെ സമ്മാനപ്പൊതികൾ കെട്ടിത്തൂക്കുമായിരുന്നു. പാതിരാക്കുർബാന കഴിഞ്ഞാലും ആ പൊതിയിൽ എന്താണന്നറിയാനുള്ള  ആകാംക്ഷയിൽ ഉറങ്ങാതെ കിടക്കും. കുട്ടിപ്പട്ടാളം മുഴുവനും നേരം വെളുക്കുബോൾ എഴുന്നേറ്റോരോട്ടമാണ് . എല്ലാവരുടെയും പേരെഴുതിയ സമ്മാനപ്പൊതികൾ മുതിർന്നവർ മരത്തിൽ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു തൂക്കി തൂക്കി ഇട്ടിരിക്കും. ക്രിസ്തുമസ്സ് ദിനത്തിലുള്ള ഈ പ്രത്യേകതരം സമ്മാനം കൊടുക്കൽ ഞങ്ങളുടെ കുടുംബത്ത് മാത്രമായിരുന്നു അന്നുണ്ടായിരുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. 

 അടുത്ത സിനിമ... 

ഇനിയും വരാനിരിക്കുന്ന രണ്ടു സിനിമകളാണ്. വളരെ നേരത്തെതന്നെ ഷൂട്ട് ചെയ്ത ഞാൻ തന്നെ നായകനായി അഭിനയിച്ച എം.ജി . ശശിയുടെ ജാനകി എന്ന ചിത്രം. പിന്നെ ഇറങ്ങാനിരിക്കുന്ന പേരിടാത്ത പുതിയചിത്രം.പുതിയ സിനിമകൾ വേറെയുമുണ്ടെങ്കിലും ഞാനിപ്പോൾ പൂർണമായും എഴുത്തിന്റെ ലോകത്തിലാണ് . 

 അടുത്ത പുസ്തകം ഉടനേ ഉണ്ടാകുമോ...

പൂർത്തിയായ നോവൽ ഭൂതത്താൻകുന്ന് അടുത്ത വർഷം തന്നെ പ്രകാശനം ചെയ്യും. കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഈ പുസ്തകം പ്രസാധകർ എടുത്തുകഴിഞ്ഞു. കൂടാതെ തുടർച്ചയായി ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കഥകളും, അതുകൂടാതെ അനുഭവങ്ങളും, ഉപന്ന്യാസങ്ങളും, രണ്ടാമത്തെ കവിതാ സമാഹാരവും തയാറായിക്കഴിഞ്ഞു. അങ്ങനെ മുന്നോട്ടുള്ള ദിവസങ്ങൾ ഞാൻ എന്ന എഴുത്തുകാരനെയായിരിക്കും നിങ്ങൾ കൂടുതലായി കാണുക.